ശുഭദിന സന്ദേശം : മാതൃകയായിരിക്ക മാന്യനായിരിക്ക | ഡോ. സാബു പോൾ

ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക”(1 തിമൊ.4:12).

മുൻവിധി ഒരു കാര്യത്തിലും അരുതെന്ന് അറിയാമെങ്കിലും അത് നമ്മുടെ കൂടെത്തന്നെയുണ്ട്.

കോവിഡ്-19 എന്ന പകർച്ചവ്യാധിയുടെ പകർന്നാട്ടം കണ്ട് പകച്ചുപോയ മനുഷ്യൻ പിന്നീട് അതിൻ്റെ പ്രഭവസ്ഥാനത്തെക്കുറിച്ചും പകരുന്ന രീതിയെക്കുറിച്ചും പരിമിതപ്പെടുത്താനുള്ള മാർഗ്ഗം സംബന്ധിച്ചും ഗവേഷണങ്ങളിൽ മുഴുകി. ചൂട് കൊറോണയ്ക്ക് അത്ര ഇഷ്ടമല്ലാത്തതിനാൽ ചൂടുകാലം വരുമ്പോഴേക്കും പുള്ളി പൊയ്ക്കൊള്ളും എന്ന് പരിഹാരം നിർദ്ദേശിച്ച ‘ശാസ്ത്ര വിശാരദന്മാരു’ടെ വരെ ചിന്തകൾ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു. ഋതുക്കൾ മാറി വന്നിട്ടും ഒന്നര വർഷം പിന്നിട്ടിട്ടും മാരകഭാവം കൈവിടാതെ മഹാമാരി തുടരുന്നു….

ആരംഭകാലത്ത് അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും വിമുഖത കാണിച്ച പാശ്ചാത്യ ലോകത്ത് രോഗം താണ്ഡവനൃത്തമാടിയപ്പോൾ ‘അമേരിക്കൻ മലയാളികളെല്ലാം സ്വന്തം നാട്ടിലേക്ക് പോരൂ’ എന്ന് അല്പം പരിഹാസത്തോടെ നാം ക്ഷണിച്ചു. പക്ഷേ, ഇപ്പോൾ സ്ഥിതി നേരെ മറിച്ചായി. ഇന്ത്യയിലെ ദയനീയ സ്ഥിതിയറിഞ്ഞ മറ്റ് രാജ്യങ്ങൾ നമുക്ക് സഹായഹസ്തം നീട്ടുകയാണിപ്പോൾ. അരങ്ങേറ്റം മുതൽ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച കൊറോണ ഇപ്പോഴും സകല മുൻവിധികളെയും പരിഹസിച്ച് മുന്നേറുകയാണ്….

എഫെസോസിലെ സഭകളുടെ ചുമതല വഹിക്കുന്ന തിമൊഥെയോസിനോട് എങ്ങനെയുള്ള വ്യക്തികളെയാണ് സഭയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടത് എന്ന് പറഞ്ഞതിനു ശേഷം തിമൊഥെയോസ് എങ്ങനെയായിരിക്കണം എന്ന് അദ്ദേഹത്തോട് പൗലോസ് വിവരിക്കുന്നു.

തിമൊഥെയോസിന് ഈ സമയം ഏകദേശം 35 വയസ് ഉണ്ടായിരിക്കാമെന്നാണ് പണ്ഡിതമതം. ഇത്രയും ചെറുപ്പമായ ഒരാൾക്ക് ഇങ്ങനെയൊരു പദവിയിലിരിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് വിമർശനാത്മകമായി വീക്ഷിക്കുന്നവരുടെ നടുവിലാണ് തിമൊഥെയോസ്. അതിൻ്റേതായ അല്പം ചാഞ്ചല്യവും അദ്ദേഹത്തിനുണ്ട്….

കുറ്റം കണ്ടു പിടിക്കാൻ മുൻവിധിയുടെ തിമിരക്കണ്ണുമായി കാത്തിരിക്കുന്നവർ ഒരു വ്യക്തിയുടെ 99 നല്ല ഗുണങ്ങളും കാണുകയില്ല. ഒരേയൊരു ദോഷം ചികഞ്ഞെടുക്കാൻ ഭൂതക്കണ്ണാടിയുമായി സൂക്ഷ്മനിരീക്ഷണം നടത്തുകയും ചെയ്യും.

പാരമ്പര്യമായി പകർന്നു കിട്ടിയ നിർവ്യാജ വിശ്വാസവും, കൈവെപ്പോടുകൂടെ പ്രവചനത്താൽ ലഭിച്ച കൃപാവരവും, അതിശ്രേഷ്ഠ അപ്പൊസ്തലനിൽ നിന്ന് കിട്ടിയ ശിക്ഷണവും തിമൊഥെയോസിനെ വ്യത്യസ്തനാക്കുന്നുണ്ടെങ്കിലും ‘ആളിത്തിരി ചെറുപ്പമായിപ്പോയി’ എന്നാണ് മുൻവിധിക്കാരുടെ കണ്ടെത്തൽ.

അത്തരം വിമർശനങ്ങൾക്ക് വിശദമായി മറുപടി പറയാനല്ല പൗലോസ് തിമൊഥെയോസി നോട് ആവശ്യപ്പെടുന്നത്. സംസാരത്തിലും സ്വഭാവത്തിലും സംശുദ്ധിയിലും വിശ്വാസത്തിലും മാതൃകയായിരിക്കുക….!

പ്രിയമുള്ളവരേ,

തുച്ഛീകരിക്കാൻ, താഴ്ത്തിക്കെട്ടാൻ കാത്തിരിക്കുന്നവരുടെ മുമ്പിൽ സ്വയ ന്യായീകരണത്തിൻ്റെ വിശദീകരണങ്ങളും ലൈവുകളുമല്ല ആവശ്യം പ്രത്യുത, മാതൃകയായിരിക്കുക എന്നതാണ്.

പൗലോസിൻ്റെ വാക്കുകളെ പരിപൂർണ്ണമായി അനുസരിച്ച തിമൊഥെയൊസ് മാനിക്കപ്പെട്ടതു പോലെ കർത്താവ് നമ്മെയും മാനിക്കും…!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.