ശുഭദിന സന്ദേശം: ശൂന്യമായി ശൂന്യമാക്കി | ഡോ. സാബു പോൾ

“ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവർ അറിയാത്ത സകലജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായ്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു”(സെഖ.7:14).

സുവിശേഷീകരണം ലക്ഷ്യമാക്കി ആരംഭിച്ച ഒരു ക്രിസ്തീയ ഗായക സംഘം അനേക കൺവൻഷൻ വേദികളിൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഒരിക്കൽ അവർ തന്നെ സംഘടിപ്പിച്ച ഒരു കൺവൻഷനിൽ പ്രസിദ്ധനായ പ്രഭാഷകനെയാണ് വചന ശുശ്രൂഷയ്ക്കായി ക്ഷണിച്ചത്. പ്രസംഗകന് ഇടയ്ക്കിടെ പാട്ടുകളും പാടുന്ന ശീലമുള്ളതിനാൽ തൻ്റെ ഗായകസംഘത്തിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സംഘാടകർ തന്നെ ഗായക സംഘമായതിനാലും ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യമുള്ളതിനാലും അവർ അതിനെ സ്നേഹപൂർവ്വം നിരസിച്ചു.

ആദ്യദിനം കൺവൻഷന് തൻ്റെ വാഹനത്തിലെത്തിയ പ്രഭാഷകൻ തൻ്റെ ഡിമാൻഡ് അംഗീകരിക്കാത്തതിനാൽ പ്രസംഗിക്കാതെ തിരിച്ചുപോയി. അടുത്ത ദിവസം തൻ്റെ ടീമിനെ പാടാൻ അനുവദിച്ചപ്പോഴാണ് അദ്ദേഹം പ്രസംഗത്തിനെത്തിയത്….

ദൈവം നൽകിയ കൃപകളും കഴിവുകളും പ്രശസ്തിയിലേക്ക് കൈപിടിച്ചുയർത്തിയപ്പോൾ സ്വയം മറന്നു പോയവരുണ്ട്…

യഹൂദ ജനത്തിന് സംഭവിച്ച സമാനമായ അനുഭവമാണ് സെഖര്യാവ് 7-ാം അധ്യായത്തിൽ പ്രതിപാദിക്കുന്നത്.

ഒരു പ്രതിനിധി സംഘം സെഖര്യാപ്രവാചകൻ്റെ അടുക്കൽ ചെന്നിട്ട് ഞങ്ങൾ ഇത്ര സംവത്സരം ചെയ്തു വന്നതു പോലെ 5-ാം മാസത്തിലെയും 7-ാം മാസത്തിലേയും ഉപവാസം തുടരണമോ എന്ന് ചോദിക്കുന്നു.

മോശയുടെ കല്പനപ്രകാരം 7-ാം മാസം 10-ാം തീയതി പ്രായശ്ചിത്ത ദിവസം ആത്മതപനത്തിൻ്റെ ദിനമായിരുന്നു (ലേവ്യ.16:29-34). എന്നാൽ പ്രവാസത്തിലേക്ക് പോയപ്പോൾ ആലയം തകർക്കപ്പെട്ട അഞ്ചാം മാസവും(2 രാജാ.25:8-9), ഗദല്യാവ് കൊല ചെയ്യപ്പെട്ട ഏഴാം മാസവും (2രാജാ.25: 25)അവർ ഉപവാസത്തിനായി വേർതിരിക്കുകയും പ്രവാസത്തിൻ്റെ 70 സംവത്സരവും അതു തുടരുകയും ചെയ്തു…

ആത്മതപനത്തിൻ്റെ ആചാരങ്ങളെക്കാൾ നേരോടെ ന്യായം പാലിക്കുന്നതും സഹോദരനോട് ദയയും കരുണയും കാണിക്കയും ചെയ്യുന്നതാണ് ദൈവത്തിനിഷ്ടം എന്നായിരുന്നു ദൈവത്തിൻ്റെ മറുപടി.

ഇവിടെ മനോഹരദേശം ശൂന്യമാക്കിയത് കല്ദയരല്ല, ദൈവവചനത്തിന് ചെവികൊടുക്കാതെ ദുശ്ശാഠ്യം കാണിച്ച ദൈവജനം തന്നെയാണെന്ന് ദൈവം പ്രഖ്യാപിക്കുന്നു.

പാവപ്പെട്ട ദൈവദാസൻമാർ കഷ്ടപ്പെടുകയും മക്കളെ വിവാഹം കഴിച്ചയയ്ക്കാൻ മാർഗ്ഗമില്ലാതെ ഞരങ്ങുകയും ചെയ്യുമ്പോൾ കോടികൾ മുടക്കി ആർഭാടത്തിന് ഒട്ടും കുറവു വരുത്താതെ വിവാഹം നടത്തുന്ന നേതാവ് ദീർഘ ദിവസം ഉപവാസമിരുന്നാൽ ദൈവത്തിന് പ്രസാദമുണ്ടാകില്ല എന്നാണ് ഈ വാക്യം നൽകുന്ന മുന്നറിയിപ്പ്….!

വാടക കൊടുക്കാൻ കഷ്ടപ്പെടുന്ന കർത്തൃ ദാസന്മാരെ സഹായിക്കാതെ ലക്ഷങ്ങൾ പരസ്യത്തിന് മാത്രം ചിലവിട്ട് നടത്തുന്ന കൺവൻഷനുകളും ദൈവം ഇഷ്ടപ്പെടുന്നില്ല…!!

കൊറോണ പലതിനെയും ശൂന്യമാക്കുന്ന ഇക്കാലത്ത് വചനത്തിലേക്കും ദൈവാലോചനയിലേക്കും നമുക്ക് മടങ്ങി വരാം….!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.