ശുഭദിന സന്ദേശം: അധികാരിയും അധികാരവും | ഡോ. സാബു പോൾ

നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു”(മർ.11:28).

Download Our Android App | iOS App

കായിക മത്സരങ്ങൾ ആസ്വദിക്കുന്നവർക്ക് ഇഷ്ടപ്പെട്ട വാക്കാണ് ഹാട്രിക്ക്(hat-trick).
തുടർച്ചയായി മൂന്നു നേട്ടങ്ങൾ ഒരു കളിയിൽ നേടുന്നതിനെയാണ് ഹാട്രിക്ക് എന്ന് വിവക്ഷിക്കുന്നത്.

post watermark60x60

1858-ൽ ക്രിക്കറ്റിനോടുള്ള ബന്ധത്തിലാണ് ഈ പദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. H.H. സ്റ്റീഫൻസൺ എന്ന ബൗളർ അടുത്തടുത്ത പന്തുകളിൽ മൂന്നു വിക്കറ്റുകൾ പിഴുതപ്പോൾ അദ്ദേഹത്തിൻ്റെ ആരാധകർ പിരിവെടുത്ത് സമാഹരിച്ച പണം കൊണ്ട് ഒരു തൊപ്പി(Hat) അദ്ദേഹത്തിന് സമ്മാനിച്ചു. അങ്ങനെയാണ് ‘hat-trick'(ഹാട്രിക്ക്) എന്ന പദം അവതരിക്കപ്പെട്ടത്.
പിന്നീട് ഹോക്കി, ഫുട്ബോൾ തുടങ്ങി പല കളികളിലും ഈ പദം ഉപയോഗിക്കാൻ തുടങ്ങി.

അനിതരസാധാരണ മികവും ഭാഗ്യവും ഒത്തു വരുമ്പോൾ വളരെ വിരളമായിട്ട് മാത്രമാണ് ഹാട്രിക്കുകൾ സംഭവിക്കുക.

അപ്പോൾ ഡബിൾ ഹാട്രിക്കായാലോ?
…തീർച്ചയായും അതു അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്!

ഇന്നത്തെ വേദഭാഗത്ത് ജേതാവായ ക്രിസ്തു ഡബിൾ ഹാട്രിക്ക് നേടുന്നു. വാക്കിലും വിദ്യയിലും തന്നെ പരാജയപ്പെടുത്താൻ കരുക്കൾ നീക്കി വന്ന ആറു ഗ്രൂപ്പുകളെയാണ് അവിടുന്ന് ക്ലീൻ ഔട്ടാക്കിയത്.
…അതേ ഒരു ഡബിൾ ഹാട്രിക്ക്!

കുതന്ത്രങ്ങളുടെ ചാണക്യൻമാർ ഭക്തിയുടെ മൂടുപടമണിഞ്ഞ് ക്രിസ്തു സവിധത്തിലെത്തിയത് വാക്കിൽ പിടിച്ച് അവനെ പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു.

1. മഹാപുരോഹിതർ…
2. ശാസ്ത്രിമാർ…
3. മൂപ്പന്മാർ…(മർ.11:27)
4. പരീശന്മാർ…
5. ഹെരോദ്യർ…(12:13).
6. സദൂക്യർ…(12:18).
…ഇവരായിരുന്നു വിജയാഘോഷം പ്രതീക്ഷിച്ചു വന്നിട്ട് പത്തി താഴ്ത്തി മടങ്ങിപ്പോയ ആറു ഗ്രൂപ്പുകൾ!

അവരുടെ ചോദ്യങ്ങളുടെയും തർക്കങ്ങളുടെയും ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ് കർത്താവ് മറുചോദ്യമുന്നയിക്കുകയോ വ്യക്തമായ മറുപടി നൽകുകയോ ചെയ്യുന്നു.

പരീശന്മാർക്കും ഹെരോദ്യർക്കും കൈസറോടുള്ള കൂറിനെക്കുറിച്ചാണ് അറിയേണ്ടിയിരുന്നത്. ഐഹിക സാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യമില്ലാത്തവൻ ലോകനിയമങ്ങളെ മാനിക്കുന്നവനും സ്വർല്ലോകത്തെ പ്രഘോഷിക്കുന്നവനുമായിരുന്നു. ആത്മീയതയും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതല്ലെന്ന മറുപടിയിൽ ചോദ്യകർത്താക്കൾ ജാള്യതയോടെ മടങ്ങി…..

സമൂഹത്തിൽ സ്വാധീനമുള്ള സദൂക്യരുടെ സംശയ നിവാരണത്തിനു പിന്നിലെ കുടില കഥകൾക്ക് പുനരുത്ഥാനമെന്ന പരമാർത്ഥത്തെ പരാജയപ്പെടുത്താനായില്ല…..

12-ാം അധ്യായത്തിലെ വിവിധ ഗ്രൂപ്പുകൾ സംശയ നിവാരണം എന്ന മൂടുപടമിട്ടാണ് കർത്താവിനെ സമീപിച്ചതെങ്കിൽ ഇന്നത്തെ വേദഭാഗത്ത് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും നേരിട്ട് ചോദ്യം ചെയ്യാനായിട്ടാണ് വരുന്നത്.
പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ ഗുഹയാക്കി എന്നത് സത്യവിരുദ്ധമായ പ്രസ്താവനയാണ് എന്നവർ പറയുന്നില്ല. ശുദ്ധീകരണത്തിന് ക്രിസ്തുവിന് എന്തധികാരം എന്നതാണവരുടെ ചോദ്യം….!

കേവലം ശുദ്ധീകരണത്തിനുള്ള അധികാരം മാത്രമല്ല, പരമാധികാരമുള്ളവനാണ് മുമ്പിൽ നിൽക്കുന്നത് എന്നവർ തിരിച്ചറിഞ്ഞില്ല.

എന്നാൽ തൻ്റെ അധികാരത്തെക്കുറിച്ച് ദീർഘമായ പ്രസംഗം നടത്താതെ ഒരു മറു ചോദ്യമുന്നയിക്കുക മാത്രമാണ് ക്രിസ്തു ചെയ്തത്. ചോദ്യത്തിൽ ഉള്ളടക്കം ചെയ്യപ്പെട്ട ഉത്തരങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള ധൈര്യം പോലും ചോദ്യമുന്നയിച്ചവർക്ക് ഉണ്ടായില്ല. ആത്മീയതയുടെ മൊത്തവ്യാപാരികൾ എന്ന് അവകാശപ്പെട്ടവർ കൂടിയാലോചനകൾക്ക് ശേഷം ‘അറിയില്ല’ എന്ന ഓപ്ഷനിൽ ഇല്ലാത്ത മറുപടിയാണ് നൽകിയത്.

മറുവശത്ത്…

ഒന്നുമറിയാത്ത പലരും അവൻ്റെ അധികാരത്തെ അംഗീകരിച്ചു. അവർക്കായി അവിടുന്ന് ഭൂതങ്ങളെ പുറത്താക്കി…
കുഷ്ഠം ശുദ്ധമാക്കി…
രോഗം സൗഖ്യമാക്കി…
മരണത്തെ വഴിമാറ്റി….
കാറ്റിനെയും കടലിനെയും ശാന്തമാക്കി….

പ്രിയമുള്ളവരേ,
കടലിലെ തിരമാലകൾ മാത്രമല്ല, ചോദ്യങ്ങളുടെ തിരമാലകളെയും ഗർവ്വത്തെയും അടക്കിയ പരമാധികാരിയായ കർത്താവിന് മുമ്പിൽ നമ്മെ സമർപ്പിക്കാം….!
അവൻ നമുക്കായി ഇന്നും അത്ഭുതങ്ങളെ പ്രവർത്തിക്കും…..!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

You might also like
Comments
Loading...