ബൈബിള്‍ പഠനം: ക്രിസ്തീയ വിവാഹം (ഭാഗം 4) – | വിജീഷ് ജേക്കബ്
ദൈവദാസൻമാരുടെയും സഭയുടെയും പങ്ക്
യുവതീയുവാക്കളുടെ ആത്മകവളർച്ചയിൽ വലിയ തോതിൽ സ്വാധീനം ചെലുത്തേണ്ട ഉത്തരവാദിത്തം ദൈവം സഭയെയും, ദൈവദാസൻമാരെയും ഭരമേൽപ്പിച്ചിരിക്കുന്നു.
മണവാളനായ ക്രിസ്തുവിനേയും കാന്തയായ സഭയേയും, വിവാഹബന്ധത്തിൻ്റെ പവിത്രതയും, പങ്കാളിയുമായുള്ള ബന്ധത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ എന്നിങ്ങനെ പലതിലും യുവതലമുറയെ ബോധ്യം വരുത്തേണ്ടത് അത്യന്താപേക്ഷിതം തന്നെ!
എന്നാൽ വിവാഹം എന്ന കർമ്മവേദിക്കപ്പുറം ദൈവദാസൻമാർക്ക് നവകുടുംബസംവിധാനങ്ങളിൽ സ്വാധീനം ചെലുത്തു വാൻ കഴിയാറുണ്ടോ?
തകർക്കപ്പെടുന്ന കുടുംബങ്ങളിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നു ചെന്ന് പ്രബോധിപ്പിക്കുവാനും ഉറപ്പിക്കുവാനും നമുക്ക് കഴിയണം.
വിവാഹം നടത്തുന്നതല്ല വിവാഹ ശുശ്രൂഷ, പകരം യുവതീയുവാക്കളെ വിവാഹത്തിന്റെ മഹത്വത്തേയും പവിത്രതയേയും ബോധം വരുത്തുന്നതും, ഒരു വിശുദ്ധ കുടുംബം കെട്ടിപ്പടുക്കുന്നതായിരിക്കണം ശുശ്രൂഷ!
അവർക്ക് ആവശ്യമായ നിർദേശങ്ങളും ആശ്വാസവും നൽകി അന്യോന്യം വിശ്വസ്ഥരായി ക്രിസ്തുവിൽ വേരൂന്നിയ കുടുംബ ജീവിതത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി അഹോരാത്രം അധ്വാനിക്കുന്നതുമാണ് യഥാർത്ഥത്തിൽ ശുശ്രൂഷ.
അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഇത്രയേറെ വിവാഹമോചനങ്ങൾ ദൈവജനത്തിനിടയിൽ കാണുമായിരുന്നില്ല.
പ്രിയമുള്ളവരേ, വിവാഹം സുപ്രധാന കർമ്മം തന്നെ. എന്നാൽ ഇതിലൊന്നും അവസരം ലഭിച്ചില്ല എന്ന് ദുഃഖിച്ചിരിക്കാതെ അനുമതിപത്രങ്ങളുടെ അകമ്പടി കൂടാതെ ഏവർക്കും പരിശുദ്ധാത്മാവിനാൽ ചെയ്യാൻ കഴിയുന്ന സഭയുടെ നിർമ്മിതിക്കായി, വ്യക്തികളുടെ ആത്മീക പൂരോഗതിക്കായി, ക്രിസ്തുവിന്റെ തലയോളം ഓരോ സഹവിശ്വാസികളും വളരേണ്ടതിനായി വിശ്വാസി / പാസ്റ്റർ വ്യത്യാസമെന്യേ നമുക്ക് ശുശ്രൂഷകരാകാം, ഒരു അനുഗ്രഹീത കുടുംബം പണിയാം ദൈവരാജ്യം കെട്ടിപ്പടുക്കാം.
വിജീഷ് ജേക്കബ്