എഡിറ്റോറിയൽ : പ്രതീക്ഷ നൽകുന്ന യുവസാന്നിധ്യം; പെന്തക്കോസ്ത് സമൂഹം മാറിച്ചിന്തിക്കുമ്പോൾ | ബിൻസൺ കെ ബാബു

നാം ഒരു തിരഞ്ഞെടുപ്പ് കൂടി അഭിമുഖീകരിക്കാൻ പോകുകയാണ്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്കുള്ള ഇലക്ഷനാണ് നടക്കുവാൻ പോകുന്നത്. ഡിസംബർ 8,10,14 തീയതികളിൽ ജനങ്ങൾ വോട്ടിടാൻ വേണ്ടി ബൂത്തുകളിലേക്ക് പോകുമ്പോൾ ആർക്കിടണം? എന്നതും, സ്ഥാനാർഥികൾക്ക് ജയിക്കുമോ? എന്ന ഭയവും ഉളവാക്കുന്ന സമയം.

ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പിലെ പ്രത്യേകതകളിൽ ഒന്നാണ് കൂടുതൽ പെന്തക്കോസ്ത് പ്രതിനിധികൾ ഇലക്ഷൻ രംഗത്ത്‌ നിൽക്കുന്നു എന്നത്.

ഒരുകാലത്ത് പെന്തക്കോസ്ത് സമൂഹങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ
വളരെ കുറവായിരുന്നു. മത്സരിക്കുന്നതും രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നതും പാപമായി പൊതുവെ കണക്കാക്കിയിരുന്നു, ഇന്നും ഭൂരിഭാഗം അങ്ങനെ തന്നെ ചിന്തിക്കുന്നു. എന്നാൽ വിപ്ലവകരമായ മാറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ലോകം മുഴുവനുമുള്ള വിവിധങ്ങളായ സർക്കാർ പ്രവർത്തനങ്ങളിൽ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളിൽ നിന്ന് അനേകർ ഇപ്പോൾ തിരഞ്ഞെടുക്കപെടുന്നു.

അവരുടെ സേവനങ്ങൾ സമൂഹത്തിനും ക്രിസ്തീയ പ്രസ്ഥാനങ്ങൾക്കും പ്രയോജനമാകുന്നുമുണ്ട്. ഭാരതത്തിൽ പൊതുവെ തിരഞ്ഞെടുപ്പുകളിൽ പെന്തക്കോസ്ത് സാന്നിധ്യം കുറവാണ്. അതിനാൽ തന്നെ ക്രൈസ്തവ സമൂഹങ്ങളിൽ ഏതെങ്കിലും വിഷയങ്ങൾ വന്നാൽ അതിനെ കൈകാര്യം ചെയ്യാൻ പല സന്ദർഭങ്ങളിലും കഴിയാതെ പോകുന്നു. സാമൂഹിക നന്മകൾ മുൻനിർത്തി നമ്മുടെ ഇടയിൽ നിന്ന് അനേക ജനപ്രധിനിധികൾ ഇനിയും ഉയർന്നു വരേണ്ടതാണ്.

കേരളത്തിൽ ഇനി വരാൻ പോകുന്ന ഇലക്ഷനിൽ മുഖ്യധാര പാർട്ടികളിലും, സ്വതന്ത്രമായും നിൽക്കുന്ന പെന്തക്കോസ്ത് സ്ഥാനാർഥികൾ ജയിച്ചു വരേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു വശം കേവലം നമ്മുടെ സമൂഹങ്ങളിൽ മാത്രം ലക്ഷ്യം വയ്ക്കാതെ എല്ലാവരെയും ഒരുപോലെ കാണുകയും, അവരുടെ നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോൾ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരുടെയും പിന്തുണകൾ കിട്ടുകയും മാതൃകയുള്ള ജനപ്രതിനിധികൾ ആകുകയും ചെയ്യും.

സമൂഹത്തിലെ അനീതിക്കെതിരെയും, അഴിമതിക്ക് കൂട്ട് നിൽക്കാതെ മുന്നോട്ടു പോകുമെന്ന തീരുമാനവും, അത് പ്രാവർത്തികമാക്കും എന്ന മനസ്സും നമ്മുടെ പെന്തകോസ്ത് ജനപ്രതിധികൾക്ക് ഉണ്ടെങ്കിൽ സഭാ വിഭാഗങ്ങൾക്ക് ഒരു അനുഗ്രഹമായിരിക്കും. കൂടാതെ ക്രൈസ്തവ മേഖലയിൽ ഇപ്പോൾ പീഡനങ്ങൾ വർധിച്ചു കൊണ്ടിരിക്കുമ്പോൾ ഈ ജനപ്രതിനിധികളുടെ ഇടപെടലുകൾ പ്രയോജനമായിതീരും.

“നിങ്ങൾ ലോകത്തിൻ്റെ വെളിച്ചമാകുന്നു” എന്ന തിരുവചനം പോലെ, സമൂഹത്തിന് അനുഗ്രഹമായിത്തീരുവാൻ നമ്മുടെ യുവജനങ്ങൾക്ക് കഴിയട്ടെ

കേരളത്തിൽ ഈ തിരഞ്ഞെടുപ്പിന് നിൽക്കുന്ന പെന്തക്കോസ്ത് സ്ഥാനാർഥികൾക്ക് എല്ലാവിധ വിജയാശംസകളും, സാമൂഹിക പ്രവർത്തനങ്ങളിൽ ഉത്സുകരും ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.