എഡിറ്റോറിയൽ : അച്ഛൻ ; പകരം വയ്ക്കാനാവാത്ത വ്യക്തിത്വം | ബിൻസൺ കെ. ബാബു

ഇന്ന് ‘ഫാദേസ് ഡേ’.പിതൃദിനത്തിന്റെ തുടക്കം1909കളിലാണ്. ഫാദേഴ്സ് ഡേ എന്ന ആശയം അമേരിക്കയിലാണ് ആദ്യമുയർന്നത്. സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയം കൊണ്ടുവന്നത്. തന്റെ അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വളർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ ആ വലിയ മനസ്സാണ് സൊനാേറയെ ഈ ആശയത്തിലെത്തിച്ചത്. ഈ ആശയത്തിന് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ ആണ്. 1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വിത്സൻ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകിയത്. പിന്നീട് 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഫാദേഴ്സ് ഡേ ആയി പ്രഖ്യാപിക്കുകായിരുന്നു. ഇന്ന് ലോകം മുഴുവൻ അത് ഏറ്റെടുത്ത് അച്ഛൻ നൽകിയ കഷ്ടപ്പാടുകളെയും, കരുതലിനെയും ആദരിക്കുകയാണ്.

Download Our Android App | iOS App

‘എന്തിലുമേതിലും നന്മയെ കാണുന്ന
കണ്ണിന്നുടമയാണെന്റെയച്ഛൻ
തെറ്റു ഞാൻ ചെയ്യുമ്പോൾ കുറ്റം പറയാതെ
തെറ്റുതിരുത്തീടുമെന്റെയച്ഛൻ’ കൊല്ലം തുളസി എന്ന എഴുത്തുകാരൻ ‘അച്ഛൻ’ എന്ന കവിതാ സമാഹാരത്തിൽ എഴുതിയ വരികളാണ് ഇത്.
അച്ഛൻ എന്നത് എല്ലാവരുടെയും ജീവിതത്തിൽ മറക്കാനാവാത്തൊരു അനുഭവമാണ്. തികച്ചും ബഹുമാനമർഹിക്കുന്നവരാണ് അച്ഛൻ എന്ന വ്യക്തിത്വം.ഓരോ കുടുംബത്തിന്റെയും നായകന്മാർ.കഷ്ടപ്പാടുകളിലൂടെയും, പ്രതിസന്ധികളിലൂടെയും ജീവിത പാതകൾ ചവിട്ടി മുന്നോട്ട് പോകുമ്പോൾ, ആ വേദന എന്റെ മക്കൾ അറിയരുതെന്ന് ചിന്തിക്കുന്നവരാണ് പിതാവ് എന്ന മഹത് വ്യക്തിത്വം. വാത്സല്യങ്ങൾ ഏറെ പ്രകടിപ്പിക്കാൻ ഇവർ ശ്രമിച്ചില്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ എന്റെ ‘മക്കൾക്കുവേണ്ടി’ എന്ന വിചാരത്തോടെ എല്ലാം സഹിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന ഇവർ തന്നെയാണ് യഥാർത്ഥ ഹീറോകൾ…

post watermark60x60

ഓരോ മക്കളുടെയും, കുടുംബത്തിന്റെയും ഉയർച്ചയുടെയും പിറകിൽ അച്ഛൻ ഉണ്ട് എന്ന യാഥാർഥ്യം മറന്നുപോകരുത്. എന്നാൽ പല സമയത്തും അവർക്ക് അതിന്റേതായ മാന്യത ലഭിക്കാതെ പോകുന്നുവെന്നത് വളരെ ദുഃഖകരമാണ്. എന്നാൽ അങ്ങനെ ഉണ്ടാകുമ്പോഴും ഒട്ടും സ്നേഹം കുറഞ്ഞുപോകാതെ, മനസ്സ് തളർന്നുപോകാതെ, വേദന ഉള്ളിൽ ഒതുക്കി കുടുംബം എന്ന തോണി ലക്ഷ്യം എത്തുന്നത് വരെ ആടി ഉലയാതെ കൊണ്ടുപോകണമെങ്കിൽ എത്രമാത്രം ആദരിക്കപെടേണ്ടവരാണ് അച്ഛൻ എന്ന റോൾ മോഡൽ.

ബൈബിൾ വളരെ പ്രാധാന്യം ഇതിന് കൊടുക്കുന്നുണ്ട്. മകനെ അപ്പന്റെ പ്രബോധനം കേൾക്കുക(സദൃശ1:8), നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേൾക്കുക(സദൃശ 23:22) തുടങ്ങി അനേക ഭാഗങ്ങളിൽ വിവിധ നിലകളിൽ എടുത്ത് പറയുന്നുണ്ട്. എപ്പോഴും നാം പിതാവിന്റെ സ്നേഹത്തെ കരുതലിനെ ഓർക്കുക, അവരെ ബഹുമാനിക്കുക.. ആദരിക്കുക. ഈ ദിവസത്തിൽ മാത്രമല്ല നാം എത്രമാത്രം ഉയർന്നാലും അതിന്റെ പുറകിൽ അച്ഛൻ എന്ന വലിയ മനുഷ്യന്റെ കഠിനാധ്വാനം ഉണ്ടെന്ന് മറന്നുപോകരുത്. സ്നേഹനിധികളായ പിതാക്കന്മാർക്ക് സ്‌നേഹാഭിവാദ്യങ്ങൾ….

ബിൻസൺ കെ. ബാബു

-ADVERTISEMENT-

You might also like
Comments
Loading...