ശുഭദിന സന്ദേശം: വിരുതന്മാരും വിശുദ്ധന്മാരും |ഡോ.സാബു പോൾ

”അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി”(2ശമൂ.6:1).

ചെന്നൈയിൽ 29 പാലങ്ങളുണ്ട്. അവയിൽ പഴക്കം ചെന്ന ഒരു പാലത്തിൻ്റെ പേരായിരുന്നു ‘ബാർബേഴ്സ് ബ്രിഡ്ജ്’. ഹാമിൽട്ടൺ സായിപ്പ് പണികഴിപ്പിച്ച പാലമായതിനാൽ ‘ഹാമിൽട്ടൺ ബ്രിഡ്ജ്’ എന്നാണ് ആദ്യം ഇതറിയപ്പെട്ടിരുന്നത്. എന്നാൽ തദ്ദേശീയരായ ആളുകൾ ഇത് പറഞ്ഞ് പറഞ്ഞ് അരികും മൂലയും തേഞ്ഞ് ‘അമ്പിട്ടൻ ബ്രിഡ്ജ്’ എന്നായി. അമ്പിട്ടൻ എന്നാൽ ക്ഷുരകൻ ആണ്. ആർക്കോ തോന്നി പകുതി തമിഴും പകുതി ഇംഗ്ലീഷും ചേർത്ത് പറയുന്നതിനെക്കാൾ നല്ലത് പൂർണ്ണമായി ഇംഗ്ലീഷ് ആക്കാം. അങ്ങനെ ‘അമ്പിട്ടനെ’ക്കൂടി ആംഗലേയവൽക്കരിച്ച് ‘ബാർബേഴ്സ് ബ്രിഡ്ജ്’ എന്ന് പുനർനാമകരണം ചെയ്തു. സത്യം ക്രമേണ തമസ്ക്കരിക്കപ്പെട്ടതിന് ഇതിൽപരം തെളിവ് വേണോ….?
(ഇപ്പോൾ ഡോ.അംബേദ്കർ ബ്രിഡ്ജ് എന്നാണ് ഈ പാലം അറിയപ്പെടുന്നത്.)

ഇത്തരം ഒരവസ്ഥയാണ് ഫെലിസ്ത്യർ പിടിച്ചെടുത്ത് കൊണ്ടുപോയ യഹോവയുടെ പെട്ടകത്തിനും സംഭവിച്ചത്. പെട്ടകം ഫെലിസ്ത്യ ദേശത്തെത്തിയപ്പോൾ തങ്ങളുടെ ദൈവത്തിനും മന്ത്രവാദികൾക്കും എല്ലാം പ്രശ്നമായി എന്നു തിരിച്ചറിഞ്ഞ അവർ അക്കാര്യം ഉറപ്പിക്കാനാണ് കറവയുള്ള പശുക്കളെ കെട്ടിയ വണ്ടിയിൽ പെട്ടകം എടുത്ത് വെച്ചത്.

എന്നാൽ ഇക്കാര്യമറിഞ്ഞ ദാവീദ്
വചനം ശ്രദ്ധിക്കാതെ, ദൈവ കല്പനപ്രകാരം ചുമക്കേണ്ട പെട്ടകത്തെ കാളവണ്ടിയിൽ കൊണ്ടുവന്നപ്പോഴുണ്ടായ ദുരന്തമാണ് ഇന്നത്തെ അദ്ധ്യായം വിവരിക്കുന്നത്.

ആരാണ് വിരുതൻ….? സാമർത്ഥ്യമുള്ളവൻ, നൈപുണ്യമുള്ളവൻ, മിടുക്കൻ എന്നൊക്കെയാണ് അർത്ഥം. എന്നാൽ, ‘അവൻ ആളൊരു വിരുതനാണ്’ എന്നു പറഞ്ഞാൽ കൗശലക്കാരനാണെന്നാണ് ദ്യോതിപ്പിക്കുന്നത്.

ദാവീദ് കൊണ്ടുപോയ വിരുതൻമാരാരാണ്…?
തിരഞ്ഞെടുക്കപ്പെട്ടവർ(Chosen men) എന്നാണ് മൂലഭാഷയിൽ.
‘അനന്തരം’ എന്ന് പറഞ്ഞ് ഇന്നത്തെ വാക്യം ആരംഭിക്കുന്നു. എന്നാൽ മൂലഭാഷയിൽ ‘വീണ്ടും'(Again) എന്നാണ് കൊടുത്തിരിക്കുന്നത്.

തൊട്ടുമുമ്പുള്ള അദ്ധ്യായത്തിൽ ദാവീദ് രാജാവായി എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ അവനെതിരെ യുദ്ധത്തിനായി അണിനിരന്നതായി കാണുന്നു. അപ്പോൾ തൻ്റെ വീരന്മാരായ പടയാളികളുമായി ദാവീദ് അവരെ ജയിക്കുന്നു. വീണ്ടും അതേ വീരന്മാരായ ആളുകളുമായാണ് പെട്ടകം കൊണ്ടുവരാൻ ദാവീദ് പോകുന്നത്.

രാഷ്ട്രീയവും ആത്മീയതയും ഒരുപോലെ കാണുന്നതിൻ്റെ പ്രശ്നമാണിവിടെ വെളിപ്പെടുന്നത്. രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യേണ്ടത് വീരന്മാരായ പടയാളികളാണ്. പക്ഷേ, ആത്മീയ ശുശ്രൂഷകൾ നിർവ്വഹിക്കേണ്ടത് അതിനായി വേർതിരിക്കപ്പെട്ട ലേവ്യരാണ്.

ഇന്നത്തെ പ്രധാന പ്രശ്നവും ഇതാണ്. വിശുദ്ധൻമാർ നിർവ്വഹിക്കേണ്ട കാര്യങ്ങൾ ചെയ്യാൻ വിരുതൻമാർ നുഴഞ്ഞു കയറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ദൈവീകശാപവും സംഘട്ടനങ്ങളും സഭാതലങ്ങളിൽ സംഭവിക്കുന്നു.

അൽപ്പം വിശദമായി ചിന്തിക്കേണ്ട വിഷയമായതിനാൽ ബാക്കി അടുത്ത സന്ദേശത്തിൽ തുടരാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.