എഡിറ്റോറിയൽ: വൈവിധ്യങ്ങളിൽ തിളങ്ങുന്ന സ്വാതന്ത്ര്യം | ജെ പി വെണ്ണിക്കുളം

ഇൻഡ്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ആർക്കും ഏതു മതത്തിലും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട് (Article 25 says “all persons are equally entitled to freedom of conscience and the right to freely profess, practice, and propagate religion subject to public order, morality and health.” ) എന്നാൽ പലപ്പോഴും അതിനു എതിരെയുള്ള നിയമങ്ങൾ വരാറുണ്ട്. എന്നാൽ ഇന്ന് സുപ്രീംകോടതി പറഞ്ഞ കാര്യം എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ. പ്രായപൂർത്തിയായ ആർക്കും ഏതു മതം സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്. പതിനെട്ടു വയസിനു മുകളിൽ ഉള്ളവർക്ക് ഈ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിൽ തെറ്റില്ല. നിർബന്ധിത മതപരിവർത്തനം, മന്ത്രവാദം എന്നിവ നിരോധിക്കാൻ സമർപ്പിച്ച ഹർജിയാണ് ഇന്ന് കോടതി തള്ളിയത്.

ഒരു ഇന്ത്യൻ പൗരനായിരിക്കുമ്പോൾ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തും ഭരണഘടന വിരുദ്ധമായും ഒരു നിയമവും നടപ്പാക്കുന്നത് ശരിയല്ല. അത്തരം സമീപനങ്ങൾ ഭൂഷണവുമല്ല. പരസ്പരം ഏകോദര സഹോദരങ്ങളെപ്പോലെ കഴിയേണ്ട നമ്മൾ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കാൻ പാടില്ല. ബഹുസ്വരതയുടെ നാട്ടിൽ ഓരോ പൗരനും സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. വൈവിധ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന സംസ്കാരം തന്നെയാണ് നമ്മുടെ രാജ്യത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അതാണ് മറ്റുള്ളവർ നമ്മിലേക്ക് അകർഷിക്കപ്പെടാനും കാരണമാകുന്നത്. പൈതൃകങ്ങൾ കാത്തു സൂക്ഷിക്കപ്പെടട്ടെ. ഭരണഘടന ഉറപ്പു തരുന്ന സ്വാതന്ത്ര്യം എല്ലാവർക്കും ലഭ്യമാകട്ടെ. നമ്മൾ ഒന്നാണെന്ന ബോധ്യത്തോടെ നമുക്ക് മുന്നേറാം.

ജെ പി വെണ്ണിക്കുളം
ചീഫ് എഡിറ്റർ
ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.