ചെറു ചിന്ത: ധൂർത്ത പുത്രൻ – ഒരു പുനർവായന (ഭാഗം -2) | ബോവസ് പനമട

കതിരവനെ നോക്കി കസേരയിൽ ചാരി കിടന്നിരുന്ന.. ആ വൃദ്ധപിതാവ് സാവധാനം എഴുന്നേറ്റു. എന്തോ ഓർത്തിട്ടെന്നോണം പ്രസന ഭാവത്തോടെ   മുറ്റത്തെക്കൊന്നിറങ്ങാൻ കാലുകൾ മെല്ലെ മുന്നോട്ടാഞ്ഞതും   തൊട്ടുപിറകിൽ നിന്നും ചിരപരിചിതമായ ഒരു ശബ്ദം കാതുകളിൽ വന്നലച്ചു….

അപ്പാ…….
ശബ്ദത്തിനുള്ളിലെ ഘനവ്യാത്യാസം ആ പിതാവിനെ ഒരു നിമിഷത്തേക്ക് സ്തബ്ദനാക്കി  പഞ്ഞി കെട്ടുപോലെ മൃദുവായ നീണ്ട താടിയിൽ കരതല മോടിച്ചുകൊണ്ട്  ആദ്ദേഹം പെട്ടന്ന് തിരിഞ്ഞു നോക്കി.
ഉം ….. എന്താ…… മകനേ….?
ഇതു പറയുന്ന നേരം ആയാളുടെ നരച്ച കട്ടിപ്പുരികം വില്ല് പോലെ വളഞ്ഞിരുന്നു
വിടർന്ന നയനങ്ങൾ….
വിറയാർന്ന ചുണ്ടുകൾ….
…. എന്താണ് മേനെ പറയൂ…?
ഊന്നു വടിയിൽ കരമമർത്തി  ആകാംക്ഷയോടെ അയാൾ മകനെ സ്നേഹത്തോടെ നോക്കി നിന്നു….

അൽപ്പനേരത്തെ നിശബ്ദത….!
അയാൾ ഒന്നു പരുങ്ങി.. രാത്രി മുഴുവനും പറഞ്ഞവതരിപ്പിക്കേണ്ട കാര്യങ്ങൾ മനസിലിട്ട് പാകപ്പെടുത്തി കടുത്ത ചിന്തകളുടെ അഗ്നിയിൽ ഉരുക്കിവാർത്ത്  മുർച്ചയുള്ള മാരകാ യുധമാക്കി നാവിൻ്റെ തുഞ്ചത്ത് കൊണ്ടു നിർത്തിയ വാഗ്ശരങ്ങളെവിടെ……!?
ഉത്തരം മറന്നു പോയ വിദ്യാർത്ഥിയെ പോലെ ആയാൾ ഒരു നിമിഷം ഒന്നു പതറിപ്പോയി.,….
ഗൂഢമായ എന്തോ.. അലോചനയിൽ മുഴുകി അയാൾ കുറച്ചു നേരം പിതാവിൻ്റെ നീലക്കണ്ണുകളിലേക്ക് ഉറ്റുനോക്കി നിന്നു…..!
വേണോ….? വേണ്ടയോ …?
ജേഷ്ഠൻ…, വേലക്കാൻ….., പിതാവ്….. തൻ്റെ അടുത്ത സ്നേഹിതൻ……!
എല്ലാവരുടെയും മുഖങ്ങൾ ചലച്ചിത്രത്തിലെന്ന പോലെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
പാരതന്ത്ര്യത്തിൻ്റെ കരുത്തുറ്റ കറുത്ത ചങ്ങലക്കിലുക്കം ആയാളുടെ കാതുകളിൽ മുഴങ്ങിയോ…..!
വിദൂരതയിൽ നിന്ന്.. സ്വതന്ത്രമാക്കപ്പെട്ട ഏതോ കിളിയുടെ ചിറകടി ശബ്ദം കാറ്റിലേറി വന്നത് അയാൾ ശ്രവിച്ചുവോ…..?
അടിവയറ്റിൽ നിന്നു മുകളിലേക്ക് അരിച്ച് കയറിയ ചൂട് ദേഹമാസകലം പൊതിഞ്ഞു..  മുന്നിലുള്ള കാഴ്ച്ചകൾ അവ്യക്തമായി അയാൾക്ക് അനുഭവപ്പെട്ടു….
വിവേകം വികാരത്തിന് വഴിമാറി. വാക്കുകൾ മലവെള്ളപാച്ചിൽ പോലെ തടസങ്ങൾക്ക് മുകളിലൂടെ കവിഞ്ഞൊഴുകി ..
എനിക്ക് അവകാശപ്പെട്ടത് എനിക്ക് വേണം…
ഇതു നരകമാണ്.. കൊടും നരകം….. ഞാൻ പോകുന്നു… എനിക്കിഷ്ടമുള്ളിടത്തേക്ക്……
അതൊരലർച്ചയായിരുന്നു……
മേഘഗർജ്ജനസമം വാക്കുകൾ പൊട്ടി ചിതറി… അതാ..മണിമാളികയുടെ ചുവരുകളിൽ തട്ടി വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

ആദ്യമായി … ആ.. സ്നേഹ സംഗീത ഗൃഹത്തിനുള്ളിൽ നിന്നും അപശ്രൂതിയുടെ വികട സംഗീതമുയർന്നു…. താളം അവതാളത്തിൽ തട്ടി തകർന്നു തരിപ്പണമായി…
പരസ്പര സ്നേഹത്തിൻ്റെ സുഖശീതളിമയിലേക്ക് വിഭാഗീയതയുടെ ചൂട്കനൽ വാരിയിട്ടിരിക്കുന്നു.
താൻ എറ്റവും സ്നേഹിച്ചു കരുതിയ തൻ്റെ ഇളയ മകൻ….. പിതാവ് നെടുവീർപ്പിട്ടു:.
മകനെ…. എന്തൊക്കയാണ്… നീ പറയുന്നത്…..
നിനക്കിതെന്തു.. പറ്റി… ശാന്തനാകു…
അയാൾ മകൻ്റെ ചുമലിലൂടെ കൈയിട്ട് തന്നിലേക്ക് ചേർത്തുനിർത്താൻ ശ്രമിച്ച് വാൽസല്ല്യത്തോടെ പറഞ്ഞു കൊണ്ടിരുന്നു…..
തന്നെ ആലിംഗനം ചെയ്യാൻ മുന്നോട്ടാഞ്ഞ പിതാവിൻ്റെ കൈകളെ തട്ടിമാറ്റി ആരുടെയും ആലോചനകൾക്ക് ചെവിതരാൻ തയ്യാറാകാതിരുന്ന അയാൾ ഇരു കരതലം കൊണ്ടു കാതുക്കൾ പൊത്തിപ്പാടിച്ച് ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ച്  അലക്ഷ്യമായി ഓടി നടന്നു ….
ഗോശാല ശുചീകരണത്തിന് മേൽനേട്ടം വഹിച്ചു നിന്ന കാര്യസ്ഥൻ എലയാസർ.. പതിവില്ലാതെ പൂമുഖത്തു നിന്നുമുയരുന്ന ശബ്ദകോലഹലത്തിൻ്റെ കാരണം തിരക്കി വേഗം ഓടിയണഞ്ഞു വേലക്കാർ പണി ചെയ്യാൻ മറന്നു നിന്നു പോയി ….
വിശാലമായ ഊട്ടുപുരയിൽ പാത്രങ്ങൾ നിശബ്ദമായി……
വൃക്ഷ തലപ്പുകൾ ചാഞ്ചാട്ടം നിർത്തി…
ആശാന്തിയുടെ കരിനിഴൽ വീണ അന്തരീക്ഷം….
എലയാസറും ചിലവേലക്കാരും ചേർന്നു  അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി… ആർക്കും പിൻതിരിപ്പിക്കാൻ കഴിയാത്ത വിധം അയാളുടെ ഹൃദയം ഒരു കരിങ്കല്ലായി മാറി ക്കഴിഞ്ഞിരുന്നു…
എനിക്കുള്ളത് എനിക്ക് ലഭിക്കാതെ ഞാനീ വീട്ടിൽ കാലുകുത്താൻ പോകുന്നില്ല….. ആരോടെന്നില്ലാതെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പിടിച്ചു നിർത്താൻ ശ്രമിച്ച വേലക്കാരെ തള്ളിമാറ്റി ഒരു കൊടുങ്കാറ്റ് പോലെ അയാൾ ഇടവഴിയിറങ്ങി വേഗത്തിൽ എങ്ങോട്ടോ നടന്നു തുടങ്ങി..
പിതാവ് കസേരയിൽ തളർന്നിരുന്നു ആ തണുത്ത പ്രഭാതത്തിലും  അദ്ദേഹത്തിൻ്റെ മേനിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി ക്കൊണ്ടിരുന്നു
ഒരിക്കലും സംഭവിക്കില്ലന്ന് വിചാരിച്ചത്….?
സംഭവിക്കാൻ പാടില്ലാത്തത്….
തൻ്റെ ജീവികാലത്തു തന്നെ
തൻ്റെ കണ്മുന്നിൽ കാണുന്നു…..
കാതുകളിൽ വന്നലയടിക്കുന്നു…..
അയാളുടെ നീലിമയാർന്ന നയനങ്ങൾ അനന്തതയിലേക്കുയർന്നു…
മലർന്നിരുന്ന കരങ്ങൾ വിറയാർന്നു…

അഡോണായി …… എൻ്റെ ഉടയവനെ അയാളുടെ ചുണ്ടുകൾ  ചലിച്ചു തുടങ്ങി.
ഒരു മൺകുജയിൽ വേലക്കാരാരോ കൊണ്ടുവന്ന തണുത്ത തെളിനീർ അയാൾ വേഗം കുടിച്ചിറക്കി  ആഹ്…… വൃദ്ധൻ്റെ കൈകൾ പതിവിൽ കവിഞ്ഞു വിറപൂണ്ടതിനാൽ പകുതി ജലവും നരച്ചു വെളുത്ത താടിയിലൂടെ താഴെ ക്കൊഴുകി പുറം കുപ്പായത്തെ നനക്കുന്നുണ്ടായിരുന്നു.
അയാൾ അവശനായി ചാരി കിടന്നു വെൺചാമരം വിശുന്ന വേലക്കാർ..
താളത്തിൽ വീശിയടക്കുന്ന തെന്നലിൻ്റെ തലോടലേറ്റ് അയാൾ കിടന്നു…..
അങ്ങ് …. ദൂരെ.. ലബാനോൻ പർവ്വതനിരകൾ…..
ഹെർമോന്യ മഞ്ഞിനെ വകഞ്ഞു  മാറ്റി ഒരു വെള്ള കുതിര …. അതങ്ങനെ നിലംതൊടാതെ വിഹായസിലൂടെ പറന്നു പറന്നു വരുന്നു…
പിതാവ് ആ  അശ്വത്തിൻ്റെ മുകളിൽ ഒരു അഭ്യാസിയെ പോലെ ചാടിക്കയറി നിമിഷമാത്രയിൽ കുളമ്പടി ശബ്ദം അകന്നകന്ന് എങ്ങോ … പോയ് മറഞ്ഞു…
ഓർമ്മകൾ ….. ഗതകാല സ്മൃതികൾ കടിഞ്ഞാണില്ലാത്ത കുതിരയായി വന്ന് ഭൂതകാലലോകത്തേക്ക് അയാളെ കൂട്ടികൊണ്ടു പോയി ….
സുഖ ദുഃഖ സമ്മിശ്രമായി ഇടകലർന്നൊഴുകിയ ഭൂതകല ആറ്റുതീരത്തേക്ക്….

ബോവസ് പനമട………….. (തുടരും).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.