ഭാവന: റൂമാലിനും പറയുവാനുണ്ട് | ആശിഷ് ജോസഫ്

ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകൾക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി ഞാൻ എന്നും ഉണ്ടായിരുന്നു. പലരും പലവിധത്തിലാണ് ഉപയോഗിക്കുന്നതെന്ന് മാത്രം. ചിലർ തലയിലും അരയിലും കെട്ടും, ചിലർ കഴുത്തിലണിയും, ചിലർ കീശക്കുള്ളിൽ സൂക്ഷിക്കും…. അങ്ങനെ അങ്ങനെ …..
മനുഷ്യരുടെ മുഖവും ശരീരവുമൊക്കെ തുടച്ചു വൃത്തിയാക്കാൻ ഉപയോഗിക്കപ്പെടുന്നതുകൊണ്ട് ആരും എന്നോട് വലിയ സ്നേഹമൊന്നും കാണിക്കാറില്ല, എന്നും ഞാൻ തള്ളപ്പെട്ടവനാണ് .എന്നെ വലിച്ചെറിയുകയും എടുത്തു കുടഞ്ഞ് അടിക്കുകയും കുറെ കഴിയുമ്പോൾ വലിച്ചു കീറുകയും ഒകെ ചെയ്യും. ചിലപ്പോഴൊക്കെ എന്തിനാണ് ഈ ലോകത്തിലേക്ക് വന്നത് എന്ന് വരെ ചിന്തിക്കാറുണ്ട്. പരാതിപറയാൻ ആരുമില്ലാത്തതുകൊണ്ട് നിശബ്ദമായി എല്ലാം സഹിച്ചു ജീവിക്കവേ ആണ് ഒരുവന്റെ കയ്യിൽ ഞാൻ എത്തിപ്പെടുന്നത്.

ഏതു സമയത്തും ശാന്തനായി കാണപ്പെടുന്ന അയാൾ ഒരു വലിയ പുസ്തകവും കയ്യിൽ പിടിച്ചാണ് എപ്പോഴും നടത്തം. ഒറ്റ നോട്ടത്തിൽ സാധാരണക്കാരനായ മനുഷ്യൻ. എന്റെ മുൻപത്തെ സാഹചര്യങ്ങൾ നോക്കി മുൻവിധിയോടെ ഞാൻ അയാളുടെ കരങ്ങളിൽ എത്തി. പതിവിനു വിപരീതമായി ആ മനുഷ്യൻ എന്നെ ഉപദ്രവിക്കാതെ അയാളുടെ തോളിൽ ഇപ്പോഴും എന്നെ വെച്ചിരുന്നു. ഒരുദിവസം എന്നെ എടുത്തുംകൊണ്ട് അദ്ദേഹം ഏതോ സ്ഥലത്തു ഒരു ചെന്നു.

അവിടെയെത്തിയപ്പോൾ ആൾക്കൂട്ടത്തിന്റെ തിക്കും തിരക്കുമായി ആകെ ബഹളമാണ്. കുറേപേർ അവിടെ അലമുറയിടുന്നുണ്ട്, പലരുടെയും ശരീരത്തിന് സ്വാധീനമില്ല , പലരും പിച്ചും പേയും പറഞ് മനുഷ്യന്റേതല്ലാത്ത സ്വഭാവങ്ങൾ കാണിക്കുന്നു. ഇത്രയും അസ്വസ്ഥമായ അന്തരീക്ഷത്തിൽ ഈ മനുഷ്യൻ വന്നത് എന്നെ കഷ്ടപെടുത്താനാണ് ഉദ്ദേശം എന്ന് വിചാരിച് ഒരു പുച്ഛഭാവവും മുഖത്ത് വരുത്തി ഞാൻ അയാളുടെ തോളിൽ കിടന്നു. താഴെ വീഴാതിരിക്കാൻ അയാൾ എന്നെ ബലമായി പിടിച്ചിരുന്നതുകൊണ്ട് അതിന്റെ വേദന വേറെയും. പൊടുന്നനെ ആ മനുഷ്യൻ എന്നെ തോളിൽ നിന്ന് വലിച്ചെടുത്ത് അവിടെ കൂടിയിരുന്ന മനുഷ്യരുടെ ശരീരത്തിൽ എന്റെ സ്പര്ശനം ഏല്പിക്കുവാൻ തുടങ്ങി . ഇതിപ്പോ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്ന് അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവിശ്വസനീയമായ മറ്റൊരു കാഴ്ച്ചയിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞുപോയി .

മുടന്തർ എഴുന്നേറ്റു നടക്കുന്നു, ചെകിടർ കേൾക്കുന്നു, വ്യാധികൾ മാറുന്നു , അന്ധർക്ക് കാഴ്ച ലഭിക്കുന്നു , മാരക രോഗങ്ങളുമായി വന്നവർ രോഗം മാറി സന്തോഷത്തോടെ തുള്ളി ചാടുന്നു….

ആരോ ആ മനുഷ്യനെ പേര് അവിടെ നിന്ന് ഉച്ചരിച്ചു…. ‘ദൈവത്തിന്റെ ദാസനായ പൗലോസേ …..’

ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി, എന്റെ ഉള്ളിലുണ്ടായിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുവാൻ സെക്കൻഡുകൾ പോലും വേണ്ടി വന്നില്ല .
അത്യുന്നതനായ ദൈവത്തിന്റെ അഭിഷിക്തൻ പൗലോസ്… കേട്ടിട്ടുണ്ട് ഞാൻ നിറയെ.. ക്രിസ്തുവിന്റെ അനുയായികളെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവൻ…എന്നാൽ ഇന്ന് അപ്പോസ്തോലന്മാരിൽ ഒന്നാമൻ … ക്രിസ്തുവിനുവേണ്ടി മരിക്കാനും തയ്യാറായി നിൽക്കുന്നവൻ….

“അഭിമാനപൂരിതമായ സമയങ്ങൾ ….കുറച്ചുമുമ്പ് വരെ ഞാൻ കിടന്നത് അഭിഷേകം ചുമന്ന തോളിൽ ആയിരുന്നു, ഇത്രയും നാൾ എന്നെ മറ്റൊന്നിനും ഉപയോഗിക്കാതെ വെച്ചിരുന്നതിന്റെ പുറകിൽ ഒരു വലിയ ശ്രിശ്രൂഷയുടെ പങ്കാളിത്തം മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരാൽ തള്ളപ്പെട്ടുകിടന്നിരുന്ന എന്നിലേക്ക് പൗലോസ് എന്ന മനുഷ്യന്റെ ഉള്ളിലുണ്ടായിരുന്ന ‘അഭിഷേകത്തിന്റെ പകർച്ച നടന്നപ്പോൾ പുതിയൊരു ശ്രിശ്രൂഷയുടെ നിറവ് എന്നിലേക്കും പകരപ്പെട്ടു” .

എന്നെ വിലകൊടുത്തു വാങ്ങിയപ്പോൾ ഞാൻ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. എന്റെ കണക്കുകൂട്ടലുകളെ മാറ്റിമറിച്ചുകൊണ്ട് കേട്ടറിവ് മാത്രമുള്ള അഭിഷേകത്തിന്റെ പ്രവർത്തി വെളിപ്പെടുത്തുവാൻ സർവ്വശക്തന്റെ ദാസനിലൂടെ ഞാനും നിയോഗിക്കപ്പെട്ടു . എന്നെ ഉപയോഗിക്കുവാൻ താമസിച്ചപ്പോൾ എനിക്ക് മടുപ്പ് അനുഭവപ്പെട്ടിരുന്നു , മറ്റുള്ളവരാൽ തള്ളപ്പെട്ടതിന്റെ സങ്കടം ഞാൻ അനുഭവിച്ചിരുന്നു, എന്നെ തോളിൽ നിന്ന് വലിച്ചെടുത്തപ്പോൾ ഞാൻ വേദന അറിഞ്ഞിരുന്നു… എന്നാൽ അതൊക്കെ എന്റെ ജീവിതത്തിന്റെ പുതിയൊരു വഴിത്തിരിവിലേക്കുള്ള പാതയാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ എനിക്കുണ്ടായ സന്തോഷം ചെറുതല്ല ..

“പലരും വിചാരിച്ചു എന്നിൽ എന്തോ പ്രത്യേകത ഉണ്ടെന്നു, പക്ഷെ എന്റെ കഴിവല്ല, എനിക്ക് എടുത്തുപറയാൻ യാതൊരു ഗുണമേന്മകളും ഇല്ല … പക്ഷെ ഒന്നുണ്ട് ഞാൻ കിടന്നിരുന്നത് പൗലോസ് എന്ന മനുഷ്യന്റെ തോളിലായിരുന്നെങ്കിലും എന്നെ താങ്ങിയിരുന്നത് അയാളിലുണ്ടായിരുന്ന അഭിഷേകത്തിന്റെ നിറവായിരുന്നു. അതിന്റെ പകർച്ച എന്നിലേക്കു വന്നപ്പോൾ ഞാൻ ആളുമാറിയവനെപോലെ ആയിത്തീർന്നു… ”

എന്റെ തലമുറകളോട് എനിക്ക് പറയുവാൻ ഉള്ളത് ഇത്രമാത്രം

മുൻവിധിയോടെ ഒന്നിനെയും സമീപിക്കരുത്…..- പ്രതീക്ഷക്കു വിപരീതമായി വഴിത്തിരിവുകൾ ജീവിതത്തിൽ ഉണ്ടാകും….

നിശബ്ദമായി വേദന സഹിക്കുന്നതിലും കാലതാമസത്തിലും പിറുപിറുക്കരുത് – അല്പം കഴിയുമ്പോൾ ആ വേദന അനുഭവത്തിന്റെ കലവറയിലെ നിധിയായിരിക്കും

തള്ളപ്പെടുന്നതിൽ ദുഃഖിക്കരുത്….. കാരണം മറ്റൊരു അവസരത്തിൽ തള്ളിക്കളഞ്ഞവർ തന്നെ നമ്മെ നോക്കി അത്ഭുതപ്പെടും….

ആശിഷ് ജോസഫ്

-Advertisement-

You might also like
Comments
Loading...