ഭാവന: “ആശ്വസിപിക്കുന്ന വടി” | പ്രൈയ്‌സി ബ്ലെസ്സൺ

കുറച്ചു ദിവസമായി ഞാൻ വിചാരിക്കുന്നു നമ്മുടെ സഭയിലെ വിശ്വാസികൾ ഒക്കെ ഒന്ന് വന്ന് കാണണമെന്ന് .. കുറെ നാളായി ഞാൻ വളരെ തിരക്കിലായിരുന്നു . പക്ഷേ കോവിഡ് കാലമായത് കൊണ്ട് ഇപ്പോൾ സ്കൂളുകളെല്ലാം അടച്ചിരിക്കുവല്ലേ . അതു കൊണ്ട് സാറുമ്മാർക്കൊന്നും ഇപ്പോൾ പഴയതു പോലെ എന്നെ വേണ്ട.. അതുകൊണ്ട് കിട്ടിയ സമയം ഞാൻ നിങ്ങളെ കാണാൻ ഓടി എത്തുകയായിരുന്നു.. അത്യാവശ്യമായി നിങ്ങളെ കാണാൻ വരാൻ ഒരു കാരണവുമുണ്ട്. എന്റെ ഇളം തലമുറയിലെ കൊച്ചുമക്കൾ നിങ്ങളെയൊക്കെ കാണാൻ വന്നിരുന്നു എന്ന് എന്നോട് പറഞ്ഞു പക്ഷേ നിങ്ങൾ വിശ്വാസികൾ അവരെ ഒന്നു മൈൻഡ് ചെയ്തതു പോലുമില്ലത്രേ. അതറിഞ്ഞപ്പോൾ മുതൽ എത്രയും പെട്ടെന്ന് നിങ്ങളെ വന്ന് കണ്ട് നിജസ്ഥിതി അന്വേഷിക്കണം എന്ന് ഞാൻ കരുതി. ഇപ്പോൾ നിങ്ങളെല്ലാവരും ഗഹനമായ ആലോചനയിൽ ആയിരിക്കും അല്ലേ .. എപ്പോഴാണ് എൻറെ കൊച്ചുമക്കൾ നിങ്ങളെ കാണാൻ എത്തിയതെന്ന് ..? ഒന്നോർത്തു നോക്കൂ ..നിങ്ങളുടെ എല്ലാം വീട്ടിൽ രണ്ടാഴ്ച മുൻപ് അവർ എത്തിയിരുന്നു : ഒറ്റയ്ക്കല്ല വേറൊരാളുടെ ഒപ്പം !!
“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൽ കുളിരും രാവിൽ. ഈ പാട്ടുപാടിക്കൊണ്ട് കുറെ കുട്ടികൾ നിങ്ങളുടെ വീട്ടിൽ വന്നിരുന്നു.. അവരുടെ കൂടെ കുട്ടികളെല്ലാം ഇഷ്ടപ്പെടുന്ന ഒരു വിശിഷ്ട അതിഥി ഉണ്ടാവുമല്ലോ… എല്ലാ ക്രിസ്മസ് നിങ്ങളെ കാണാൻ എത്തുന്ന നരച്ച പഞ്ഞി പോലുള്ള തലമുടിയും താടിയും വെച്ച് ഡാൻസ് ചെയ്യുന്ന സാന്താക്ലോസ് അപ്പൂപ്പൻ!!! അപ്പൂപ്പൻ കൂടെ എപ്പോഴും ഉള്ള സന്തതസഹചാരിയാണ് ഞാൻ .. എന്നെ കയ്യിൽ എടുത്തുകൊണ്ടാണ് അഭ്യാസപ്രകടനങ്ങൾ ഒക്കെ നടത്താറുള്ളത് .ഇപ്പോൾ എല്ലാവർക്കും ഞാൻ ആരാണെന്ന് പിടികിട്ടിക്കാണുമല്ലോ ..സത്യത്തിൽ ഈ സാന്താക്ലോസ് അപ്പൂപ്പന് നമ്മുടെ കർത്താവുമായോ ബൈബിളുമായോ യാതൊരു ബന്ധവുമില്ല എന്ന് നിങ്ങൾക്കറിയാം. പക്ഷേ എനിക്ക് ചില നല്ല സ്ഥാനങ്ങൾ വചനത്തിൽ കിട്ടിയിട്ടുണ്ട്..അത് നിങ്ങൾക്കൊന്ന് ഓർമപ്പെടുത്താൻ ആണ് ഞാൻ വന്നത്.. ഇത് കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക ഇനി എന്നെ കാണുമ്പോൾ മൈൻഡ് ചെയ്യാതെ ഇരിക്കണോ അതോ ദൈവത്തെ സ്തുതിക്കണോ എന്ന് ..

post watermark60x60

സത്യത്തിൽ ഞാനും നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരാൾ തന്നെയാണ് കേട്ടോ .വേദപുസ്തകത്തിലെ പ്രഥമ ഗ്രന്ഥമായ ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള പുസ്തകങ്ങളിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് .പണ്ട് നമ്മുടെ പിതാവായ യാക്കോബ് തൻറെ അമ്മ റിബേക്ക പറഞ്ഞതനുസരിച്ച് അമ്മാച്ചനെ കാണാൻ പദ്ദൻഅരാമിൽ പോയപ്പോൾ തൊട്ട് അദ്ദേഹം ഒറ്റയ്ക്ക് യോർദ്ദാൻ കടന്നപ്പോഴും എന്തിനേറെ അദ്ദേഹത്തിൻറെ മരണസമയത്ത് വരെ കൈത്താങ്ങായി ഞാനുണ്ടായിരുന്നു ദൈവമക്കളേ … താൻ ഏറ്റവും അധികം സ്നേഹിച്ച റാഹേൽ പോലും വേർപെട്ടുപോയപ്പോൾ തനിക്ക് ചാരുവാൻ ഉണ്ടായിരുന്നത് ഞാനായിരുന്നു . ഉൽപ്പത്തിയിലും എബ്രായർക്ക് എഴുതിയ ലേഖനത്തിലും അക്കാര്യം പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതുപോലെ മോശെയും അഹരോനും മിസ്രയീമ്യർക്കും ഫറവോനും മുൻപാകെ അത്ഭുതങ്ങൾ ചെയ്തപ്പോഴും യിസ്രായേൽമക്കളിലെ മത്സരികൾക്ക് അടയാളമായി അഹരോന്റെ വടി തളിർത്തപ്പോഴും യിസ്രായേൽമക്കൾക്ക് കടന്നുപോകുവാൻ ദൈവം ചെങ്കടൽ വിഭാഗിച്ചപ്പോഴും മോശയോടൊപ്പം തന്റെ കയ്യിലിരുന്ന എന്നെയാണ് ദൈവം ആ നിയോഗത്തിനായി കരങ്ങളിലെടുത്ത് ഉപയോഗിച്ചത്. ഞാൻ ഇത്രയധികം അത്ഭുതപ്പെട്ടുപോയ ചരിത്രസംഭവം വേറെയില്ല
അതുപോലെ പണ്ട് താമാർ യഹൂദക്കിട്ട് ഒരു പണി കൊടുത്തപ്പോഴും പുള്ളിക്കാരി എന്നെ ഉപയോഗിച്ചിരുന്നു. അങ്ങനെ അവിടെയും ഞാൻ താരമായി .പണ്ടൊരു കഴുത സംസാരിച്ച് ചരിത്രം സൃഷ്ടിച്ചതിന് കാരണം ഞാനാണ്. അന്ന് ബിലെയാമിന്റെ കൈയിൽ ഞാനിരുന്നതുകൊണ്ടാണല്ലോ എന്നെ എടുത്ത് ആ പാവം കഴുതയെ തല്ലിയതും ദൈവം അതിന്റെ വായ് തുറന്നതും..
അങ്ങനെ എത്രയെത്ര സംഭവങ്ങൾ …!!! അതുപോലെ ചില മനുഷ്യർ ശിക്ഷിക്കപ്പെടുന്നതിനും ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനും ഉള്ള നിയമങ്ങളിൽ എനിക്ക് സ്ഥാനമുണ്ട് കേട്ടോ … പുറപ്പാട് പുസ്തകം ഇരുപത്തിയൊന്നാം അധ്യായം നിങ്ങൾ ഒന്ന് വായിച്ചു നോക്കിയാൽ മതി .എന്നെ അവിടെ കാണാം ..ഇപ്പോൾ മനസ്സിലായില്ലേ ഞാൻ അത്ര ചില്ലറക്കാരനല്ലെന്ന്.

അതിനിടയിൽ പറയാൻ മറന്നു . അതിനേക്കാൾ ഒക്കെ ഒരു വലിയ ചരിത്ര സംഭവത്തിലും ഞാൻ ഉണ്ട് കേട്ടോ . പണ്ട് ആട്ടിടയനായിരുന്ന ദാവീദ് മല്ലനായ ഗോല്യാത്തുമായി യുദ്ധത്തിന് പോയപ്പോൾ കൈയിലുണ്ടായിരുന്നത് ഞാനും കുറച്ച് കല്ലുകളും മാത്രം ..അത്രയ്ക്ക് വിശ്വാസമായിരുന്നു പുള്ളിക്ക് എന്നെ . പക്ഷേ അതിന് ആ ദുഷ്ടൻമല്ലൻ ദാവീദ് ബാലനെ ഒരുപാട് കളിയാക്കുകയും ചെയ്തു.” ഞാൻ എന്താ നായയാണോ വടീം കൊണ്ട് എൻറെ അടുത്ത് വരാൻ “എന്ന് ചോദിച്ചു അയാൾ കളിയാക്കി. അതുകേട്ട് എൻറെ കണ്ണുനിറഞ്ഞുപോയി. പക്ഷേ അത്ഭുതമെന്ന് പറയട്ടെ .. തന്റെ സഞ്ചിയിൽ ഉണ്ടായിരുന്ന ഒരു കല്ലെടുത്ത് കവിണയിൽ വച്ച് എറിഞ്ഞ് ആ ദുഷ്ടനെ ദാവീദ് കൊന്നുകളഞ്ഞു !!അങ്ങനെ ദാവീദ് എന്ന ആ ബാലന്റെ സന്തതസഹചാരിയായി ഞാൻ മാറി. അതുകൊണ്ടായിരിക്കും ദാവീദ് താൻ തന്നെ എഴുതിയ സങ്കീർത്തനത്തിൽ “നിൻറെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു” എന് എഴുതിയിരിക്കുന്നത്.. തന്റെ ആട്ടിൻകൂട്ടങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്താനും തെറ്റായ സ്ഥലങ്ങളിലേക്ക് ആടുകൾ വഴിതെറ്റി പോകുമ്പോൾ ശിക്ഷ നൽകി,അപകടങ്ങളിൽ നിന്ന് വഴിതിരിച്ചു വിടാനും, ഉയർന്ന മരച്ചില്ലകൾ താഴ്ത്തി തന്റെ ആടുകൾക്ക് ഇഷ്ടഭക്ഷണം കൊടുക്കാനും ആണ് ഒരു ഇടയനെ തന്റെ വടിയും കോലും സഹായിക്കുന്നത് .എത്ര കാവ്യാത്മകം ആയിട്ടാണ് ദാവീദിനെ എന്നെക്കുറിച്ച് പാടിയത് !!സത്യത്തിൽ ഞാൻ കോരിത്തരിച്ചു പോയി!!! തന്റെ മകൻ ശലോമോനും എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട്.. എന്നെ ഉപയോഗിച്ചാൽ “ബാലന്മാരുടെ പ്രാണനെ പാതാളത്തിൽ നിന്നും വിടുവിക്കാ”മത്രേ..പക്ഷേ ഇതൊക്കെയാണെങ്കിലും എല്ലായിടത്തുമുള്ള പോലെ പേരുദോഷം കേൾപ്പിക്കാൻ ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് കുറെ ദുഷ്ടന്മാർ മന്ത്രവാദികളുടെ കയ്യിലുള്ള വടിയെക്കുറിച്ചും, ദുഷ്ടന്മാരുടെ കയ്യിലുള്ള വടിയെക്കുറിച്ചും അശ്ശൂരിന്റെ വടിയെകുറിച്ചും ഒക്കെ നിങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ. അങ്ങനെ യെശയ്യാവ് ,വിലാപങ്ങൾ , യെഹസ്കിയേൽ, ഹോശയ, ആമോസ്, സെഖര്യാവ് തുടങ്ങിയ പുസ്തകങ്ങളിലെല്ലാം ദൈവത്തിന്റെ ആത്മാവ് എന്നെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് ..നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവും എന്നെക്കുറിച്ച് ശിഷ്യന്മാരോട് കൽപ്പിച്ചത് എന്താണെന്നറിയാമോ ? സുവിശേഷ ഘോഷണത്തിനായി പോകുമ്പോൾ നിങ്ങൾ കയ്യിൽ കരുതരുതെന്ന് പറഞ്ഞ സാധനങ്ങളുടെ കൂട്ടത്തിൽ എൻറെ കാര്യത്തിൽ മാത്രം പ്രത്യേക ഇളവും പരിഗണനയും കൊടുത്തിരുന്നു ..എനിക്ക് തോന്നുന്നത് അന്നത്തെ കാലത്ത് ശിഷ്യന്മാരുടെ ദീർഘദൂര യാത്രകൾക്ക് ഞങ്ങളെയൊക്കെ ഒരു സഹായം ആയിരുന്നു. അതുകൊണ്ടായിരിക്കും അപ്പോസ്തലനായ പൗലോസ് കൊരിന്ത്യസഭക്കാരെ ഒന്ന് ചെറുതായി വിരട്ടിയത് എന്നെ ഉപയോഗിച്ചാ . ഓർക്കുന്നുണ്ടോ നിങ്ങൾ ..”ഞാൻ വടിയുംകൊണ്ടാണോ നിങ്ങളുടെ അടുക്കൽ വരേണ്ടതെന്ന്” എന്ന് അവരോട് ചോദിച്ചത് ..അത്രയ്ക്ക് സ്നേഹമായിരുന്നു അദ്ദേഹത്തിന് അവരോട്. പഴയനിയമഭക്തൻമാർക്കും പ്രവാചകന്മാർക്കും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഞാൻ .. ഈ ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിൽ ദൂതന്മാരുടെ കൂടെയും ഞാനുണ്ടായിരുന്നു!! ന്യായാധിപൻമാരുടെ പുസ്തകത്തിൽ എന്നെയുപയോഗിച്ച് ദൂതൻ ചെയ്ത അത്ഭുതവും ,യെഹസ്‌കേൽ പ്രവചനത്തിലും വെളിപാടിലും എല്ലാം എന്നെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു ശ്രേഷ്ഠസ്ഥാനം തിരുവചനത്തിൽ വലിയവനായ ദൈവം എനിക്ക് നൽകി..

Download Our Android App | iOS App

എന്നാൽ എന്നെ വേദനിപ്പിച്ച ഒരു വലിയ സംഭവം ഞാൻ നിങ്ങളോട് പറയട്ടെ !! ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുൻപാണ്…. അന്നത്തെ റോമൻ ഭരണാധികാരികളുടെ ആസ്ഥാനത്തായിരുന്നു ഞാനന്ന് ആയിരുന്നത്. ശിക്ഷക്ക് വിധിക്കുന്ന ചില ദുഷ്ടന്മാരെ തല്ലുവാൻ അവർ എന്നെ ഉപയോഗിച്ചിരുന്നു. അതിൽ ചിലപ്പോഴൊക്കെ സന്തോഷം തോന്നിയിട്ടുണ്ട് കാരണം ദുഷ്ടതക്കും തെറ്റിനുമുള്ള ശിക്ഷ ആണല്ലോ അത്.. ദുഷ്ടന്മാര നന്നാക്കാൻ എന്നെ ആണ് ഉപയോഗിക്കുന്നത് എന്ന് ചെറുതല്ലാത്ത അഹങ്കാരവുംഎനിക്ക് ഉണ്ടായിരുന്നു ..

എന്നാൽ അന്ന് ..!! ആ ഒരു ദിവസം എനിക്ക് മറക്കാൻ കഴിയില്ല നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ.. ആലസ്യത്തിലായിരുന്ന എന്നെ കുറെ പടയാളികൾ അട്ടഹസിച്ചാർത്തുകൊണ്ട് എടുത്തു കൊണ്ടുപോയി.. ഏതോ ദുഷ്ടനുള്ള ശിക്ഷയായിരിക്കും… എനിക്ക് സന്തോഷമായി.. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് പടയാളികളിൽ ഒരാളുടെ കയ്യിൽ മുള്ള് കൊണ്ടുള്ള കിരീടം!! വേറൊരാളുടെ കയ്യിൽ രക്താംബരം!!! എനിക്കൊന്നും മനസ്സിലായില്ല !!ഇതൊക്കെ എന്തിനാണെന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ അവർ എന്നെ മണ്ഡപത്തിനത്തേക്ക് കൊണ്ടുപോയി. അവിടെ ഞാൻ ഒരുകാഴ്ചകണ്ടു !!ശരീരം മുഴുവൻ ചാട്ടവാറടി കൊണ്ട് മാംസം മുഴുവൻ പറിഞ്ഞു പോയി ഉഴവുചാൽ പോലെ കീറിയ അവസ്ഥയിൽ ഒരു മനുഷ്യനെ ഞാൻ കണ്ടു!! അയാൾക്ക് ചുറ്റും കൂടി നിന്ന് അയാളെ കൈചൂണ്ടി പരിഹസിച്ച് അട്ടഹസിക്കുന്ന പടയാളികൾ ..
ചിലർ അദ്ദേഹത്തിൻറെ കരണത്ത് മാറിമാറി മുഷ്ടിചുരുട്ടി ഇടിക്കുന്നുണ്ട് കണ്ണു കെട്ടിയിട്ട് “അടിക്കുന്നവന്റെ പേര് പ്രവചിക്കെടാ “എന്ന് ആക്രോശിക്കുന്നു ചിലർ മുഖത്ത് കാർക്കിച്ചു തുപ്പുന്നു.. ചിലർ അദ്ദേഹത്തിന്റെ മുഖത്തെ രോമങ്ങൾ വലിച്ച് പറിച്ചെടുക്കുന്നു.. കുറെ ചെന്നായ്ക്കൾ ചേർന്ന് ഒരു കുഞ്ഞാടിനെ ചുറ്റുംനിന്ന് ആക്രമിച്ച് അതിന്റെ ശരീരം കടിച്ചു മുറിക്കുന്ന രംഗം ആണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത് പെട്ടെന്ന് ഒരാൾ എന്നെയെടുത്ത് ആ മനുഷ്യന്റെ മുൾക്കിരീടം വച്ച തലയിൽ ആഞ്ഞടിച്ചു കാരിരുമ്പാണി പോലുള്ള നീണ്ടു കൂർത്ത മുള്ളുകൾ തന്റെ തലയിലും കണ്ണുകളിലേക്കും ആഴ്ന്നിറങ്ങി ഞാൻ ആ വ്യക്തിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി .ഇത്ര കഠിനമായി മുറിവേറ്റിട്ടും പരസ്യമായി അപഹാസ്യനായിട്ടും കുഞ്ഞിനെപ്പോലെ ശാന്തനായി പ്രകാശം ചൊരിയുന്ന മുഖം!!!! ഒരു വെള്ളിടി വെട്ടിയതു പോലെ ഞാൻ തിരിച്ചറിഞ്ഞു!!!!എന്നെ സൃഷ്ടിച്ച സൃഷ്ടാവല്ലേ ഇത്!!! സർവ്വശക്തനായ ദൈവത്തിന്റെ ഏകജാതനായ , ലോകരക്ഷകനായ ക്രിസ്തു !!!!!!!!
.. കരയുന്നവരെയും മനം തകർന്നവരെയും ആശ്വസിപ്പിച്ച നിരാലംബരെ താങ്ങിയ ആ അരുമ നാഥനെ .. നിസ്വാർത്ഥ സ്നേഹത്തിൻറെ ഉറവിടമായ സ്നേഹനാഥനെയാണോ ഞാൻ ഇത്ര അതിക്രൂരമായി വേദനിപ്പിച്ചത് … ഹൃദയം നുറുങ്ങുന്നവേദനയോടെ ഞാൻ ആ സത്യം അറിഞ്ഞു… എന്റെ കർത്താവിനെ അവർ ക്രൂശിലേറ്റാൻ പോവുകയാണ്
ആദ്യമായി ഞാൻ ഹൃദയംപൊട്ടി ഉറക്കെ കരഞ്ഞു .. നെഞ്ചുപൊട്ടുന്നതു പോലെ ഞാൻ അലറിവിളിച്ചു…പക്ഷേ എന്റെ ശബ്ദം ആ നാലു ചുവരുകൾക്കുള്ളിൽ അമർന്നു പോയി :ഇത്രയും നാൾ തടവുകാരെ പ്രഹരിക്കുമ്പോൾ ഉള്ളിൽ സന്തോഷത്തിച്ചിരുന്ന എൻറെ അഹങ്കാരംമെല്ലാം തണുത്തുറഞ്ഞു പോയി. തങ്ങളുടെ സൃഷ്ടാവിന്റെ പ്രാണവേദനയിൽ പ്രകൃതിപോലും നടുങ്ങി വിറങ്ങലിച്ചു നിൽക്കുന്നത് ഞാനറിഞ്ഞു ..ഒരു മനുഷ്യന് താങ്ങാവുന്നതിലധികം വേദന അനുഭവിച്ച് ആ നസ്രായനായ .. ലോക രക്ഷിതാവായ കർത്താവ് ഒരു അധർമ്മിയെപ്പോലെ ക്രൂശിക്കപ്പെട്ടു എന്നറിഞ്ഞ ഞാൻ ഒറ്റയ്ക്ക് തേങ്ങിക്കരഞ്ഞു …..
“യിസ്രായേലിന് ന്യായാധിപതിയെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു”.. എന്ന് മീഖാപ്രവാചകന്റെ പ്രവചനം എന്നിലൂടെ നിറവേറുകയായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു!!!!

പ്രിയ ജനമേ നമ്മുടെ പ്രിയ കർത്താവ് പാടുകൾ സഹിച്ച് നമുക്ക് വേണ്ടി ജീവനെ തന്നത് പകരം നമുക്ക് നിത്യജീവനും നിത്യസന്തോഷവും നൽകുന്നതിന് വേണ്ടിയാണ്. ഇത്ര വലിയ രക്ഷയെ നിങ്ങൾ അഗണ്യമാക്കരുതേ ….
ആ സ്നേഹത്തിൻറെ നീളവും വീതിയും ആഴവും ഉയരവും ആർക്ക് അളക്കുവാൻ കഴിയും?? ആ പ്രാണനാഥന്റെ സ്നേഹത്തിൻ ആഴത്തിൽ നമുക്ക് നിമഗ്നരായിത്തീരാം…
ആ സ്നേഹത്തിൽ നിന്നുംവേർതിരിക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്ന് ഏറ്റുപറയാം..” അത് ഞാൻ വേഗം വരുന്നു …”എന്ന് അരുളിച്ചെയ്ത അരുമനാഥൻ വാനിൽ വെളിപ്പെടാൻ കാലമായി :നമുക്ക് അവന്റെ വരവിനായി ഒരുങ്ങാം.

പ്രൈയ്‌സി ബ്ലെസ്സൺ

-ADVERTISEMENT-

You might also like