ഭാവന: സീയോനിൽ നിന്ന് സൂമിലേയ്ക്ക് | ഡെല്ല ജോണ്‍

കോശി പാസ്റ്റർ ചില ദിവസങ്ങളായി ആശങ്കയിലാണ്. നീണ്ട മാസങ്ങളിലെ ലോക് ഡൗൺ കഴിഞ്ഞു ഞായറാഴ്ച ആരാധനാലയം തുറക്കുകയാണ്. എന്തൊക്കെ ആകുമോ എന്തോ…

Download Our Android App | iOS App

ഒരു കൊറോണ മൂലം സഭാ ജനം രണ്ടു തട്ടിലായി എന്നതാണ് ഒരു നഗ്നസത്യം..

post watermark60x60

Zoom കൂട്ടായ്മയ്ക്ക് വേണ്ടിവാദിക്കുന്ന ന്യൂ ജൻ ഒരു ഭാഗത്തു…

രണ്ടോ മൂന്നോ പേർ കൂടി വരുന്നവരുടെ മധ്യത്തിൽ വരാം എന്ന് വാഗ്ദാനം നൽകിയ കർത്താവിനെ കണ്ടു ഭവനം ഒരു കൂട്ടായ്മ കേന്ദ്രമാക്കി ആത്മീയമായി വളരാനുള്ള സാഹചര്യമായി ഈ ലോക്ക് ഡൗൺ കാലം തീർക്കണം എന്നതായിരുന്നു പഴയ തലമുറയുടെ ആവശ്യം..

വെട്ടിലായത് കോശി പാസ്റ്റർ.

ആരുടെ കൂടെ നിൽക്കും? ആരെയും പിണക്കാൻ വയ്യ..

കയ്ച്ചിട്ട്‌ ഇറക്കാനും വയ്യ.. മധുരിച്ചിട്ട്‌ തുപ്പാനും വയ്യാത്ത അവസ്ഥ..

അവസാനം ന്യൂ ജൻ തന്നെ വിജയിച്ചു..

സൂം കൂട്ടായ്മ തുടങ്ങി..

കോശി പാസ്റ്റർ ക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.. ദൈവജനം ആത്മീയമായി ക്ഷീണിക്കരുത്.. Zoom എങ്കിൽ zoom.. പിന്നെ എല്ലാരുടേം മുഖമൊക്കെ ഇടയ്ക്ക് ഒന്ന് കാണാമല്ലോ.. അങ്ങനെയൊക്കെ ചിന്തിച്ചു സഭാ സെക്രട്ടറി തന്ന id യിലൂടെ മീറ്റിംഗ് ൽ കയറി..അപ്പോഴാ സംഗതി പിടി കിട്ടിയത്..

തനി വീട്ടുവേഷത്തിൽ അശ്രദ്ധമായി ഇരിക്കുന്നവരുംയോഗത്തിന് ഇടയിൽ എഴുന്നേറ്റു പോകുന്നവരും ഒരു ഭാഗത്തു.

Lap ൽ ഓൺലൈൻ കൂട്ടായ്മ യിൽ പങ്കെടുക്കുമ്പോൾ മൊബൈൽ തോണ്ടി ഇരിക്കുന്ന ചില യൂത്ത് മറുഭാഗത്ത്..
പാസ്റ്റർ ഇരുന്നു പ്രസംഗിക്കുമ്പോൾ കിടന്നു ആമെൻ പറയുന്ന വിശ്വാസി!!! എന്തെല്ലാം എന്തെല്ലാം കാഴ്ചകൾ !!!

ആരാധന അലക്ഷ്യം ആകരുതെന്നും, എല്ലാം ഉചിതവും യോഗ്യവും ആയി നടക്കണമെന്നും നിർബന്ധമുള്ള പാസ്റ്റർക്ക് ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും മനംനൊന്തു…

എങ്കിലും ആത്മീയമായി ഒരു കൂട്ടായ്മയും ഇല്ലാത്ത ഈ അവസരത്തിൽ ഇതിന്റെ പ്രാധാന്യം ഒട്ടും ചെറുതല്ല എന്ന് പാസ്റ്റർക്കു തോന്നി..

ദോഷം പറയരുതല്ലോ.. ആത്മാർത്ഥമായി പങ്കെടുക്കുന്ന ചിലരും ഇടയിൽ ഉണ്ട്..

കൂട്ടായ്മയെ എതിർത്തവരും ഇവിടെ എന്താണ് നടക്കുന്നത് എന്നറിയാൻ ഇടയ്ക്ക് ഒന്ന് എത്തിനോക്കി പോകുന്നതും കാണാം…

എല്ലാം കൂടി Zoom ജഗപൊഗ…

ഓൺലൈൻ കൂട്ടായ്മയിൽ പങ്കെടുക്കാത്തവരെ കോശി പാസ്റ്റർ ഇടയ്ക്ക് വിളിച്ചു. വിവരങ്ങൾ ആരാഞ്ഞു.

വിദേശത്തുള്ള മക്കൾ കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ലോക്ഡൗണിൽ ഭരണകൂടം അല്പഇളവ് വരുത്തിയിട്ടും ഭവന സന്ദർശനം നടത്താൻ പാസ്റ്റർക്ക് കഴിഞ്ഞില്ല. ഈ മഹാമാരിയിൽ നിന്ന് ലോകത്തെ വിടുവിക്കേണ്ടതിനും ആരാധനാലയങ്ങൾ തുറന്നു കൂട്ടായ്മകൾക്ക് വഴിയൊരുങ്ങുന്നതിനുവേണ്ടിയും കോശി പാസ്റ്ററും സൂസിയാന്റിയും ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. അപ്പോഴാണ് ഇങ്ങനെ ഒരു സന്തോഷ വാർത്ത കേട്ടത് !!!ഹൃദയം നുറുങ്ങി ഉള്ള പ്രാർത്ഥനയ്ക്ക് മറുപടിയെന്നോണം വാർത്ത കേട്ടപ്പോൾ കോശി പാസ്റററുടെ ഉള്ളു തണുത്തു. അകത്തേക്ക് നോക്കി സൂസിയെ നീട്ടി വിളിച്ചു. കാര്യം അറിയിച്ചു. ഉറക്കെ ഹല്ലേലുയ്യാ സ്തോത്രം പറഞ്ഞു സൂസിയും എത്തി. പിന്നെ തിരക്കോട് തിരക്ക് ..

പൊടിപിടിച്ച കർട്ടനുകളും കാർപെറ്റുകളും വൃത്തിയാക്കലും.. ചുറ്റുപാടും പുല്ല് ചെത്തലും
ശുചീകരണവും എല്ലാം തകൃതിയായി നടന്നു….

നാലുമാസമായി മടക്കിവെച്ച വെള്ള സാരിയൊക്കെ പുറത്തെടുത്ത്
സൂസിയാന്റി മടക്കു നിവർത്തി നോക്കി..

പാസ്റ്ററുടെ ഏറ്റവും നല്ല വെള്ള ജുബ്ബയൊക്കെ തേച്ചു മടക്കി എടുത്തു..

പാസ്റ്റർ സങ്കിർത്തന പ്രബോധനവും വചനശുശ്രുഷയ്ക്കുള്ള വേദഭാഗവും ഒരുക്കുന്ന തിരക്കിലാണ്. . Zoom നേക്കാൾ അധികം സമയം ഉണ്ടല്ലോ ആലയത്തിലെ വചനശുശ്രുഷ…

പെട്ടെന്ന് മൊബൈൽ ചിലച്ചു. നോക്കിയപ്പോൾ സഭാ സെക്രട്ടറിയാണ്.
“സ്തോത്രം പാസ്റ്ററെ.. ” എന്ന് പറഞ്ഞു തുടങ്ങി. തിരിച്ച് സ്തോത്രം പറഞ്ഞപ്പോൾ സെക്രട്ടറി അടുത്ത ഡയലോഗിലേക്ക് പ്രവേശിച്ചു..

“പാസ്റററെ… ഒരു കാര്യം പറയാനാ വിളിച്ചേ.. ആരാധനയ്ക്ക് അനുമതി കിട്ടിയ വിവരം അറിഞ്ഞു. എന്നാൽ ഓൺലൈൻ കൂട്ടായ്മ തന്നെ തുടരാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.. സമയവും സാമ്പത്തികവും ലാഭം.. ഭാര്യയ്ക്കും മക്കൾക്കും ഒക്കെ ഇതാണ് താല്പര്യം.. പുതിയ തലമുറ മുഴുവൻ ഇതിനെ പിന്തുണയ്ക്കുന്നുണ്ട്…ഭൂരിപക്ഷത്തിന്റെ അഭിപ്രായം ഇതു തന്നെയാണ്.. ”

പാസ്റ്റർ ഒന്നു മൂളുന്നതിനിടയിൽ സെക്രട്ടറി തുടർന്നു…

“ഇനി സഭാ ഹാളിൽ വന്ന് ആരാധിക്കണമെന്ന് നിർബന്ധമുള്ളവർ അവിടെ വന്ന് ആരാധിക്കട്ടെ.. അതിന് വിരോധമൊന്നുമില്ല. പാസ്റ്റർ രണ്ടു കൂട്ടായ്മയും സംബന്ധിക്കണമെന്നല്ലേ ഉള്ളൂ.. അതു കുഴപ്പമില്ലല്ലോ.. ഞങ്ങൾ വൈകിട്ട് അവിടെ വരുന്നുണ്ട്.നമുക്ക് സഭാഹാളിന്റെ
ബോർഡ് ഒന്ന് മാറ്റി വെക്കണം. നമ്മുടെ പഴയ സീയോൻ ക്രിസ്ത്യൻ അസംബ്ലി
എന്നത് കുറച്ചു മാറ്റിവെച്ച് സൂം ക്രിസ്ത്യൻ അസംബ്ലി എന്ന വലിയ ബോർഡ് വെക്കണം. ”

പാസ്റ്റർ എന്തെങ്കിലും മറുപടി പറയാൻ തുടങ്ങുന്നതിനു മുൻപ് ഫോൺ കട്ടായി. സൂസി യെ വിളിക്കാൻ തുടങ്ങിയെങ്കിലും തൊണ്ടയിൽ ശബ്ദം കുരുങ്ങിക്കിടന്നു.. ഒരു ഗദ്ഗദം…

കണ്ണിനു മുൻപിൽ പുതിയ ബോർഡ് തെളിഞ്ഞുനിൽക്കുന്നു

ZOOM CHRISTIAN ASSEMBLY

കാതുകളിൽ ചില നാളുകൾക്ക് മുൻപ് കേട്ട ആത്മീയ
ഗീതത്തിന്റെ അലയൊലികളും….

പണ്ടത്തെപ്പോലെ നല്ലൊരു കാലം നാഥാ നീ നൽകിടണേ….

ഇനി എന്തൊക്കെ കണ്ടാലും കേട്ടാലും ആണ് ഈ ലോക യാത്ര തീർന്നു അക്കരെ നാട്ടിൽ എത്താൻ കഴിയുക എന്റെ കർത്താവെ…..

നിവർത്തിവെച്ച ബൈബിളും കയ്യിൽ
പിടിച്ച് കോശി പാസ്റ്റർ ചിന്താനിമഗ്നനായി കസേരയിൽ ചാരിക്കിടന്നു..

ഡെല്ല ജോൺ

-ADVERTISEMENT-

You might also like
Comments
Loading...