ശുഭദിന സന്ദേശം: അളന്നു കൊടുക്കൂ അളന്നു കിട്ടും | ഡോ. സാബു പോൾ

നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും”(മത്താ.7:2). 

Download Our Android App | iOS App

ഒരു വെണ്ണ വ്യാപാരിയും ബേക്കറി ക്കാരനും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ഒരു കിലോ വെണ്ണയ്ക്ക് അതേ തൂക്കം റൊട്ടി പകരം നൽകി വന്നു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ വെണ്ണ വ്യാപാരി ഒരു പരാതിയുമായി ബേക്കറിക്കാരൻ്റെയടുത്തെത്തി: ”സാർ, നിങ്ങൾ ആദ്യം തന്നുകൊണ്ടിരുന്ന റൊട്ടിയുടെ വലിപ്പം ഇപ്പോൾ കുറഞ്ഞു പോയിരിക്കുന്നു.”

post watermark60x60

ബേക്കറിക്കാരൻ്റെ മറുപടി: ”സ്നേഹിതാ താങ്കൾ തരുന്ന വെണ്ണയുടെ തൂക്കവും കുറഞ്ഞു തുടങ്ങി. അതേ തൂക്കം റൊട്ടി ഞാൻ കൃത്യമായി തരുന്നുണ്ട്….!”

ഇന്നത്തെ വേദഭാഗത്ത് അനാവശ്യമായി വിധിക്കുന്നതിനെതിരെയാണ് ക്രിസ്തു ശബ്ദമുയർത്തുന്നത്. എല്ലാവിധ തെളിവുകളും വാദപ്രതിവാദങ്ങളും ഇഴകീറി പരിശോധിച്ചതിനു ശേഷമാണ്
ഒരു കോടതി വിധി പുറപ്പെടുവിക്കുന്നത്.

പക്ഷേ, മറ്റൊരു വ്യക്തിയുടെ വാക്കിനെയോ, പ്രവൃത്തിയെയോ മനുഷ്യർ വിധിക്കുന്നത് കേവലം ഊഹങ്ങളുടെയും കണക്കുകൂട്ടലിൻ്റെയും അടിസ്ഥാനത്തിൽ മാത്രമാണ്. അത്തരം വിധികളുടെ അനൗചിത്യവും അയോഗ്യതയുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വെണ്ണക്കാരനെപ്പോലെ അപരൻ്റെ പിഴവുകൾ മാത്രമേ വിധിക്കുന്നവൻ്റെ കണ്ണുകളിൽ തെളിഞ്ഞു വരൂ…

ഭരണപക്ഷത്തിൻ്റെ മുഖ്യനെതിരെ പ്രതിപക്ഷ നേതാവുയർത്തുന്ന ആരോപണങ്ങൾക്ക് സമാനമായവ പിന്നീട് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നേരിടേണ്ടി വരുമ്പോൾ ‘ഇത് കാവ്യനീതിയാണ്’ എന്നൊക്കെ വിലയിരുത്തപ്പെടുന്നത് ഈ ചിന്തയോട് ചേർന്ന് നിൽക്കുന്നു.

‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്നൊരു പ്രയോഗം തന്നെ മലയാള ഭാഷയിലുണ്ടാകാൻ കാരണം അത്തരം സംഭവങ്ങളുടെ അനവധി തെളിവുകൾ ചരിത്രം ചികഞ്ഞാൽ കണ്ടെത്തുമെന്നതിനാലാണ്.

…നോക്കൂ

കാണുന്നതിനെയെല്ലാം വിമർശിക്കുന്നവന്റെ കുറവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പലർ കണ്ടേക്കാം….

എഷണികൾ പറഞ്ഞു നടക്കുന്നവൾക്കെതിരെ ഏഷണിയുടെ ഭീഷണികൾ തിരമാല പോലെ പിൻതുടർന്നേക്കാം….

മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കുന്നവൻ്റെ തകർച്ചയിൽ ആഘോഷത്തിൻ്റെ അമിട്ടുകൾ പൊട്ടിയേക്കാം….

കാണുന്നതൊക്കെ ശരിയാണോ എന്നറിയാതെ ‘ഷെയർ’ ചെയ്യുന്നവൻ്റെ കാര്യങ്ങൾ ഷെയറിംഗിൻ്റെ റെക്കോഡ് ഭേദിച്ചേക്കാം….

പ്രിയമുള്ളവരേ,

സ്വന്തം കഴിവിലാശ്രയിച്ച് എല്ലാം വിധിക്കാതെ ന്യായമായി വിധിക്കുന്നവൻ്റെ സന്നിധിയിൽ സമർപ്പിക്കാം.

അവിടുന്ന് ശരിയായി വിധിക്കും…!
തക്കസമയത്ത് വിധി നിറവേറ്റും….!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...