എഡിറ്റോറിയൽ: മാറുന്ന സംസ്കാരവും മാറ്റമില്ലാത്ത ഉപദേശവും | ജെ പി വെണ്ണിക്കുളം

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കാണുന്നതൊന്നും നാളെ കാണണമെന്ന് നിർബന്ധമില്ലല്ലോ. ശാസ്ത്രവും സാങ്കേതികവിദ്യകളും വല്ലാതെ വളർന്നിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം മറ്റേതു കാലത്തേക്കാളും ഇന്ന് കൂടുതൽ സജീവം. ആർക്കും ഒന്നും മറച്ചു വയ്ക്കാനാവില്ല എന്നു ചുരുക്കം. ഓരോ സംഭാഷണങ്ങളും പ്രവർത്തികളും നിമിഷ നേരം കൊണ്ട് ഒപ്പിയെടുക്കുന്ന ‘സദാചാര’ പ്രേമികൾ! ഇവിടെ ക്രൈസ്തവ സമൂഹം അധികം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വാക്കുകളും പ്രവർത്തികളും ദൈവ വചനത്തിന്റെ അടിസ്ഥാനത്തിലാണോ അതോ ‘നാടോടുമ്പോൾ നടുവേ ഓടുകയാണോ’? പാരമ്പര്യമായി പാലിച്ചു പോരുന്ന ഉപദേശങ്ങളെ കാറ്റിൽ പറത്തുവാൻ നിമിഷ നേരം മതി. ഇതിൽ പാസ്റ്റർ എന്നോ വിശ്വാസിയെന്നോ വ്യത്യാസമില്ല. നമ്മെ കാണുന്ന കണ്ണുകൾ നമുക്ക് ചുറ്റും ഉണ്ടെന്നു ഓർത്താൽ ഇന്നുണ്ടാകുന്ന പല അബദ്ധങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കാനാകും. ‘പണ്ടേയുള്ള അതിരുകൾ’ ലംഘിച്ചു സമൂഹമധ്യേ കൈയ്യടി വാങ്ങാൻ എളുപ്പമായിരിക്കും. പക്ഷെ, അതു നിമിത്തം വേദനിക്കുന്നവർ ധാരാളമുണ്ട്. ഇങ്ങനെ ചെയ്യുന്നവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടുന്നു. അനേകരും ഇതു അനുകരിക്കാൻ നിർബന്ധിതമാകുന്നു. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും നാം ആരെന്ന ബോധ്യത്തോടെ ചെയ്താൽ നന്നായിരിക്കും. ആർക്കും ഇടർച്ച ഉണ്ടാക്കുന്ന പ്രവർത്തികൾ ഉണ്ടാകാതിരിക്കുക. നല്ലതെന്ന് തോന്നുന്ന പലതും നാം പകർത്തിയിട്ടു പിന്നീട് വിലപിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ആത്മീയ ജീവിതത്തിലും ശുശ്രൂഷയിലുമെല്ലാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമൂഹത്തിൽ മാന്യതയോടെ നിൽക്കാനാകും. മറ്റുള്ളവർ അപാവാദം പറയുന്ന സാഹചര്യം ഉണ്ടായാൽ ആത്മീയ രംഗത്തു അപഹാസ്യരായി തീർന്നേക്കാം. അതിനാൽ സൂക്ഷ്മതയോടെ അജ്ഞാനികളായിട്ടല്ല, ജ്ഞാനികളായി തന്നെ നടക്കുക. നിത്യതയുടെ ദർശനം മുറുകെപ്പിടിക്കാം. ‘നിന്നേയും നിന്റെ ഉപദേശത്തെയും സൂക്ഷിച്ചു കൊൾക’. അങ്ങനെയായാൽ നാം ‘രക്ഷപെടും’.

post watermark60x60

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like