ശുഭദിന സന്ദേശം: വിസ്മയിച്ചു വിശ്വസിച്ചു | ഡോ. സാബു പോൾ

ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു”(പ്രവൃ.13:12).

ഉടൻ നടക്കാൻ പോകുന്ന ഫുട്ബോൾ മത്സരത്തിനു വേണ്ടിയുള്ള കഠിന പരിശീലനം നടക്കുകയായിരുന്നു. അന്ന് ഡാനി അൽപ്പം വൈകിയാണ് കോച്ചിംഗിനെത്തിയത്. പ്രധാന പൊസിഷനിൽ കളിക്കുന്ന വ്യക്തിയായതിനാൽ കോച്ച് ദേഷ്യപ്പെട്ടു.

”അത്…പിന്നെ… ഇന്ന് ഞായറാഴ്ചയായതുകൊണ്ട് പള്ളിയിൽ പോകണോ അതോ കോച്ചിംഗിന് വരണമോ എന്ന് തീരുമാനിക്കണമായിരുന്നു..”

”എന്നിട്ട് എന്താണ് നീ ചെയ്തത്?”

”ഞാൻ ഒരു നാണയമെടുത്ത് ടോസ് ചെയ്തു നോക്കി….”

”ഒരു നാണയം ടോസ് ചെയ്യാനാണോ ഇത്രയും സമയമെടുത്തത്…?”

”അത്….32-ാം പ്രാവശ്യം ടോസ് ഇട്ടപ്പോഴാണ് ഫുട്ബോൾ കളിക്കാനുള്ള വശം വീണത്….”

എന്തായിരുന്നു ഡാനിയുടെ പ്രശ്നം..?

അവന് ഫുട്ബോൾ കളിയോടാണ് അഭിനിവേശം മുഴുവൻ.
പക്ഷേ….
ഞായറാഴ്‌ച പള്ളിയിൽ പോകാതിരുന്നാൽ ദൈവം കോപിക്കില്ലേ? അതുകൊണ്ടാണവൻ ടോസിടാൻ തീരുമാനിച്ചത്. ടോസ് വീണാൽ അങ്ങനെ സ്വയം സമാശ്വസിക്കാമല്ലൊ.

പക്ഷേ എന്തു ചെയ്യാൻ…!
31 പ്രാവശ്യവും ഹെഡ് ആണ് വീണത്. ഹെഡ് വീണാൽ പള്ളിയിൽ പോകും, ടെയ്ൽ വീണാൽ ഫുട്ബോളിന് പോകും എന്ന് തീരുമാനിച്ചിരുന്ന ഡാനി താൻ ആഗ്രഹിച്ചത് വീഴുന്നതു വരെ ടോസ് ഇട്ടു കൊണ്ടേയിരുന്നു….

പിന്നെന്തിനാണ് ടോസ് ഇടാൻ പോയത്…?

മണ്ടൻ എന്നു വിളിക്കാൻ വരട്ടെ. പലപ്പോഴും നാമും ഇങ്ങനെയൊക്കെത്തന്നെയല്ലേ ചെയ്യുന്നത്…?

ഇന്നത്തെ വേദഭാഗം സെർഗ്യോസ് പൗലോസ് എന്ന പാഫോസിലെ ദേശാധിപതിയുടെ(Proconsul) മാനസാന്തരത്തെക്കുറിച്ചാണ് വിവരിക്കുന്നത്.

ബുദ്ധിമാനായ ദേശാധിപതി ദൈവവചനം കേൾക്കാനുള്ള ആഗ്രഹത്തോടെ ബർന്നബാസിനെയും പൗലോസിനെയും ക്ഷണിക്കുന്നു. എന്നാൽ എലീമാസ് എന്ന വിദ്വാൻ (അദ്ദേഹത്തിൻ്റെ ഉപദേശകനായിരിക്കാം) ദേശാധിപതിയുടെ വിശ്വാസം തടുത്തു കളയാൻ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരുന്നു.

ഇത് മനസ്സിലാക്കിയ പൗലോസ് പരിശുദ്ധാത്മ പൂർണ്ണനായി അവനെ ശാസിക്കുകയും അവൻ അന്ധനായിത്തീരുമെന്ന് പറയുകയും ചെയ്തു. ഉടൻ തന്നെ അത് സംഭവിച്ചപ്പോഴാണ് ദേശാധിപതി വിസ്മയിച്ച് വിശ്വസിക്കുന്നത്.

ബർ-യേശു(യേശുവിൻ്റെ പുത്രൻ എന്ന് അർത്ഥം) എന്ന എലീമാസ് ദൈവത്തോടെതിർത്ത് നിന്നതിനാൽ അന്ധനായിപ്പോയപ്പോൾ സമാനമായ ചരിത്രം ശൗലിനുമുണ്ടായിട്ടുണ്ട് എന്നതോർക്കണം. എലീമാസ് ഒരു വ്യക്തിയുടെ വിശ്വാസമാണ് തടുക്കാൻ ശ്രമിച്ചതെങ്കിൽ പൗലോസ് അനേകരുടെ വിശ്വാസമാണ് തകർക്കാൻ ശ്രമിച്ചത്. എന്നാൽ ദൈവശബ്ദത്തിനു മുമ്പാകെ സമർപ്പിച്ചതിനാൽ അന്ധത വിട്ടുമാറുകയും കർത്താവിൻ്റെ അപ്പൊസ്തലനായി നിയമിക്കപ്പെടുകയും ചെയ്തു. എലീമാസിന് എന്തെങ്കിലും മാനസാന്തരം വന്നതായി വേദഭാഗത്തിലില്ല. എന്നാൽ സെർഗ്യോസ് പൗലോസ് വിസ്മയിക്കുകയും വിശ്വസിക്കുകയും ചെയ്തു.

സർ വില്യം റാംസെ പറയുന്നത് സെർഗ്യോസ് പൗലോസും കുടുംബവും ക്രിസ്തു വിശ്വാസത്തിലേക്ക് വന്നതായി തെളിയിക്കുന്ന ചില ശിലാലിഖിതങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട് എന്നാണ്.

എലീമാസിന് സ്വന്ത അനുഭവത്തിൽ നിന്നു പോലും പാഠം പഠിക്കാൻ കഴിഞ്ഞില്ല. എന്നാൽ മറ്റൊരാളുടെ അന്ധത സെർഗ്യോസ് പൗലോസിൻ്റെ കണ്ണു തുറപ്പിച്ചു…!

ഒരു വാക്കു കൂടി ശ്രദ്ധിക്കുക….!
ദേശാധിപതി വിസ്മയിച്ചതും വിശ്വസിച്ചതും കർത്താവിൻ്റെ ഉപദേശത്തിലാണ്. ഇന്ന് പലരും അത്ഭുതങ്ങളിലാണ് വിശ്വസിക്കുന്നത്. എന്നാൽ അത്ഭുതങ്ങൾ ദൈവവചനം വിശ്വസിക്കാൻ കാരണമായി തീരുകയാണ് വേണ്ടത്. അത്ഭുതങ്ങൾ വചനത്തിന് പകരം വെയ്ക്കേണ്ടവയല്ല പ്രത്യുത, വചനത്തിലേക്ക് നയിക്കുന്നവയാകണം.

പ്രിയമുള്ളവരേ,
യേശുവിൻ്റെ ഉത്ഥാനവും ഒഴിഞ്ഞ കല്ലറയും അവിതർക്കിതമായ അത്ഭുതമായി നിലകൊള്ളുമ്പോഴും പലർക്കും അത് ഉൾക്കൊള്ളാനും വിശ്വസിക്കാനും കഴിയുന്നില്ല.
എന്നാൽ അത്ഭുതം പ്രവർത്തിക്കുന്ന ദൈവത്തിലും അവിടുത്തെ വചനത്തിലും നമുക്ക് വിശ്വസിക്കാം…..!
ആശ്രയിക്കാം…..!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.