ചെറു ചിന്ത: കോവിഡും ദൈവപൈതലും | സോനു സക്കറിയ ഏഴംകുളം

കോവിഡ് – 19 എന്നത് ലോകത്തെ മുഴുവൻ ഞെട്ടിച്ച നാമമായി മാറിക്കഴിഞ്ഞു. മനുഷ്യമനസ്സുകളിൽ ഭീതി വിതച്ച അനേക സംഭവങ്ങളിൽ, ഏറ്റവും ഭീകരമാംവിധം ബാധിച്ചതും ഇതാണെന്ന് കരുതപ്പെടുന്നു.

Download Our Android App | iOS App

ലോകമാകമാനം സമാധാനമില്ലാതെയായിട്ട് കാലങ്ങളായി. സാധാരണക്കാരായ വ്യക്തികൾ മുതൽ എല്ലാവരിലും ഇതാണ് അവസ്ഥ. ഭവനത്തിൽ സമാധാനമില്ല, കുടുംബബന്ധങ്ങൾ തകർച്ചയിലായി. സമൂഹത്തിലും സമാനാവസ്ഥ, ചുറ്റും ഭീതി നിറഞ്ഞു. ലോകരാഷ്ട്രങ്ങളിൽ ആന്തരികപ്രശ്നങ്ങൾ വർധിക്കുന്നു; ഭീകരവാദത്തിൻറെ അനന്തരഫലങ്ങൾ ഭയങ്കരമാംവിധം വർദ്ധിച്ചിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കുറേക്കാലമായി കൂടിക്കൂടി വരുന്നു. ഏതുസമയത്തും യുദ്ധം പ്രതീക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നു.

post watermark60x60

ഓസോൺ പാളിയിൽ രൂപപ്പെട്ട വിള്ളൽ വലുതായിക്കൊണ്ടിരിക്കുന്നു എന്നും, ഭീകരമാംവിധം അത് ഭൂമിയെ ബാധിക്കുന്നുവെന്നും നാം കേട്ടുകൊണ്ടിരിക്കുന്നു. ജലദൗർലഭ്യം മനുഷ്യനെ ബുട്ടിമുട്ടിക്കുന്ന ആഗോളപ്രശ്നമായി വളർന്നു. ഇനി വരുന്ന അടുത്ത യുദ്ധം വെള്ളത്തിൻറെ അവകാശത്തിനുവേണ്ടിയാകാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു; മുല്ലപ്പെരിയാറും കാവേരിയും നമുക്ക് പരിചയമുള്ള ഉദാഹരണങ്ങൾ. ആഗോളതാപനം എന്ന മഹാവിപത്ത് മൂലമുണ്ടാകുന്ന പ്രതിസന്ധികളെപ്പറ്റി ലോകനേതാക്കൾ പലതലങ്ങളിൽ, ഒറ്റയ്ക്കും കൂട്ടായും, തലപുകച്ചുകൊണ്ടിരിക്കുന്നു.

‘നല്ല നാമമുള്ളവൾ’ എന്ന് ഭാരതീയ ഭാഷാടിസ്ഥാനത്തിൽ വാച്യാർത്ഥം രേഖപ്പെടുത്താവുന്ന, ‘സുനാമി’ (ജാപ്പനീസ് വാക്ക് – കടൽതീരത്തെ ശക്തിയേറിയ തിരമാല എന്നർത്ഥം) 2004-ൽ ലോകത്തിലെ അനേകപ്രദേശങ്ങളെ കശക്കിയെറിഞ്ഞു. കിണർ ഇടിഞ്ഞുതാഴുന്നു, ഭൂഗർഭജലം പുകയുന്നു, വർണ്ണമഴ പെയ്യുന്നു തുടങ്ങിയ അനേക വിചിത്രസംഭവങ്ങൾ നാം കണ്ടുകഴിഞ്ഞു.

പണ്ടുമുതൽതന്നെ, കേരളത്തെ ബാധിച്ച ചെറുതും വലുതുമായ പകർച്ചവ്യാധികൾ ധാരാളമാണ്. എന്നാൽ, 2006 മുതൽ തുടർമാനമായി രോഗങ്ങളുടെ ഒരു പരമ്പരതന്നെ കേരളം നേരിട്ടുകൊണ്ടിരിക്കുകയാണ്. പലതും മുൻപുതന്നെ, ലോകത്തിൻറെ പലഭാഗങ്ങളിലോ, വളരെ ചെറിയതരത്തിൽ കേരളത്തിൽത്തന്നെയോ, റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതാണ്.

ചിക്കുൻഗുനിയയിലൂടെയാണ് ആരംഭം. 90-കളുടെ അവസാനത്തിൽ വിരുന്നെത്തി മടങ്ങിയ ഡെങ്കിപ്പനിയും ജപ്പാൻജ്വരവും പൂർവ്വാധികം ശക്തിയോടെ പിന്നാലെയെത്തി. പന്നിപ്പനി, പക്ഷിപ്പനി, എബോള, തക്കാളിപ്പനി, കുരങ്ങുപനി, കരിമ്പനി, കുതിരപ്പനി, ചെള്ളുപനി തുടങ്ങി, 2018-ൽ നിപ്പയെത്തിയപ്പോഴേക്കും കേരളം വിറങ്ങലിച്ചുനിന്നു. വവ്വാലുകളെ കേരളം പേടിയോടെ നോക്കിത്തുടങ്ങി. അപ്പോഴും, ‘ലിനി’ എന്ന മാലാഖയെ കേരളം നെഞ്ചേറ്റി; ഓർമകൾക്ക് മുന്നിൽ വിതുമ്പി.

ഇതിനിടെ ലോകത്തിൻറെ അനേകഭാഗങ്ങളിൽ, കൊറോണവൈറസിൻറെ രണ്ടു മുൻവകഭേദങ്ങൾ ദുരന്തം വിതച്ചിരുന്നു. 2003-ൽ സാർസും, 2012-ൽ മെർസും. അവസാനം, മഹാമാരിയായി ‘കോവിഡ്-19’ അഥവാ ‘കൊറോണ വൈറസ് ഡിസീസ് 2019’ എന്ന പുതിയതും മാരകവുമായ രൂപവുമെത്തി.

കുടിൽ മുതൽ കൊട്ടാരഅകത്തളം വരെ കോവിഡ് കടന്നുചെന്നു. എല്ലാ മേഖലയിലും ലോകത്തിൻറെ അടിസ്ഥാനമിളകി. ലോകസമ്പദ്‌വ്യവസ്ഥ പാടെ തകർന്നു. ജനജീവിതം നിശ്ചലമായി. ഭീതിയുടെ പാരമ്യത്തിൽ മനുഷ്യൻ സ്വയത്തിലേക്കൊതുങ്ങി. സ്വന്തക്കാരെപ്പോലും, മാറിനിന്ന് അവിശ്വാസത്തോടെ വീക്ഷിച്ചുതുടങ്ങി.

കോവിഡ് രോഗം ബാധിച്ചവരെ, എന്തോ മഹാപാതകം പ്രവർത്തിച്ചവർ എന്നവണ്ണം സമൂഹം ഒറ്റപ്പെടുത്തി; ഭേദമായവരെപ്പോലും സ്വീകരിക്കാൻ മടിച്ചു. കേരളത്തിലെത്തിയ പ്രവാസികളെ വീട്ടുകാരും കൈക്കൊള്ളാതിരുന്ന സംഭവങ്ങൾ, ക്വാറൻറ്റീനിലുള്ള വ്യക്തി തങ്ങളെ നോക്കിയാൽ രോഗം പകരുമോ എന്ന് ഭയക്കുന്ന അയൽക്കാരുടെ പെരുമാറ്റങ്ങളും, ഒക്കെ നാം കണ്ടു. എല്ലാറ്റിനെയും മനുഷ്യൻ സംശയത്തോടെ നോക്കിത്തുടങ്ങി. സമാധാനമില്ലാതെ മനുഷ്യൻ വേവലാതിയിലായി.

എന്നാൽ, ഇക്കാലയളവിലും ഒട്ടും ഭയമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടരുണ്ട് – ദൈവമക്കൾ. എല്ലാ സാഹചര്യങ്ങളിലും ദൈവാശ്രയത്തിലും ദൈവിക ആലോചനയിലും മാത്രം നിലനിൽക്കുന്നവർ. സർവ്വശക്തനും സർവ്വത്തിന്മേലും നിയന്ത്രണമുള്ളവനുമായ ദൈവം അറിഞ്ഞാണ് ഈ മഹാമാരി വന്നിരിക്കുന്നതെന്നും, അവിടുന്നറിയാതെ തൻറെ മക്കളുടെ ഒരു മുടി പോലും കൊഴിഞ്ഞുവീഴുകയുമില്ല എന്ന ഉറപ്പാണ് ദൈവജനത്തിനുള്ളത്.

സങ്കീർത്തനം 46-ൽ ഭക്തൻ പറയുന്നത് ഇപ്രകാരമാണ്, “ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരച്ചുകലങ്ങിയാലും, അതിൻറെ കോപം കൊണ്ട് പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.” അതാണ് ദൈവപൈതലിൻറെ ഉറപ്പ്. ആശ്വസിക്കാനോ, ഉറച്ചുനിൽക്കാനോ ഉള്ള സാഹചര്യങ്ങൾ ഇല്ലെങ്കിലും, പർവ്വതങ്ങൾ പോലും കുലുങ്ങി വീണുപോയാലും, എന്നേക്കും ഉറച്ചുനിൽക്കുന്ന സീയോൻ പർവ്വതം പോലെ അവൻ കുലുങ്ങാതെ നിൽക്കും; കാരണം, സങ്കേതമായും ബലമായും, കഷ്ടങ്ങളിൽ നൽതുണയായ കർത്താവ് കൂടെയുണ്ട്.

ഒരു ആത്മശോധന നടത്താം, “ഞാൻ ഒരു യഥാർത്ഥ ദൈവപൈതൽ ആണോ? ഭ്രമിപ്പിക്കുന്ന വാർത്തകൾ കേട്ടാലും, മഹാമാരി നേരിട്ടാലും, ലോകം മുഴുവൻ ഇളകിമറിഞ്ഞാലും, സമാധാനത്തോടെ ക്രിസ്തുവിൽ ഉറച്ചുനിൽക്കുവാൻ എനിക്ക് കഴിയുന്നുണ്ടോ?”

“ഭയപ്പെടേണ്ട, ഞാൻ നിന്നെ അനാഥനായി വിടുകയില്ല, ഉപേക്ഷിക്കയുമില്ല; ലോകാവസാനത്തോളം എല്ലാനാളും കൂടെയുണ്ട്” എന്ന് വാഗ്ദത്തം ചെയ്ത ദൈവം വാക്കുമാറുകയില്ലെന്നും, തൻറെ മക്കളെ താൻ ചിറകടിയിൽ മറച്ചിരിക്കുന്നു എന്നുമുള്ള ഉറപ്പ് പ്രാപിച്ചവനാണ് ദൈവപൈതൽ.

“എൻറെ സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ചുപോകുന്നു” എന്നരുളിചെയ്ത യേശുകർത്താവിൽ സമാധാനത്തോടെ വസിപ്പാൻ നമുക്ക് കഴിയട്ടെ.

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

You might also like
Comments
Loading...