ശുഭദിന സന്ദേശം : വികാശനം പ്രകാശനം | ഡോ. സാബു പോൾ

നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു”(സങ്കീ.119:130).

Download Our Android App | iOS App

”ഹോ…യ് വള്ളക്കാരാ… പൂ…യ്…!”
അയാൾ ആവോളം ശബ്ദമുയർത്തി വിളിച്ചു…
പക്ഷേ, മറുകരയിൽ നിന്നും മറുപടിയുണ്ടായില്ല. സമയം ഒന്നുകൂടി നോക്കി അയാൾ ഉറപ്പു വരുത്തി…
”ഇല്ല… സാധാരണ രാത്രി എട്ടുമണി കഴിയാതെ വള്ളക്കാരൻ വീട്ടിൽ പോകാറില്ല.”

post watermark60x60

അയാൾ വീണ്ടും ഉറക്കെ കൂകി വിളിച്ചു…

മങ്ങിയ നിലാവെളിച്ചത്തിൽ തൻ്റെ നാടിനു വന്ന വ്യത്യാസവും അയാൾ നിരീക്ഷിച്ചു.
പണ്ടത്തെ ഓലക്കുടിലുകൾ അപ്രത്യക്ഷമായിരിക്കുന്നു…
പകരം ഓടിട്്റ് ഭവനങ്ങളും തലയുയർത്തി നിൽക്കുന്നു….

പത്ത് വർഷത്തിനു ശേഷമാണ് ജന്മനാട്ടിലേക്കൊരു മടങ്ങി വരവ്. അടുത്ത ബന്ധുക്കൾ ആരുമില്ലാത്തതിനാൽ കത്തിടപാടുകളും ഫോൺ വിളികളും ഇല്ലായിരുന്നു. അടുത്ത പട്ടണത്തിൽ വന്നപ്പോഴാണ് സ്വന്തം ഗ്രാമം കാണാനുള്ള കൗതുകം അയാളിൽ നിറഞ്ഞത്….

”ശ്ശൊ! സന്ധ്യമയങ്ങുന്നതിനു മുമ്പേ വരേണ്ടതായിരുന്നു.”

”ആരാ…?”

അപരിചിത ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി.

”അക്കരയ്ക്ക് പോകാനായി വന്നതാ…. വള്ളക്കാരനെ വിളിക്കുകയായിരുന്നു…”

”അപ്പോൾ നിങ്ങൾ ഈ നാട്ടിൽ വർഷങ്ങൾക്കു ശേഷമാണെന്ന് തോന്നുന്നു. നോക്കൂ! അല്പം മാറി മനോഹരമായ പാലം പണിതീർത്തിട്ട് രണ്ടു വർഷമായി…!”

മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിനുള്ള പരിഹാരം ഒരുക്കപ്പെട്ടു കഴിഞ്ഞിട്ടും സ്വന്തം കർമ്മ മാർഗ്ഗങ്ങളിലൂടെ അതിനുവേണ്ടി ശ്രമിക്കുന്നത് ബലവത്തായ പാലം പണിതു കഴിഞ്ഞിട്ടും വള്ളക്കാരനെ വിളിച്ച കഥാനായകൻ്റെ അനുഭവം പോലെയാണ്.

ദൈവ വചനത്തിൻ്റെ വികാശനം (പ്രവേശനം) വ്യക്തികളിൽ പ്രകാശം പരത്തുന്നതിനെക്കുറിച്ചാണ് സങ്കീർത്തകൻ വാചാലനാകുന്നത്.

ദൈവത്തിൻ്റെ വചനം ഒരു വ്യക്തിയിലേക്ക് പ്രവേശിക്കണമെങ്കിൽ ആ വ്യക്തി വചനം വായിക്കാനോ കേൾക്കുവാനോ തയ്യാറാകണം. വിശ്വാസത്തോടും വിനയത്തോടും കൂടെ അത് അംഗീകരിക്കാനും അനുസരിക്കുവാനും മനസ്സു കാണിക്കണം. സമർപ്പിക്കുന്നവൻ്റെ മുന്നിൽ ദൈവം തൻ്റെ വചനത്തിൻ്റെ ചുരുളഴിക്കുന്നു, പൊരുൾ തിരിക്കുന്നു.

അപ്പോൾ…

അവനിൽ പിടിമുറുക്കിയ അന്ധകാരം അലിഞ്ഞില്ലാതെയാകുന്നു…..

…പാപത്തിൻ്റെ ഇരുട്ട്!
…ശാപത്തിൻ്റെ ഇരുട്ട്!
…നിരാശയുടെ ഇരുട്ട്!
…അധമ വികാരങ്ങളുടെ അന്ധകാരം!
…അനിശ്ചിതത്വത്തിൻ്റെ അന്ധകാരം!

ഞാൻ ആരാണ്..?
എവിടെ നിന്നു വന്നു…?
ആത്യന്തികമായ അന്തം എന്താണ്…?
ദൈവം എനിക്കു വേണ്ടി എന്തു ചെയ്തു….?
എന്നെ എതിരിടുന്ന ശത്രു ആരാണ്….?

…ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങൾ അവ്യക്തതയുടെ മൂടുപടത്തിലായിരുന്നു.

എന്നാൽ വചനം ഹൃദയത്തിൽ പ്രവേശിച്ചപ്പോൾ, പ്രകാശം വന്നപ്പോൾ എല്ലാം വ്യക്തമായി കാണാൻ കഴിയുന്നു….
അതിലെല്ലാമുപരി, പ്രകാശം പരത്തുന്ന യേശുവിൻ്റെ സാന്നിധ്യം കൂരിരുൾ പോലുള്ള സാഹചര്യങ്ങളിലും മുമ്പോട്ട് പോകാൻ ഊർജ്ജം നൽകുന്നു…
സുധീരമായ തീരുമാനങ്ങളെടുക്കാൻ ആർജ്ജവം നൽകുന്നു….

പ്രിയ ദൈവ പൈതലേ,

ഇന്നലെകളിലെ അന്ധകാരം മാറ്റിയ വചനം ഇന്നും പ്രവർത്തിക്കുന്നുണ്ട്. പ്രകാശം ലഭിക്കണമെങ്കിൽ വചനത്തിന് ഹൃദയത്തിലേക്ക് പ്രവേശനമുണ്ടാകണം.
മുൻവിധികൾ മാറ്റി വെച്ച് പൂർണ്ണസമർപ്പണത്തോടെ ഏറ്റെടുക്കാം….!
ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ദിവ്യപ്രകാശം നിറയട്ടെ…!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...