ശുഭദിന സന്ദേശം: ഉറപ്പുള്ളവരും ഉറപ്പില്ലാത്തവരും | ഡോ. സാബു പോൾ

“ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”(മർ.10:30).

post watermark60x60

ബുക്ക് ചെയ്യുന്ന എല്ലാവർക്കും ഉറപ്പായും സീറ്റു ലഭിക്കുന്ന പുതിയ ഒരു സമ്പ്രദായം ഇന്ത്യൻ റെയിൽവേ നടപ്പാക്കാൻ പോകുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ കാണുവാനിടയായി. തീർച്ചയായും യാത്രക്കാർക്ക് ഒത്തിരി ആശ്വാസം പകരുന്ന വാർത്തയാണത് എന്നതിൽ രണ്ടുപക്ഷമില്ല…

ബുക്ക് ചെയ്യുമ്പോൾ കൺഫേം ചെയ്യപ്പെട്ട ടിക്കറ്റ് കിട്ടാതിരുന്നാൽ അപ്പോൾ മുതൽ ടെൻഷനാണ്. അതിൻ്റെ സ്ഥാനം കയറുന്നുണ്ടോ എന്ന്  കൂടെക്കൂടെ നോക്കിക്കൊണ്ടിരിക്കും…..
യാത്രയുടെ സമയമാകുമ്പോഴേക്ക് സീറ്റ് കൺഫേം ആകുമോ…? ആയില്ലെങ്കിൽ പകരം എന്തു ചെയ്യണം…?
തുടങ്ങി പല ചിന്തകളാണ് ആ വ്യക്തിയുടെ മനസ്സിൽ….

Download Our Android App | iOS App

അതേസമയം, കൺഫേംഡ് ടിക്കറ്റ് കിട്ടിയവർക്ക് യാതൊരു ആകുലതയുമില്ല. പകരം മറ്റു വഴികളുണ്ടോ എന്ന അന്വേഷണത്തിൻ്റെ ആവശ്യവുമില്ല…

മനുഷ്യൻ്റെ ആത്മീയ യാത്രയിലും സമാനമായ അനുഭവങ്ങൾ ദർശിക്കാം. സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ ഉറപ്പു ലഭിച്ചവർ ശാന്തതയുടെയും സമാധാനത്തിൻ്റെയും ജീവിതം നയിക്കുന്നു.
അവർ മോക്ഷത്തിന് ഇനി വേറെ വഴിയുണ്ടോ എന്ന അന്വേഷണത്തിലല്ല.
മോക്ഷപ്രാപ്തിക്ക് പുതിയ മാർഗ്ഗങ്ങളും ആവർത്തനങ്ങളും നടത്തുന്നവരെ നോക്കി അവർക്ക് ‘കൺഫേംഡ് ടിക്കറ്റ്’ കിട്ടിയിട്ടില്ല എന്ന് ഉറപ്പായി പറയാൻ കഴിയും. യഥാർത്ഥ ക്രിസ്ത്യാനിത്വവും ഇതര മതങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെയാണ്.

‘യഥാർത്ഥ ക്രിസ്ത്യാനിത്വം’ എന്ന് പ്രത്യേകം പരാമർശിക്കുവാൻ കാരണം മറ്റു മതങ്ങളുടെ ആചാരങ്ങളും തത്വചിന്തകളും അനുകരിക്കുന്ന ‘ക്രിസ്ത്യാനികളും’ ഉണ്ട് എന്നതിനാലാണ്. മോക്ഷപ്രാപ്തിക്കായി ആണ്ടുതോറും  പുണ്യസ്ഥലങ്ങൾ ആവർത്തിച്ച് സന്ദർശിക്കുന്നവർ…. മരണസമയത്തും, മരണശേഷവും മോക്ഷപ്രാപ്തിക്കായി അനുഷ്ഠാനങ്ങൾ തുടരുന്നവർ…
ഇവരും കൺഫേംഡ് ടിക്കറ്റ് ലഭിക്കാത്തവരാണ്. ”ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു”(എബ്രാ.10:10) എന്ന ഉറപ്പ് പ്രാപിക്കാൻ തക്കവിധം ക്രിസ്തു സവിധേ സമർപ്പിക്കാത്തവരാണവർ…

പൂർണ്ണമായ ഉറപ്പോടെ ക്രിസ്തു പറയുന്ന ഒരു വേദഭാഗമാണ് ഇന്നത്തെ ചിന്താവിഷയം.
”ആമേൻ, ആമേൻ” എന്നും ”സത്യമായിട്ടു പറയുന്നു” എന്നും പറഞ്ഞ് യേശു അസന്നിഗ്ദമായി പ്രഖ്യാപിക്കുന്ന ചില വേദഭാഗങ്ങൾ നമുക്കു കാണാൻ കഴിയുന്നു…

▪️പാപത്തോടുള്ള ബന്ധത്തിൽ(യോഹ.8:34).
▪️നിത്യജീവനോടുള്ള ബന്ധത്തിൽ(യോഹ.6:47, 8:51).
▪️സ്വർഗ്ഗപ്രവേശനത്തോടുള്ള ബന്ധത്തിൽ(യോഹ.3:3, മത്താ.18:3).
▪️പ്രാർത്ഥനയോടുള്ള ബന്ധത്തിൽ(യോഹ.16:23).
▪️അത്ഭുതങ്ങളുടെ തുടർച്ചയോടുള്ള ബന്ധത്തിൽ(യോഹ.14:12, മത്താ.17:20, 21:21).
▪️സഭയുടെ അധികാരത്തെ സംബന്ധിച്ച്(മത്താ.18:18).
▪️ത്യാഗത്തോടുള്ള ബന്ധത്തിൽ(മർ.10:30).

ഇതു പോലെ സംശയലേശമെന്യേ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ള ഒരു ആചാര്യൻമാരും ഭൂമിയിൽ അവതരിച്ചിട്ടില്ല…!

പ്രിയമുള്ളവരേ,
ആകാശവും ഭൂമിയും മാറിപ്പോയാലും മാറ്റമില്ലാത്ത വാക്കുകൾ പറഞ്ഞവനിൽ വിശ്വസിക്കാം…!
അനിശ്ചിതത്വത്തിൻ്റെ ലോകത്ത് നിശ്ചയമായും അവനിൽ ആശ്രയിക്കാം…..!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like