1️⃣സ്ത്രീധനം
നിയമപരമായി സ്ത്രീധനം തെറ്റാണെന്നും, ശിക്ഷാർഹമാണെന്നും വിശദീകരികേണ്ടതില്ലല്ലോ!. സ്ത്രീധനം വരുത്തിവക്കുന്ന അപകടം ചിന്തകൾക്ക് അപ്പുറമാണ്
ഏതെങ്കിലും ദൂരയാത്രക്കായി തയ്യാറെടുക്കുമ്പോൾ എന്തിനും, ഏതിനും പണത്തിനു കണക്കു പറയുന്നവരേയും, അത്യാഗ്രഹികളെയും നാം ഒഴിവാക്കാറാണ് പതിവ്. കാരണം ആ യാത്രയുടെ സന്തോഷം അത്തരക്കാർ നശിപ്പിക്കും എന്നതിൽ തർക്കമില്ല.
അങ്ങനെയെങ്കിൽ മരണം വരെ ഒന്നിച്ചുള്ള യാത്രയിൽ പണത്തിനു കണക്ക് പറഞ്ഞുള്ള വിലപേശലുകൾ ഭൂഷണമാണൊ?
അപ്പനെയും അമ്മയെയും വിട്ട് തന്നോട് പറ്റിച്ചേരുന്ന പങ്കാളിയെ വില പറഞ്ഞ് ഉറപ്പിക്കരുത്. വിലപേശൽ വേണ്ടന്നു വച്ച് ഹൃദയങ്ങളുടെ മാറ്റ് തിരിച്ചറിയാൻകഴിയാത്ത കഠിനഹൃദയർ സ്വസ്ഥമായ കുടുംബ ജീവിതം പ്രതിക്ഷിക്കുന്നതിനേക്കാൾ വലിയ ഭോഷത്തം വേറെയില്ല.
പുതുതലമുറയെങ്കിലും ഇത് തിരിച്ചറിയണം. മാർക്കറ്റ് വിലയനുസരിച്ച് പറഞ്ഞുറപ്പിക്കുന്ന കച്ചവടത്തിൽ നിന്നും മാതാപിതാക്കളെ പിൻതിരിപ്പിക്കണം. ഇല്ലയെങ്കിൽ സ്വത്തിനേകൾ വിലയുള്ളവളായി സ്വന്തം ഭാര്യയെ കാണുവാനും, അവളുടെ വാക്കുകൾക്ക് വിലകൽപ്പിക്കുവാനും നിങ്ങൾക്ക് കഴിയില്ല. പിന്നെ എങ്ങന്നെ നല്ല ഭർത്താവാകുവാൻ നിങ്ങൾക്ക് കഴിയും?
മകൾക്ക് വില പറയുന്നവർക്ക് അവളെ വിൽക്കില്ലെന്ന് മാതാപിതാക്കളും തീരുമാനിക്കണം. കാരണം നിങ്ങളുടെ മകളുടെ മൂല്യം തിരിച്ചറിയുവാൻ അവർക്ക് കഴിഞ്ഞില്ല. അത്തരക്കാരുടെ കയ്യിൽ നിങ്ങളുടെ മകൾ സുരക്ഷിതയായിരിക്കുമോ?
1 കൊരിന്ത്യർ 11:11 എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
ആയതിനാൽ ഈ പവിത്രമായ ബന്ധത്തിൽ ഒരു രൂപയുടെ കൈമാറ്റം നടത്താതിരിക്കാൻ നാം ശ്രദ്ധിക്കണം. എങ്കിൽ വിവാഹത്തിൽ മൂന്നാമനായ ക്രിസ്തുവിൻ്റെ സാനിധ്യം നാം തിരിച്ചറിയും.
2️⃣ മാനുഷിക ഇടപെടലുകൾ ഒഴിവാക്കണം
വിവാഹം കഴിയുന്ന നാൾ മുതൽ കുടുബ ജീവിതത്തിലെ പ്രതിസന്ധികൾ പെൺകുട്ടികൾ സാധാരണയായി മാതാവിനോടും ആൺകുട്ടികൾ സുഹൃത്തുക്കളുമായും പങ്കുവക്കാറുണ്ട്. ഇത് അപകടകരമാണ്. നമ്മുടെ സകല ചിന്താകുലവും യേശുവിൻ്റെ മേൽ ഇട്ടു കൊള്ളണം.
1 കൊരിന്ത്യർ 11:3 എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
ഇവിടെ ഭാര്യക്കും ഭർത്താവിനും പുറമെ മൂന്നാമനായി ക്രിസ്തു മാത്രം.
കുടുബജീവിതത്തിലെ ചെറിയ പിണക്കങ്ങൾ മാതാപിതാക്കൾ ഉൾപെടെ മറ്റുള്ളവരുമായി പങ്കുവക്കരുത്. അപ്രകാരം മറ്റുള്ളവരെ ഉൾപെടുത്തി പരിഹരിക്കാൻ ശ്രമിച്ച പ്രതിസന്ധികൾ ഇതുവരെ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം
തമ്മിൽ ക്രമീകരിക്കാകുന്ന പ്രശ്നങ്ങൾ അന്യോന്യവും, ശേഷം ദൈവ സന്നിധിയിലും സമർപ്പിക്കുന്നതാണ് ഉചിതം. അല്ലാത്ത പക്ഷം അഭിപ്രായ വ്യത്യാസങ്ങൾ പക്ഷം ചേരലിലേക്കും, പിന്നീട് വേർപിരിയലിലും കലാശിക്കുന്നതുമാണ് ചരിത്രം.
വിജീഷ്