ചെറു ചിന്ത: ഭയമല്ല, വേണ്ടത് ജാഗ്രത | അനീഷ് വഴുവാടി

കൊറോണ എന്ന മഹാമാരിയോട് ഭയമല്ല മറിച്ചു ജാഗ്രതയാണ് നമുക്ക് ആവശ്യം. ഭയം ഒന്നിനും ഒരു പരിഹാരം ആകുന്നില്ല. ഭയത്തോടെ നാം എന്തിനെ നേരിടുന്നുവോ അതിനെ ജയിക്കുവാൻ നമുക്ക് കഴിയുകയില്ല.

ഒരിക്കൽ ഫെലിസ്ത്യ സൈന്യവും ഇസ്രയേലും തമ്മിൽ യുദ്ധത്തിന് ഒന്നിച്ചുകൂടി. ഫെലിസ്ത്യ സൈന്യത്തിന്റെ മുൻനിരയിൽ അലറുന്ന സിംഹം പോലെ ഇസ്രായേലിനെ വെല്ലുവിളിച്ചുകൊണ്ട് അതാ ഒരു മല്ലൻ. അവനെ കണ്ടാൽ ആരും ഭയക്കും!
അവൻ ആറു മുഴവും, ഒരു ചാണും നെടുപ്പമുള്ളവനും, അവന്റെ തലയിൽ അയ്യായിരം ശേക്കെൽ തൂക്കമുള്ള താമ്രകവചവും, ധരിച്ചിരുന്നവനായിരുന്നു. അവനെ കണ്ട് ഭയന്ന ഇസ്രയേൽ സൈന്യം അവന്റെ വെല്ലുവിളിയെ നേരിടാൻ കഴിയാതെ വിറച്ചുകൊണ്ട് നിൽക്കുമ്പോൾ, ഇതാ അവന്റെ മുൻപിൽ പവിഴ നിറമുള്ളവനും കോമള രൂപിയുമായ ഒരു ബാലകൻ. അവൻ ധൈര്യപൂർവ്വം ഫെലിസ്ത്യരുടെ വെല്ലുവിളികളെ നേരിട്ട് അവന്റെ തലയെ തകർത്ത് ഇസ്രായേലിനു വിജയം നേടി കൊടുത്തു.

ഇതുപോലെ തന്നെയാണ് ഒരു ദൈവപൈതൽ തന്റെ ജീവിതത്തിൽ ചെയ്യേണ്ടത്. പിശാചിനെ ഭയക്കുകയല്ല വേണ്ടത് ജാഗ്രതയാണ് ആവശ്യം. ഏതുവിധത്തിലും അവൻ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുവാൻ സാധ്യത ഉള്ളതിനാൽ നാം വളരെ ജാഗ്രത ഉള്ളവരായിരിക്കണം. ശത്രുവിനെതിരിച്ചറിയുവാൻ എളുപ്പമാണ് എന്നാൽ മിത്രത്തിലെ ശത്രുവിനെ തിരിച്ചറിയാൻ അല്പം പ്രയാസമാണ്.

ഏദൻ തോട്ടത്തിൽ പിശാച് ഹവ്വയോട് പറഞ്ഞത് ഇപ്രകാരമാണ് നിങ്ങൾ മരിക്കയില്ല നിശ്ചയം, അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്ന വരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. (ഉല്പത്തി. 3:4, 5) ഇവിടെ പിശാച് അവരുടെ നന്മയാണ് തന്റെ ലക്ഷ്യമെന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് അവരറിയാതെ അവരുടെ ജീവിതത്തിൽ അവരെക്കൊണ്ട് പാപം ചെയ്യിച്ചു.

പ്രിയ സ്നേഹിതാ, പിശാച് ഏതു വിധേനയും നമ്മുടെ ജീവിതത്തിൽ നന്മകളും, അനുഗ്രഹങ്ങളും നൽകി എന്ന ഭാവേന കടന്ന് വന്നു നമ്മുടെ നിത്യത നഷ്ടപ്പെടുത്തി കളയുവാൻ തന്ത്രങ്ങൾ ഒരുക്കുമ്പോൾ അവനെ ഭയപ്പെടുക അല്ല വേണ്ടത് നാം ജാഗ്രതയുള്ളവരായി ആ തന്ത്രങ്ങൾ തിരിച്ചറിയുകയാണ് വേണ്ടത്. കൊറോണ എന്ന അദൃശ്യനായ മല്ലൻ ഏതു വിധത്തിലാണ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് എന്നറിയാതെ നാം പ്രതിരോധം തീർത്ത് ജാഗരൂകരായി ഇരിക്കുന്നതു പോലെ അദൃശ്യനായ ശത്രുവിന്റെ തന്ത്രങ്ങളിൽ വീണുപോകാതെ ജാഗ്രത ഉള്ളവരായിരിക്കുവിൻ.

അനീഷ് വഴുവാടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.