ശുഭദിന സന്ദേശം : പാരായണം പ്രബോധനം | ഡോ. സാബു പോൾ

ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക”(1 തിമൊ.4:13).

post watermark60x60

പടയ്ക്ക് പോകുന്ന ഭടൻ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്.
1) അദ്ദേഹം അരോഗദൃഢഗാത്രനായിരിക്കണം. മെയ് വഴക്കത്തോടൊപ്പം ഉറച്ച പേശികളും മനോധൈര്യവും അനിവാര്യമാണ്. പക്ഷേ സിക്സ് പാക്ക് മസിലുണ്ടെന്നും പറഞ്ഞ് ആരെങ്കിലും നിരായുധനായി നെഞ്ചും വിരിച്ച് പടക്കളത്തിലേക്ക് ചെല്ലുമോ…?

ഒരിക്കലുമില്ല…!

Download Our Android App | iOS App

2) പ്രതിരോധത്തിനുള്ള കവചങ്ങളും ആക്രമിക്കാനുള്ള ആയുധങ്ങളും അവയെങ്ങനെ പ്രയോഗിക്കണമെന്ന അറിവും ചേരുമ്പോഴേ പടയാളി യുദ്ധത്തിന് പൂർണ്ണമായി സജ്ജനായി എന്നു പറയാനാകൂ….!

ഇനി…..
ഇഷ്ടം പോലെ ആയുധമുണ്ടെങ്കിലും അതെടുത്ത് പ്രയോഗിക്കാൻ ത്രാണിയില്ലാത്ത, ആരോഗ്യമില്ലാത്ത ഒരാൾക്ക് യുദ്ധം നയിക്കാനാകുമോ….?
അതും അസാദ്ധ്യം…!

തൻ്റെ നിജപുത്രനായ തിമൊഥെയോസിന് പൗലോസ് നൽകുന്ന നിർദ്ദേശങ്ങളും ഇതിന് സമാനമാണ്. ഒന്നാമത് തിമൊഥെയോസിൻ്റെ വ്യക്തിത്വമാണ്. സംസാരത്തിലും സ്വഭാവത്തിലും സംശുദ്ധിയിലും മാതൃകയായിരിക്കുക എന്ന വ്യക്തിത്വത്തിൻ്റെ പ്രാധാന്യം കഴിഞ്ഞ ‘ശുഭദിന സന്ദേശ’ത്തിൽ വിചിന്തനം ചെയ്തതാണ്.

എന്നാൽ ഒരു ദൈവദാസൻ നല്ല വ്യക്തിയായിരുന്നാൽ മാത്രം മതിയോ….?
നിരുപദ്രവകാരിയോ, ശാന്തനോ, പാവമോ ആയാൽ മതിയോ….?

പോരാ….!
ദൈവം തന്നെ ഏൽപ്പിച്ച ശുശ്രൂഷയ്ക്ക്
അദ്ദേഹം സജ്ജനായിരിക്കണം. അതിനാണ് വായന, പ്രബോധനം, ഉപദേശം എന്നീ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണം എന്ന് പൗലോസ് നിഷ്കർഷിച്ചത്.

ഇന്ന്….

…ചിലർ സോഷ്യൽ മീഡിയയിൽ പൂർണ്ണ സമയം സജീവമായിരിക്കുന്നു.

…ചിലർ സഭാംഗങ്ങളുടെ പലവിധ വിഷയങ്ങളിൽ വ്യാപൃതരായിരിക്കുന്നു.

…ചിലർ കുടുംബ കാര്യങ്ങളിലും സൈഡ് ബിസിനസിലും ‘ബിസി’യായിരിക്കുന്നു.

ഓർക്കുക….

വചന പാരായണത്തിന് സമയം കണ്ടെത്തുന്നവർക്കേ ദൈവ ശബ്ദം കേൾക്കാൻ കഴിയൂ….

കേട്ടവർക്കു മാത്രമേ മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ കഴിയൂ….
ഞാൻ കർത്താവിങ്കൽ നിന്ന് പ്രാപിച്ചത് കൈമാറുന്നു എന്ന് പറയാനാകൂ….

വചനത്തിൽ നിശ്ചയമുള്ളവർക്കേ ഉപദേശസംബന്ധമായ കാര്യങ്ങളിൽ ഉറപ്പുണ്ടാകൂ….
ദുരുപദേശങ്ങൾക്കെതിരെ മതിൽ പണിതുയർത്താനാവൂ….

മേല്പറഞ്ഞ നിലയിലുള്ള ദൈവ ദാസന്മാരാൽ നയിക്കപ്പെടുന്ന സഭാംഗങ്ങൾ വചനത്തിൽ വേരൂന്നിയവരും ഉപദേശത്തിൽ ഉറപ്പുള്ളവരുമായിരിക്കും….!

ദൈവദാസന്മാരേ,
പൗലോസ് അപ്പൊസ്തലൻ പറഞ്ഞതുപോലെ പരിപൂർണ്ണ സജ്ജരാകാം….
ദൈവമക്കളേ,
വചനത്തിൽ വേരൂന്നി അനുദിനം വളർന്നു മുന്നേറാം…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like