ഭാവന: മരണമണി മുഴങ്ങിയപ്പോൾ | ദീനാ ജെയിംസ്, ആഗ്ര

ഭാര്യയുടെയുംമക്കളുടെയും ഉച്ചത്തിലുള്ളനിലവിളി സോബിച്ചന്റെകാതുകളിൽഅലയടിച്ചു.ആറുവയസുകാരൻ ഇളയമകൻ എഡ്‌വിൻ തന്റെ കാലുകളിൽ കെട്ടിപിടിച്ചു കരയുന്ന ദൃശ്യം അദ്ദേഹത്തിന്റെ ഹൃദയം ഭേദിക്കുന്നതായിരുന്നു. തന്റെമരണംസംഭവിച്ചിരിക്കുന്നു എന്ന നഗ്നസത്യം തിരിച്ചറിയാൻഅധികസമയംവേണ്ടിവന്നില്ല. ദൈവമേ, ഇത്ര പെട്ടന്ന് നീയെന്നെ വിളിച്ചോ? സോബിച്ചന്റെ ഉള്ളിൽ നിന്നും ചോദ്യമുണർന്നു. നിമിഷങ്ങൾക്കുള്ളിൽ വലിയ ആൾകൂട്ടം വീട്ടുമുറ്റത്ത്. എല്ലാവരും മാസ്ക് ധരിച്ചിരിക്കു ന്നതിനാൽ പെട്ടന്ന് ആരെയും തിരിച്ചറിയാൻസാധിക്കുന്നില്ല. ആരോ പറയുന്നു :അറ്റാക്ക് ആയിരുന്നു. എന്റെ കർത്താവേ, ഇത്രയും ആരോഗ്യവാനായിരുന്ന എനിക്ക് അറ്റാക്ക് വന്നെന്നോ? ആരോഗ്യം കാത്തുസൂക്ഷിക്കാൻ എന്തെല്ലാം ചെയ്തിരുന്നു ഞാൻ… എന്നിട്ടും എനിക്ക്… അദ്ദേഹമോർത്തു. അതാ, തന്റെ പെങ്ങളെ ആരൊക്കയോ ചേർന്ന് പിടിച്ചുകൊണ്ടു വരുന്നു. അവളുടെ കരച്ചിൽ കണ്ട സോബിച്ചന് ദുഃഖം താങ്ങാനായില്ല. ഇത്രയും പെട്ടന്ന് വേണ്ടായിരുന്നു കർത്താവേ.. എന്റെ ഭാര്യയ്ക്കും മക്കൾക്കും ഇനി ആരുണ്ട്? അവർക്ക് എന്റെ വേർപാട് താങ്ങാൻ കഴിയില്ല. അല്പം ദയ എന്നോട് കാണിച്ചില്ലല്ലോ ദൈവമേ… നിന്റെ മുൻപിൽ ഞാൻ പാപി ആയിരുന്നു സത്യം.. എന്നാലും അനേക നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടല്ലോ.. അതൊന്നും ഓർത്തില്ല ല്ലോ നീ.. പ്രളയം വന്നപ്പോൾ അനേകർക്ക് സഹായഹസ്തവുമായി ഓടിനടന്നു. കോവിഡ് തുടങ്ങിയതുമുതൽ എന്തെല്ലാം സഹായം ചെയ്തു പാവങ്ങൾക്ക് വേണ്ടി… തന്റെ പരാതിയുടെ കെട്ടഴിച്ചു സോബിച്ചൻ. ആരോ ചെവിയിൽ മന്ത്രിക്കുന്നപോലെ “നിങ്ങളുടെ നീതിപ്രവർത്തികൾ കറ പുരണ്ട തുണി പോലെ… “ഭാര്യയുടെ അലമുറയിട്ടുള്ള നിലവിളി കാതുകളിൽ മുഴങ്ങുന്നു. സോബിച്ചൻ വിതുമ്പി, കണ്ണുകൾഈറനണിഞ്ഞു. പാട്ടിന്റെ ശബ്ദം ഉയർന്നു :സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയുന്നു…. നിരവധി തവണ ഈ വരികൾകേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഹൃദയത്തെ സ്പർശിച്ചത്. ഞാൻ സ്വർഗത്തിൽ എത്തുമോ? ഒരുറപ്പുമില്ല. അവൾ എപ്പോഴും പറയുമായിരുന്നു ഇന്ന് നാം മരിച്ചാൽ അല്ലെങ്കിൽ കർത്താവ് വന്നാൽ സ്വർഗത്തിൽ നമ്മൾ എല്ലാവരും കാണണമെന്ന്. അന്നൊക്കെ ചിരിച്ചുതള്ളി :സ്വർഗവും നരകവും ഭൂമിയിൽ തന്നെ ആണെന്ന് പുലമ്പി… ഇപ്പോളിതാ ആ സമയവും വന്നിരിക്കുന്നു. ദൈവമേ, ഒരവസരം കൂടി എനിക്ക് തന്നാൽ….സോബിച്ചൻ ഓർത്തു.

തന്റെ ശരീരം മോർച്ചറിയിലേക്ക് മാറ്റുന്ന തിന്റെ ക്രമീകരണങ്ങൾ നടക്കുന്നു. അമ്മാച്ചൻമാരിലൊരാൾ ഭാര്യയോട് പറയുന്നു :നാളെത്തന്നെ അടക്കം നടത്താം. പ്രത്യേകിച്ച് ആരും വരാൻ ഇല്ലല്ലോ. കണ്ണുനീർ തുടച്ചുകൊണ്ട് സമ്മതംമൂളുന്ന ഭാര്യയെ കണ്ടപ്പോൾ സോബിച്ചന് സഹിക്കാനായില്ല. ഇത്രയും നാൾ അവൾക്കും മക്കൾക്കും വേണ്ടി ജീവിച്ചു. മരിച്ചപ്പോൾ നാളെത്തന്നെ അടക്കാൻ സമ്മതിച്ചു അവൾ.. ജീവിച്ചിരുന്നപ്പോൾ എന്തൊരു സ്നേഹം ആയിരുന്നു. മരിച്ചാലും ജീവിച്ചാലും നമ്മൾ ഒരുമിച്ച് എന്ന് പറഞ്ഞിരുന്നവളാ… ഇപ്പോഴാ എനിക്ക് മനസ്സിൽ ആയത് മരിച്ചാൽ പിന്നെ ഒരു വിലയും ഇല്ലെന്നു. മോർച്ചറിയുടെ തണുത്തുവിറങ്ങലിച്ച നിശബ്ദത ഓർത്തപ്പോൾ പേടിതോന്നി. എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നു. നാവ് ചലിക്കുന്നില്ല. വല്ലാത്തൊരു വീർപ്പുമുട്ടൽ… ദൈവദാസന്മാരും സഭാ വിശ്വാസികളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് വൻ ജനാവലിയുണ്ട്. എന്നാൽ ഇവർക്കാർക്കും എന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ മരണത്തിൽ നിന്ന്… ഏതായാലും ഉറപ്പാ എനിക്ക് നരകമേ കിട്ടൂ.. അത്രയ്ക്കു പാപിയാ ഞാൻ. പശ്ചാത്താപം സോബിച്ചനിൽ… എന്തുചെയ്യാൻ.. സമയം അതിക്രമിച്ചിരിക്കുന്നു. തന്റെ മുഖത്തേക്ക് നോക്കി വിങ്ങിപ്പൊട്ടുന്ന മക്കളെ കണ്ടപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. “ഇല്ല ഞാൻ മരിക്കില്ല.. എനിക്ക് ജീവിക്കണം “സർവ്വശക്തിയുമെടുത്തു അലറിവിളിച്ചു അയാൾ. നിലവിളി കേട്ടു ഭാര്യ എഴുന്നേറ്റു ലൈറ്റ് ഇട്ട് കാര്യമന്വേഷിച്ചു. അപ്പോഴാണ് താനിതുവരെ കണ്ടത് സ്വപ്‌നമാണെന്ന്‌ ബോധ്യമായത്. രണ്ടുകരങ്ങളും സ്വർഗ്ഗത്തേക്കുയർത്തി സോബിച്ചൻ പറഞ്ഞു :കർത്താവേ, ഇനിയുള്ള ആയുസ് നിനക്കായി ജീവിക്കും… കാര്യമറിയാതെ ഭാര്യയും മക്കളും പരസ്പരം നോക്കി.

ഏതുനിമിഷവുംഎവിടെവച്ചും എങ്ങനെയും മരണം സംഭവിക്കാം. എന്നാൽ മരണത്തെ ഭയം കൂടാതെ സ്വാഗതം ചെയ്യുവാൻ കഴിയുന്നത് യഥാർത്ഥ ഭക്തന് മാത്രം. കാരണം മരണത്തിനപ്പുറം ഒരു നിത്യത തന്നെ സ്വാഗതം ചെയ്യുന്നു എന്നുള്ള ഉറപ്പ് !!!നിത്യത ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം !!!

ദീനാ ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.