ചെറു ചിന്ത: സർബത്തിൽ “വീണതിന്റെ” കഥ | ഷൈൻ കടമക്കുടി

റണാകുളം മിനർവ സ്റ്റുഡിയോയിൽ നിന്നും ഞാൻ എന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. വണ്ടി അങ്ങനെ പതുക്കെ നീങ്ങി. ജലദോഷവും, തലവേദനയും എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ ഹൈക്കോട്ട് ജംഗ്ഷനിലെത്തി. ഇടതുഭാഗത്തേക്ക് വണ്ടി നിർത്തി. അതാ! മിൽക്ക് ഷേക്ക് ഉണ്ടാക്കുന്ന ഭായ്മാരുടെ ശബ്ദകോലാഹലങ്ങൾ, ‘മിൽക്ക് ഷേക്ക് വേണോ സേട്ടാ ? കുടിക്ക് സേട്ടാ” മുൻപ് ഒരിക്കൽ കുടിച്ചിട്ടുണ്ട് ഞാൻ ചിന്തിച്ചു. ഓ! വേണ്ട, തൊണ്ടവേദനയാണല്ലോ.

അങ്ങനെ ചെറിയ മോഹത്തോടെ വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. അങ്ങനെ ഓടിയോടി, പച്ചാളം റയിൽവേ ഗേറ്റിനടുത്തുള്ള വൽസ കഫെയ്ക്ക് അരികിലെത്തി.

വൽസ കഫെയുടെ പുറകിലായി ഒരു സർബത്ത് കടയുണ്ട്. ഹോ ! എന്തു മധുരമാണ് സർബത്തിന്, അതും പഴയ രീതിയിലുള്ള കച്ചി സോഡ. നല്ല തണുപ്പാണല്ലോ ! വേണ്ട എന്ന് തീരുമാനിച്ചു വണ്ടി സ്റ്റാർട്ട് ചെയ്തു. മുന്നോട്ടു നീങ്ങിയപ്പോൾ വഴിയിൽ കണ്ടതായ ഐസ്ക്രീം കടകളും, സർബത്ത് കടകളും എനിക്ക് മോഹം തന്നുകൊണ്ടേയിരുന്നു.

അങ്ങനെ വരാപ്പുഴ എത്തി. ബസ് സ്റ്റാന്റിനടുത്തുള്ള സർബത്ത് കടയിൽ ഞാൻ കയറി. സർബത്ത് വാങ്ങി കുടിച്ചു ! അങ്ങനെ അ സർബത്തിൽ ഞാൻ “വീണു”. ജലദോഷം മറന്നു, തൊണ്ടവേദന മറന്നു, തലവേദന മറന്നു. രോഗ സാധ്യതകളെല്ലാം അവഗണിച്ചു. തണുത്ത സർബത്ത് വാങ്ങി കുടിച്ചു.

അന്ന് മുതൽ അഞ്ചുദിവസത്തെ “കലാപരിപാടികൾ” ആരംഭിച്ചു. മൂന്നു ദിവസം പനി, രണ്ടു ദിവസം വില്ലൻ ചുമ. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നും തുടങ്ങിയ മോഹം എനിക്ക് അഞ്ചു ദിവസത്തെ ബെഡ്റസ്റ്റ് തന്നു !

പ്രിയരെ, ഈ സംഭവത്തിൽ നിന്നും എന്തു മനസ്സിലാക്കി ? യാക്കോബ് അപ്പോസ്തലൻ തന്റെ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ട് മരണത്തെ പെറുന്നു. ( യാക്കോബ് 1: 15 )

മോഹം ഗർഭം ധരിച്ചു, പതുക്കെ അത് വളർന്നു വലുതായി അവസാനം പാപത്തെ പ്രസവിക്കുന്നു. എന്നാൽ മോഹത്തെ നാം “അബോർഷൻ” ചെയ്തിരുന്നുവെങ്കിൽ പാപം പ്രസവിക്കപ്പെടി ല്ലായിരുന്നു. പാപം നമ്മുടെ ഉള്ളിൽ മുഴുത്തിട്ട്, അപകടകരമായ സ്ഥിതിയിൽ നമ്മെ എത്തിക്കുന്നു. ഓരോ പാപവും ആത്മീയ മരണത്തിലേക്ക് നമ്മെ തള്ളിനീക്കുന്നു. ഓരോ പാപവും ഗർഭം ധരിക്കുമ്പോൾ തന്നെ നാം “അബോർഷൻ” വരുത്തുന്നുവെങ്കിൽ ആത്മീയ മരണത്തിന് നമ്മിൽ സ്ഥാനം ഇല്ലാതാകുന്നു. ദൈവവുമായുള്ള നിത്യബന്ധം ആണ് നമുക്ക് ആവശ്യം. പ്രാർത്ഥനയെന്ന മരുന്നാണ് മോഹങ്ങളെ “അബോർഷൻ” വരുത്തുന്നത്.

നമ്മുടെ കർത്താവാകുന്ന യേശുക്രിസ്തു ഒരു പ്രാർത്ഥന മനുഷ്യനായിരുന്നു. നമുക്ക് നല്ലൊരു മാതൃകയാണ് യേശു. മോഹങ്ങളാണ് നമ്മെ പാപങ്ങൾക്ക് അടിമയാക്കി തീർക്കുന്നത്.

നമ്മുടെ ശരീരത്തിനും, മനസ്സിനും, ആത്മാവിനും; സൗഖ്യവും, ബലവും അത്യാവശ്യമാണ്. കർത്താവ് പോലും തന്റെ മരണത്തിന് തൊട്ടുമുൻപ് പ്രാർത്ഥിക്കുന്നു. ഒരേ കാര്യം തന്നെ ചൊല്ലി പ്രാർത്ഥിക്കുന്നു. അടുത്ത നിമിഷങ്ങളിൽ തനിക്ക് നേരിടേണ്ടി വരുന്നതായ പ്രശ്നങ്ങളും മറ്റും അഭിമുഖീകരിക്കുവാൻ പിതാവിനോട് ഇടവിടാതെ അപേക്ഷിക്കുന്നു. നമുക്കും അതുതന്നെ മാതൃകയാക്കാം.
ദൈവം നമ്മെ സഹായിക്കട്ടെ.

ഷൈൻ കടമക്കുടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.