ഭാവന: കെരീത്തിന്‍റെ സാക്ഷ്യം | ആശിഷ് ജോസഫ്

എല്ലാ വർഷവും നടത്താറുള്ളതുപോലെ ലോകത്തിലെ നദികളുടെയെല്ലാം ഒത്തുചേരലിന്റെ ദിവസമാണ് ഇന്ന്.
“ഈ വർഷത്തെ ഏറ്റവും മികച്ച സേവനത്തിനുള്ള ആദരം ഏറ്റു വാങ്ങുവാനായി കെരീത്തിനെ ഈ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.”

നദികളുടെ തലവൻ പറഞ്ഞതും കാഴ്ചക്കാരായ അരുവികളുടെയും തോടുകളുടെയും കുളങ്ങളുടെയും വേദിയിലുള്ള അറിയപ്പെടുന്ന പേരുകളുള്ള നദികളുടെയും നിറഞ്ഞ കരഘോഷത്തോടെ കെരീത്ത് വേദിയിലേക്ക് ആനയിക്കപ്പെട്ടു.
ഒരു നിമിഷം നിശബ്ദമായി കണ്ണുകൾ മുകളിലേക്ക് ഉയർത്തിയതിന് ശേഷം ശാന്തമായി അവൻ പറഞ്ഞു തുടങ്ങി.

“ഭൂമിയിൽ ഭാഗ്യം ചെയ്തവർ എന്ന്’ പറയുന്നത് ആരെയാണെന്നു അറിയാമോ ….. ഇന്ന് നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഞാൻ അതിനൊരു ഉത്തമ ഉദാഹരണമാണ്. ഇതിനുള്ള യോഗ്യതകൾ തിരഞ്ഞാൽ എന്റെ കയ്യിൽ ഒന്നുമില്ല, എന്നിട്ടും ഇവിടെ ഞാൻ മാനിക്കപ്പെട്ടത് മറ്റൊരു ഭാഗ്യാവസ്ഥയാണ്. എല്ലാ വർഷവും ഈ ഒത്തുചേരലിൽ കടന്നുവന്നിട്ട് നിങ്ങളുടെയൊക്കെ പുറകിലായി സ്ഥാനം പിടിച്ച്‌ ഓരോരുത്തരെയും ആദരിക്കുന്നത് കണ്ട് എനിക്കതിനുള്ള ഭാഗ്യം ഇല്ലെന്നു കരുതി തിരിച്ചു പോയിരുന്ന ഞാൻ ഇന്ന് നിങ്ങളുടെയൊക്കെ കൈത്താളത്തിന്റെ അകമ്പടിയിൽ മുൻപിലേക്ക് വരുവാൻ ഒരേ ഒരു കാരണം എന്റെ സൃഷ്ടാവിന്റെ കണ്ണിൽ ഞാനും ഉണ്ടായിരുന്നതുകൊണ്ടാണ്.

അന്നും ഇന്നും ഞാൻ ശുദ്ധജലമായിരുന്നു. യാതൊരുവിധ അഴുക്കുചാലുകളും എന്റെ ഉള്ളിൽ ഇതുവരെ ഇല്ല. മനുഷ്യരും മൃഗങ്ങളും ഒരുപോലെ വന്നു ഭയമില്ലാതെ കുടിക്കുവാൻ എന്നെ ഉപയോഗിച്ചിരുന്നു . അങ്ങനെയിരിക്കെ ആണ് ഞങ്ങളുടെ ദേശത്തു ഒരു പ്രവാചകൻ രാജാവിനോട് മഴ പെയ്യില്ല എന്ന് പ്രവചിക്കുകയും ദേശം ക്ഷാമം കൊണ്ട് നിറയുകയും ചെയ്തത്.

ചെറിയൊരു തോടായ എന്റെ ജലം വറ്റിപോയിക്കാണുമെന്നു വിചാരിച്ച് കുറച്ചു ദിവസങ്ങൾക്ക് മുൻപുവരെ എന്റെയടുത്ത് വന്നിരുന്ന മനുഷ്യർ ആരും അങ്ങോട്ടേക്ക് വന്നതേയില്ല. അല്ലെങ്കിൽ ദൈവം അവരുടെ കണ്ണുകൾ തുറന്നില്ല.

എന്നെപ്പോലും അത്ഭുതപ്പെടുത്തികൊണ്ട് സൃഷ്ടികർത്താവ് എന്റെയുള്ളിലെ ജലം വറ്റിക്കാതെ മഴ പെയ്യിലെന്ന് പ്രവചിച്ചവനെ എന്റെ അടുക്കലേക്ക് വിട്ടു. ദിവസങ്ങളോളം ആ വലിയ മനുഷ്യൻ എന്നിൽ നിന്നും കുടിച്ചു തൃപ്തനായി….
എല്ലാദിവസവും കാക്ക വന്ന് പ്രവാചകന് അപ്പവും ഇറച്ചിയും കൊടുക്കുന്നതിനും ഞാൻ മാത്രം സാക്ഷി. ദൈവത്തിന്റെ കരുതൽ അങ്ങനെയും നേരിട്ട് കാണുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു.

എന്റെ അനുഭവത്തോട് ചേർന്ന് നിന്ന് ഞാൻ നിങ്ങളോട് പറയട്ടെ, എത്ര ചെറുതാണെന്ന് നാം വിചാരിച്ചാലും ദൈവത്തിന്റെ പദ്ധതിയിൽ നാം വലിയവരാണ്……..മറ്റുള്ളവരുടെ കണ്ണിൽ നിന്നും ദൈവം നമ്മെ മറയ്ക്കാൻ തീരുമാനിച്ചാൽ ലോകത്തിന്റെ ഒരു കണ്ണിനും നമ്മെ കണ്ടുപിടിക്കാൻ കഴിയില്ല…

അഖിലാണ്ഡത്തിന്റെ ഉടയവൻ തന്റെ പ്രവാചകന് വേണ്ടി കരുതുവാൻ നിങ്ങളിൽ ഏറ്റവും ചെറിയവനായ എന്നെ തെരഞ്ഞെടുത്തെങ്കിൽ എന്നേക്കാൾ ഗുണകണങ്ങൾ കൂടുതലുള്ള നിങ്ങളെയൊക്കെ എത്രയധികം ഉപയോഗിക്കും ….

ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ ജലം വറ്റിപോയി , പ്രവാചകന് മറ്റെന്തോ ദൗത്യം ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഞാൻ മനസിലാക്കിയിരുന്നു. ജലം വറ്റിയതുകൊണ്ട് എനിക്ക് സങ്കടമുണ്ടായില്ല , മറിച്ച് എന്നെക്കുറിച്ചുള്ള ദൈവേഷ്ടം പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഞാൻ ഇന്നും ഇവിടെ നിൽക്കുന്നത്.

സമയക്കുറവ് കൊണ്ട് ഞാൻ നിർത്തട്ടെ…നിങ്ങൾ എനിക്ക് തന്ന ആദരവിന്‌ നന്ദി …ദൈവം നിങ്ങളെയും തന്റെ പദ്ധതികൾക്കായി ഉപയോഗിക്കട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു”…..!!!

കൂടിവന്നവരുടെ ഹൃദയം നിറച്ചുകൊണ്ട് ആ സാക്ഷ്യം അവിടെ പ്രതിധ്വനിച്ചു. എല്ലാവരും ദൈവത്തെ സ്തുതിക്കുകയും തങ്ങളെത്തന്നെ ദൈവകരങ്ങളിൽ ഏല്പിക്കുകയും ചെയ്ത അതേ സമയത്തു തന്നെ തലവനിൽ നിന്നും നിറകണ്ണുകളോടെ കെരീത്ത് ആദരം ഏറ്റുവാങ്ങി……………….!!!!!!!

*******

അവരുടെ ഒത്തുചേരലുകൾ അവസാനിക്കുന്നില്ല, അടുത്ത വര്ഷവും കൂടിവരുമ്പോൾ ആർക്കെങ്കിലുമൊക്കെ ആദരം ലഭിക്കും. അതിലൊരാളാകാൻ വേണ്ടിയുള്ള ആഗ്രഹത്തോടെ , പ്രാർത്ഥനയോടെ ഓരോരുത്തരും അവിടെനിന്നും വിടവാങ്ങി.

ആശിഷ് ജോസഫ്

-Advertisement-

You might also like
Comments
Loading...