പ്രതിസന്ധികളോട് പടവെട്ടി അശ്വിനി മോഹൻ നേടിയത് എം.എ ജേർണലിസത്തിൽ ഒന്നാം റാങ്ക്
കുമ്പനാട്: പ്രതിസന്ധികൾക്ക് മുമ്പിൽ തട്ടി തകർന്ന് പോകുന്നവരുണ്ട്. അത് പടവുകളാക്കി വിജയത്തിലേക്ക് ചവിട്ടി കയറുന്നവരുമുണ്ട്. അങ്ങനെയൊരു ഉജ്ജലമായ ജീവിത കഥയാണ് കൊട്ടാരക്കര ബേർശേബ പി വൈ പി എ അംഗമായ അശ്വിനി മോഹന്റേത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ അനുഭവിക്കുന്ന ഒരു കുടുംബം. മാതാപിതാക്കളുടെ നാമമാത്രമായ വേതനത്തിൽ കുടുംബം കഴിയണം. എന്നാൽ പെന്തക്കോസ്തു യുവലോകത്തു അധികം ആരും ലക്ഷ്യം വെക്കാത്ത ജേർണലിസം മേഖലയാണ് അശ്വിനി തിരഞ്ഞെടുത്തത്. ആ മേഖലയിലെക്ക് ചുവട് വെക്കാൻ അധികം പ്രോത്സാഹനം ലഭിച്ചതുമില്ല.
നിശ്ചയ ദാർഢ്യത്തോടെ പഠിച്ച അശ്വിനിക്ക് ഇതൊന്നും വിലങ്ങു തടിയായില്ല. മദ്രാസ് യൂണിവേഴ്സിറ്റിയിൽ എം. എ ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടി ഉജ്ജല വിജയം കരസ്ഥമാക്കി.
Download Our Android App | iOS App
നാടിനും പ്രസ്ഥാനത്തിനും അഭിമാനമായ അശ്വിനിയെ അഭിനന്ദിക്കാൻ സംസ്ഥാന പി വൈ പി എ പ്രവർത്തകർ കൊട്ടാരക്കരയിലുള്ള അശ്വിനിയുടെ ഭവനത്തിലെത്തി. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജി. കുഞ്ഞച്ചൻ വാളകം, സംസ്ഥാന പി വൈ പി എ അധ്യക്ഷൻ സുവി. അജു അലക്സ് എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി.
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും പിവൈസി ജനറൽ പ്രസിഡന്റുമായ ബ്രദർ അജി കല്ലുങ്കൽ സംസ്ഥാന പി വൈ പി എയ്ക്ക് വേണ്ടി ക്യാഷ് അവാർഡ് നൽകി.
പത്രപ്രവർത്തന രംഗത്ത് ഡോക്ടറേറ്റ് ബിരുദം ആഗ്രഹിക്കുന്ന അശ്വിനിക്ക് ഇന്നും ചോദ്യ ചിഹ്നമായി ഉയർന്നു നില്കുന്നത് സാമ്പത്തികമാണ്. ദൈവീക കരുതലിൽ വിശ്വസിച്ചു ചുവട് വെക്കുവാൻ ആഗ്രഹിക്കുന്ന അശ്വിനിയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് കൈത്താങ്ങലുകളും പ്രോത്സാഹനവും ഏറെ അനിവാര്യമാണ്.
ഐപിസി ബേർശേബ സഭാ ശ്രുശ്രുഷകനായ പാസ്റ്റർ ജോർജ്ജ് ഡേവിഡ് അശ്വിനിയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് ആശംസകൾ അറിയിക്കുകയും, അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
പി വൈ പി എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, കൊട്ടാരക്കര മേഖല പി വൈ പി എ സെക്രട്ടറി പാസ്റ്റർ സാം ചാക്കോ, കൊട്ടാരക്കര സെന്റർ ട്രഷററും സാമൂഹിക പ്രവർത്തകനുമായ ബ്രദർ മാത്യു സാം, സംസ്ഥാന പി വൈ പി എ എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ബ്രദർ ബ്ലെസ്സൻ മാത്യു, ക്യാമ്പസ് മിനിസ്ട്രി സെക്രട്ടറി ബ്രദർ റിനു പൊന്നച്ചൻ, ബ്രദർ ജസ്റ്റിൻ മേപ്രാൽ, ബേർശേബ സഭാ ട്രഷറർ ബ്രദർ. ഗീവർഗീസ് (ബാബു), കൊട്ടാരക്കര സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ സാബു, സെക്രട്ടറി ബ്രദർ തോമസ് ജോൺ (കൊച്ചുമോൻ), കൊട്ടാരക്കര പി വൈ പി എ പ്രവർത്തകരായ സഹോദരന്മാരായ മേബിൻ, ജസ്റ്റിൻ, നിതിൻ, സാജൻ എന്നിവർ സന്നിഹിതരായിരുന്നു.