ചെറു ചിന്ത : നീ തിരിഞ്ഞു വന്ന ശേഷം…| പാസ്റ്റർ ജോയി പെരുമ്പാവൂർ

2020 നമ്മോടു വിട പറയുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ, നമ്മൾ ഇന്ന് ജീവനോടെയിരിക്കുന്നത് തന്നെ അത്ഭുതമാണ്. മരണം വിതച്ചുകൊണ്ടുള്ള കൊറോണയുടെ പടയോട്ടത്തിൽ മണ്മറഞ്ഞവർ നിരവധിയാണ്.
ഇന്നും ആ മരണക്കുതിപ്പ് തുടരുന്നു….ഈ ആണ്ടിന്റെ ഒടുക്കവും പുതുവർഷത്തിന്റെ തുടക്കവും കാണാൻ
നാം ശേഷിക്കുന്നു എങ്കിൽ അത് ദൈവത്തിന്റെ കരുണ മാത്രമാണ് എന്ന് നാം തിരിച്ചറിയണം .
മണ്മറഞ്ഞവരെല്ലാം മോശക്കാരും നമ്മളെല്ലാം അവരെക്കാൾ നല്ലവരും ആയതുകൊണ്ടല്ല നമ്മൾ ജീവിച്ചിരിക്കുന്നത്. നീട്ടിക്കിട്ടിയ ഓരോ ദിവസവും ദൈവം നമ്മിൽ നിന്നും ചിലതു പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് നല്കിയതാണെന്നു മറക്കരുത്. അതെ ,ദൈവത്തിനു നമ്മെക്കുറിച്ചു പ്രതീക്ഷകൾ ഉണ്ട് . ദൈവത്തിന്റെ ആശ. അവിടുത്തെ വിളിയാലുള്ള ആശ . അത് തിരിച്ചറിഞ്ഞു ജീവിക്കുവാനും പ്രവൃത്തിക്കുവാനുമാണ് ഈ ദാനമായിക്കിട്ടിയ നാളുകൾ .
യേശു ഒരിക്കൽ പത്രോസിനോട് പറഞ്ഞു. ശീമോനെ , ശീമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പറ്റേണ്ടതിനു കല്പന ചോദിച്ചു . ഞാനോ നിന്റെ വിശ്വാസം പൊയ്‌പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു . എന്നാൽ നീ ഒരുസമയം തിരിഞ്ഞു വന്ന ശേഷം നിന്റെ സഹോദരൻമാരെ ഉറപ്പിച്ചുകൊൾക .( ലൂക്കോസ് .22. 31,32 )

ഒരു കാര്യം വാസ്തവമാണ് .നമ്മെ നമ്മുടെ വിശ്വാസത്തിൽ നിന്നും, ജീവിതത്തിൽ നിന്ന് തന്നെയും പാറ്റി കൊഴിച്ചു കളയുവാൻ കൊതിച്ചു നടക്കുന്ന സാത്താന്യ ശക്തിയുണ്ട്. ആ ബോധം നമുക്കുണ്ടായിരിക്കണം .
ഈ തിരുവചന ഭാഗത്തു നിന്ന് മൂന്നു കാര്യങ്ങൾ നമുക്ക് ഗ്രഹിക്കാം .
1. ദൈവത്തിന്റെ അനുവാദമില്ലാതെ സാത്താന് ദൈവ മക്കളെ ഒന്നും ചെയ്യാൻ സാധ്യമല്ല .
2 .സാത്താൻ നമ്മെ പരീക്ഷിക്കേണ്ടതിനു ദൈവം അനുവദിച്ചാൽ തന്നെ അത് ചില പരിമിതികളോട് കൂടെ മാത്രമാണ് .ഇയ്യോബിന്റെ ചരിത്രം അതിനു ഉദാഹരണമാണ് .അതായതു പിശാചിന് ഇഷ്ടമുള്ളതൊക്കെ ദൈവമക്കളോടു ചെയ്യാനൊന്നും പിശാചിന് അനുവാദമില്ല എന്നർത്ഥം .
3.നമ്മുടെ പരീക്ഷകളിൽ നമ്മൾ ജയാളികളായി തീരുവാൻ യേശു കർത്താവു നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .
അതുകൊണ്ടു താൻ മുഖാന്തിരമായി ദൈവത്തോട് അടുക്കുന്നവക്കുവേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു .( എബ്രായർ .7 .25 ). എന്നാൽ പരീക്ഷകളിൽ തോറ്റു പോകാതിരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും ചില ഉത്തരവാദിത്വങ്ങൾ നമുക്കുണ്ട് എന്ന കാര്യവും നമ്മൾ അറിഞ്ഞിരിക്കണം .കർത്താവു പ്രാർത്ഥിക്കുന്നു എങ്കിലും, ഒരു വ്യക്തി ദൈവകൃപ നിരസിച്ചു ജീവിച്ചാൽ പിന്നെ അയാളെ ആർക്കും രക്ഷിക്കാനാവില്ല .
യെരുശലേമിന് വരുവാനുള്ള ന്യായവിധി ഓർത്തു യേശു കരഞ്ഞു .
അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു .ഈ നാളിൽ നിന്റെ സമാധാനത്തിനായുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളാമായിരുന്നു .ഇപ്പോഴോ അത് നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു.നിന്റെ സന്ദർശന കാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും വാടകോരി, നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി , നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിക്കാതിരിക്കുന്ന കാലം നിനക്ക് വരും .( ലൂക്കോസ് .19 .41 -43 ).കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകടിയിൽ മറയ്ക്കുന്നത് പോലെ അവരെ മറച്ചുകൊൾവാൻ കർത്താവിനു എത്രയോ വട്ടം മനസായിരുന്നു .എന്നാൽ അവർക്കോ മനസായില്ല .എന്തായിരുന്നു ഫലം . യെരുശലേമിന്റെ,,യെഹൂദന്മാരുടെ നാശം ചരിത്രത്തിൽ നമ്മൾ കണ്ടതല്ലേ?കർത്താവു അവരെ ഓർത്തു കരഞ്ഞു .ഗ്രീക്ക് ഭാഷയിൽ വെറും കരച്ചിലല്ല .വിലാപം ,മുറവിളി , ആത്മാവിൽ നീറി കരയുക എന്നീ അർഥം വരുന്ന പദമാണ് ഉപയോഗിച്ചരിക്കുന്നത് . എന്നാൽ അവർക്കോ മനസായില്ല . അതുകൊണ്ടു അവർക്കു ശത്രുക്കളുടെ കയ്യിൽ നിന്നും രക്ഷപെടാനായില്ല .
പത്രോസിനു കർത്താവു മുന്നറിയിപ്പ് നൽകുന്നു , ശീമോനെ സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിനു
കല്പന ചോദിച്ചു .
കൊയ്തു കഴിഞ്ഞാൽ ധാന്യം മെതിക്കേണ്ടതിനു കറ്റയിൽ മൃഗങ്ങളെകൊണ്ട് ചവിട്ടിപ്പിക്കുന്ന രീതി പണ്ടുണ്ടായിരുന്നു . മെതിച്ചെടുത്ത ധാന്യം മുറത്തിലിട്ടു മുകളിലേക്ക് തെറിപ്പിച്ചു വീണ്ടും മുറ ത്തിലേക്ക് ഏറ്റു വാങ്ങുന്നതിനിടയിൽ കനമില്ലാത്ത പതിരുകൾ പാറിപോകും .
അതെ, ശത്രുവിന് നമ്മെ പാ റ്റിക്കളയണം. ദുഷ്ടന്റെ പരീക്ഷകളിൽ പെട്ട് നമ്മൾ കളം വിട്ടുപോകണം . ഇതാണ് പിശാച് എന്നെയും താങ്കളെയും കുറിച്ച് പദ്ധതിയിടുന്നത് .
പരീക്ഷകളുടെ ചൂടിൽ വിശ്വാസത്തിന്റെ ഘനമില്ലാത്തതെല്ലാം പാറിപോകും. അതിനാ ൽ വിശ്വാസത്തിൽ തളരരുത് . നമുക്ക് ഒരു മധ്യസ്ഥനുണ്ട് .പരീക്ഷകളിലും പരിശോധനകളിലും നമ്മൾ ജയിച്ചു വരുന്നത് കാണാൻ കർത്താവു ആഗ്രഹിക്കുന്നു .
പത്രോസ് പക്ഷെ പരാജയപെട്ടു . കർത്താവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞു.. ..അതെല്ലാം കർത്താവു മുന്നമേ അറിയിച്ചിരുന്നു കാര്യങ്ങളാണ് .ശ്രദ്ധിക്കമായിരുന്നു .പക്ഷെ സ്നേഹത്തിന്റെ നിറകുടമായ ഗുരുവിനെ മനുഷ്യരുടെ പ്രീതിക്ക് വേണ്ടി , സ്വയരക്ഷക്കുവേണ്ടി , വിശ്വാസം വലിച്ചെറിഞ്ഞു ബുദ്ധിയിലാശ്രയിച്ചു തള്ളിപ്പറഞ്ഞു , ഘോ രാമായ പാപത്തിൽ പത്രോസ് വീണുപോയി. എന്തെല്ലാമാണ് പത്രോസ് കർത്താവിന്റെ കഷ്ടാനുഭാഴ്ചയിലും അതിനു ശേഷവും ഒക്കെ കാട്ടിക്കൂട്ടിയത്…? വാളെടുത്തു വെട്ടുന്നു, അകലം വിട്ടു സഞ്ചരിക്കുന്നു , പാപികളോട് കൂടെയിരുന്നു തീ കായുന്നു, തള്ളിപ്പറയുന്നു , പിന്നെ വിട്ടുകളഞ്ഞ പടകും വല യുമെടുത്തു മീൻ പിടിക്കാൻ പോകുന്നു ……പത്രോസ് പതിര് പോലെ പാറിപോയി.
പക്ഷെ കർത്താവു പത്രോസിനെ കൈവിട്ടില്ല .കർത്താവിനു പത്രോസിനെക്കുറിച്ചു ഒത്തിരി പ്രതീക്ഷകൾ ഉണ്ട് . പദ്ധതികൾ ഉണ്ട്. അത്കൊണ്ടാണ് യേശു പറഞ്ഞത് ..നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക എന്ന് .
അതെ, പത്രോസ് തിരിഞ്ഞു വരിക തന്നെ ചെയ്തു. മൂന്നു വട്ടം തള്ളിപ്പറഞ്ഞു തിരിഞ്ഞു നോക്കിയത് കർത്താവിന്റെ മുഖത്തേക്കാണ് ..കർത്താവിന്റെ ആർദ്രമായ കണ്ണുകൾക്ക് മുൻപിൽ പത്രോസ് തകർന്നുപോയി .അദ്ദേഹം കരഞ്ഞു …ഹൃദയം നുറുങ്ങി, പൊട്ടി പൊട്ടിക്കരഞ്ഞു .പത്രോസ് പിന്നെ കരച്ചിൽ നിറുത്തിയിട്ടില്ല എന്ന് ചരിത്രം പറയുന്നു. യേശുവിനെക്കുറിച്ചു പറയുമ്പോഴെല്ലാം പത്രോസ് കരയുമായിരുന്നത്രെ .ഹന്നാവിന്റെ കൊട്ടാര പടിവാതിൽക്കൽ പത്രോസ് കരഞ്ഞ ആ സ്ഥാനത്തു , കരയുന്ന പത്രോസിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട് .
അതെ പരാജയങ്ങൾ ഒത്തിരി സംഭവിച്ചു എങ്കിലും , തിരിഞ്ഞു വന്ന , മടങ്ങി വന്ന , മനസാന്തരപ്പെട്ട പത്രോസിനെ ശക്തമായി ദൈവം ഉപയോഗിച്ചു . ദൈവസഭയുടെ പ്രഥമ പ്രസംഗം പത്രോസിനെക്കൊണ്ടാണ് ദൈവം ചെയ്യിച്ചത് . പിന്നെ അത്ഭുതങ്ങളുടെ പാരമ്പരകളുമായി മുന്നോട്ടു പോയ പുതിയ നിയമനിയമ ശുശ്രുഷ. ഒടുവിൽ തൻറെ രക്തസാക്ഷി മരണത്തിനു മുൻപ് പത്രോസ് തന്റെ വിശുദ്ധ സഹോദരങ്ങൾക്കു എഴുതി .
നമ്മുടെ കർത്താവായ യേശു ക്രിസ്തു എനിക്ക് അറിവുതന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർപ്പിച്ചുണർത്തുക യുക്തം എന്ന് വിചാരിക്കുന്നു .നിങ്ങൾ അത് എന്റെ നിര്യാണത്തിന്റെ ശേഷം ഇപ്പോഴും ഓർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ഉത്സാഹിക്കും .( 2 പത്രോസ് 1.13 -15 ).
കർത്താവു കല്പിച്ചതുപോലെ തന്നെ തിരി ഞ്ഞു വന്ന പത്രോസ് സഹോദരന്മാരെ ഉറപ്പിച്ചു . ഇന്നും ഉറപ്പിച്ചുകൊണ്ടിരിക്കുന്നു . തിരിഞ്ഞു വന്ന പത്രോസ് പിന്നെ ഒരു ചുവടു പോലും പിഴക്കാതെ മരണം വരെ കർത്താവിനെ വിശ്വസ്തതയോടെ സേവിച്ചു .
ഒരു തിരിഞ്ഞു വരവ് നമുക്കും ആവശ്യല്ലെ ..? 2020 ൽ പരാജയങ്ങൾ ഒത്തിരി സംഭവിച്ചിരിക്കാം . ഒരു തിരിഞ്ഞു വരവിന് മനസ് വെച്ചാൽ അത് ജീവിതത്തിനു ഒരു പുതിയ ഉദയമായിരിക്കും .ദൈവത്തിനു താങ്കളെക്കുറിച്ചു പ്രതീക്ഷയുണ്ട് .പദ്ധതികളുണ്ട് .അനേകരെ ഉറപ്പിക്കാൻ താങ്കൾ ഒന്ന് തിരിഞ്ഞു വരുമോ ..?ശത്രു പറ്റിക്കളയുന്ന പാതിരായി പോകരുത് .പതിർ തീയിലിട്ടു ചുട്ടുകളയും .മണിയെല്ലാം സ്വർഗത്തിന്റെ കലവറയിൽ ശേഖരിക്കും . കർത്താവു വരാറായി . ദൈവസഭ എന്ന കളത്തിന്റെ അതിരിനകത്തു തന്നെ വിശ്വാസത്തിന്റെ കനമുള്ള മണിയായി താങ്കൾ ഉണ്ടായിരിക്കണം. ഒരു പുതുക്കത്തിനായി മനസ് വെക്കാമോ …? എങ്കിൽ പുതുവർഷം താങ്കൾ ക്കു പുതുബലത്തിന്റെ , പുത്തൻ അഭിഷേകത്തിന്റെ ,പുത്തൻ അനുഭവങ്ങളുടെ , പുത്തൻ ശുശ്രുഷായുടെ വർഷമായിരിക്കും .

പാസ്റ്റർ ജോയി പെരുമ്പാവൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.