ഭാവന: മത്തായിച്ചനും ലവൊദിക്ക്യ സഭയും | മെറീന രജി

“ഇന്ന് ഞായറാഴ്ചയാണല്ലോ. ഈ അച്ചായനും പിള്ളേരുമെന്താ എഴുന്നേൽക്കാത്തെ? കഴിഞ്ഞ കുറച്ചു നാളുകളായി അച്ചായൻ ഇങ്ങനെയാണ്. ആരാധനാകാര്യങ്ങളിലൊന്നും ഒരു താല്പര്യവുമില്ല.പിള്ളേരാണേൽ എന്റെ നിർബന്ധത്താൽ സൺ‌ഡേസ്കൂൾ ന് ഒക്കെ പോവാൻ താല്പര്യപെട്ടു വരികയായിരുന്നു. എന്നാൽ പിള്ളേരും ഇപ്പോ അപ്പനെ കണ്ടു പഠിച്ചു. ആരാധനയ്ക്കോ പ്രാത്ഥനയ്‌ക്കോ ഒന്നും ഒരു താല്പര്യവുമില്ല. “ആലീസിന്റെ ഈ വാക്കുകൾ കേട്ട് ഉണരുമ്പോൾ മത്തായിച്ചന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം അവൾ പറയുന്നത് ശെരിയാണ്. കുറേയേറെ ആഴ്ചകളായി താൻ ആരാധനയ്‌ക്കും കൂട്ടായ്മകൾക്കുമൊക്കെ പോയിട്ട്. പാസ്റ്ററാണെൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഭവനസന്ദർശനത്തിന് വന്നപ്പോൾ പറഞ്ഞതാണ് ആരാധനയ്‌ക്കൊക്കെ വരണമെന്ന്.എന്ത്‌ ചെയ്യാൻ, മറ്റു കാര്യങ്ങൾക്കുള്ളതുപോലെ ഒരു താല്പര്യം തോന്നുന്നില്ല ആരാധനയ്‌ക്കും കൂട്ടായ്മയ്ക്കുമൊന്നും. -മത്തായിച്ചന്റെ മനസ്സിലൂടെ ഇങ്ങനെ ഒരായിരം ചിന്തകൾ കടന്നുപോയി. ചിന്തകളാൽ മുഴുകിയിരിക്കവെയാണ് phone ring ചെയ്തത്. പതിവ് പോലെ തന്നെ സക്കറിയയുടെ call ആയിരുന്നു. എല്ലാ ഞായറാഴ്ചകളിലും പതിവ് വിളിക്കാരനാണ് സക്കറിയ. വർഷങ്ങളായുള്ള സൗഹൃദമാണ്. സക്കറിയയ്ക്ക് അവധി ഞായറാഴ്ച ദിവസം മാത്രമാണ്. അതുകൊണ്ട് തന്നെ പതിവ് തെറ്റാതെ എല്ലാ ഞായറാഴ്ചയും രാവിലെ തന്നെ വിളിക്കും. മിക്കപ്പോഴും ആ വിളി മണിക്കൂറുകളോളം നീണ്ടു പോകും.എന്നാൽ ആലീസിനു സക്കറിയ ഞായറാഴ്ച വിളിക്കുന്നതിനോട് താല്പര്യമില്ല. അച്ചായനെ ആരാധനയ്ക്ക് വിടാതെ നിർത്തുന്നതിൽ സക്കറിയയ്ക്കും ഒരു പങ്കുണ്ടെന്നാണ് അവളുടെ ഭാഷ്യം.!

കഴിഞ്ഞ കുറച്ചു ആഴ്ചകളായി സഭായോഗത്തിനു പോവാത്തതിനാൽ ആലീസ് അൽപം കടുപ്പത്തിലാണ്. അതുകൊണ്ടുതന്നെ ഇന്ന് സക്കറിയയുടെ call എടുക്കേണ്ട എന്ന് മനസില്ലാമനസ്സോടെ തീരുമാനിക്കേണ്ടിവന്നു. അപ്പോഴാണ് ഓർത്തത് മക്കൾ രണ്ടുപേരും രാവിലെ തന്നെ T.V യുടെ മുൻപിലാണ്. ആലീസാണെൽ മക്കളെയും അപ്പനെയും നന്നാക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിലും. !!!
ആലീസിന്റെ ശബ്ദം ഉച്ചത്തിലായത് കൊണ്ടോ സമയം 9:30 കഴിഞ്ഞത് കൊണ്ടോ ആവണം മക്കൾ ടീവി off ചെയ്ത് സഭായോഗത്തിനു പോവാനുള്ള ഒരുക്കത്തിലാണ്. പത്ര പാരായണം ദിവസേനയുള്ള ശീലമായതുകൊണ്ട് പത്രമൊന്ന് ഓടിച്ചു വായിച്ചുവെന്ന് വരുത്തി. ചൈനയിലോ മറ്റോ ഏതോ പുതിയ ഇനം virus നെ കണ്ടുപിടിച്ചെന്നോ അത് കുറച്ചു പേരിലേക്ക് വ്യാപിച്ചെന്നോ എന്നൊക്കെയുള്ള ചില വിരസമായ വാർത്തകൾ……….. അല്ലെങ്കിൽ തന്നെ ചൈനയിലെ കാര്യം നമ്മളെന്തിനറിയണം? എന്നുള്ള ചിന്തയോടെ പത്രപാരായണം അവസാനിപ്പിച്ചു.

ക്ലോക്കിൽ സമയം 9:45 കഴിഞ്ഞു. ആരാധന 10 മണിക്ക് തുടങ്ങും. 10:30 എങ്കിലും ആകുമ്പോൾ ചെല്ലണം. അല്ലെങ്കിൽ സങ്കീർത്തനം വായനയുടെ ഇടയിൽ വല്ലോം കയറിച്ചെന്നാൽ പാസ്റ്റർ ഉൾപ്പടെയുള്ള എല്ലാവരുടെയും തുറിച്ചു നോട്ടം സഹിക്കണം. അതിനു കഴിയാത്തതു കൊണ്ട് ഇന്നെന്തായാലും നേരത്തെ ചെല്ലണമെന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആലിസ് മക്കളെയും കൂട്ടി ആരാധനയ്ക്കായി ഇറങ്ങി.
ആലീസിനെ സന്തോഷിപ്പിക്കാനെന്നോണം 10:15 കഴിഞ്ഞപ്പോൾ സഭയിലെത്തി. അപ്പോഴേക്കും പാസ്റ്റർ പ്രാർത്ഥിച്ചു ആരാധന തുടങ്ങിയിരുന്നു. വന്നപാടെ പുറകിലത്തെ ബെഞ്ചിൽ സ്ഥാനം പിടിച്ചു.കൂടെയിരിക്കുന്നത് ചാക്കോച്ചനാണ്. ചാക്കോച്ചൻ സ്തോത്രത്തിനായി കൈ നീട്ടിയെങ്കിലും മനഃപൂർവം തിരസ്കരിച്ചു. പൂത്ത കാശ് ഉണ്ടായിട്ടും കഴിഞ്ഞയാഴ്ച ആയിരം രൂപ കടം ചോദിച്ചിട്ട് തരാത്തവനാണ് എന്ന് മനസ്സിൽ പിറുപിറുത്ത് കൊണ്ട് “മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നിടും… ” എന്ന പാട്ട് എല്ലാവരോടും കൂടെ ചേർന്ന് പാടി.

പാസ്റ്റർ സങ്കീർത്തനം വായനയ്ക്ക് എഴുന്നേറ്റപ്പോഴാണ് അവറാച്ചൻ ഓടിയണച്ചു വരുന്നത്. കണ്ടാൽ പാവത്തെ പോലെ തോന്നുമെങ്കിലും യൂദായുടെ സ്വഭാവമാണ്. പാസ്റ്ററേ സ്ഥലം മാറ്റാൻ അവറാച്ചനും ഭാര്യ അന്നമ്മയും കളിച്ച കളികൾ ചെറുതൊന്നുമല്ല. തന്നോട് സഹായം അഭ്യർത്ഥിച്ചുവെങ്കിലും ആലീസിനു അതൊന്നും ഇഷമല്ലാത്തതു കൊണ്ട് ഒന്നിനും പോയില്ല. മനസ്സിൽ ഇപ്രകാരം ചിന്തിച്ച്, അവറാച്ചനെ നോക്കി ഒരു ചിരി പാസാക്കി.
പാസ്റ്റർ ഇന്ന് വായിച്ചത് 53 ആം സങ്കീർത്തനം ആയിരുന്നു.സങ്കീർത്തനത്തിന്റെ അവസാന ഭാഗത്തു നിന്നും “ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റും “എന്ന വിഷയത്തെ കുറിച്ചാണ് പാസ്റ്റർ സംസാരിച്ചത്. സങ്കീർത്തന പ്രബോധന സമയത്ത് ഏലിയാമ്മ ചേട്ടത്തിയും ചിന്നമ്മാമയും പിറകിലിരുന്ന് കുശുകുശുക്കുന്നത് കണ്ടാവണം പാസ്റ്റർ കണ്ണുരുട്ടി, പല്ലുകടിച്ചു, അലറിവിളിച്ച് ‘യേശു നിങ്ങളെ സ്നേഹിക്കുന്നു ‘എന്ന് പറഞ്ഞത്.

സാക്ഷ്യത്തിന്റെ സമയമായപ്പോഴേക്കും സാക്ഷ്യം പറയുന്നവർ ഒഴിച്ച് ബാക്കി എല്ലാവരും തങ്ങളുടെ ജോലികളിൽ മുഴുകി. ചെറുപ്പക്കാർ WhatsApp ലും Facebook ലും Insta യിലും കേറി അവരവരുടെ ലോകങ്ങളിൽ മുഴുകി. ഇത്രയും നേരം വന്ന മെസേജ്കൾക്ക് തിടുക്കത്തിൽ reply അയക്കുന്ന തിരക്കിലാണവർ. അച്ചായന്മാരിൽ ഭൂരിഭാഗം പേരും മുഷിപ്പ് മാറ്റാനെന്നോണം വെളിയിലേക്കിറങ്ങി നാളിതുവരെ കണ്ടിട്ടില്ല എന്ന് തോന്നുംവണ്ണം പ്രകൃതി ഭംഗി ആസ്വാദനത്തിലാണ്. സഹോദരിമാരിൽ ചിലർ പാട്ടുപുസ്തകങ്ങൾ മാറി മാറി ആദ്യം മുതൽ അവസാനം വരെ തപ്പുന്ന തിരക്കിലാണ്. സാക്ഷ്യം പറയുന്ന തങ്കമ്മാമ പ്രാർത്ഥനാവിഷയമാണെന്ന് തോന്നുന്നു എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാവരും അവരവരുടെ തിരക്കുകളിൽ ആയതുകൊണ്ട് ആരുമൊന്നും കേട്ടില്ല. ശ്രെദ്ധിച്ചുമില്ല!പാസ്റ്റർ പ്രസംഗത്തിനുള്ള reference വാക്യം നോക്കുകയാണെന്ന് തോന്നുന്നു കണ്ടിട്ട്.എന്തായാലും ഇനി കഷ്ടിച്ച് ഒരു മണിക്കൂർ കൂടി ഇരുന്നാൽ മതിയല്ലോ എന്ന ചിന്ത ഒരൽപം ആശ്വാസമേകി.
സഹോദരിമാരുടെ സാക്ഷ്യം കഴിഞ്ഞ് പാസ്റ്റർ സഹോദരന്മാരെ ഒളികണ്ണിട്ട് നോക്കുന്നത് കണ്ടിട്ടാവണം രണ്ടു മൂന്ന് ചെറുപ്പക്കാർ എഴുന്നേറ്റിട്ട് ഇരിക്കുന്നത് കണ്ടു. എഴുന്നേറ്റതും ഇരുന്നതും ഒരുമിച്ചായിരുന്നല്ലോ എന്ന് ചിന്തിച്ചിരിക്കവേ ആണ് എഴുന്നേറ്റു നിൽക്കുന്നത് സാക്ഷ്യമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട് എന്നത് ഓർമ വന്നു.
എന്തിരുന്നാലും ശേഷം യോഹന്നാൻ കണ്ട ദർശനം പോലെ സ്വർഗ്ഗത്തിലെന്നോളം 5 മിനിറ്റ് മൗനത ആയിരുന്നു.ഇനി ആരും സാക്ഷ്യം പറയാനില്ല എന്ന് back bencher അച്ചായൻ കൈകൊണ്ട് signal കാണിച്ചതോടെ അടുത്ത ഊഴം കഴിഞ്ഞ മാസത്തെ കണക്കു വിവരങ്ങൾ വായിക്കാൻ ട്രെഷറിക്കായിരുന്നു. കഴിഞ്ഞ മാസം പാസ്റ്ററുടെ ചാനൽ ലെ പ്രസംഗത്തിന് പിരിവു വിഹിതം കൊടുക്കാത്ത രണ്ടു വിധവമാർ രൂക്ഷത്തോടെയുള്ള ട്രെഷറിയുടെ നോട്ടത്തിൽ തലകുനിക്കുന്നത് കണ്ടു.കടം വാങ്ങിയാണേലും പിരിവ് കൊടുത്തല്ലോ എന്ന സംതൃപ്തി ആലീസിന്റെ നോട്ടത്തിൽ പ്രകടമായിരുന്നു. അടുത്ത മാസത്തെ പാസ്റ്ററുടെ ചാനൽ പ്രസംഗത്തിനു വേണ്ട പതിനായിരം രൂപ എത്രയും വേഗം എല്ലാവരും നൽകണമെന്ന ആഹ്വാനത്തോടെ ട്രെഷറി തന്റെ സാക്ഷ്യം അവസാനിപ്പിച്ചു. പാസ്റ്ററുടെ പ്രസംഗo ലവോദിക്യ സഭയെ കുറിച്ച് ആയിരുന്നത് കൊണ്ട് ആണെന്ന് തോനുന്നു.സഹോദരിമാരിൽ പലരും ശേഷിക്കുന്ന 20 മിനിട്ടിനുള്ളിൽ ഉല്പത്തി മുതൽ വെളിപ്പാട് വരെ വായിച്ചു തീർക്കാനെന്നോണം നിശബ്ദ ബൈബിൾ പാരായണത്തിലേക്ക് മുഴുകി. നിങ്ങൾ ശീതവാനുമല്ല ഉഷ്ണവാനുമല്ല ശീതോഷ്ണവാനാകുന്നു എന്നു പാസ്റ്റർ പറഞ്ഞതോടെ തുടർന്നങ്ങോട്ട് നിർത്താതെയുള്ള കൈയടിയും അന്യഭാഷയുമായിരുന്നു.അമ്മാമമാരിൽ പലരും ഇരുന്നിരുന്ന സ്ഥലം പോലും മറന്നു ആരാധിക്കുന്നത് അത്ഭുതത്തോടെയേ നോക്കി കാണാൻ കഴിഞ്ഞുള്ളു. “നീ സമ്പന്നൻ ആകേണ്ടതിന്നു…….. “എന്ന് പറഞ്ഞു പാസ്റ്റർ വാക്യം പൂർത്തീകരിക്കുന്നതിന് മുന്നേ 1:പിഎം ക്ലോക്കിൽ ആയതിനാൽ സെക്രട്ടറി അച്ചായൻ സ്തോത്രകാഴ്ചയ്ക്ക് “വായ്പ വാങ്ങാൻ ഇട വരികയില്ല……..”എന്നാ ഗാനം തമ്പേറിന്റെ അകമ്പടിയോടെ പാടി എഴുന്നേറ്റു. ഇത്രയും നേരത്തെ വിരസത മാറാനെന്നോണം ഞാനുൾപ്പടെയുള്ള എല്ലാവരും എഴുന്നേറ്റു. പെട്ടന്ന് കണ്ണുടക്കിയത് ചർച്ചിലെ ചുമരിലെഴുതിയ വാക്യത്തിലാണ്.

“അനീതി ചെയ്യന്നവൻ ഇനിയും അനീതി ചെയ്യട്ടെ ;അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ ;നീതിമാൻ ഇനിയും നീതിചെയ്യട്ടെ ;വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധികരിക്കട്ടെ. ഇതാ ഞാൻ വേഗം വരുന്നു ;ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്. ”
(വെളിപ്പാട് 22:11, 12)

“കാലമേറേയില്ല കാന്തൻ വരാറായി ”

മെറീന രജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.