കവിത: തനിച്ച് | ബിന്ദു ബാബു ജോസ്

നാളേറെയായിതാ ഞാനുമെന്നോർമ്മകളും
ഏകാന്തതകളിൽ വീണു പിടയുന്നു…
എൻ കിനാവിൻ ചില്ലയിൽ പൂക്കാതെ, തളിർക്കാതെ
വസന്തവും എങ്ങോ മറഞ്ഞുപോയെന്തിനോ…
നിനവും നിരാശയും ഒരുമിക്കും ദിനങ്ങളിൽ –
നേർത്തൊരു തേങ്ങലെൻ നെഞ്ചിൽ പിടഞ്ഞുവോ…?

അകലം വിട്ടെന്തിനോ ദൂരവേ പോകുന്നു;
ഇന്നലെകളിലെന്നുള്ളിൽ സ്നേഹം നിറച്ചവർ….
പാതിമറച്ചൊരാ മുഖങ്ങളിലൊന്നുമേ –
വായിച്ചെടുക്കുവാനായില്ല ഭാവങ്ങൾ …..
മുറിയടച്ചോർമ്മയ്ക്കു കൂട്ടിരിക്കാനാരും ;
വരാത്തതെന്തെന്നു ചിന്തിച്ചുഴറി ഞാൻ….!

വിരസമായോരോരോ രാവിലും പകലിലും
അലസമായെന്തിനോ തേടുന്നെൻ ജീവനേ…..
ഏകാന്തതകളിൽ ഭ്രാന്തമായലയുമെൻ;
ചിന്തകളെന്തിനോ മൂകമായ് തേങ്ങുന്നു……
നിദ്രപോലുമെൻ ചാരത്തണയുവാൻ
കഴിയാതെ ദൂരവേ മാറി നിൽക്കുന്നിതാ….!

കഷ്ടരാത്രികൾതൻ അന്ത്യത്തിലെപ്പോഴോ ;
ഇഷ്ടത്തോടൊന്നു നോക്കുമെൻ പുലരിയെ…
നിറംകുറഞ്ഞുവോ എന്നുടെ പകലിന്
നിറമിഴികളെൻ കവിളിനെ നനച്ചുവോ….?
മൗനം കുടിച്ചെന്റെ പകലുകൾ വറ്റുമ്പോൾ;
നിശയും നിശബ്ദമായെന്നരികെയണയുന്നു……!!

ആളില്ലാതാരവമില്ലാത്ത വഴിവക്കിൽ;
ആരെയോ , എന്തിനോ വെറുതെഞാൻ കാക്കുന്നു…..
ഒരുവാക്കും ചൊല്ലുവാൻ എൻചാരെയാരും
വരുവാനില്ലെന്നറിഞ്ഞെൻ മനം വിതുമ്പുന്നു….
നോവും മനസ്സുമായ് തിരികെ നടക്കുമ്പോൾ
ആശിച്ച പിൻവിളി കേൾക്കാനേ കഴിഞ്ഞില്ല..!

അത്യഗാധമാം മറവിതൻ ഗർത്തത്തിൽ ;
വീണുടഞ്ഞുവോ എന്നിലെക്കിനാവുകൾ ….?
ഇനിയുമുയിർക്കുവാൻ കഴിയാതെ പിന്നെയും; ആഴങ്ങളിലേക്കെൻ ഓർമ്മകൾ മാഞ്ഞുവോ….?
വ്യർത്ഥമായൊരെൻ ചിന്തകൾ പിന്നെയും
വിജനമാം തീരങ്ങൾ തേടി അലയുന്നു….!!!

ബിന്ദു ബാബു ജോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.