ചെറു ചിന്ത: ഗേഹസിമാർ വിലസുന്ന കാലം | ആശിഷ് ജോസഫ്

ഒരു രാജ്യം മുഴുവൻ ബഹുമാനിക്കുന്ന , ഭയക്കുന്ന ദൈവത്തിന്റെ പ്രവാചകൻ ആണ് എലീശാ. ഏലീയാവിന്റെ ആത്മാവിന്റെ ഇരട്ടിപങ്കു നേടി യിസ്രായേലിന്നു വേണ്ടി ദൈവലോചന അറിയിക്കുന്നവൻ. ഏലിശക്കുമുണ്ട് ശിഷ്യഗണം…
അതിൽ അതിപ്രധാനിയും അരുമ ശിഷ്യനും മനസാക്ഷി സൂക്ഷിപ്പുകാരനുമൊക്കെ ഗേഹസി ആയിരുന്നു . ‘മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം ” എന്ന് പണ്ടെങ്ങോ പറഞ്ഞതുപോലെ ആത്മാവിൻറെ ശക്തിയുള്ളവന്റെ കൂടെ നടന്നു ഗേഹസിക്കും കിട്ടിയിട്ടുണ്ട് അല്പം ചില പ്രയോഗങ്ങളൊക്കെ. ഒറ്റ നോട്ടത്തിൽ ഒരുപാട് പ്രത്യേകതകൾ ഉള്ള, നല്ല ഗുണങ്ങൾ ഉണ്ടെന്നു തോന്നുന്ന ഒരു വിശിഷ്ട വ്യക്തി.

എലീശാ ഒഴികെയുള്ള ആളുകൾ ഗേഹസിയെ കാണുമ്പോൾ ചിന്തിക്കുന്നത്
* ഗേഹസി എലീശായോട് ഏറ്റവും അടുത്ത് നിൽക്കുന്ന ആളാണ് (2 രാജാ 4 : 12 )
* പ്രവാചകൻ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് ഗേഹസിയോട് അഭിപ്രായം ചോദിക്കും (2 രാജാ 4: 14 )
* എലീശായുടെ പ്രൈവറ്റ് സെക്രട്ടറി ആണ് ഗേഹസി (2 രാജാ 4: 25 -26 )
* എലീശായുടെ പകരക്കാരൻ ആണ് ഗേഹസി (2 രാജാ 4: 29 )

പുറമെ ഇങ്ങനെയൊക്കെ ആണെങ്കിലും ഗേഹസിയുടെ യഥാർത്ഥ സ്വഭാവം മറ്റു ചില സാഹചര്യങ്ങളിലൂടെ വെളിപ്പെട്ടു വന്നു.

post watermark60x60

* മറ്റൊരുവന്റെ മനോവിഷമം മനസിലാക്കുവാൻ കഴിവില്ലാത്ത ഗേഹസി (2 രാജാ 4: 27 )
* പ്രവാചകനെക്കാൾ മുൻപിൽ ഓടിച്ചെന്നു എന്തൊക്കെയോ അത്ഭുതങ്ങൾ ചെയ്യാം എന്ന് വിചാരിച്ച സ്വാർത്ഥതയും അഹംഭാവവും ഉള്ള ഗേഹസി (2 രാജാ 4: 31 )
* ഒരത്ഭുതം ചെയ്‌താൽ പുകഴ്ച തനിക് വരും എന്നാഗ്രഹിച്ചു പോയ ഗേഹസി (2 രാജാ 4: 31 )
* ദൈവശക്തിയുടെ നടുവിൽ ജീവിച്ചിട്ടും ദ്രവ്യാഗ്രഹത്തെ ഉള്ളിൽ ഊട്ടി ഉറക്കിയ ഗേഹസി (2 രാജാ 5 :20 )
* ദൈവപുരുഷനോടുപോലും കളവ് പറയാൻ ധൈര്യപ്പെടുന്ന ഗേഹസി (2 രാജാ 5: 25)
* എളിമയുള്ളവനായി പ്രവാചകൻ നിൽക്കുമ്പോൾ അവന്റെ പേര് നശിക്കത്തക്കവിധം പ്രവർത്തിക്കുന്ന ഗേഹസി

ഇന്ന് ഒരല്പം വ്യത്യാസമുണ്ട്
അന്ന് ശിഷ്യഗണങ്ങളിൽ ഒരാൾ മാത്രമായിരുന്നെകിൽ , ഇന്ന് ഭൂരിപക്ഷവും ഗേഹസിയുടെ പട്ടികയിലാണ്.
അന്ന് പ്രവാചകന്റെ കൂടെയായിരുന്നെങ്കിൽ , ഇന്ന് പരിശുദ്ധാത്മാവിന്റെ കൂടെയാണ്..

പലരും പുറമെ അമിത ഭക്തിയും അഭിനയവും കാഴ്ച വെച്ച് എന്തൊക്കെയോ കാട്ടികൂട്ടുന്നെങ്കിലും യഥാർത്ഥ മുഖം തിരിച്ചറിയപ്പെടണമെങ്കിൽ ഒന്നിരുത്തി നോക്കണം
ദൈവത്തെ മുൻപിൽ നിർത്തികൊണ്ടുള്ള കോപ്രായങ്ങൾ , ആരോടാണ് പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും ചിന്തിക്കാതെയുള്ള പ്രഹസനങ്ങൾ. എങ്ങോട്ടു നോക്കിയാലും വ്യാജം മാത്രം, കൂടെ നിൽക്കുന്നവരെക്കൂടെ തെറ്റിച്ചുകളയുന്ന ഇരട്ടമുഖങ്ങൾ. വായ് കൊണ്ട് എല്ലാവരും ദൈവശക്തിയുടെ വക്താക്കളാണ്, പക്ഷെ ഹൃദയത്തിൽ ഗേഹസിയുടെ ചിന്തകളും. ഓരോ സാഹചര്യങ്ങളിൽ അത് പുറത്തുവരും… പരിശുദ്ധാത്മാവിന്റെ പേര് ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ജഡീക കോമരങ്ങൾ ….

എന്തിനുവേണ്ടി….ആർക്കുവേണ്ടി …. ഒന്നും ഈ ലോകത്തുനിന്ന് കൊണ്ടുപോകാൻ കഴിയില്ല… സ്വന്തമെന്നു പറയാൻ ഒന്നും ഉണ്ടാകില്ല …. കാലം അതിന്റെ അവസാന ലക്ഷണങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്നു… കുഷ്ഠം ബാധിച്ചു പുറത്താക്കപ്പെടുന്നതിലും നല്ലത് പരിശുദ്ധാത്മാവിനോടൊത്തുള്ള ജീവിതമല്ലേ ….

ഓരോന്നും അവബോധങ്ങളായി തീരട്ടെ …. ഒരു പുത്തൻ തലമുറ ഉണരട്ടെ …. അധിക സമയങ്ങൾ ഇനി ഇല്ല… ഉള്ളതിൽ നല്ല അംശം തിരഞ്ഞെടുക്കുവാൻ തലമുറകൾ തയ്യാറാകട്ടെ ….

പൗലോസ് പറയുന്നതുപോലെ ക്രിസ്തുവിനെ ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ മുൻപിൽ വരച്ചു കാട്ടിയിരിക്കുകയാണ്, ആരും …ഒന്നും …നിങ്ങളെ മയക്കി കളയരുത് … ആത്മാവിൽ ആരംഭിച്ചത് ആത്മാവിൽ അവസാനിക്കട്ടെ …….

ആശിഷ് ജോസഫ്

-ADVERTISEMENT-

-ADVERTISEMENT-

You might also like