ശുഭദിന സന്ദേശം : മറിയുന്നതും മറിക്കുന്നതും | ഡോ. സാബു പോൾ

ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു”(ഗലാ.1:6).

യഥാർത്ഥ സഭ എവിടെ കണ്ടെത്താൻ കഴിയുമെന്ന് അന്വേഷിച്ചു നടന്ന ഒരു ക്വയ്ക്കർ വിശ്വാസി പല സഭകളിലും പോയെങ്കിലും സംതൃപ്തി ലഭിച്ചില്ല…

ഒരിക്കൽ അദ്ദേഹത്തെ കണ്ടുമുട്ടിയ പഴയൊരു സുഹൃത്ത് ചോദിച്ചു:

”ന്യൂനതകളൊന്നുമില്ലാത്ത യഥാർത്ഥ സഭ കണ്ടെത്തിയോ?”

സന്തോഷത്തോടെയുള്ള മറുപടി വന്നു:

”തീർച്ചയായും!”

”ആകട്ടെ, എവിടെയാണ് ആ സഭ?”

”എൻ്റെ വീട്ടിൽ തന്നെ.”

”എത്ര പേരുണ്ട് അംഗങ്ങൾ?”

”ഞാനും എൻ്റെ ഭാര്യയും മാത്രം…. പിന്നെ, അവളുടെ ആത്മീയതയിൽ ഞാനത്ര സംതൃപ്തനൊന്നുമല്ല…!”

ഇങ്ങനെയുള്ളവർ എല്ലാ കാലഘട്ടത്തിലുമുണ്ട്. അവർ ഒന്നിലും സംതൃപ്തരല്ല. ആരും ശരിയല്ല എന്ന ചിന്തയാണ് അവരെ ഭരിക്കുന്നത്.

ആത്മാവിൽ ആരംഭം കുറിച്ച ഗലാത്യ സഭ ഇത്ര വേഗത്തിൽ എങ്ങനെ സത്യവിശ്വാസത്തിൽ നിന്നു വ്യതിചലിച്ചു എന്ന് അത്ഭുതപ്പെടുകയാണ് പൗലോസ്. യഹൂദാ ന്യായപ്രമാണം കൂടി അനുസരിച്ചാലേ രക്ഷ പൂർണ്ണമാകൂ എന്ന, യെരുശലേം കൗൺസിൽ നിരാകരിച്ച, കാലഹരണപ്പെട്ട ഉപദേശവുമായി വന്നവരിലേക്ക് ഗല്യത്യയിലെ പലരും മറിഞ്ഞു. കൃപയാലുള്ള രക്ഷ നൽകിയവനെ വിട്ടു കർമ്മ മാർഗ്ഗത്തിൻ്റെ പഴയ ലാവണത്തിലേക്ക് മടങ്ങിപ്പോയവർ മറ്റൊരു സുവിശേഷമാണ് അവതരിപ്പിച്ചത്.

എന്തെങ്കിലുമൊക്കെ കേൾക്കുമ്പോൾ അവയിൽ ആകൃഷ്ടരാകുന്നവർ അത്തരം വാദങ്ങളുടെ ലക്ഷ്യവും പൊള്ളത്തരവും തിരിച്ചറിയുന്നില്ല.

പൗലോസ് തൻ്റെ നിജപുത്രനായ തിമൊഥെയോസിന് കത്തെഴുതുമ്പോൾ ദൈവജനത്തെ മറിച്ചുകളയാൻ ശ്രമിക്കുന്ന ചിലരെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്(2 തിമൊ.2:14,18).

നിഷ്പ്രയോജനമായ വാദങ്ങളെ നിരത്തിവെച്ച് വചനത്തിലും ദൈവത്തിലുമുള്ള വിശ്വാസത്തെ മറിച്ചു കളയാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. അതിനു വേണ്ടി ഏതെങ്കിലുമൊക്കെ മുറിവാക്യങ്ങൾ അവർ കണ്ടെത്തുന്നു….

രണ്ടാമത്തെ കൂട്ടർ ഏറ്റവും പ്രധാനമായ ഉപദേശങ്ങൾക്ക് തെറ്റായ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നു.

ദൈവജനത്തിൻ്റെ ഏറ്റവും പ്രധാന പ്രത്യാശയായ പുനരുത്ഥാനം കഴിഞ്ഞു എന്നും പറഞ്ഞാണ് ചില ദുരുപദേശകർ ഇവിടെ വ്രതൻമാരെപ്പോലും വഴിതെറ്റിച്ചത്.

പക്ഷേ, പൗലോസ് അപ്പൊസ്തലൻ പറഞ്ഞു വയ്ക്കുന്നൊരു വസ്തുത ദൈവത്തിൻ്റെ അടിസ്ഥാനം സ്ഥിരമായി നിലനിൽക്കുന്നുവെന്നാണ്. മറിയുന്നവരും മറിച്ചിടപ്പെടുന്നവരും ശരിയായ അടിസ്ഥാനത്തിൽ ഉറപ്പില്ലാത്തവരാണ്…. ഹീനപാത്രങ്ങളാണ്…

അശുദ്ധിയും അനീതിയും പിന്തുടരുന്നവരാണ്….

പ്രിയമുള്ളവരേ,

അന്തിമ ദുർഘട സമയത്തിൻ്റെ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോഴും ഉറപ്പായി വിശ്വസിക്കുക…

നേരോടെ നിൽക്കുന്നവനെ മറിച്ചു കളയാൻ കഴിയാത്തവിധം ഉറപ്പേറിയോരു അടിസ്ഥാനമുണ്ട്….

വീഴാതവണ്ണം സൂക്ഷിക്കുന്നൊരു സ്വർഗ്ഗീയ പിതാവുണ്ട്….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.