ശുഭദിന സന്ദേശം : സഹായമില്ല സന്നദ്ധതയില്ല | ഡോ. സാബു പോൾ

“…വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു….”(യോഹ. 5:7).

post watermark60x60

സന്ധിവാതം ബാധിച്ച മാതാവിൻ്റെ കൈകാലുകൾക്ക് വഴക്കം നഷ്ടപ്പെട്ടിരുന്നു. നടക്കുമ്പോഴും കൈകൾ കൊണ്ടെന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴും കഠിന വേദന…

ദൂരെയായിരുന്ന മകൻ വന്ന് തുടർച്ചയായി ഫിസിയോ തെറാപ്പി ചെയ്യിച്ചപ്പോൾ സന്ധികളിലെ നീര് മാറി. കൈകാലുകൾക്ക് വഴക്കം കിട്ടി. ഡോക്ടർ പറഞ്ഞ ചില വ്യായാമങ്ങൾ സ്ഥിരമായി ചെയ്തു കൊണ്ടിരുന്നാൽ മാത്രമേ കിട്ടിയ ആശ്വാസവും സൗഖ്യവും നിലനിൽക്കൂ എന്നവർ ഓർപ്പിച്ചിരുന്നു.

Download Our Android App | iOS App

പക്ഷേ….
ചില നാളുകൾ കഴിഞ്ഞപ്പോൾ വീണ്ടും കാര്യങ്ങൾ പഴയപടിയായി. കാരണം, വ്യായാമങ്ങൾ തുടർച്ചയായി ചെയ്യുന്നതിൽ അലസത കാണിച്ചു….

ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും നമ്മെ തളർത്തുന്നതും ചലിക്കാൻ അശക്തരാക്കുന്നതുമാണ്…

എന്നാൽ കീഴടങ്ങാൻ തയ്യാറില്ലാതെ ചെറുത്തു നിന്ന് ഇത്തരം തളർത്തുന്ന കാര്യങ്ങളെ തരണം ചെയ്യാൻ ശ്രമിക്കുന്നവരുമുണ്ട്.

തളർത്തുന്ന, തകർക്കുന്ന എന്തെല്ലാം വിഷയങ്ങൾ നേരിട്ടാലും അവയെ പ്രത്യാശയോടെ ജയിക്കാൻ നമ്മെ ശക്തീകരിക്കുന്ന ഒരുവനെയാണ് ഇന്നത്തെ വേദഭാഗം ചൂണ്ടിക്കാണിക്കുന്നത്.

പെസഹ പെരുനാളിനായി യെരുശലേമിൽ വന്ന യേശു ബെഥെസ്ദ കുളക്കരയിലെത്തുന്നു…

38 വർഷമായി ദീനം പിടിച്ച് കിടക്കുന്ന മനുഷ്യൻ്റെ രോഗമെന്താണെന്ന് ഇവിടെ കൃത്യമായി പറയുന്നില്ല. പക്ഷേ,
ഒരു കാര്യം വ്യക്തമാണ്, ഈ രോഗം അദ്ദേഹത്തെ നടക്കാൻ കഴിയാത്തവനാക്കി…
ചലിക്കാൻ അശക്തനാക്കി…

ശരീരത്തെ ചലന രഹിതമാക്കിയതോടൊപ്പം അദ്ദേഹത്തിന്റെ മനസ്സിനെയും രോഗം ബാധിച്ചു. രോഗാർത്തമായ ശരീരത്തെക്കാൾ പ്രശ്നമാണ് രോഗാതുരമായ മനസ്സ്.

അദ്ദേഹത്തിൻ്റെ ചിന്തയിൽ ജീവിതത്തിൻ്റെ സുഗമ ഗമനം അവസാനിച്ചു കഴിഞ്ഞു.
പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നഷ്ടമായിരിക്കുന്നു.

‘നിനക്ക് സൗഖ്യമാകാൻ മനസ്സുണ്ടോ?’ എന്ന് യേശു ചോദിക്കുമ്പോഴും വിശ്വാസത്തിന്റെ മറുപടിയല്ല അവനിൽ നിന്നു പുറത്തുവന്നത്.
പകരം പരാതിയുടെ ഭാണ്ഡക്കെട്ട് തുറന്ന് അവൻ പറയുന്നു ‘എന്നെ സഹായിക്കാനാരുമില്ല.’
സഹായിപ്പാൻ കഴിവും മനസ്സുമുള്ളവനാണ് മുമ്പിൽ എന്നവനറിയുന്നില്ല…

രോഗത്തിൻ്റെ കാഠിന്യമേറിയ ദൈർഘ്യം അവൻ്റെ
കാഴ്ചയ്ക്കും പ്രതീക്ഷയ്ക്കും പുഴുക്കുത്തേൽപ്പിച്ചു.
‘എന്നോടൊന്നു കരുണ കാണിക്കൂ’ എന്ന നിസ്സഹായാവസ്ഥയുടെ പ്രതീകമായി അവിടെ കിടക്കാൻ യേശു അവനെ അനുവദിച്ചില്ല.
”എഴുന്നേൽക്കുക, കിടക്കയെടുത്ത് നടക്കുക!” എന്ന കല്പന അവൻ്റെ കാതുകളിലേക്ക് ഒരു ശക്തിയായി വ്യാപരിച്ചു. ശരീരത്തെ ചലിപ്പിച്ചു….
ബലപ്പെടുത്തി….
എഴുന്നേൽപ്പിച്ചു….!
പരാതി പറഞ്ഞവൻ കിടക്കയെടുത്തു നടന്നു…!

കൊറോണ കൊണ്ടുവന്ന ലോക്ക്ഡൗൺ ചലനത്തെ തടസ്സപ്പെടുത്തുന്നതായിരുന്നു. അദൃശ്യ ജീവിയെ ഭയന്ന് എല്ലാവരും നാലു ചുവരുകൾക്കകത്തൊതുങ്ങി.

പിന്നീട് സൂമിലൂടെ ജോലിയും പഠനവും ആരാധനയുമൊക്കെ പുന:സ്ഥാപിക്കപ്പെട്ടു.
സ്ക്രീനിൽ കാണാൻ കഴിയുന്ന അരയ്ക്കു മുകളിലുള്ള ഭാഗം കോട്ടും ടൈയും ഭംഗിയായി ധരിച്ച് ജോലിക്കാർ അവരുടെ കർത്തവ്യങ്ങളിൽ മുഴുകി…
വിദ്യാർത്ഥികൾ വീട്ടുവേഷത്തിൽ പഠനത്തിലേക്ക് മടങ്ങിവന്നു. കൈലിയും നൈറ്റിയും ധരിച്ച് ദൈവജനം ആരാധന പൊടിപൊടിച്ചു….

വീണ്ടും അലസതയുടെ അരങ്ങേറ്റം. മീറ്റിംഗുകളില്ലാത്ത സഭകളിൽ പ്രസംഗങ്ങൾ ആവശ്യമില്ലാതായി….
പ്രസംഗം വേണ്ടാത്തതിനാൽ ദൈവദാസന്മാർ വചന പാരായണത്തിൽ അലസരായി….

അതേ, സാഹചര്യങ്ങൾ നമ്മെ എവിടെയൊക്കെയോ ഒതുക്കാൻ ശ്രമിക്കുന്നു. ചലിക്കാൻ കഴിയാത്തവരാക്കുന്നു.
സഹായിക്കാനാരുമില്ലായിരിക്കാം. പക്ഷേ, സന്നദ്ധതയുണ്ടോ എന്ന് ആത്മ നാഥൻ ചോദിക്കുന്നു. ബെഥെസ്ദയിലെ ദീനക്കാരനോടു ചോദിച്ചതു പോലെ…..
നമുക്ക് അവന്റെ ശബ്ദത്തിനായി കാതോർക്കാം….!
സടകുടഞ്ഞെഴുന്നേൽക്കാം….!!
അലസത അസാനിപ്പിക്കാം….!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like