ചെറു കഥ: മണ്ണപ്പവും ചിറകുകളും | ആൻസി ജോമോൾ

 

ഫ്രിക്കയുടെ ഹൃദയ ഭാഗത്തു, ഒരേ സമയം ലക്ഷക്കണക്കിന് ആൾക്കാർക്ക് ഒത്തു കൂടാവുന്ന കൂടാരത്തിൽ, നിറഞ്ഞു കവിഞ്ഞു ആളുകൾ നിഷേലെ കോമിന്റെ ലാവണ്യമായ, എന്നാൽ ശക്തമായ വാക്കുകൾ കേൾക്കാനായി ആകാംഷയോടെ ആയിരുന്നു…

ലക്ഷം കരഘോഷങ്ങളുടെ നടുവിൽ വളരെ വിനീതമായി പുഞ്ചിരിച്ചു കൊണ്ട് ഒരു യുവതി പ്രത്യക്ഷമായി. യുവതി ആണെങ്കിലും കാഴ്ച്ചയിൽ കുറച്ചു പ്രായം തോന്നിയിരുന്നു, എന്നാൽ മുഖത്തു സദാ കാണുന്ന പുഞ്ചിരി അവരെ കൂടുതൽ സുന്ദരി ആക്കിയിരുന്നു.

ഏറ്റവും പ്രിയമുള്ളവരേ… ഞാൻ നിങ്ങളോടൊപ്പം ആയിരിക്കുന്നതിൽ വളരെ സന്തോഷിക്കുന്നു. ഞാൻ ഇന്ന് പ്രസംഗിച്ചു മുഷിപ്പിക്കാൻ അല്ല കടന്നു വന്നത്, പകരം ഒരു പെൺകുട്ടിയുടെ കഥ നിങ്ങളോട് പങ്കു വെക്കാനാണ്. അവളുടെ പേര് നിഷേലെ കോം.

അവളൊരു പാവപ്പെട്ട വീട്ടിൽ ജനിച്ചു. വളരെ പാവപ്പെട്ടവൾ ആയി വളർന്നു. മണ്ണപ്പവും ഈയലും കഴിച്ച് വിശപ്പടക്കിയിരുന്ന അവൾക്ക് പഠിത്തം എന്താണെന്നോ വിജയം എന്താണെന്നോ അറിയില്ല… മണ്ണപ്പം മാത്രം കൊടുക്കാൻ കഴിയുന്ന അപ്പനും അമ്മക്കും നൽകാൻ കഴിയുന്നതിലും ഊർജം തലയ്ക്കു മീതേ പറക്കുന്ന അത്ഭുത യന്ത്രത്തിന് കൊടുക്കാൻ കഴിഞ്ഞു. അവളും വീട്ടുകാരും അതിനെ അത്ഭുതം എന്നല്ലാതെ മറ്റെന്താ വിളിക്കുക..!!??

ഒരിക്കൽ കുറച്ചു ദൂരെ ഉള്ള അടുപ്പക്കാർ വീട് എന്ന് വേണമെങ്കിൽ പറയാവുന്ന കുടിലിൽ വന്നപ്പോൾ ആണ് ആ അത്ഭുത യന്ത്രത്തിന്റെ പേര് “വിമാനം” ആണെന്ന് മനസിലായത്. അവരിൽ നിന്നും ആണ് വിമാനത്തിന്റെ ആദ്യ പാഠങ്ങൾ കിട്ടിയത്. ആ കുരുന്നു മനസ്സിൽ പഠിത്തത്തിന്റെ വിത്തുകൾ വിതക്കാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ നിഷേലെയും സ്കൂളിൽ പോയി തന്റെ പത്താം വയസിൽ, വിമാനം പറത്താൻ ഉള്ള മോഹവും പേറി…..പഠിക്കാൻ മിടുക്കി ആയതിനാൽ അദ്ധ്യാപകരുടെ കണ്ണിലുണ്ണി ആയി അവൾ മാറി, പത്താം തരം വരെ പൈസ മുടക്കാതെ പഠിച്ചു. എന്നാൽ വിമാനം പറത്താൻ ഇനിയും പഠിക്കണം. അതിനുള്ള നിവൃത്തി വീട്ടിൽ ഇല്ലാത്തതിനാൽ മോഹം ഉപേക്ഷിച്ചു കളയാൻ അവൾ തയ്യാറായിരുന്നില്ല. മാതാപിതാക്കളും ഒരുവേള ആഗ്രഹിച്ചുപോയി മകൾ അത്ഭുതം പറത്തുന്നത് കാണാൻ… അങ്ങനെ വീണ്ടും താൻ ഏറെ ഇഷ്ടപ്പെടുന്ന അദ്ധ്യാപകർ തന്നെ അവളെ അടുത്ത പഠനത്തിനായി ദൂരെ അയച്ചു. മണ്ണപ്പം മാത്രം തിന്നു വളർന്നവൾക്ക് പുതിയ ഭക്ഷണത്തോട് പൊരുത്തപ്പെടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. വിദേശികളായ കൂട്ടുകാരിൽ നിന്നും ആദ്യമൊക്കെ വല്ലാത്ത അവഗണന നേരിട്ടെങ്കിലും പഠനത്തിൽ ഉള്ള മിടുക്ക് കാരണം അവർ അവളുടെ മുന്നിൽ മുട്ടു മടക്കി. ഊർജം പകരാൻ തലയ്ക്കു മീതെ പോകുന്ന വിമാനമല്ലാതെ കുറെ നല്ല കൂട്ടുകാരും അദ്ധ്യാപകരും അവൾക്ക് കിട്ടി. ഒടുവിൽ ആ കുഗ്രാമത്തിൽ നിന്നും വന്ന മിഷേലെ കോം എന്ന മിടുക്കി രാജ്യത്തിന്റെ തന്നെ അഭിമാനമായി, ഉന്നതന്മാർ ആയവരുടെ മക്കളെയും തോൽപിച്ചു മണ്ണപ്പം ഏന്തിയ കൈകൾ അത്ഭുത യന്ത്രത്തിന്റെ ചിറകുകൾ ലോകമെങ്ങും പറത്തി….

“അതേ ആ പെൺകുട്ടി ഞാനാണ്. ”

ജനത്തിന്റെ ആർപ്പുവിളികളാലും കരഘോഷത്താലും ആ സദസ് ശബ്ദമുഖരിതമായി…

പ്രിയരേ, നമ്മുടെ സാഹചര്യങ്ങൾ ചിലപ്പോഴൊക്കെ സ്വപ്നങ്ങൾക്ക് തടസമാകാറുണ്ട്… എന്നാൽ നമ്മുടെ മേൽ ഉള്ള അഭിഷേകത്തിന് സാഹചര്യം എത്ര മോശമായിരുന്നാലും നമ്മെ ഉന്നതികളിൽ എത്തിക്കാൻ സാധിക്കും… ഓർക്കുക നമ്മുടെ ഭാവി തീരുമാനിക്കുന്നത് സാഹചര്യമല്ല, അഭിഷേകമാണ്.

Note: അറിഞ്ഞു കൊണ്ടോ അറിയാതെയോ അവളുടെ വീട്ടുകാർ നൽകിയ പേരിന്റെ അർത്ഥം “വിജയിയായ പെൺകുട്ടി ” എന്നായിരുന്നു….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.