ചെറുകഥ: സത്യവേദപുസ്തകത്തിലെ മഷിപ്പാടുകള്‍ | സജോ കൊച്ചുപറമ്പിൽ

 

ന്റെ ഭക്തന്‍മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു ”
ആ ബൈബിള്‍ വാക്യത്തിനു കീഴിലേക്ക് തന്റെ ചുവന്ന മഷിപേനയാല്‍ അവറാച്ചായന്‍ എന്തോ കുറിച്ചുവെച്ച ശേഷം അവറാച്ചായന്‍ ഉറക്കത്തിലേക്ക് വഴുതി വീണതാണ് പിറ്റേന്നു പതിവുപോലെ പ്രഭാതം പുലര്‍ന്നു പക്ഷെ അവറാച്ചായന്‍ മാത്രം ഉണര്‍ന്നില്ല .
വീടും നാടും എല്ലാം കരഞ്ഞു ആറടിമണ്ണ് നീക്കിയിട്ടു .
സഭക്കാരെല്ലാം വിലാപഗാനം പാടി ,
ദേശമെല്ലാം അടക്കം പറഞ്ഞു നല്ലോരു മനുഷ്യനാരുന്നു ….
നാട്ടിലെ പാസ്റ്റര്‍മാരും രാഷ്ട്രിയക്കാരും മാറി മാറി അനുശോചനം അറിയിച്ചു …
ഒടുക്കം
മനുഷ്യാ ….നീ മണ്ണാകുന്നു ….
എന്ന് പറഞ്ഞ് ആറടിമണ്ണിലേക്ക്
മറവു ചെയ്തു.

എല്ലാ ബഹളവും കഴിഞ്ഞ് വീട്ടിലെത്തിയ അമ്മാമ്മയ്ക്ക് ബാക്കി കിട്ടിയത് മേശമേലിരുന്ന കറുത്ത ബൈബിളാണ് .
പുറം ചട്ടയില്‍ സ്വര്‍ണ്ണലിപികളാല്‍ സത്യവേദപുസ്തകം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന അവറാച്ചായന്റെ ബൈബിളില്‍ കറുത്ത പ്രിന്റിംഗ് അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയത് കൂടാതെ
നീലയും ,കറുപ്പും, മഷികളാല്‍
നെടുകയും ,കുറുകയും ,ഇടത്തെക്കും, വലത്തെക്കും ,
അദ്ധ്യായങ്ങള്‍ക്കിടയിലും, വാക്യങ്ങള്‍ക്കിടയിലും,
എന്നു വേണ്ട കിട്ടിയ ഇടങ്ങളിലെല്ലാം അവറാച്ചായന്‍ എഴുതി നിറച്ചിട്ടുണ്ട്.
തനിക്കു സ്വന്തമായി മനോഹരമായോരു ബൈബിള്‍ ഉണ്ടായിരുന്നതിനാല്‍ അമ്മാമ്മ ആ ബൈബിളെടുത്ത് അലമാരയിലേക്ക് മാറ്റി.

അവിടെ ആ ബൈബിളിരുന്നത് ദീര്‍ഘമായ പത്തു വര്‍ഷങ്ങളാണ് .
പത്തു വര്‍ഷങ്ങള്‍ക്കപ്പുറം ഒരിക്കല്‍ കൂടി ആ വീട്ടില്‍ വിലാപഗാനം മുഴങ്ങി വീടിനു മുന്നില്‍ ഒരു ബോര്‍ഡ് ഉയര്‍ന്നു ചക്കാലയ്ക്കല്‍ മറിയ (84) നിത്യതയില്‍ .
ശരീരം മറവുചെയ്ത ശേഷം മക്കളെല്ലാം അമ്മയുടെ മുറി പരതി അവിടെ അലമാരയില്‍ അപ്പന്റെ ദ്രവിച്ചു തുടങ്ങിയ ബൈബിള്‍ ഇരിപ്പുണ്ടായിരുന്നു .
നിറകണ്ണുകളോടെ മക്കള്‍ ഓരോ പേജുകളും മറിച്ചു നോക്കി അപ്പന്‍ മഷിപേനയില്‍ കുത്തികുറിച്ച വാക്കുകളെല്ലാം മഷി പടര്‍ന്ന് മങ്ങി പോയിരുന്നു .
വെള്ളപേപ്പറില്‍ കറുത്ത അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയിരുന്ന ബൈബിള്‍ വാക്യങ്ങള്‍ ഇന്ന് നീല പേപ്പറില്‍ കറുത്ത അക്ഷരങ്ങളായി മാറിയിരുന്നു .
ബൈബിളില്‍ അപ്പന്റെ വാക്കുകള്‍ മാഞ്ഞു പോയിരുന്നു എങ്കിലും അവയ്ക്കിടയിലെ ഒരു വാക്യം അപ്പന്‍ ചുവന്ന മഷികളാല്‍ അടിവരയിട്ടിരുന്നത് മാഞ്ഞിരുന്നില്ല ,
അവ അവരിങ്ങനെ വായിച്ചെടുത്തു …
” ആകാശവും ഭൂമിയും മാറിപോയാലും എന്റെ വചനം എന്നെക്കും നിലനില്ക്കും “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.