ശുഭദിന സന്ദേശം: ഈശ്ബോശേത്തും മെഫിബോശേത്തും | ഡോ.സാബു പോൾ

”…മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു”(2ശമൂ.9:11).

post watermark60x60

ആരാണ് ഈശ് ബോശേത്ത്….?
അദ്ദേഹം യിസ്രായേലിലെ രണ്ടാമത്തെ രാജാവായിരുന്നു…!
പക്ഷേ, വചന പഠിതാക്കളുടെ മനസ്സിൽ യിസ്രായേലിലെ രണ്ടാമത്തെ രാജാവ് ദാവീദാണ്.

ഈശ് ബോശേത്തിനെയും മെഫി ബോശേത്തിനെയും നമുക്ക് അടുത്ത് പഠിക്കാം.

Download Our Android App | iOS App

🔺 സാമ്യതകൾ
▪️രണ്ടു പേരും ശൗലിൻ്റെ തലമുറയിൽ പെട്ടവരാണ്.
▪️രണ്ട് പേരുകളുടെയും അവസാനം ഒരു പോലെയാണ്.
▪️മറ്റൊരു വ്യക്തിയുടെ സഹായത്താലാണ് ഇരുവരും നിലനിന്നത്.

🔻 വ്യത്യസ്തതകൾ
▪️ഒരാൾ രാജാവായി, മറ്റെയാൾ ആയില്ല.
▪️ഒരാൾ നന്ദികേട് കാണിച്ചു, മറ്റെയാൾ നന്ദിയുള്ളവൻ.
▪️ഒരാൾ കൊല്ലപ്പെട്ടു. മറ്റെയാൾ ജീവിച്ചു.
▪️ഒരാളുടെ കുടുംബം അന്യം നിന്നു പോയി, മറ്റെയാളുടെ കുടുംബത്തിന് തുടർച്ചയുണ്ടായി.

ഈശ് ബോശെത്ത്
എശ്ബാൽ എന്നൊരു പേരു കൂടി ഇദ്ദേഹത്തിനുണ്ട്(1 ദിന. 8:33, 9:39). ഈശ് ബോശേത്ത് എന്ന പേരിന്നർത്ഥം ‘ലജ്ജയുടെ പുരുഷൻ’ എന്നാണ്. ശൗലും മൂന്നു സഹോദരൻമാരും യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ 40-ാം വയസ്സിൽ രാജാവായി.

ശൗലിൻ്റെ മരണശേഷം യഹൂദാ ഗോത്രം ദാവീദിനെ അവരുടെ രാജാവാക്കിയപ്പോൾ അബ്നേരാണ് ഈശ്ബോശേത്തിനെ യിസ്രായേലിന് രാജാവാക്കിയത്. എന്നാൽ അബ്നേരിനോട് കലഹിച്ചത് മൂലം രാജസ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. സ്വന്തം പടനായകന്മാരായ ബാനാ, രേഖാബ് എന്നിവരാൽ വധിക്കപ്പെട്ടു(2ശമൂ.4:6). അങ്ങനെ ആ കുടുംബം അന്യം നിന്നുപോയി.

മെഫീബോശെത്ത്
മെരീബ്ബാൽ എന്നൊരു പേരു കൂടിയുണ്ട്(1ദിന.8:34,9:40). മെഫീബോശെത്ത് എന്നാൽ ‘ലജ്ജയുടെ വായിൽ നിന്നും’ എന്നാണ് അർത്ഥം. അഞ്ചാം വയസ്സിൽ അപ്പനായ യോനാഥാൻ മരിച്ചു. ധാത്രിയുടെ ധൃതിയിൽ താഴെ വീണ് കാൽ രണ്ടും തളർന്നു പോയി.

ആത്മമിത്രമായ യോനാഥാനുമായുള്ള ഉടമ്പടിയുടെ നിവൃത്തിയായി ശൗലിൻ്റെ ഗൃഹത്തിനുള്ളതെല്ലാം ദാവീദ് മെഫീബോശെത്തിന് നൽകി(2ശമൂ.9:9). കൂടാതെ രാജാവിൻ്റെ മേശയിങ്കൽ നിന്നും ഭക്ഷണം കഴിച്ചു പോന്നു. ശൗലിൻ്റെ കുടുംബത്തോടൊപ്പം നശിക്കാതിരിക്കാൻ രാജാവ് അവനെ സംരക്ഷിച്ചു (2ശമൂ.21:7).

പ്രിയമുള്ളവരേ, ഒരേ കുടുംബത്തിലെ രണ്ടു പേരെയാണ് നാം അടുത്ത് പഠിച്ചത്. അവിശ്വസ്തതയാൽ ശാപഗ്രസ്തമായ ശൗലിൻ്റെ കുടുംബം തകർന്നു പോയപ്പോൾ, അതേ ശാപത്തിനു കീഴിലായിരുന്ന യോനാഥാൻ്റെ വിശ്വസ്തതയാൽ അവന്റെ കുടുംബം ഉദ്ധരിക്കപ്പെട്ടു.

നമ്മുടെ വിശ്വസ്തതയ്ക്ക് വിലയുണ്ടെന്നറിയുക…
അവിശ്വസ്തൻ അധികാരിയായാലും തകർന്നു പോകും…!
വിശ്വസ്തൻ വികലാംഗനായാലും വിജയിക്കും…!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like