ശുഭദിന സന്ദേശം : എടുക്കുകയോ? കൊടുക്കുകയോ? | ഡോ.സാബു പോൾ

നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക”(മത്താ.5:40).

Download Our Android App | iOS App

കേരള ഹൈക്കോടതിയിലെ മുൻ ന്യായാധിപൻ ശ്രീ. കെമാൽ പാഷ, ഓർത്തഡോക്സ് – യാക്കോബായ തർക്കത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണം മാധ്യമങ്ങളിലൂടെ നൽകിയിരുന്നു. ഈ കോവിഡ് കാലത്തു പോലും ‘പള്ളി പിടിച്ചെടുക്കൽ’ വാർത്തകളിൽ നിറയുമ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണത്തിന് ഏറെ പ്രസക്തിയുണ്ട്.

post watermark60x60

ഒരു പള്ളിയിൽ ബഹുഭൂരിപക്ഷം പേർ യാക്കോബായക്കാരും ചുരുക്കം വീട്ടുകാർ മാത്രം ഓർത്തഡോക്സുകാരുമാണെങ്കിലും പരമോന്നത കോടതിയുടെ വിധിയനുസരിച്ച് പള്ളിയും വസ്തുവകകളും ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണ്. കേസ് ജയിച്ചു എന്നത് ശരിയാണെങ്കിലും ക്രിസ്തു സ്നേഹം പ്രദർശിപ്പിച്ചു കൊണ്ട് അവർ അത് യാക്കോബായ വിഭാഗത്തിന് വിട്ടു നൽകുകയാണ് വേണ്ടത് എന്നായിരുന്നു പ്രസ്തുത വ്യവഹാരത്തെ അടുത്ത് നിരീക്ഷിച്ച ജസ്റ്റിസിൻ്റെ അഭിപ്രായം.

പലപ്പോഴും ചാനൽ ചർച്ചകളിൽ ഇരു വിഭാഗത്തിൻ്റെയും പ്രതിനിധികൾ കൊമ്പുകോർത്തപ്പോൾ അക്രൈസ്തവരായ മറ്റുള്ളവർ ‘ഇതാണോ ക്രിസ്തു പഠിപ്പിച്ച സ്നേഹം’ എന്ന് പരിഹസിച്ചതും പ്രേക്ഷക മനസ്സുകളിൽ നിന്നും മാഞ്ഞു പോയിട്ടില്ല….

മേല്പറഞ്ഞതൊന്നും ലേഖകൻ്റെ ആശയമല്ല, പൊതുവിൽ വന്ന വിഷയങ്ങൾ ഇന്നത്തെ ചിന്തയിൽ പ്രസക്തമായതുകൊണ്ട് ആമുഖമായി കുറിച്ചുവെന്നേയുള്ളൂ.

നിൻ്റെ വസ്ത്രം എടുപ്പാൻ ആഗ്രഹിച്ച് ഒരുവൻ കേസിന് പോകാൻ തീരുമാനിച്ചാൽ പുതപ്പും കൂടി വിട്ടുകൊടുക്ക എന്നാണ് യേശു ഇന്നത്തെ വാക്യത്തിൽ പറയുന്നത്. പലസ്തീനിലെ വസ്ത്രധാരണ രീതിയെക്കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ക്രിസ്തു പറഞ്ഞതിൻ്റെ ശരിയായ അർത്ഥം തിരിച്ചറിയാൻ കഴിയൂ. ശരീരത്തോട് ചേർന്ന് കിടക്കുന്ന അകത്തെ വസ്ത്രത്തെക്കുറിച്ചാണ് ‘വസ്ത്രം’ എന്ന് കർത്താവ് പറയുന്നത്.
‘പുതപ്പ്’ എന്ന് പറഞ്ഞിരിക്കുന്നത് പുറത്ത് ധരിക്കുന്ന അങ്കിയെക്കുറിച്ചാണ്.

അകത്തെ വസ്ത്രം വില കുറഞ്ഞതും ദരിദ്രർക്ക് പോലും കൂടുതൽ എണ്ണം ഉണ്ടായിരിക്കുന്നതുമാണ്. എന്നാൽ ബാഹ്യ വസ്ത്രമായ അങ്കി വില കൂടിയതും ദരിദ്രർക്ക് ഒരെണ്ണം മാത്രമുണ്ടാകാൻ സാധ്യതയുള്ളതുമാണ്.

ഇവിടെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവൻ കേസിന് പോയില്ല, കേസ് ജയിച്ചുമില്ല. പക്ഷേ, അങ്ങനെ ആഗ്രഹിക്കുന്നവന് വിലയേറിയ അങ്കി കൂടി നൽകുക എന്ന ക്രിസ്തുവചനത്തിൻ്റെ അർത്ഥം ഒറ്റവാക്കിൽ പറഞ്ഞാൽ ‘അർഹതയുള്ളതു പോലും പിടിച്ചു വെയ്ക്കാതെ വിട്ടുകൊടുക്ക’ എന്നാണ്.

പെന്തെക്കൊസ്ത് സഭ കേരളത്തിൽ എത്തിയിട്ട് നൂറ് വർഷത്തോളമേ ആയിട്ടുള്ളൂ എന്നതിനാൽ പുരാതന സഭകളെപ്പോലെ വളരെ സ്വത്തും കെട്ടിടങ്ങളുമില്ല. പക്ഷേ, ക്രിസ്തു ശിഷ്യരെന്ന് അഭിമാനിക്കുന്നവർ സ്വയം ചോദിക്കണം: ”ഞാൻ പിടിച്ചു വെയ്ക്കുന്നവനാണോ, അതോ വിട്ടുകൊടുക്കുന്നവനാണോ…..?”

തുടക്കത്തിൽ സൂചിപ്പിച്ച സമുദായസ്ഥരുടെ കാര്യം നുറുശതമാനം ശരിയാണ് എന്ന് സമ്മതിച്ചെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങളും അതുപോലെ തന്നെ ഏറ്റെടുക്കണം.

നമ്മുടെയിടയിലുമില്ലേ പിടിച്ചു വെയ്ക്കുന്നവർ….?

…അധികാരം വിട്ടുകൊടുക്കാൻ മടിയുള്ളവർ.

…പദവിയിലിരുന്നപ്പോൾ ലഭിച്ച പണം കൊണ്ട് പണിതുയർത്തിയത് പ്രസ്ഥാനത്തിനു വിട്ടുകൊടുക്കാത്തവർ.

…വളർന്നു വരുന്ന അഭിഷിക്തർക്ക് അവസരം നൽകാതെ ശുശ്രൂഷയെ കയ്യടക്കുന്നവർ.

…വേണ്ടപ്പെട്ടവർക്കായി വേദികളും പദവികളും കാത്തു വെക്കുന്നവർ.

ഇതെല്ലാം കർത്താവ് പറഞ്ഞതിന് വിപരീതമല്ലേ…?

കുടുംബ ജീവിതത്തിലും വിട്ടുകൊടുക്കാനുള്ള വൈമനസ്യം പ്രശ്നങ്ങൾ സൃഷ്ടിക്കുകയല്ലേ….?

പ്രിയമുള്ളവരേ, നമ്മുടെ മനോഭാവമാണ് കർത്താവ് ഉറ്റുനോക്കുന്നത്. കർത്താവിനെ പ്രതി വിട്ടു കളഞ്ഞാൽ നുറു മടങ്ങും നിത്യജീവനും മടക്കി നൽകുന്നത് അവിടുത്തെ വിശ്വസ്തതയാണെന്നറിയുക…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...