ശുഭദിന സന്ദേശം: ബാഹ്യവിശുദ്ധി ആന്തരീകശുദ്ധി | ഡോ.സാബു പോൾ

പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു”(മർ.7:15).

post watermark60x60

യഥാർത്ഥത്തിൽ ഏതു ശുദ്ധിയ്ക്കാണ് കൂടുതൽ പ്രാധാന്യം…?
ബാഹ്യ വിശുദ്ധി അനിവാര്യം എന്ന പാഠമാണ് കൊറോണ നമ്മെ പഠിപ്പിച്ചത്. കേവലം കഴുകൽ പോരാ, സോപ്പ് പതപ്പിച്ച് 20 സെക്കൻ്റ് എങ്കിലും നന്നായി കഴുകണം…

മലയാളിക്ക് അല്പം അഭിമാനവും പൊങ്ങച്ചവും ഉയർന്നു നിന്നിരുന്നു…
അയൽ സംസ്ഥാനക്കാരെക്കാൾ നമുക്ക് വൃത്തി കൂടുതലാണ്….
അവരെക്കാൾ ആത്മസംയമനമുണ്ട്…
അപരൻ്റെ കാര്യത്തിൽ ആത്മാർത്ഥമായ ഇടപെടലുകളുണ്ട്…..
അതുകൊണ്ട് കൊറോണ മലയാളിക്കു മുമ്പിൽ മുട്ടുമടക്കി…..

Download Our Android App | iOS App

പക്ഷേ….
ഇപ്പോഴത്തെ കണക്കുകൾ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു…

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?അണപൊട്ടിയൊഴുകിയ ഉത്സവാഘോഷങ്ങളോ…?
അനിയന്ത്രിതമായ സമരാവേശങ്ങളോ…?
അതോ, ശരിക്കും കൊറോണ നാമൊക്കെ ചിന്തിച്ചതിനും അപ്പുറമാണോ…?

വൈറസിനെക്കുറിച്ചുള്ള പുതിയ പരീക്ഷണ നിരീക്ഷണങ്ങൾ സത്യം വെളിച്ചത്തു കൊണ്ടു വരുമായിരിക്കും…

ബാഹ്യ വിശുദ്ധി

▪️മനുഷ്യർക്ക് കാണാൻ കഴിയുന്നു.
▪️രോഗ പ്രതിരോധത്തിന് നല്ലതാണ്.
▪️അപരർക്ക് നമ്മുടെ സാന്നിധ്യം ദുസ്സഹമാകാതിരിക്കും.
▪️വേഷവിധാനങ്ങളും വെടിപ്പും കണ്ട് മറ്റുള്ളവർ മാന്യൻ എന്ന് വിലയിരുത്തും.

ആന്തരീക വിശുദ്ധി

▪️ദൈവവും പിശാചും കാണുന്നു.
▪️പാപ രോഗത്തിനെതിരെ പ്രതിരോധമുയർത്തുന്നു.
▪️ദൈവം നമ്മെ നീതിമാനായി അംഗീകരിക്കുന്നു.

പഴയ നിയമം ബാഹ്യ-ആന്തരീക ശുദ്ധികൾക്ക് ഒരു പോലെ പ്രാധാന്യം കല്പിച്ചിരുന്നു. എന്നാൽ കാലക്രമേണ യഹൂദർ, പ്രത്യേകിച്ച് പരീശന്മാർ ആന്തരീക ശുദ്ധിയെ അവഗണിച്ചു.
നിയമങ്ങളെല്ലാം ഫോക്കസ് ചെയ്തത് ബാഹ്യ കാര്യങ്ങളെ മാത്രം. അതിനു വേണ്ടി ദൈവം കൊടുത്ത നിയമങ്ങളുടെ മേൽ പുതിയ പുതിയ വകുപ്പുകൾ സൃഷ്ടിച്ചു. ഒരു കാരണവശാലും അശുദ്ധി വരാതിരിക്കാൻ അവർ വളരെയേറെ ശ്രദ്ധിച്ചു…

അതുകൊണ്ട് ദൈവപുത്രന് അവരോട് കലഹിക്കേണ്ടതായി വന്നു.

ഏതാണ് പ്രധാനം….?

കരങ്ങളുടെ വൃത്തിയോ….? ഹൃദയത്തിൻ്റെ വെടിപ്പോ…?

അകത്തേക്ക് പോകുന്ന ആഹാരമോ…?
പുറത്തേക്ക് വരുന്ന ദുഷിച്ച വാക്കുകളും പ്രവൃത്തിയുമോ….?

പിതാക്കന്മാരുടെ പാരമ്പര്യമോ…?
സ്വർഗ്ഗീയ പിതാവിൻ്റെ പഥ്യവചനമോ…?

ബാഹ്യ ശുചിത്വമോ…?
ആന്തരീക നിർമ്മലതയോ…?

പരീശന്മാർ വെച്ച മുൻഗണനയെ മാറ്റണമെന്ന ശക്തമായ സന്ദേശമാണ് യേശു ഇവിടെ നൽകുന്നത്.

വിശുദ്ധിയെ സംബന്ധിച്ച് തെറ്റായ വ്യാഖ്യാനത്തെ തിരിച്ചറിയാൻ കർത്താവ് ആഹ്വാനം നൽകുന്നു.

പരിശുദ്ധനായവന് മാത്രമേ വിശുദ്ധിയെ നിർവ്വചിക്കുവാനും വ്യാഖ്യാനിക്കുവാനും അവകാശമുള്ളൂ…!

പുരോഹിതനെയും ലേവ്യനെയും നോക്കൂ!
എത്ര വൃത്തിയും വെടിപ്പുമാണ്….!
അതുകൊണ്ട് തന്നെ തങ്ങളുടെ വസ്ത്രത്തിൽ ചെളിയും രക്തക്കറയും പുരളാൻ അവർ ഇഷ്ടപ്പെട്ടില്ല. നല്ല ശമര്യാക്കാരൻ വന്നില്ലായിരുന്നെങ്കിൽ ചോര വാർന്നൊരു മരണം സംഭവിച്ചേനെ….
അപ്പോഴും ദൈവാലയത്തിൽ എല്ലാവിധ ‘ശുദ്ധി’യോടും കൂടെ ആരാധന പൊടിപൊടിക്കുമായിരുന്നു….!

പ്രിയമുള്ളവരേ,

പുറമെയുള്ള ശുദ്ധി ആവശ്യമാണ്. പക്ഷേ, പരമപ്രധാനമായ ആന്തരീക വിശുദ്ധിയെ അവഗണിക്കരുത്…! അകത്തെ അശുദ്ധിയെ മറയ്ക്കാനാകരുത് ബാഹ്യമായ വിശുദ്ധിയും പ്രകടനങ്ങളും. കാരണം ഹൃദയശുദ്ധിയാണ് സ്വർഗ്ഗീയ പിതാവിന് ഏറെയിഷ്ടം. അങ്ങനെയുള്ളവരെയാണ് അവിടുന്ന് തൻ്റെ രാജ്യത്തിലേക്ക് സ്വീകരിക്കുന്നത്.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like