ശുഭദിന സന്ദേശം: വെളിച്ചവും തെളിച്ചവും | ഡോ.സാബു പോൾ

യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു”(യോഹ. 8:12).

post watermark60x60

യേശു കൂടാരപ്പെരുനാളിന് യെരുശലേമിൽ വന്നിരിക്കുകയാണ്(യോഹ. 7:2,10). ഇത് കൊയ്ത്തിനോടനുബന്ധിച്ച് നടക്കുന്ന പെരുനാൾ ആണ്.

എല്ലാ യെഹൂദരും യെരുശലേമിലേക്ക് പോകുകയും മറ്റ് സഹോദരങ്ങളോട് ചേർന്ന് ഉത്സവത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു.
നന്ദിയുള്ള ഹൃദയത്തോടെ ദൈവസന്നിധിയിൽ ചെന്ന് നല്ല വിളവ് നൽകിയ ദൈവത്തെ പുകഴ്ത്തുന്നു.

Download Our Android App | iOS App

ഉത്സവത്തിൻ്റെ സായാഹ്നം എല്ലാവരും ദൈവാലയത്തിൽ സ്ത്രീകളുടെ പ്രാകാരത്തിൽ ഒത്തുചേർന്ന് ദൈവീക നന്മകളെയോർത്ത് നൃത്തം ചെയ്ത് ദൈവത്തെ സ്തുതിക്കുന്നു…

ശിലോഹാം കുളത്തിൽ നിന്നും സ്വർണ്ണകുംഭത്തിൽ വെള്ളം കൊണ്ടുവന്ന് യാഗപീഠത്തിൽ ഒഴിക്കുന്നു…
പിന്നെ, വിളക്കുകൾ തെളിക്കുന്നു.
നാല് വലിയ എണ്ണ വിളക്കുകൾ മുറ്റത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടാകും.
പുരോഹിതന്മാരുടെ സഹായികൾ അതിലേക്ക് ധാരാളം എണ്ണ പകരുന്നു…..
വലിയ തിരികളാണ് കത്തിക്കാൻ ഉപയോഗിക്കുന്നത്.

സൂര്യാസ്തമയത്തെത്തുടർന്ന് ഉദിച്ചുയർന്ന ചന്ദ്രൻ്റെ മങ്ങിയ വെളിച്ചത്തിൻ്റെ മേൽ ഇരുട്ടു കട്ടപിടിക്കുമ്പോൾ…
ദൈവാലയത്തിൻ്റെ
മുറ്റം മുഴുവൻ വെളിച്ചത്തിൽ കുളിപ്പിക്കുകയാണ് എണ്ണ വിളക്കുകൾ…

യെരുശലേമിൻ്റെ ചുറ്റുപാടുള്ളവർക്കെല്ലാം പ്രകാശം കാണാൻ കഴിയുന്നതു കൊണ്ട് സന്തോഷാരവങ്ങൾ കണ്ഠങ്ങളിൽ നിന്നും ഉയർന്നു തുടങ്ങുന്നു.

വിളക്കുകളുടെ വെളിച്ചത്താൽ തെളിഞ്ഞു നിൽക്കുന്ന ദൈവാലയ പരിസരവും അപ്പോഴും ഇരുളിന്റെ പിടിയിലമർന്നു കിടക്കുന്ന അന്തരീക്ഷവും… ദൈവസാന്നിധ്യത്തിൽ വസിക്കുന്നവരും മറ്റുള്ളവരും തമ്മിലുള്ള വൈരുദ്ധ്യം വരച്ചുകാട്ടുന്നു…

ഈ സമയത്താണ് ഉറച്ച ശബ്ദത്തിൽ യേശുക്രിസ്തുവിൻ്റെ പ്രഖ്യാപനം: ”ഞാൻ ലോകത്തിൻ്റെ വെളിച്ചമാകുന്നു….. വെളിച്ചമുള്ളവൻ ആകും.”

പക്ഷേ, പതിവുപോലെ പ്രതിരോധമുയർത്തി പരീശന്മാരെത്തി: ”നിന്നെക്കുറിച്ച് നീ തന്നെ പറയുന്ന സാക്ഷ്യം സത്യമല്ല.”
ദൈവാലയ പരിസരം വെളിച്ചത്തിൽ കുളിച്ചു കിടക്കുമ്പോഴും മറ്റിടങ്ങളിൽ കൂരിരുട്ടിൻ്റെ കരിമ്പടം മൂടിയിരിക്കുന്നതു പോലെ… വെളിച്ചമായവൻ തൻ്റെ വാക്കുകളിലൂടെ, പ്രവൃത്തികളിലുടെ പ്രകാശത്തിൻ്റെ പ്രഭ പരത്തുമ്പോൾ യേശുവിനെ തിരസ്ക്കരിച്ചു കൊണ്ട് സ്വയം ഇരുട്ടിൻ്റെ മറ തീർക്കുന്ന പരീശവൃന്ദം…

യേശു…
…സൗഖ്യത്തിൻ്റെ വെളിച്ചമായി!
…രക്ഷയുടെ വെളിച്ചമായി!
…ഉയിർപ്പിൻ്റെ വെളിച്ചമായി!

രോഗത്തിൻ്റെ… അന്ധതയുടെ… അജ്ഞതയുടെ… നിരാശയുടെ… പൈശാചികതയുടെ… പാപത്തിൻ്റെ… മരണത്തിൻ്റെ… അന്ധകാരം തകർക്കപ്പെട്ടു.

എന്നാൽ, പരീശന്മാരും മതനേതാക്കന്മാരും വെളിച്ചത്തെ തള്ളിക്കളഞ്ഞ് തമസ്സിൽ തുടരാൻ സ്വയം തീരുമാനിച്ചു…
നിത്യജീവമൊഴികളെ തള്ളിക്കളഞ്ഞ് അജ്ഞതയുടെ അന്ധതയിലൊതുങ്ങി…
ആത്മരക്ഷയെ അവഗണിച്ച് പാപത്തിൻ്റെ, മരണത്തിൻ്റെ അടിമത്തത്തിൽ തുടർന്നു…

അതിനവർ പറഞ്ഞ ന്യായം ‘സ്വയം പറയുന്ന സാക്ഷ്യം വിശ്വാസ്യമല്ല’ എന്നതായിരുന്നു. മോശ മുതൽ അവർ ആദരിക്കുന്ന പലരും അവനെക്കുറിച്ച് പറഞ്ഞ സാക്ഷ്യങ്ങൾ അവർ കണ്ടില്ലെന്ന് നടിച്ചു. വിശ്വസനീയമായ കൂടുതൽ തെളിവുകൾ അവർ തേടിക്കൊണ്ടേയിരുന്നു. വെളിച്ചം തെളിഞ്ഞു നിന്നപ്പോഴും ഇരുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു…

പ്രിയമുള്ളവരേ,

പ്രതിസന്ധിയുടെ, പകർച്ചവ്യാധിയുടെ, നിരാശയുടെ ഇരുൾ പരക്കുമ്പോഴും അവയ്ക്കു മേൽ പ്രകാശം പരത്തുന്ന ക്രിസ്തുവിലേക്ക് നോക്കാം…..!
അവിടുന്ന് പറഞ്ഞതുപോലെ തന്നെ അനുഗമിച്ചാൽ മുന്നിലുള്ള ഇരുൾ വഴിമാറും…!!
ജീവൻ്റെ വെളിച്ചം നമ്മിൽ തെളിച്ചമാകട്ടെ….!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like