ഭാവന: ഹവ്വ…. മോഹത്തിലകപ്പെട്ടവൾ | പാസ്റ്റർ ജെൻസൻ ജോസഫ്

വരൂ… നമുക്ക് തോട്ടത്തിൽ കൂടി ഒന്നു നടന്നിട്ട് വരാം…
ആദമിനെ വിളിക്കുമ്പോൾ അവളുടെ ഉള്ളിൽ സന്തോഷം തിരതല്ലുകയായിരുന്നു…
ദൂരെ അവിടെയായി അനേകം മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നു…
ഇപ്പോഴും പലതരത്തിലുള്ള ഫലങ്ങളുടെ രുചി അറിയുവാൻ സാധിച്ചിട്ടില്ല….
ഇന്ന് പോകുമ്പോൾ അതൊക്കെ പറിച്ചു കഴിക്കണം…..
തോടിനരികെ ഉയർന്നുനിൽക്കുന്ന പാറയിൽ ചെന്നിരിക്കുമ്പോൾ ഇളം കാറ്റടിച്ചു തെറിച്ചുവീഴുന്ന നീർബാഷ്പങ്ങൾ തരുന്ന കുളിരിനു എന്തു സുഖമാണ്….
ഇന്ന് കുറെ നേരം എന്റെ തുണയുടെ കൂടെ തോളിൽ തലചായിച്ചു ഇരിക്കണം…
വാ.. പോകാം കൈകൾ ചേർത്തു പിടിച്ചു അവർ ഇരുവരും നടന്നു നീങ്ങി….

അതേസമയം കൊഞ്ചിച്ചിണുങ്ങി ആദമിനൊപ്പം നടന്നുനീങ്ങുന്ന ഹവ്വയെ നോക്കി സാത്താൻ ആത്മഗതം വിട്ടു…
എത്രനാളായി ഇവരുടെ പിന്നാലെ നടക്കുന്നു ഇതുവരെ എന്റെ ഉദ്ദേശം നടത്തുവാൻ കഴിഞ്ഞില്ല….
പക്ഷെ എന്നു ഞാൻ അതു നടത്തും ഏതുവിധേനയും അവളെ ഞാൻ മോഹത്തിന്റെ വരുതിയിൽ ആക്കും….

ആദമിൽ ഒരു മാറ്റവും കാണാൻ സാധിക്കുന്നില്ല അവനിൽ ദൈവം പറഞ്ഞ വാക്കിനു മറന്നു കളയുന്ന ഒരു മനസ്സില്ല. എന്നാൽ ഹവ്വക്കിപ്പോൾ ചില മാറ്റങ്ങൾ ഒക്കെയുണ്ട്…. ദൈവം തിന്നരുതെന്ന് പറഞ്ഞ ഫലവൃക്ഷം നോക്കി അവൾ കുറേ നേരം നിൽക്കുന്നത് ഞാൻ കണ്ടിരുന്നു….
എന്നു ഞാൻ അതിൽക്കൂടി അവളുടെ ഉള്ളിൽ ദൈവത്തോട് മറുതലിക്കുവാൻ ഞാൻ പ്രേരിപ്പിക്കും….
അതിൽ വിജയിച്ചാൽ ……. ദൈവത്തിന്റെ സകല പദ്ധതികളെയും ഞാൻ പൊളിച്ചെടുക്കും…..നടന്നുനീങ്ങുന്ന അവരെ നോക്കി ഗദ്ഗദത്തോടെ ഈയിടയ്ക്കു തനിക്കു കൂട്ടുകാരനായി ലഭിച്ച പാമ്പിന്റെ ഉള്ളിൽ കയറി…. അവരുടെ പിന്നാലെ പോകുവാൻ തുടങ്ങി…
വാ… വേഗം പോകാം… ഹവ്വ ആദമിനെ മാടിവിളിച്ചു…
അടുത്തുകണ്ട ഞാവൽ മരത്തിൽ നിന്നും ആദം പറിച്ചുകൊടുത്ത പഴത്തിന്റെ ചുവന്ന നിറം അവളുടെ ചുണ്ടുകൾക്ക് കൂടുതൽ സൗന്ദര്യം പകർന്നു…
മരച്ചില്ലകൾക്കിടയിലൂടെ ഊർന്നിറങ്ങിയ പ്രകാശ രശ്മികൾ അവളുടെ മുഖത്തെ ഒരു വൈരം പോലെ പ്രകാശിപ്പിച്ചു…

ഓടിവന്ന കാക്കയും, കുയിലും മയിലും അവളോട്‌ കുശലം ചോദിച്ചു…
മൃഗങ്ങളെ തലോടി ഓരോ പേരു വിളിച്ചു നടക്കുമ്പോൾ ഉന്മേഷത്തിന്റെയും വത്സല്യത്തിന്റെയും ആഴം അവൾ അറിയുകയായിരുന്നു….

കണ്ടും കേട്ടും തിന്നും നടന്നു ക്ഷീണിച്ചപ്പോൾ തൊടിനരികയുള്ള പാറയിൽ വിശ്രമിക്കുവാൻ ഇരുന്നു…
ഇന്നലെയും ഇന്നും നടന്ന കാര്യങ്ങൾ പറഞ്ഞു ചിരിച്ച പ്രേമസല്ലാപത്തിൽ തോട്ടത്തിന്റെ ഭംഗിയും ദൈവകല്പനയുടെ ആഴവും സംസാരവിഷയമായി….

ചുവന്നു തുടുത്തു കണ്ണിനിമ്പമായി ദൂരെ നിൽക്കുന്ന തോട്ടത്തിന്റെ നടുവിലെ വൃക്ഷഫലം അവളെ വല്ലാതെ മോഹിപ്പിച്ചു…
ഒരെണ്ണം കഴിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ….
അതുമാത്രമേ ഇനി കഴിക്കുവാനുള്ളൂ…
അങ്ങോട്ടു ചെന്നു പറിച്ചു കഴിക്കുവാൻ എന്നെ മാടിവിളിക്കുന്നപോലെ….
എത്ര സുന്ദരമായ ഒരു പഴം ഈ തൊട്ടത്തിലെങ്ങുമില്ല…

ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ…..

ആദമിന്റെ തോളിൽ ചാരിയിരുന്നു അവൾ ചിന്തയിൽ മുഴുകുമ്പോൾ ആദം ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു….
പെട്ടെന്നാണ് ആ മരത്തിൽ ഒരു അനക്കം കണ്ടത്…
ഒന്നു പോയി നോക്കാമായിരുന്നു… ആദം ഇപ്പോൾ ഉറക്കമാണ്… ഉണർന്നുകഴിഞ്ഞാൽ അവിടേയ്ക്ക് പോകുവാൻ അവൻ സമ്മതിക്കില്ല….
പെട്ടെന്ന് പോയി നോക്കി അവൻ ഉണരുന്നതിനു മുൻപ് തിരിച്ചുവരാം…
അവൾ ഉള്ളിൽ കരുതി… അവിടെ നിന്നും മെല്ലെ എണീറ്റു…

ദൈവം തിന്നരുതെന്നു പറഞ്ഞ ഫലമല്ലേ…ആദം ഉറക്കവുമല്ലേ പോകണ്ട…. മനസ്സു പറഞ്ഞു..

ഇതാണ് പറ്റിയ സമയം ഇപ്പോൾ പോയാൽ നിനക്കു കാണുകയും കഴിക്കുകയും ചെയ്യാം… ആദം ഉറക്കവും ആണ്… ആരോ ഉള്ളിൽ നിന്നും പറയുന്നപോലെ….
പതിയെ നടന്നു അകലുമ്പോൾ അവളുടെ കണ്ണുകൾ അവൾക്കുമേൽ മോഹപരിലാളനത്താൽ വരിഞ്ഞുമുറുക്കപ്പെട്ടിരുന്നു…

മരത്തിനോടടുക്കുമ്പോൾ അവളുടെ ഉള്ളിൽ വല്ലാത്ത ആവേശം പോലെ… എന്തു ഭംഗിയാണ് ഇലകൾക്കും പഴങ്ങൾക്കും…
ആരോ മരത്തിൽ ഇലകളിക്കിടയിൽ ഉണ്ട്….
ആരാണ് ദൈവം ഉപയോഗിക്കരുത് എന്നു പറഞ്ഞ മരത്തിൽ ഇരിക്കുന്നത്?….
അവൾ ഉറക്കെ ചോദിച്ചു….

ഓഹോ… നീ ആയിരുന്നോ പാമ്പേ… ഞാൻ കരുതി വേറെ വല്ലവരും ആയിരിക്കും എന്ന്…
അവൾ അവിടെ നിന്നു പാമ്പിനോട് കുശലം അന്വേഷിച്ചു…..
തോട്ടത്തിന്റെ ഭംഗിയും, അവരുടെ സൗന്ദര്യവും കഴിവും ദൈവത്തിന്റെ കല്പനയും അവരുടെ സംഭാഷണത്തിൽ ഇടം പിടിച്ചു….ഒടുവിൽ പാമ്പ് ചോദിച്ച ചോദ്യം അവളെ വല്ലാതെയാക്കി….

ഈ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ?..
പെട്ടെന്ന് സംസാരം നിർത്തി അവൾ എന്തോ ആലോചിച്ചു….

കുറച്ചു കൈയ്യിൽ നിന്നും ഇട്ടു പറഞ്ഞേക്കാം ഒരു വെയ്റ്റയിക്കോട്ടെ….

ഞങ്ങളോടു നിന്നരുത് എന്നു മാത്രമല്ല തൊടരുതെന്നും പറഞ്ഞിട്ടുണ്ട്….

ഇവൾ വീണു… സാത്താന്റെ ഉള്ളിൽ സന്തോഷം തിരതല്ലി…. ദൈവം പറയാത്തത് ഇവൾ പറഞ്ഞു തുടങ്ങിയിക്കുന്നു…
ഇവളുടെ കണ്മോഹം ഇവളുടെ ആഗ്രഹത്തെ വല്ലാതെ ഉണർത്തിയിരിക്കുന്നു… ഇനി വളരെ വേഗം എന്റെ ലക്ഷ്യത്തിൽ എത്താൻ എനിക്ക് കഴിയും…
സഹോദരീ…. ദൈവത്തിന്റെ സ്വരൂപത്തിലുള്ള നീ ഇപ്പോൾ ദൈവത്തെ പോലെ അല്ലല്ലോ…. എന്നാൽ നീ ഇതു കഴിച്ചാൽ നീ ദൈവത്തെ പോലെ ആകുകയും നിനക്കു അറിവ് ലഭിക്കുകയും ചെയ്യും….ഇനിയും നിനക്കു ഈ തോട്ടത്തിൽ ദൈവമായി വിരാജിക്കുവാൻ കഴിയും….
മോഹം അവളുടെ ജഡത്തെ ഉണർത്തിയപ്പോൾ അവൾ അറിയാതെ ദൈവീക കല്പനകളെ മറന്നു പോകുകയായിരുന്നു….
കൈ നീട്ടി ഫലം പറിക്കുമ്പോൾ അവളുടെ ഉള്ളിൽ ജഡത്തിന്റെ അഭിലാഷം നിറവേറ്റപ്പെടുകയും ആത്മീക മനുഷ്യൻ നിഷ്കരുണം തകർക്കപ്പെടുകയുമായിരുന്നു….
പഴം കഴിക്കുവാനുള്ള ആഗ്രഹം ദൈവപ്രവർത്തിയെ അവളിൽ നിന്നും അവളുടെ കുടുംമ്പത്തിൽ നിന്നും തൂത്തെറിഞ്ഞു ശാപത്തിന്റെ വിത്തുകൾ മുളപ്പിക്കുകയായിരുന്നു….
പഴം പറിച്ചു തിന്നുകഴിഞ്ഞപ്പോൾ ഉറങ്ങിയെണീറ്റുവന്ന തിരക്കിവന്ന ആദമിനും കൊടുത്തവൾ…. ചോദ്യം ചെയ്യാതെ വാങ്ങിക്കഴിച്ചു മധുരം നുണയുമ്പോൾ അവർ കാണിച്ചത് അവരുടെ സൃഷ്‍ടാവും ദൈവവുമായവനോട് മറുതലിച്ചു അനുസരണക്കേട് എന്ന പാപത്തിനു തുടക്കം കുറിക്കുകയായിരുന്നു…

മിത്രമേ, കണ്മോഹവും ജഡമോഹവും ജീവനത്തിന്റെ പ്രതാപവും എന്നും മനുഷ്യനെ ദൈവത്തോട് അനുസരണക്കേട് കാണിക്കുവാനും അവന്റെ കല്പനകളെ പ്രമാണിക്കാതെ തെറ്റിപ്പോകുവാനും ഇടയാക്കിക്കൊണ്ടിരിക്കുന്നു…
ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ മതി എന്നു വയ്ക്കുവാൻ കർത്താവ് പഠിപ്പിക്കാൻ മുതിർന്നതിന്റെ കാരണവും ഇതാകാം…
ഒരിക്കലും തീരാത്ത മനുഷ്യന്റെ ആഗ്രഹം അവനെ ദൈവത്തിൽ നിന്നും അകറ്റി സാത്താന്റെ അടിമത്വത്തിലേക്ക് നയിച്ചേക്കാം….
ചക്കര വാക്കുകളും കണ്ണിനു ഇമ്പമുള്ള കാഴ്ച്ചകളും ഹവ്വയെ തകർത്തതുപോലെ മോഹത്തിൽ അകപ്പെടുവാൻ ഇടയാകാതെ ദൈവ കരുണയുടെ ഭാവിപദ്ധതികളിൽ നന്നായി നടക്കാൻ കഴിയട്ടെ…..

പാസ്റ്റർ ജെൻസൻ ജോസഫ്

-Advertisement-

You might also like
Comments
Loading...