ഭാവന: എന്റെ പ്രീയ മക്കൾക്ക്‌ | മിഥുല രാജു

നമ്മുടെ കർത്താവായ യേശു ക്രിസ്തു സ്വർഗത്തിൽ നിന്നും ഭൂമിയിലുള്ള അവശേഷിക്കുന്ന വിശുദ്ധന്മാർക്കു ഒരു കത്ത് ഇപ്പോൾ എഴുതിയാൽ എങ്ങനെ
ഉണ്ടാകും എന്നു എന്റെ ഭാവനയിൽ……

എന്റെ പ്രീയ കുഞ്ഞുങ്ങൾക്ക്, ഇപ്പോൾ ഇങ്ങനെ ഒരു കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ലോകം വല്ലാത്ത രീതിയിൽ അധപ്പതിച്ചു പോകുന്നതായി കാണുന്നതുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിൽ നിന്നും തെറ്റിപ്പോകാതിരിപ്പാനും നിങ്ങളെ വചനത്തിൽ ഉറപ്പിക്കാനുമായിട്ടാണ്.

ഞാൻ സൃഷ്‌ടിച്ച ലോകം പുരോഗതിയിലേക്കു പോകുന്നു എന്നു മനുഷ്യൻ പറയുമ്പോൾ തന്നെ എന്റെ വചനത്തിലും വാ മൊഴിയായി ഞാൻ അരുളിച്ചെയ്തതുമായ ഓരോ സംഭവങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യൻ ചന്ദ്രനിൽ കൂടു കൂട്ടുവാനും മരണത്തെ തോൽപ്പിക്കാനും പരീക്ഷണങ്ങൾ നടത്തുമ്പോൾ, എന്റെ കുഞ്ഞുങ്ങളെ ഇതാ ഞാൻ വാതിൽക്കൽ. ആകയാൽ സൂക്ഷിച്ചു കൊൾവിൻ. ഇതു ദുഷ്കാലമാകയാൽ നിങ്ങളുടെ സമയം തക്കത്തിനുപയോഗിപ്പിൻ.

എന്റെ മക്കൾ എന്നു പേരുള്ള വിശ്വാസികളുടെ വിശ്വാസം പോലും തണുത്തു പോകുന്നതായിട്ടാണ് എനിക്കിവിടെ നിന്നും കാണുവാൻ സാധിക്കുന്നത്. അനേകരും മടുത്തു പോയിരിക്കുന്നു. എന്നെ കണ്ടെത്തിയ നാളുകളിലെ സ്നേഹവും ആത്മാർഥതയും ഒക്കെ പലരിലും നഷ്ടമായിരിക്കുന്നു. അനേകർ എന്നെ മറന്നു പണത്തിനും പദവികൾക്കും മാനത്തിനും പിന്നാലെ പായുന്നു. അനേകർ കസേരയ്ക്കു വേണ്ടി അടിയുണ്ടാക്കുന്നു. ഇനി ചിലരാകട്ടെ എന്റെ നാമം ദുഷിപ്പിക്കുന്നു. മറ്റൊരു കൂട്ടർ എന്റെ നാമം വൃഥാ എടുക്കുന്നു. അനേകർ കർത്താവു ഇതൊന്നും കാണുന്നില്ല എന്നു പറഞ്ഞു പാപങ്ങളിലേക്കു വഴുതി വീഴുന്നു. ഇതിൽ ചെറിയവനെന്നോ വലിയവനെന്നോ ഇല്ല. വിശ്വാസിയെന്നോ ശുശ്രുഷകനെന്നോ വെത്യാസം ഇല്ല. സങ്കീർത്തനങ്ങൾ 14 ന്റെ 3 ഇൽ പറയും പോലെ “എല്ലാവരും വഴി തെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു. നന്മ ചെയ്യുന്നവനില്ല. ഒരുത്തൻ പോലുമില്ല ” എന്ന അവസ്ഥയിലാണ് മിക്കപേരും. ഇനി തലമുറകൾ ആകട്ടെ മറുതലിപ്പിന്റെ അവസ്ഥ, മാതാ പിതാക്കളെ അനുസരിക്കാതെ ഈ ലോകത്തിനു അനുരൂപരായി ജീവിക്കുന്നു. അവർക്കെന്നോട് ഒരു കൂട്ടായ്മയും ഇല്ല. ട്രെന്റ് കൾക്കനുസരിച്ചു ജീവിക്കാൻ ഞാൻ അവർക്കൊരു തടസ്സമാണ് പോലും.

മിക്കപേരിലും എന്നിലുള്ള ഭയവും ഭക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. തന്മൂലം കുടുംബങ്ങളിലെ ഐക്യതയും സമാധാനവും കാണാനേയില്ല ഇപ്പോൾ. വെള്ളതേച്ച ശവക്കല്ലറകളുടെ അവസ്ഥയാണ് പല കുടുംബങ്ങളിലും. ഇന്റർനെറ്റ്‌ ന്റെ ദുരുപയോഗവും സോഷ്യൽ മീഡിയ അഡിക്ഷനും എന്റെ ജനത്തെ പാപത്തിലേക്കു തള്ളിവിടുന്നു. എന്നോട് സംസാരിക്കാനോ എന്റെ വചനം വായിക്കാനോ സമയം ഇല്ല ആർക്കും. മിക്കവരും പുതിയ ഓൺലൈൻ സുഹൃത്തുക്കളെ കണ്ടുപിടിക്കുന്ന തിരക്കിലാണ്. ഇങ്ങനെയുള്ള പല അഡിക്ഷനുകളും അവിഹിത ബന്ധങ്ങളിലേക്കും അശ്ലീല സൈറ്റുകളിലേക്കും പിന്നീടത് കുടുംബത്തിലെ വിള്ളലുകളിലേക്കും ക്രിമിനൽ കുറ്റത്തിലേക്കുമൊക്കെ എത്തിക്കുന്നു. എന്റെ കുഞ്ഞുങ്ങളിൽ പലരും മദ്യത്തിനും മറ്റു ലഹരികൾക്കും അടിമകൾ ആണെന്നത് നിങ്ങളുടെ ഇടയിലും പരസ്യമായ രഹസ്യം ആണല്ലോ. വിശ്വാസികളായ എന്റെ മക്കൾ ഇങ്ങനെ ചെയ്യുമ്പോൾ അവിശ്വാസികൾ ആയ എന്റെ മക്കൾ എത്ര അധികം.

പ്രീയ കുഞ്ഞുങ്ങളെ, വളരെ മനഃപ്രയാസത്തോടെയാണ് ഞാൻ ഈ കത്ത് നിങ്ങൾക്ക് എഴുതുന്നത്. മുൻപ് എന്നെ അനുഗമിച്ചിരുന്ന പലരുടെയും തലമുറകൾ, പിതാക്കന്മാർ കഷ്ടപ്പെട്ടു, അവർ ദൈവത്തിനു കൊടുത്തു എന്നു പാരമ്പര്യം പറയുന്നതല്ലാതെ എന്നോട് യാതൊരു ആത്മാർഥ സ്നേഹവും ഭക്തിയും ഇല്ല. വെറും പ്രഹസനം മാത്രമാണ് പലരും. ഇവർ കരുതുന്നത് പിതാക്കന്മാർ കഷ്ടപ്പെട്ടതുകൊണ്ട് ഇവരെയും ഞാൻ സ്വർഗത്തിൽ കൊണ്ടുപോകുമെന്നാണ്. എന്നാൽ യെഹെസ്‌കിയെൽ 18.1 ഇൽ പറയും പോലെ “അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു, മക്കളുടെ പല്ലു പുളിച്ചു “എന്ന പഴംചൊല്ല് ഇനി പറവാൻ ഇടവരില്ല. പിതാക്കന്മാർ എനിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടേൽ ഞാൻ അവരെയും അവരുടെ തലമുറകളെയും മാനിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ പേരും പറഞ്ഞു മക്കൾ പാപം ചെയ്തിട്ടു എന്നോട് നിരക്കാതെ അപ്പന്മാരുടെ കാര്യം പറഞ്ഞുകൊണ്ടിരുന്നാൽ നിശ്ചയമാകും മക്കളോട് ഞാൻ കണക്കിടും.

ഞാൻ നിങ്ങളോട് മുൻകൂട്ടി പറഞ്ഞതുപോലെ അനേക ദൈവദാസന്മാർ എന്നുപറയുന്നവർ പോലും എന്നിലൂടെയുള്ള രക്ഷയെ ഗണ്യമാക്കാതെ അലക്ഷ്യമാക്കി വിശുദ്ധിക്കും വേർപാടിനും പ്രാർത്ഥനയ്ക്കും ഉപവാസത്തിനും പ്രാധാന്യം കൊടുക്കാതെ ന്യായവിധിയെ പറ്റിയോ എന്റെ മടങ്ങിവരവിനെ പറ്റിയോ മരണാനന്തര ജീവിതത്തെ പറ്റിയോ ജനത്തിന് ബോധ്യം വരുത്താതെ അവനവന്റെ ലാഭത്തിനു വേണ്ടി എന്നെ വെറുമൊരു മജീഷ്യൻ മാത്രം ആക്കി മാറ്റിയിരിക്കുകയാണ്. പലർക്കും അവരുടെ വയറാണ് ദൈവം. പണപ്പിരിവ് പോലെയാ ഇപ്പോൾ പല സഭകളിലെയും സ്തോത്രകാഴ്ചകൾ. ചിലർക്ക് ഞാൻ അത്ഭുതങ്ങളും രോഗ സൗഖ്യങ്ങളും പണവും വീടും കാറും മക്കളുടെ കല്യാണവുമൊക്കെ നടത്തിക്കൊടുക്കുന്ന ഒരു മാജിക്കുകാരൻ മാത്രമാണ്. എന്നെ രക്ഷകനായി വിശ്വസിച്ചു എന്റെ നാമത്തിൽ മുഴുകൽ സ്നാനമെടുത്ത ഒരു വെക്തി എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ അനുസരിച്ചു ലോകസ്നേഹത്തിൽ നിന്നു വേർപെട്ടു ജീവിക്കേണ്ടതിന്റെ ആവശ്യകത ഇവരാരും പഠിപ്പിക്കുന്നില്ല. എന്റെ രണ്ടാം വരവിനെ കുറിച്ചും ഭൂമിയിൽ ഭക്തിയോടെ ജീവിക്കുന്നവരെ മാത്രമേ വരവിൽ ചേർക്കു എന്നതും ശേഷിച്ചവർക്കായി ന്യായവിധിയും നിത്യ നരകവും കാത്തിരിക്കുന്നു എന്നതും ഇവർ പഠിപ്പിക്കുന്നില്ല. എന്നാൽ ഞാൻ അറിയിച്ചു കൊള്ളട്ടെ, ഇത്തരം ജനത്തെ തെറ്റിക്കുന്ന കള്ളപ്രവാചകർക്കു ലഭിക്കുന്ന ശിക്ഷ ഏറ്റവും ഭയങ്കരമായിരിക്കും. അതിനെപ്പറ്റി വിശദമായി മത്തായി 24 ന്റെ 23 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ എഴുതിയിട്ടുണ്ട്.കള്ളപ്രവാചകന്മാരെയും എന്റെ നാമം വൃഥാ എടുക്കുന്നവരെയും സൂക്ഷിച്ചു കൊൾവിൻ. അന്ധരെ വഴികാട്ടുന്ന കുരുടരായ ഇവർക്ക് അയ്യോ കഷ്ടം. ചെവിയുള്ളവൻ കേൾക്കട്ടെ.

ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകുമെന്ന് തീരുമാനമെടുത്ത പലരും മൂടിപ്പുതച്ചു കുടന്നുറങ്ങുകയാണ്. അനേകർ ദേവാലയങ്ങളിൽ എന്റെ വചനം പോലും ചുമന്നുകൊണ്ട് പോകാൻ മടിക്കുന്നു. പലർക്കും അതൊരു പുച്ഛമാണ്. മറ്റുചിലർക്കാകട്ടെ, മൊബൈൽ ഫോണിന്റെ തുമ്പിലാണ് ബൈബിൾ. ഒരു തോണ്ടൽ മതിയല്ലോ വാക്യങ്ങൾ തെളിയാൻ എന്നാണവരുടെ അഭിപ്രായം. രക്ഷിക്കപ്പെട്ട സമയത്ത് ഉണ്ടായിരുന്ന ആവേശം പലരിലും കാണാൻ ഇല്ല. ചിലരുടെ നോട്ടം ലോത്തിന്റെ ഭാര്യയെപ്പോലെ മറ്റുപലതിലേക്കും ആയിപ്പോയി. സൗകര്യങ്ങൾ കൂടിയപ്പോൾ പലരുടെയും ഭക്തി തണുത്തു പോയി. അനേകർ സുവിശേഷ വേലയിൽ നിന്നു പിന്മാറി. എന്റെ നാമം പരസ്യമാക്കാൻ ആളില്ലാതെയായി. സഭകളിൽ ഗ്രൂപ്പിസവും കയ്യാങ്കളിയും തൊഴുത്തിൽ കുത്തും പൊങ്ങച്ചം പറച്ചിലുമായി. പല ആരാധനാലയങ്ങളിലെ കയ്യാങ്കളി വരെ എനിക്ക് കാണേണ്ടി വന്നു. എന്റെ ആലയം പ്രാർത്ഥനാലയം എന്നത് പലരും മറന്നിരിക്കുന്നു. ഞാൻ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ പലതവണ ചാട്ടവാർ എടുക്കേണ്ടി വന്നേനെ.ഇനി സഭകളിലെ അദ്യക്ഷ സ്ഥാനത്തിനും കസേരയ്ക്കും വേണ്ടിയുള്ള അടി മറ്റൊന്ന്. ആത്മീക ആരാധനകൾ മ്യൂസിക് ഉപകരണങ്ങൾക്ക് വഴി മാറിയതോടെ പലർക്കും അവ ഇല്ലാതെ ഒരു പാട്ടുപോലും വരില്ല എന്നായി. ഇന്റർനെറ്റ്‌ ന്റെ ഉപയോഗം വർധിച്ചതോടെ വാക്കുതർക്കങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ലൈവ് ആയി. എന്നെ ആരാധിക്കാൻ ഉണ്ടാക്കിയ ആരാധനാലയങ്ങളിലെ വഴക്കുകൾ ക്ലിപ്പുകൾ ആയി പലരുടെയും ഫോണിൽ കറങ്ങാൻ തുടങ്ങി. ദൈവദാസന്മാരെയും വിശ്വാസികളെയും കുറിച്ചുള്ള പരദൂഷണങ്ങളും വിമര്ശനങ്ങളും മാത്രമേ ഇപ്പോൾ കാണാൻ ഉള്ളു എവിടെ നോക്കിയാലും. ഒരേ വായ കൊണ്ട് എന്നെ സ്തുതിക്കുകയും അതേ വായ കൊണ്ട് സഹോദരനെ പഴിക്കുകയും. കാണുന്ന സഹോദരനെ സ്നേഹിക്കാത്തവൻ എങ്ങനെ കാണാത്ത എന്നെ സ്നേഹിക്കും. എന്റെ അവസാന അത്താഴ സമയത്ത് ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു ശിഷ്യന്മാരോട് പറഞ്ഞത്,(യോഹന്നാൻ 13:34) എന്റെ മക്കൾക്ക്‌ വേണ്ടി കൂടിയാണെന്ന് ഇവർക്ക് അറിവില്ല എന്നു തോന്നുന്നു. മത്തായിയുടെ പുസ്തകം 5 ന്റെ 22 മുതൽ 24 വരെയുള്ള വാക്യങ്ങളും ഇവർക്ക് ഓർമ കാണില്ല. അതുകൊണ്ടല്ലേ സഹോദരനോട് നിരപ്പാകാതെ എന്റെ മേശയിൽ നിന്നു ഭക്ഷിക്കുന്നത്.മാത്രമോ ഈ കയ്പ്പും കൊണ്ടല്ലേ ഇവർ അന്യരെ ഉപദേശിക്കുന്നതും പ്രസംഗിക്കുന്നതും ഒക്കെ. ലേവ്യ പുസ്തകം 19 ന്റെ 17 ലും മത്തായി 18 ന്റെ 15 ലും സഹോദരനിൽ ഒരു കുറ്റം കണ്ടാൽ അല്ലെങ്കിൽ സഹോദരനുമായി തർക്കമുണ്ടായാൽ രഹസ്യത്തിൽ അതു പരിഹരിക്കാൻ പറയുന്നുണ്ട്. എന്നാൽ എന്റെ വാക്കു കേൾക്കാൻ ആർക്കു സമയം. എല്ലാം പരസ്യമാക്കി പത്തുപേരെ അറിയിച്ചു സ്വന്തം സഹോദരനെ നാറ്റിക്കാൻ ധിറുതിയല്ലേ ശുശ്രുഷകന്മാർക്കു പോലും. നിങ്ങൾ എത്ര വചനം പ്രസംഗിച്ചാലും സ്വന്തം സഹോദരനോട് ക്ഷമിക്കാഞ്ഞാൽ നിശ്ചയമായും ദൈവരാജ്യം അവകാശമാക്കുകയില്ല കേട്ടോ. മത്തായി 18 ന്റെ 35 വായിച്ചു കൊള്ളുക. മത്തായി 7 ന്റെ 22, 23 വാക്യങ്ങളും ഗ്രഹിച്ചു കൊള്ളട്ടെ. 1യോഹന്നാൻ 2 ന്റെ 9, 10,3 ന്റെ 16, 4 ന്റെ 20 എന്നിവയിലും വെക്തമായി ഞാൻ എങ്ങനെ സഹോദരങ്ങളെ സ്നേഹിച്ചു എന്നും നിങ്ങൾ അന്യോന്യം എങ്ങനെ ആയിരിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. മനം തിരിഞ്ഞു വന്നാൽ ശിക്ഷാവിധിയിൽ അകപ്പെടാതെ ഞാൻ കാത്തുകൊള്ളും. അല്ലാഞ്ഞാൽ നിങ്ങളെയും കാത്തിരിക്കുന്നത് നിത്യ നരകം ആയിരിക്കും എന്നോർത്തു കൊള്ളുക.

നിരവധി ബൈബിൾ കോളേജുകൾ കൂണുപോലെ എനിക്ക് കാണാൻ കഴിയുന്നുണ്ടെങ്കിലും പലരും ഒരു ഡിഗ്രി കോഴ്സ് പഠിക്കാൻ വേണ്ടിയുള്ള എളുപ്പ മാർഗമായി ആണു വേദപഠനത്തെ കാണുന്നത്. പലരെയും പിന്നീട് സുവിശേഷ വയലിൽ കാണുന്നില്ല. തന്മൂലം എന്റെ ജനം പിന്നേയും എന്നെ അറിയാതെ ഉഴന്നു നടക്കുന്നു. സുവിശേഷം സകല സൃഷ്ടിയോടും അറിയിക്കുക എന്ന എന്റെ ദവ്ത്യം ഏറ്റെടുത്തവർ വിരലിൽ എണ്ണാവുന്നവർ മാത്രമായി. ഉൾപ്രദേശങ്ങളിലും മറ്റും സുവിശേഷം എത്തിക്കാതെ അനേകർ സൗകര്യം നോക്കി സിറ്റികളിൽ മാത്രം ഒതുങ്ങി.

ഇതൊക്കെയാണെങ്കിലും ആത്മാർഥമായി എന്നെ സ്നേഹിക്കുകയും ഇടുവിൽ നിന്നു കരയുകയും മധ്യസ്ഥത അണക്കുകയും ചെയ്യുന്ന ചിലരെങ്കിലും ഉള്ളതിനാൽ ആണു എന്റെ കോപത്തെ സമീപിച്ചു അനേകർക്ക്‌ വീണ്ടും അവസരം കൊടുക്കുന്നതും നിലനിർത്തുന്നതും. അവർ ദേശങ്ങൾക്കു വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും ഇടവിടാതെ പ്രാർഥിച്ചു കൊണ്ടേയിരിക്കുന്നു. മടങ്ങി വരാൻ പല അവസരങ്ങൾ കിട്ടിയിട്ടും എന്റെ ജനം കൂടുതൽ എന്നിൽ നിന്നകലുന്നത് ദുഖകരമായ ഒന്നാണ്. എന്റെ ശിഷ്യന്മാരും ദൈവമക്കളും കഷ്ടപ്പെട്ടും പട്ടിണി കിടന്നും ഉപദ്രവങ്ങൾ സഹിച്ചും രക്തസാക്ഷിത്വം വരിച്ചും പടുത്തുയർത്തിയ സഭകൾ ഇന്നു അനേകർ നാമാവശേഷമാക്കുന്നതിൽ അതിയായ കോപവും സങ്കടവുമുണ്ടെനിക്ക്. ജനം മടങ്ങി വരാനും മുന്നറിയിപ്പിനുമായി നിരവധി മുന്നറിയിപ്പുകൾ പ്രകൃതിയിൽ ഞാൻ നൽകിയെങ്കിലും വെളിപ്പാട് 9 ന്റെ 21, 15 ന്റെ 9, 11 ഇൽ പറയും പോലെ ആരും തങ്ങളുടെ ദുര്മാര്ഗങ്ങളെ വിട്ടു അനുതപിച്ചില്ല.

എന്റെ ചില കുഞ്ഞുങ്ങൾ വീണ്ടും അവസരം ചോദിക്കുന്നതിനാലും എല്ലാവരുംഅനസാന്തരപ്പെട്ടു സത്യത്തിൽ നടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിനാലുമാണ് ദീർഘക്ഷമ കാണിച്ചു പിന്നേയും ഞാൻ കാത്തിരിക്കുന്നത്. എന്റെ സൃഷ്ടിയിൽ ഒരാൾ പോലും തള്ളപ്പെട്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനു വേണ്ടിയാണ് എന്റെ അവസാന തുള്ളി രക്തവും തന്നു പിശാചിന്റെ അടിമത്വത്തിൽ നിന്നു ഞാൻ നിങ്ങളെ വിലയ്ക്ക് വാങ്ങിയത്, നിങ്ങൾ വീണ്ടും അടിമ നുകത്തിൽ കുടുങ്ങിപ്പോകാൻ അല്ല. 1 പത്രോസ് 5 ന്റെ 8 ഇൽ പറയും പോലെ “നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു”. അവനു കീഴടങ്ങാതിരിപ്പാൻ ഞാൻ പിന്നേയും നിങ്ങൾക്ക് ബുദ്ധി ഉപദേശിക്കുന്നു. സമയം തക്കത്തിനുപയോഗിപ്പിൻ. ഇല്ലാഞ്ഞാൽ ഞാൻ വേഗം വരികയും നിങ്ങളെ മാനസാന്തരപ്പെട്ടു കാണാഞ്ഞാൽ വെളിപ്പാട് 2 ന്റെ 5, 16, 23 എന്നീ വാക്യങ്ങളിൽ കാണും പോലെ പ്രവർത്തിക്കും. വെളിപ്പാട് 3 ന്റെ 20, 21ഇൽ പറയും പോലെ “ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. ജയിക്കുന്നവന് ഞാൻ എന്നോട് കൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ അവസരം നൽകും. ” ഇല്ലാഞ്ഞാൽ വെളിപ്പാട് 20 ന്റെ 15 ഇൽ പറയുന്ന കത്തുന്ന തീപ്പൊയ്കയിലേക്കു തള്ളിയിടും.

കാലം അതിന്റെ അന്ത്യത്തിലേക്ക്‌ വളരെവേഗം പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ ഭൂമിയെ ഞാൻ നിത്യ നാശത്തിനായി വച്ചിരിക്കുന്നു. ഇനി ഞാൻ വരുന്നത് നിങ്ങൾ എന്നെ കണ്ടതുപോലെ ആയിരിക്കില്ല. ഇപ്പോൾ ഞാൻ നിങ്ങൾക്ക് സ്നേഹിതനും പിതാവുമൊക്കെയാണ്. ഇനി നിങ്ങൾ കാണാൻ പോകുന്നത് ന്യായം വിധിക്കുന്നവനായും ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കുന്നവൻ ആയിട്ടുമായിരിക്കും. അതിനുവേണ്ടി സ്വർഗ്ഗത്തിന്റെ മാത്രമല്ല നരകത്തിന്റെയും പണിപ്പുരയിൽ ആണു ഞാൻ.

എന്റെ വരവിന്റെ ലക്ഷണങ്ങൾ ആണു നിങ്ങൾ ഇപ്പോൾ ലോക രാജ്യങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. മത്തായി 24 ന്റെ 7, 8, 9, 29, 30 വാക്യങ്ങളിൽ അവയെപ്പറ്റി പറഞ്ഞിട്ടുണ്ട്. ലോകത്തിൽ ഇനി സമാധാനം ഉണ്ടായിരിക്കില്ല. അപ്പൻ മക്കളെയും മക്കൾ അമ്മയപ്പന്മാരെയും കൊല്ലുന്ന കാലം. അക്രമവും മോഷണവും പീഡയും ഉള്ള കാലം, എന്റെ ജനത്തിന് ക്രൂരമായ ഉപദ്രവങ്ങൾ ഏൽക്കേണ്ടി വരുന്ന കാലം. ദേവാലയങ്ങൾ ചുട്ടെരിക്കപ്പെടുന്ന കാലം. പ്രകൃതി ദുരന്തങ്ങളും മഹാ വ്യാധികളും യുദ്ധങ്ങളും ക്ഷാമങ്ങളും ഉണ്ടാകുന്ന കാലം. കോറോണയുൾപ്പടെ മാരക രോഗങ്ങൾ ഉണ്ടായി അനേകർ മരിച്ചിട്ടും ഫറവോന്റെ കാലത്തെപ്പോലെ ജനം ഹൃദയത്തെ കഠിനമാക്കി എനിക്ക് നേരെ മുഖം തിരിച്ചിരിക്കുന്നു. അവർ എന്നെ തിരിച്ചറിയുന്നില്ല. വെളിപ്പാട് 16 ന്റെ 9 ഇൽ പറയും പോലെ എന്റെ ജനം എന്നെ ദുഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതൊക്കെ എന്റെ വരവിനു മുന്നോടിയാണെന്നു അവർ തിരിച്ചറിയുന്നില്ല. കൊറോണ വന്നതോടുകൂടി ഇപ്പോൾ എല്ലാം ഓൺലൈൻ മീറ്റിംഗികളായി മാറി. പലരിലും ഭക്തി കാണുന്നില്ല, ചിലരൊക്കെ പ്രഹസനത്തിൽ ഒതുങ്ങുന്നു. അനേകരെയും പോസ്റ്റിങ്ങ്‌ ലും ഷെറിങ് ലും മാത്രമേ കാണാൻ പറ്റുന്നുള്ളു. എന്നാൽ ഞാൻ നോക്കുന്നത് നീ എത്ര പോസ്റ്റ്‌ ഷെയർ ചെയ്തു എന്നല്ല, എന്റെ വരവിനു നീ ഒരുങ്ങിയിട്ടുണ്ടോ എന്നതാണ്. എത്ര ആൾക്കാരെ എനിക്ക് വേണ്ടി നേടിയെന്നതും. ഒരു വ്യക്തിയുടെയും വാക്ചാതുര്യത്തിൽ പ്രശംസിക്കുന്നവൻ അല്ല ഞാൻ. പലരുടെയും സംസാരം കേട്ടാൽ അതു മറന്ന മട്ടാണ്.

എന്റെ പ്രീയ കുഞ്ഞുങ്ങളെ എന്റെ എല്ലാ സൃഷ്ടിയും എനിക്ക് ഒരുപോലെയാണ്. അതിൽ പ്രായ വെത്യാസം ഇല്ല. ചെറിയവനെന്നോ വലിയവനെന്നോ ഇല്ല. രാജാവെന്നോ പ്രജ എന്നോ ഇല്ല. അതിൽ ഇന്ത്യക്കാരനെന്നോ പാകിസ്താനിയെന്നോ അമേരിക്കക്കാരനെന്നോ ഇല്ല. എല്ലാവരും തുല്യരത്രെ. വിവിധ മാധ്യമങ്ങൾ വഴി സുവിശേഷം ഇന്നെല്ലായിടത്തും ലഭ്യമാണ്. എന്നാൽ ചിലയിടങ്ങളിൽ ഇതുവരെയും സുവിശേഷം എത്തിയിട്ടില്ല, അത് എത്തിക്കുക എന്നത് നിങ്ങളുടെ ഓരോരുത്തരുടെയും കടമയാണ്. ഇല്ലാഞ്ഞാൽ നിങ്ങളും ഒരു ദിവസം കണക്കു ബോധിപ്പിക്കേണ്ടി വരും. എന്റെ മക്കളിൽ ഒരാൾ പോലും നഷ്ടമാകാതെ ഇവിടെയെത്തണമെന്നും യുഗായുഗം എന്നോടൊപ്പം വസിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ കല്പനകൾ പ്രമാണിക്കാത്തവരെയും പല അവസരങ്ങൾ കിട്ടിയിട്ടും അത് അലക്ഷ്യമാക്കിയവരെയും ശിക്ഷിക്കാതെ വിടാൻ എനിക്കാകില്ല. ആകയാൽ സമയം തക്കത്തിനുപയോഗിപ്പിൻ. ഒരുപക്ഷെ ഇനിയൊരവസരം നിങ്ങൾക്ക് കിട്ടിയെന്നു വരില്ല.നശിച്ചു പോകുന്ന താല്കാലികവും ലൗകികവും ആയതിനെ വെറുത്തു നിത്യമായതിനു വേണ്ടി ഒരുങ്ങി കാത്തിരിക്കുക ഓരോ ദിവസവും. ആരെയും വിമർശിക്കാൻ അല്ല ഈ കത്ത്. നിങ്ങളുടെ ഹൃദയത്തിൽ കുത്ത് കൊണ്ട് നിനവേക്കാരെപ്പോലെ മടങ്ങി വരേണ്ടതിനാണ്. “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ. അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ. നീതിമാൻ ഇനിയും നീതി ചെയ്യട്ടെ. വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ ഞാൻ വേഗം വരുന്നു. ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്ക് തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്”. വെളിപ്പാട്( 22:11,12).

മിഥുല രാജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.