ബുധനാഴ്ച വരെ കനത്ത മഴ തുടരും, ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, അണക്കെട്ടുകള്‍ നിറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലും മാഹിയിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കും. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. എട്ട് അണക്കെട്ടുകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ശക്തമായ മഴയില്‍ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പുയരുകയാണ്.

ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ ശനിയാഴ്ച നല്‍കിയിരിക്കുന്ന അറിയിപ്പ്.

മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്ബ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ ഇന്ന് മുതല്‍ ബുധനാഴ്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായും മുന്നിറിയിപ്പുണ്ട്.

ഇന്നത്തെ വിവിധ ജില്ലകളിലെ അലര്‍ട്ട് വിവരങ്ങള്‍ ഇങ്ങനെയാണ്:

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്ന് തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡിഷ തീരത്ത് ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പക്ഷേ, ഇത് കേരളത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കില്ല. കേരളാതീരത്ത് കാറ്റിന്‍റെ വേഗം 60 കി.മീ. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു

ശക്തമായ മഴ തുടരുന്നതിനാല്‍ കേരളത്തിലെ അണക്കെട്ടുകള്‍ നിറയുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയായി. 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കും. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2361 അടിയായി. സംഭരണ ശേഷിയുടെ 67 ശതമാനമാണിത്. നെയ്യാര്‍ ഡാമിന്‍റെ 4 ഷട്ടറുകള്‍ തുറന്നു. പേപ്പാറ ഡാമും തുറന്നു. മൂഴിയാര്‍ അണക്കെട്ടിന്‍റെയും മണിയാര്‍ സംഭരണിയുടെയും സ്പില്‍വേ തുറന്നു. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകള്‍ തുറന്നു. വാളയാര്‍ ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടര്‍ന്നാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും.

പമ്ബ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 983.05 മീറ്ററാണ് ജലനിരപ്പ്. അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറന്ന് വിടുന്നതിന് മുമ്ബായുള്ള രണ്ടാമത്തെ അലര്‍ട്ടാണ് ഇത്. ഇന്നലെ 982 മീറ്ററിലെത്തിയപ്പോ‌ള്‍ നീല അലര്‍ര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 984.50 മീറ്റ‌ര്‍ എത്തുമ്ബോഴാണ് ചുവപ്പ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ജലനിരപ്പ് 985ല്‍ എത്തിയാല്‍ അണക്കെട്ട് തുറന്നുവിടും. അങ്ങനെയെങ്കില്‍ പമ്ബയിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും. നദികളുടെ ഇരുകരകളിലും ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടകരമായ സാഹചര്യത്തിലുളളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘവും കൊല്ലത്ത് നിന്നുള്ള 30 മത്സ്യത്തൊഴിലാളികളും എത്തിയിട്ടുണ്ട്.

കുട്ടനാട്ടില്‍ മടവീഴ്ച, കോട്ടയത്ത് വീടുകളില്‍ വെള്ളം കയറി

മധ്യകേരളത്തില്‍ ഇന്ന് ഇടുക്കിയില്‍ മാത്രമാണ് റെഡ് അലര്‍ട്ട്. എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. ആലുവയില്‍ മഴ നിര്‍ത്താതെ പെയ്യുന്നുണ്ടെങ്കിലും പുഴയിലെ ജലനിരപ്പ് കുറഞ്ഞു. കുട്ടനാട്ടിലും, ചെങ്ങന്നൂരിലും ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്യാമ്ബുകള്‍ തുറക്കും. മടവീഴ്ചയുണ്ടായ കൈനകരി വലിയ തുരുത്ത് പാടശേഖരത്തിലെയും, വടക്കേ വാവക്കാട് പാടശേഖരത്തിലെയും കുടുംബങ്ങളെയും ക്യാമ്ബിലേയ്ക്ക് മാറ്റും. 312 ഏക്കറിലെ കൃഷി നശിച്ചു. കടലാക്രമണം രൂക്ഷമായാല്‍ ആലപ്പുഴയുടെ തീരമേഖലയില്‍ കൂടുതല്‍ ക്യാമ്ബുകള്‍ സജ്ജീകരിച്ച്‌ ആളുകളെ മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന്‍റെ ഭീതി നിലനില്‍ക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘവും ജില്ലയില്‍ എത്തി. കോട്ടയം ജില്ലയില്‍ ഇതുവരെ 132 ക്യാമ്ബുകളിലായി 3232 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

റെഡ് അലര്‍ട്ടുള്ള വയനാട്ടില്‍ മഴക്ക് ശമനമില്ല. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചവരുടെ എണ്ണം 4206 ആയി. മൂന്ന് താലൂക്കുകളിലായി 79 ക്യാംപുകളാണുള്ളത്. ആദിവാസി വിഭാഗത്തില്‍ പെടുന്ന 2332 ആളുകളും ക്യാംപുകളിലുണ്ട്. ജില്ലയില്‍ പല സ്ഥലത്തും മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്.

പത്തനംതിട്ട ജില്ലയില്‍ രാത്രിയില്‍ കനത്ത മഴയാണ് പെയ്തത്. പാലക്കാട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. 115. 5 മി.മീ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലമ്ബുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നു വിടാന്‍ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. ജില്ലയില്‍ നിലവില്‍ എട്ട് ദുരിതാശ്വാസ ക്യാമ്ബുകളിലായി 196 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. മണ്ണാര്‍ക്കാട് താലൂക്കില്‍ ഏഴും ആലത്തൂര്‍ താലൂക്കില്‍ ഒരു ക്യാമ്ബുമാണ് തുറന്നത്. മലയോര മേഖലകളില്‍ കനത്ത മഴ തുടര്‍ന്നാല്‍ കൂടുതല്‍ ക്യാമ്ബുകള്‍ ഒരുക്കും. ഭവാനി, ഭാരതപ്പുഴ, ശിരുവാണി പുഴകളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

റെഡ് അലര്‍ട്ട് ഉള്ള കണ്ണൂരിലെ മലയോര മേഖലയില്‍ മഴ തുടരുകയാണ്. പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. ഇതുവരെ 1500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശ്രീകണ്ഠപുരം ടൗണിലെ അഞ്ഞൂറ് കടകളില്‍ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്ബുകള്‍ തയ്യാറാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകാന്‍ റവന്യൂ സെക്രട്ടറി നിര്‍ദ്ദേശിച്ചു. അവധിയിലുള്ള ഉദ്യോഗസ്ഥര്‍ അവധി റദ്ദാക്കി ജോലിക്ക് ഹാജരാകണം. കൊവിഡ് ഡ്യൂട്ടിയില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ജോലിയിലേക്ക് വിന്യസിക്കാനും, മറ്റ് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനും റവന്യൂ സെക്രട്ടറി ഉത്തരവിറക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.