ശുഭദിന സന്ദേശം : വീട്ടിലെ സഭ നാട്ടിലെ സഭ | ഡോ. സാബു പോൾ

സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നതു”(ഫിലേ.1:2).

കേരളത്തിൽ പെന്തെക്കൊസ്ത് മുന്നേറ്റത്തിൻ്റെ പ്രാരംഭ നാളുകളിൽ പ്രമുഖ സഭകൾ ഉയർത്തിയ പ്രധാനചോദ്യങ്ങൾ ഇവയായിരുന്നു…
”നിങ്ങൾക്ക് സ്വന്തമായി നല്ല പള്ളിയുണ്ടോ…?”
”നിങ്ങൾക്ക് ശവക്കോട്ടകൾ ഉണ്ടോ…?”

ആദിമ നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നവർ ഇത്തരം കാര്യങ്ങളായിരുന്നില്ല അന്വേഷിച്ചത്….

അപ്പൊസ്തലർ പ്രഘോഷിച്ച കാര്യങ്ങൾ സത്യമാണോ…? ന്യായപ്രമാണത്തിനും പഴയനിയമ തിരുവെഴുത്തുകൾക്കും അവർ നൽകുന്ന വ്യാഖ്യാനങ്ങൾ അംഗീകാരയോഗ്യമാണോ..?
തുടങ്ങിയ മാനദണ്ഡങ്ങളാണ് അവർ മുന്നോട്ട് വെച്ചത്.

ആദിമ നൂറ്റാണ്ടിൽ ക്രൈസ്തവർക്ക് സ്വന്തമായി ആലയങ്ങളുണ്ടായിരുന്നില്ല. സഭയുടെ സമാരംഭവും ഒരു വീടിന്റെ മാളികമുറിയിൽ ആയിരുന്നല്ലൊ. റോമൻ ചക്രവർത്തിമാർ കൊടിയ പീഡനങ്ങൾ സഭയ്ക്കെതിരെ അഴിച്ചുവിട്ടതിനാൽ രഹസ്യ കൂടിവരവുകളാണ് അന്നുണ്ടായിരുന്നത്. പൊതുവിൽ ഒരു ആലയം പണിയുക, പരസ്യമായി ആരാധനയ്ക്കായി കൂടിവരിക തുടങ്ങിയ കാര്യങ്ങളൊക്കെ ദുഷ്ക്കരമായിരുന്നു.

മൂന്നാം നൂറ്റാണ്ടുവരെ പള്ളിക്കെട്ടിടങ്ങൾ ഉണ്ടായിരുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് ഓസ്റ്റർലീ (Oesterley) എന്ന ദൈവശാസ്ത്രജ്ഞൻ്റെ അഭിപ്രായം.
കൊലോസ്യ പട്ടണത്തിൽ പല സഭാ കൂടിവരവുകളും ഉണ്ടായിരുന്നിരിക്കാം. അവയ്ക്കെല്ലാം മേൽനോട്ടം നടത്താൻ അപ്പൊസ്തലന്മാരാൽ നിയോഗിക്കപ്പെട്ട ഒരു അഭിഷിക്തനും ഉണ്ടായിരുന്നിരിക്കണം.
തിമൊഥെയോസിനെ എഫെസോസിലും, തീത്തോസിനെ ക്രേത്തയിലുമൊക്കെ നിയോഗിച്ചതു പോലെ…

എഫെസോസിലെ മൂപ്പന്മാരെ പൗലോസ് മിലേത്തോസിലേക്ക് വിളിച്ചു വരുത്തി സംസാരിക്കുന്നിടത്ത് (അ.പ്രവൃ. 20:17-35) അവർ സഭയുടെ അധ്യക്ഷന്മാരായിരുന്നുവെന്നും ഇടയന്മാരായിരുന്നുവെന്നും (20:28) തെളിയുന്നു. മേല്പറഞ്ഞ മൂന്നു പദങ്ങളും ഒരേ പദവിയെ കുറിക്കാൻ മാറി മാറി ഉപയോഗിച്ചിട്ടുണ്ട്. എഫെസോസിലെ വിവിധ വീടുകളിൽ ഉണ്ടായിരുന്ന സഭകളുടെ ഇടയന്മാരായിരിക്കാം ഇവർ. ഒരു സഭയ്ക്ക് ഒന്നിലധികം അദ്ധ്യക്ഷന്മാരുടെ ആവശ്യമില്ലല്ലൊ. മാത്രമല്ല, അദ്ധ്യക്ഷന്മാരെ സഹായിക്കാൻ ശുശ്രൂഷകന്മാരുണ്ടായിരുന്നു താനും.

അക്വിലാവിൻ്റെയും പ്രിസ്ക്കയുടെയും വീട്ടിൽ സഭയുണ്ടായിരുന്നു (റോമ.16:5). നുംഫയുടെ വീട്ടിൽ സഭയുണ്ടായിരുന്നു (കൊലോ.4:15). ഫിലേമോൻ്റെ ഭവനവും സഭാ കൂടിവരവിനായി ഉപയോഗിച്ചിരുന്നു(ഫിലേ.2:1).

പീഡനങ്ങൾ വഴി മാറിയപ്പോൾ, വീടിനകത്ത് ഉൾക്കൊള്ളാനാകാത്ത വിധം അംഗസംഖ്യ വർദ്ധിച്ചപ്പോൾ, വീട്ടിലെ സഭകൾ നാട്ടിലെ സഭകളായി….
ആരാധനയ്ക്കായി ആലയങ്ങൾ നിർമ്മിക്കപ്പെട്ടു…
പിന്നീട് നാട്ടിലെ സഭകൾ രാജകീയ സഭകളായി…
പ്രൗഢിയുടെ പ്രതീകങ്ങളായി…
ആഢംബരം സഭയുടെ മുഖമുദ്രയായി….
ആത്മ പ്രവർത്തനം അന്യമായി….
വിശുദ്ധി അപ്രധാനമായി….

മരുഭൂമിയിലെ സഞ്ചരിക്കുന്ന സമാഗമനകൂടാരത്തിൽ നിന്നും ശില്പകലയുടെ ചാരുത വിളിച്ചോതുന്ന യെരുശലേം ദൈവാലയത്തിലേക്ക് വളർന്നപ്പോൾ, ആരാധന കേവലം ചടങ്ങുകളായി അധപതിച്ചു….
ആലയത്തിനകത്തു പോലും അന്യദൈവാരാധനയുടെ അനുകരണങ്ങൾ വെളിപ്പെട്ടു…. ദൈവസാന്നിധ്യം വിട്ടു പോയി….
ആധുനീക കാലത്തും തനിയാവർത്തനങ്ങൾ തുടരുന്നു….

ഇന്ന്, പകർച്ചവ്യാധിയുടെ പകർന്നാട്ടം നടക്കുമ്പോൾ, ആലയങ്ങളിൽ ആരാധിക്കാൻ കഴിയാതെ, വീടുകളിലും സഭാ കൂടിവരവുകൾ നടക്കാതെ, ഭവനാംഗങ്ങൾ മാത്രം ദൈവത്തെ ആരാധിക്കുന്ന അവസ്ഥയിലേക്ക് ചുരുങ്ങുമ്പോൾ ഒന്നുകൂടി വിചിന്തനം ചെയ്യുക….

ആരാധനാലയത്തിലെ ശുശ്രൂഷകൾ ചടങ്ങുകളായി മാറിയോ…?
പ്രൗഢി വിളംബരം ചെയ്യുന്ന വേദികളായി അധ:പതിച്ചോ….?

തിരിച്ചറിയുക….
കെട്ടിടത്തിൻ്റെ ശ്രേഷ്ഠതയല്ല, കൂടി വരുന്നവരുടെ ആത്മാർത്ഥതയും വിശുദ്ധിയുമാണ് ദൈവം നോക്കുന്നത്.
നമ്മുടെ ആരാധനയിൽ അവിടുന്ന് സംപ്രീതനാകട്ടെ….!
അവൻ്റെ തിരുമുഖ പ്രകാശം നമ്മിൽ വെളിപ്പെടട്ടെ….!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.