ശുഭദിന സന്ദേശം : സുഭിക്ഷവും ദുർഭിക്ഷവും | ഡോ. സാബു പോൾ

മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ”(2കൊരി.8:13).

എൻ്റെ ഒരു സ്നേഹിതൻ പറഞ്ഞ അനുഭവകഥ…

ഒരു വിദേശ രാജ്യത്ത്, ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്ടെന്ന് ഡ്രൈവർ മന:സാന്നിധ്യം കൈവിടാതെ റോഡരികിൽ പാർക്കു ചെയ്തു. അപകടം നടന്നാൽ ഉടൻ ഫയർഫോഴ്സും രക്ഷാപ്രവർത്തകരുമെത്തുന്നത് ആ രാജ്യത്തിൻ്റെ പ്രത്യേക തയാണ്. എൻ്റെ സ്നേഹിതൻ നോക്കി നിൽക്കുമ്പോൾ മിനിട്ടുകൾക്കകം നിലവിളി ശബ്ദം ഇട്ടു കൊണ്ട്(സ്നേഹിതൻ്റെ ഭാഷയാണ്) ഫയർഫോഴ്സ് പാഞ്ഞെത്തി. യൂണിഫോം ധാരികൾ ചാടിയിറങ്ങി, ഹോസ് നിവർത്തിയെടുത്തു. വെള്ളം തുറന്നു വിടാൻ സിഗ്നൽ കൊടുത്തു. തുറന്നു വിട്ടപ്പോഴാണ് അറിഞ്ഞത് വെള്ളത്തിൻ്റെ ടാങ്ക് കാലിയായിരുന്നു…..

പിന്നീട് മറ്റൊരു ഫയർഫോഴ്സ് വാഹനം (വെള്ളം സഹിതം) എത്തിയപ്പോഴേക്കും കാർ മിക്കവാറും കത്തിയമർന്നിരുന്നു…

2 കൊരിന്ത്യർ 8-ാം അദ്ധ്യായത്തിൽ വളരെ ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന യെരുശലേമിലുള്ള വിശുദ്ധന്മാരെ സഹായിക്കുന്നതിനെക്കുറിച്ചാണ് പൗലോസ് പറയുന്നത്.

ഒരു വർഷം മുമ്പെ സഹായത്തിനുള്ള സമാഹരണം തുടങ്ങിയ കൊരിന്ത്യ സഭ(8:10)ആവശ്യ സമയത്ത് ഉപകരിക്കാത്ത ഫയർഫോഴ്സ് വാഹനം പോലെയായി. സഭയിലെ തെറ്റുകൾക്കെതിരെ പൗലോസ് അപ്പൊസ്തലൻ നടത്തിയ ശക്തമായ ഇടപെടലുകളായിരിക്കാം ഒരു പക്ഷേ അവരുടെ ആവേശത്തെ തണുപ്പിച്ചത്. നല്ലൊരു ഫണ്ട് തരാൻ കഴിവുള്ള സഭയെ എന്തിന് പിണക്കണം എന്ന അഭിനവ ആത്മീയ നേതാക്കന്മാരുടെ മനസ്സായിരുന്നില്ല പൗലോസിൻ്റേത്….

ഗ്രീസിൻ്റെ ഉത്തര ഭാഗമാണ് മക്കദോന്യ. ഈ പ്രദേശത്തെ സഭകളായിരുന്നു ഫിലിപ്പ്യ, തെസ്സലോനിക്യ, ബെരോവ തുടങ്ങിയവ. ദക്ഷിണ ഭാഗം അഖായ എന്ന പ്രദേശമാണ്. കൊരിന്ത് അഖായയ്ക്ക് കീഴിൽ ഉള്ള സ്ഥലമായിരുന്നു.

മക്കദോന്യ സഭകൾ കഷ്ടത എന്ന കഠിന ശോധനയിലൂടെയും മഹാദാരിദ്ര്യത്തിലൂടെയുമാണ് കടന്നു പോയിരുന്നത്. മഹാനായ അലക്സാണ്ടറിൻ്റെ ജന്മഭൂമികയായ മക്കദോന്യയെ റോമാക്കാർ കീഴടക്കിയപ്പോൾ അവരുടെ സമ്പത്ത് മുഴുവൻ കവർന്നെടുത്തതിനാലാണ് അങ്ങനെ സംഭവിച്ചത്.

ഇല്ലായ്മയിൽ നിന്ന് കഴിവിനപ്പുറം അവർ നൽകി. രണ്ടു കാശ് ഇട്ട വിധവയെപ്പോലെ…
പൗലോസ് അവരോട് സഹായം ആവശ്യപ്പെടുകയല്ല, യെരുശലേമിലെ സഹോദരന്മാരെ സഹായിച്ചോട്ടേ എന്ന് അവർ പൗലോസിനോട് അപേക്ഷിക്കുകയായിരുന്നു(8:3,4).

സാമ്പത്തീക സഹായം നൽകുന്നത് ഒരു കൃപയാണെന്ന് പൗലോസ് നാലു പ്രാവശ്യം ഈ അധ്യായത്തിൽ ആവർത്തിക്കുന്നുണ്ട്.
ഇന്നലെകളിൽ യെരുശലേമിൽ ഉള്ളവരുടെ ആത്മീയ സുഭിക്ഷം നിങ്ങളുടെ ആത്മീയ ദുർഭിക്ഷം മാറ്റിയെങ്കിൽ ഇന്ന് നിങ്ങളുടെ ഭൗതീക സുഭിക്ഷം അവരുടെ ഭൗതീക ദുർഭിക്ഷം മാറ്റാൻ ഉതകട്ടെ എന്നാണ് പൗലോസിൻ്റെ പക്ഷം.
പണം ആവശ്യക്കാരന് കൊടുക്കാതെയും സ്നേഹിക്കാനാകുമെന്ന് പലരും ചിന്തിക്കുമ്പോൾ ആ സ്നേഹം നിരർത്ഥകമെന്നാണ് യോഹന്നാൻ അപ്പൊസ്തലൻ പറയുന്നത്(1യോഹ.3:7-8).

പ്രിയമുള്ളവരേ,

മക്കദോന്യ സഭകളുടെ മാതൃക ശ്ലാഹിക്കപ്പെട്ടതു പോലെ……
രണ്ട് കാശിട്ട വിധവ ശ്രദ്ധിക്കപ്പെട്ടതു പോലെ….
ഇല്ലായ്മയിലും കഴിവിനപ്പുറം നൽകുന്നവരെ അറിയുന്നൊരു ദൈവമുണ്ട്…..

ഉണ്ടായിട്ടും, നൽകാൻ തയ്യാറായിരുന്നിട്ടും എന്തൊക്കെയോ കാരണം കൊണ്ട് പിടിച്ചു വെയ്ക്കുമ്പോൾ, കഠിന ദാരിദ്യത്തിലൂടെ കടന്നുപോകുന്നവരുണ്ടെന്നറിയുക…..

മറുവശം….

സഹായത്തിനായി നാം പ്രാപ്തരെ നോക്കുമ്പോൾ ദൈവം ഒരുക്കുന്നത് പ്രാപ്തിയില്ലെന്ന് നാം ചിന്തിക്കുന്നവരെയാകാം എന്ന് തിരിച്ചറിയുക.

സുഭിക്ഷം എന്നും നീണ്ടു നിന്നെന്നിരിക്കില്ല….
ദുർഭിക്ഷവും സ്ഥിരതാമസക്കാരനാവില്ല…
സമത്വമാണ് ദൈവമഹത്വം എന്നറിയുക…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.