ഭാവന: കർത്താവിന് ഇവയെ കൊണ്ട് ആവശ്യം | പ്രൈസി ബ്ലെസ്സണ്‍

ഞാൻ ആദ്യമായി എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ .
നിങ്ങൾക്കെല്ലാവർക്കും എന്നെ ചെറുപ്പം മുതൽ അറിയാം.
കുട്ടിക്കാലത്ത് പല സാറുമ്മാരും കുട്ടികളോട് സ്നേഹം കൂടുമ്പോൾ ചെവിക്ക് പിടിച്ച് എൻറെ പേര് വിളിക്കാറുണ്ട്എന്ന് ഞാൻ കേട്ടിട്ടുണ്ട്.അതിൽ എനിക്ക് വളരെ അഭിമാനവും ഉണ്ട് ..അത് മാത്രമല്ല ഞങ്ങളുടെ മുതുമുത്തച്ഛൻ മാർ പേരുകേട്ട സംഗീതജ്ഞരാണ്. നിങ്ങൾക്ക് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പഴയ ബാലരമയും കഥാപുസ്തകങ്ങളും ഒക്കെ ഒന്ന് പരിശോധിച്ചാൽ മതി. പക്ഷേ അതൊക്കെ ഈ അപശ്രുതി പാടുന്നവരെ ഉദ്ദേശിച്ചാണ് എന്ന് മാത്രം ..,അത് ഞങ്ങളുടെ പാട്ടിനോടുള്ള അസൂയ കൊണ്ടാണെന്നാണ് ഒരു വകയിലെ ബന്ധു കഴിഞ്ഞദിവസം പറഞ്ഞത്. വേറെയും ചില പ്രത്യേകതകൾ ഞങ്ങൾക്കുണ്ട്. മനുഷ്യരുടെ ഭാരമുള്ള സാധനങ്ങൾ ചുമക്കാൻ ഞങ്ങളെയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല മനുഷ്യരെ തന്നെ ചുമക്കുന്ന വാഹനങ്ങൾ ആയും ഞങ്ങൾ ഉപയോഗപ്പെടുന്നുണ്ട് .

Download Our Android App | iOS App

അങ്ങനെ ഒരുപാട് നന്മകൾ മറ്റുള്ളവർക്ക് ഞങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങളെ കുറിച്ച് പറയുന്നത് ഒന്നിനും കൊള്ളാത്തവർ , മണ്ടൻ,ഒന്നിനും കഴിവില്ലാത്തവർ എന്നൊക്കെയാണ് എന്നോർക്കുമ്പോൾ പലപ്പോഴും ഞങ്ങൾ ഏങ്ങിയേങ്ങി കരയാറുണ്ട്.
അതിന് കാരണവുമുണ്ട് ഒരുപാട് വർഷങ്ങൾക്ക് മുൻപ് നടന്ന കഥയാണ്…
ഒരു പക്ഷേ നിങ്ങളും അത് കേട്ടിട്ടുണ്ടാവും. പണ്ടൊരിക്കൽ ഒരു ഉപ്പുകച്ചവടക്കാരന്റെ വീട്ടിൽ എന്റെ ഒരു മുതുമുത്തച്ഛൻ ജോലി ചെയ്തിരുന്നു .തൻറെ പുറത്തുകയറ്റിയ ഉപ്പു ചാക്കിന്റെ ഭാരം കുറയ്ക്കാൻ സ്ഥിരമായി കച്ചവടത്തിന് പോകുന്ന വഴിയിലുള്ള നദിയിൽ നിന്നും വെള്ളം കുടിക്കാൻ യജമാനൻ ഇറക്കുമ്പോൾ അദ്ദേഹം കാണാതെ ആ വെള്ളത്തിൽ മുങ്ങുമായിരുന്നു.
പുറത്തു കയറ്റിയ ചാക്കിൽ വെള്ളം കയറുമ്പോൾ അതിൽ കുറെ ഉപ്പ് അലിഞ്ഞുപോകും .. സ്ഥിരമായി ഉപ്പിന്റെ അളവ് കുറയുന്നത് ശ്രദ്ധിച്ച യജമാനൻ ഒരിക്കൽ ഈ വിദ്യ കണ്ടുപിടിച്ചു. അടുത്ത ദിവസം ഉപ്പുചാക്കിനോടൊപ്പം ഒരു ചാക്ക് പഞ്ഞി കൂടി വച്ചുകൊടുത്തു. ഇതറിയാതെ എൻറെ മണ്ടൻ മുത്തച്ഛൻ വെള്ളത്തിൽ മുങ്ങി പഞ്ഞിയിൽ വെള്ളം കയറി ..അവസാനം ഭാരം കൂടി നടുവൊടിഞ്ഞ കഥ നിങ്ങൾ കേട്ടിട്ടുണ്ടാകും. അന്നുമുതലാണ് മണ്ടൻ എന്ന പേര് പാരമ്പര്യമായി കിട്ടിയത് എന്നാണ് പറയുന്നത്.എന്ത് പറയാനാ .. പേരുദോഷം കേൾപ്പിക്കാൻ എല്ലായിടത്തും ഉണ്ടല്ലോ ഏതെങ്കിലും ഒരെണ്ണം.
ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾക്ക് ആഹ്ലാദം തരുന്ന മറ്റൊരു കാര്യമുണ്ട് .ദൈവവചനത്തിൽ ഞങ്ങളെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. ചില ഉന്നതമായ നിയോഗങ്ങൾക്കു സർവ്വശക്തനായ ദൈവം ഞങ്ങളെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. ഉല്പത്തി പുസ്തകത്തിൽ അബ്രഹാം അപ്പച്ചൻറെ വീട്ടിൽ ഞങ്ങൾ ഉണ്ടായിരുന്നുവെന്ന് വചനത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ആട്ടിൻ കുട്ടിയെ കൊണ്ട് ഞങ്ങളിൽ ഉള്ള കടിഞ്ഞൂലിനെ വീണ്ടുകൊള്ളണമെന്ന് സംഖ്യാ പുസ്തകത്തിൽ പറയുന്നുണ്ട്. പണ്ടൊരിക്കൽ യഹൂദയിൽ നിന്നു വന്ന ദൈവപുരുഷനെ സിംഹം കടിച്ചുകീറി കൊന്നു കളഞ്ഞിട്ടും തന്റെ യജമാനനെ ഉപേക്ഷിച്ച് പോകാഞ്ഞ എൻറെ ഒരു ബന്ധുവിനെ ഓർത്ത് എന്റെ ഹൃദയം അഭിമാനംകൊള്ളാറുണ്ട്. അത്രയ്ക്കും യജമാന ഭക്തി ഉള്ളവരാണ് ഞങ്ങൾ ..അതായിരിക്കും ഞങ്ങളെ കുറിച്ച് യെശയ്യാവിന്റെ പുസ്തത്തിൽ പറയുന്നത് “തന്റെ യജമാനന്റെ പുൽതൊട്ടിയെ അറിയുന്ന മൃഗം” എന്ന്..

post watermark60x60

പിന്നൊരിക്കൽ വേറൊരു സംഭവം ഉണ്ടായി ദൈവത്തിൻറെ ജനമായ യിസ്രായേലിനെ ശപിക്കാൻ ബാലാക് വിളിച്ചപ്പോൾ അവിടേക്ക് പോകുവാൻ ബിലെയാം വാഹന മൃഗമായി തിരഞ്ഞെടുത്തത് എന്നെയാണ് .അങ്ങനെ ഞങ്ങൾ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടത്തിലേക്കുള്ള വഴിയിൽഎത്തി. പെട്ടെന്ന് ഞാൻ കണ്ട കാഴ്ച !! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..!!
ഒരു ഭയങ്കര ദൈവദൂതൻ!!! കയ്യിൽ മിന്നുന്ന വാൾ ..!!ഞങ്ങളുടെ വഴിതടഞ്ഞു നിൽക്കുന്നു!! ആ കാഴ്ച കണ്ട് എൻറെ കണ്ണുകൾ മിഞ്ചി പോയി ..എൻറെ സമനിലതെറ്റുന്നത് പോലെ തോന്നി.. ഭ്രാന്തനെപ്പോലെ ഞാൻ ഓടി..
അടുത്തുള്ള വയലിലേക്ക് .. എൻറെ മുകളിൽ ഇരിക്കുന്ന ബിലെയാംഉണ്ടോ ഇതു വല്ലതും അറിയുന്നു.. അയാൾ എന്നെ തലങ്ങും വിലങ്ങും തല്ലി.. മുന്നോട്ടുപോയാൽ ദൂതൻ വെട്ടിക്കൊല്ലും !പുറകോട്ട് പോയാൽ ഈ ദുഷ്ടൻ എന്നെ തല്ലിക്കൊല്ലും.! ഞാൻ ധർമസങ്കടത്തിലായി. അവസാനം ഒരു വഴിയേ ഞാൻ കണ്ടുള്ളൂ.. ആ വഴിയിൽ തന്നെ നിലത്തോട്ടങ്ങ് കിടന്നു കളഞ്ഞു..
ആ പരമ ദുഷ്ടൻ അവിടെ ഇട്ട് എന്നെ പിന്നെയും തല്ലിച്ചതച്ചു. എൻറെ നിലവിളി കണ്ട് ആണെന്ന് തോന്നുന്നു. അപ്പോൾ ദൈവം എന്റെ വായ്തുറന്നു .അങ്ങനെ മനുഷ്യനോട് സംസാരിച്ച ഒരു മൃഗം എന്ന് അന്ന് മുതൽ എനിക്ക് പേര് ലഭിച്ചു .ഇപ്പോൾ മനസ്സിലായില്ലേ ഞാൻ അത്ര കുറഞ്ഞ പുള്ളി ഒന്നുമല്ലെന്ന് .

എന്നാൽ ഇതൊന്നുമല്ല ഇതിനേക്കാളേറെ ഒരു വലിയ അത്ഭുതം എൻറെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് .. ഇപ്പോഴും ആ നിമിഷങ്ങൾ ഓർക്കുമ്പോൾ സന്തോഷം കൊണ്ട് എൻറെ ഹൃദയം പൊട്ടി പോകുമോ എന്ന് ഞാൻ ചിന്തിക്കുന്നു.അത്ര വിശേഷപ്പെട്ട ദിവസമായിരുന്നു അന്ന് ഞാൻ അന്ന് ചെറിയ കുട്ടിയായിരുന്നു . യെരുശലേമിലെ ഗ്രാമത്തിൽ ഒരു വീട്ടിലെ ജോലിക്കാരി ആയിരുന്നു എൻറെ അമ്മ . ഒരുപാട് ജോലി ഭാരങ്ങളും പീഡനങ്ങളും നിന്ദകളും ഏറ്റു പലപ്പോഴും ദുഃഖിതയായിരുന്നു എൻറെ അമ്മ .എന്നാൽ എൻറെ മുഖം കാണുമ്പോൾ ആ ദുഃഖങ്ങൾ എല്ലാം
മറക്കുമായിരുന്നു.. ഒരിക്കൽ ജോലിയൊക്കെ കഴിഞ്ഞു ഞങ്ങൾ സന്തോഷത്തോടെ നിൽക്കുകയായിരുന്നു..പെട്ടെന്ന് രണ്ടുപേർ വന്ന് എൻറെ അമ്മയുടെ കെട്ടഴിക്കുന്നത് ഞാൻ കണ്ടു!!. ഞാൻ ഭയത്തോടെ അലറിക്കരഞ്ഞു .എൻറെ കരച്ചിൽ കണ്ടിട്ടാണോ എന്നറിയില്ല, ആ മനുഷ്യർ എന്നെയും അവരോടൊപ്പം കൂട്ടി. പോയ വഴിക്ക് ആരൊക്കെയോ ഞങ്ങളെക്കുറിച്ച് ചോദിക്കുന്നത് കേട്ടു . “എന്നാൽ കർത്താവിന് ഇവയെ കൊണ്ട് ആവശ്യം” എന്ന് അവർ മറുപടി പറഞ്ഞു .ഈ കർത്താവ് ആരാണ്?!! ഞങ്ങൾക്കൊന്നും മനസ്സിലായില്ല .ഇനി വരാൻ പോകുന്ന ദുരന്തങ്ങൾ എന്തൊക്കെയായിരിക്കും ..?എന്ന ഭീതിയോടെ ഞങ്ങൾ അവർക്കൊപ്പം നടന്നു …
എന്നാൽ ഞങ്ങൾ ചെന്നപ്പോൾ ചിലർ വന്ന് സന്തോഷത്തോടെ തങ്ങളുടെ മനോഹരമായ വസ്ത്രങ്ങൾ ഞങ്ങളുടെ മേൽ ഇട്ടു . അപ്പോൾ മറ്റൊന്നുകൂടി സംഭവിച്ചു!! ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത സുമുഖനായ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് മെല്ലെ കടന്നുവന്നു .. സൗമ്യനായ് ഞങ്ങളുടെ കണ്ണുകളിലേക്ക് നോക്കി ….!!! ഹൊ!!!!
ആ നോട്ടം ഇപ്പോഴും ചിന്തിക്കാൻ കഴിയുന്നില്ല.!! എന്തൊരു തേജസ് !!എന്തൊരു പ്രഭയാണാ മുഖത്ത് !!!!
ആ നിമിഷം അതുവരെ ഉണ്ടായിരുന്ന മനസ്സിലെ ഭീതികൾ എല്ലാം ഒരു നിമിഷം കൊണ്ട് എങ്ങോ മാഞ്ഞുപോയി…! ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനവും സന്തോഷവും എന്നിലേക്ക് നിറയുന്നു..! എന്താണ് ഇങ്ങനെ ??ഒന്നും മനസ്സിലാവുന്നില്ല??
ആ വ്യക്തി ഞങ്ങളുടെ ചുമലിൽ കയറിയിരുന്നു.. പിന്നെ സംഭവിച്ചതൊക്കെയും ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു !!!!അത്രയും നാൾ ഞങ്ങളെ തല്ലിയവർ .. ഒന്നിനും കൊള്ളാത്തവർ എന്ന് വിളിച്ചവർ.. ഞങ്ങൾ നടക്കുന്ന വഴിയിൽ അവരുടെ വസ്ത്രം വിരിച്ച് ഞങ്ങൾക്ക് പാത ഒരുക്കുന്നു!! ഭംഗിയുള്ള കൊമ്പുകൾ നടക്കുന്ന വഴിയിൽ വിതറുന്നു !! ആനന്ദത്താൽ നൃത്തം ചെയ്യുന്ന കുട്ടികൾ …സന്തോഷാശ്രുക്കൾ പൊഴിക്കുന്ന അമ്മമാർ …അവിടെയെല്ലാം മുഴങ്ങി കേട്ട പുരുഷാരത്തിന്റെ ശബ്ദം ഇതാണ് “ദാവീദ് പുത്രന് ഹോശാന്ന… കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ ..അത്യുന്നതങ്ങളിൽ
ഹോശാന്ന .!!.”ഞങ്ങൾക്ക് ഞങ്ങളുടെ കാതുകളെ വിശ്വസിക്കാനായില്ല!
മൃഗങ്ങൾ ആണെങ്കിലും ഞങ്ങളും കേട്ടിട്ടുണ്ടായിരുന്നു ..പാപികളുടെ പാപം ക്ഷമിക്കുന്ന ..രോഗങ്ങൾ സൗഖ്യമാക്കുന്ന, മരിച്ചവരെ ഉയിർപ്പിക്കുന്ന ..അഗതികളെ ആശ്വസിപ്പിക്കുന്ന .. രാജാധിരാജാവാകാൻ പോകുന്ന രക്ഷിതാവായ നസ്രായനായ യേശു ക്രിസ്തുവിനെ കുറിച്ച് ..!!!സാക്ഷാൽ അത്യുന്നതനായ ദൈവത്തിൻറെ ഏകജാതനായ പുത്രനെകുറിച്ച്!!!
ആ സർവ്വലോകത്തിന്റെ ഉടയവൻ തനിക്ക് സഞ്ചരിക്കുവാൻ തിരഞ്ഞെടുത്തത് ഹീനമായ ഈ മൃഗത്തെ ആണല്ലോ …!! സന്തോഷാധിക്യത്താൽ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഇന്ന് അനേകം വേദികളിൽ ദൈവദാസന്മാർ ഇത് പ്രസംഗിക്കുമ്പോൾ അവിടെയെല്ലാം എന്റെ പേരും മുഴങ്ങിക്കേൾക്കാറുണ്ട്… ഒരു ഗാനശകലം ഇവിടെ കുറിക്കട്ടെ …
“ആർക്കും ഒട്ടും വേണ്ടാത്ത കഴുത ഞാൻ
അഭയമില്ലാതിരുന്ന കഴുത ഞാൻ
ഇരുവഴിയിൻ കവലയിൽ കെട്ടപ്പെട്ട കഴുത ഞാൻ
ആരുമെന്നെ തേടാത്ത കഴുത ഞാൻ…
യേശു എന്നെ തെരഞ്ഞെടുത്തല്ലോ ..
രക്തത്താൽ വീണ്ടെടുത്തല്ലോ..
യേശുവിനെ ചുമപ്പതാൽ നീചനായ ഞാനും കൂടെ
യേശുവിൻ മഹത്വമെന്നും പ്രാപിച്ചീടുമെ…”

പ്രിയ ദൈവമക്കളെ നാം പലപ്പോഴും നമ്മുടെ പോരായ്മകൾ , താഴ്ചകൾ കഷ്ടതകൾ ഇവയെല്ലാം ഓർത്ത് പലപ്പോഴും ഭാരപ്പെടുന്നവരായിരിക്കാം. ഈ ലോകത്തിൽ നാം മറ്റുള്ളവരാൽ നിന്ദിക്കപ്പെട്ടേക്കാം ..പിന്തള്ളപ്പെട്ടേക്കാം. എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മിൽ വാഹനം ഏറിയാൽ നമ്മുടെ ജീവിതത്തിന്റെ അവസ്ഥയ്ക്ക് മാറ്റം വരും. ദൈവവചനത്തിൽ നാം കാണുന്നു.
1കൊരി.1:27″ ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ഭോഷത്വമായത് തെരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ബലഹീനമായത് തെരഞ്ഞെടുത്തു . ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തെരഞ്ഞെടുത്തു..”നമ്മുടെ ജീവിതത്തിലെ കുറവുകൾ ഏറ്റു പറഞ്ഞ് നാം ഏതുമില്ലായെന്ന് സമ്മതിച്ച് താഴ്മയോടെ ദൈവസന്നിധിലേക്ക് അടുത്തു ചെയ്യുന്നുവെങ്കിൽ അവസാനത്തോളം അനിന്ദ്യനായ് കാക്കുവാൻ ദൈവം ശക്തനാണ്. കർത്താവിന്റെ വരവേറ്റം അടുത്തിരിക്കുന്നു… പ്രത്യാശയോടെ നമുക്ക് ഒരുങ്ങി കാത്തിരിക്കാം ..

-ADVERTISEMENT-

You might also like
Comments
Loading...