ഭാവന: യാത്ര…. | അലീന ലിജോ

ഇടതൂർന്ന വനങ്ങളും ചരിഞ്ഞ കൽക്കുന്നുകളും കടന്നു മെല്ലെ മെല്ലെ മേഘത്തിൽ തൊട്ടപ്പോൾ ഉള്ളിൽ ഒരാഗ്രഹം, ആരാവും താൻ പോകരുത് എന്ന് ആഗ്രഹിക്കുന്നത് ? ആരാവും എന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് വേഗം കണ്ണ് തുറന്നെ എന്ന് പറയുന്നത് ? ആരാവും “പ്രിയ “എന്ന തന്റെ പേര് വിളിക്കുക?..
.. ഒഹ്ഹ്ഹ് എന്റെ കുഞ്ഞേ എന്താ ഇത്ര ആലോചന ?
ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ഇത് വരെ ഇല്ലാത്ത ഒരു രൂപം മേഘങ്ങൾക്കിടയിൽ !!!..
അ….. ആരാ…. പ്രിയയുടെ ആത്മാവ് മെല്ലെ ചോദിച്ചു.
ഞാനോ, ഞാനും നിന്നെപ്പോലെ ഇന്ന് രാവിലെ വിസ തീർന്നു വന്ന പുള്ളിയാ.

ചെറു ചിരിയോടെ കൂട്ടത്തിൽ വെള്ള മേഘത്തോടൊപ്പം പറന്ന കൂട്ടുകാരി പറഞ്ഞു.
അതെ നീ ഇപ്പോൾ എന്താ പുറകോട്ടു നോക്കി നിൽക്കുന്നെ?
അതെ നേരെ താഴേക്കു നോക്കിയേ.
ആ കിടക്കുന്നതു എന്റെ ശരീരം ആണ് ,കൂടെ കരയുന്നത് എന്റെ അപ്പനും, അമ്മയും. പിന്നെ അങ്ങ് ദൂരെ മാറി നിൽക്കുന്നത് കണ്ടോ അത് എന്റെ ഭർത്താവും.
അവരൊക്കെ ശെരിക്കും എന്റെ കൂടെ തന്നെ ജീവൻ വെടിയുമോ എന്നാ എന്റെ പേടി.
ഹും, അതാണോ (കൂട്ടത്തിൽ സഞ്ചരിച്ച ആത്മാവിനു ചിരി അടക്കാൻ പറ്റിയില്ല )ചിരിക്കു ചില്ലറകൾ നിലത്തു വീണത് പോലെ ഉള്ള ശബ്ദം…
ഇതെന്താ നിന്റെ ശബ്ദം ഇങ്ങനെ ?

പ്രിയ തനിക്ക് കൂട്ടു കിട്ടിയ ആത്മാവിനോട് ചോദിച്ചു.
ഉം ..എന്റെ ശബ്ദം ഇപ്പോൾ ഇങ്ങനെ ആയതാ.ജീവിച്ചിരുന്നപ്പോൾ ഞാൻ ഒരു നല്ല ഗായിക ആയിരുന്നു.
ചിരിച്ചുല്ലസിച്ചു കൊണ്ട് ആത്മാവ് മറുപടി പറഞ്ഞു.

അപ്പോൾ നിനക്ക്…. നിനക്ക് സങ്കടം ഇല്ലേ ഇങ്ങനെ നമ്മൾ ഈ ലോകം വിട്ടു പോകുന്നതിൽ….
“എന്റെ കൊച്ചേ മരിക്കുന്നതിന്റെ തൊട്ടു മുന്നേ എന്നോടാരും വെള്ളം വേണോ എന്ന് പോലും ചോദിച്ചില്ല…. പകരം അവർക്കൊക്കെ വേണ്ടത് ATM pin നമ്പറും ആയിരുന്നു”….
പിന്നെ എന്റെ ജീവൻ പോകാൻ തുടങ്ങി ഇല്ല അതിനു മുൻപേ അവർ പെട്ടിയൊക്കെ ശെരിയാക്കി അതിൽ ഇറക്കി കിടത്തി. ശരിക്കും ഞാൻ പെട്ടിക്കുള്ളിൽ കിടന്ന് ശ്വാസം മുട്ടിയാ മരിച്ചത്.
വീണ്ടും പൊട്ടിചിരിച്ചു കൊണ്ട് ആ ആത്മാവ് പറഞ്ഞു.
പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല.

നോക്കു എല്ലാവരും ഷോക്കിൽ ആണ്….

ഞാൻ ഇല്ല എന്ന് അവർക്ക് ഉൾകൊള്ളാൻ പറ്റില്ല.
ഹും എന്നാൽ നീ നിന്നെ അടക്കുന്നത് മൊത്തം കണ്ടിട്ട് മേലോട്ടു പോയാൽ മതി.വാ…. അങ്ങ് ദാണ്ടെ..ആ മേഘകൂട്ടത്തിൽ പോയിരിക്കാം.

പ്രിയക്കും ആവേശം ആയി. ചെറു ചിരിയോടെ അവൾ പറഞ്ഞു, ശോ… എന്നതാവും അവരുടെ ഒക്കെ ഉള്ളിൽ.

എന്നോടൊപ്പം മരിക്കണം എന്നാവുമോ.

ഞാനില്ലാത്ത ദിനങ്ങൾ എങ്ങനെ എണ്ണിത്തീർക്കും എന്നാകുമോ???

ദാ… ആ വരുന്നത് കണ്ടോ?

അത് എന്റെ പാസ്റ്ററാണ് . അദ്ദേഹം ഇപ്പോൾ കരയും .
എന്നോട് അത്രയ്ക്കു സ്നേഹമാണ്.

വന്നയുടനെ അദ്ദേഹം അപ്പന്റെ തോളത്തു കൈ വെച്ചിട്ട് ഇങ്ങനെ പറഞ്ഞു ,

അധികം താമസിപ്പികണ്ട, എനിക്കൊരു കല്യാണം ഉണ്ട്.. “ഈ ശവം “അങ്ങ് എടുത്തേക്കാം….

ഇയ്യോ ആണ്ടെ എന്നെ ശ …. ശവം എന്ന് വിളിക്കുന്നു …

പ്രിയ കൂട്ടുകാരിയോട് പരാതി പറഞ്ഞു.

മറുപടി കിട്ടിയതാകട്ടെ ചില്ലറ കിലുങ്ങിയ പോലെ ഉള്ള ചിരിയും.
ഹും ഞാനും വിചാരിച്ചു ആ പുള്ളി അങ്ങനെയേ പറയു എന്ന് .
പ്രിയേ വിഷമിക്കേണ്ട ട്ടോ.
അടുത്തതായി വരു ന്നവർ എങ്കിലും നിന്റെ പേര് വിളിക്കുമോ എന്ന് നോക്കാം….
അങ്ങനെ പാസ്റ്റർ ആക്ഷൻ പറഞ്ഞു ഒന്ന്….. രണ്ടു…. മൂന്നു…. നാലു….. പ്രസംഗം…

അതെ…. പ്രിയേ…. ആ പ്രസംഗിച്ചോരെ നിനക്ക് അറിയാമോ??? നീ ഇത്ര നല്ലവൾ ആരുന്നോ?.

ആാാ ആർക്കറിയാം ..

ഞാൻ ദേ ഇന്നാ കാണുന്നെ. പ്രിയയ്ക്ക് ആ കളിയാക്കൽ അത്ര പിടിക്കാത്ത മട്ടിൽ അവൾ പറഞ്ഞു…..

അപ്പനും അമ്മയ്ക്കും ഭർത്താവിനും ഇനി ചുംബനം നൽകാം..പാസ്റ്റർ ആഹ്വാനം ചെയ്തു.
ദാ നോക്കിക്കേ എന്റെ ഭർത്താവ് ഇപ്പോൾ പെട്ടി പൊക്കി അദ്ദേഹം എന്നെ വീട്ടിൽ കൊണ്ട് വെക്കും അടക്കാൻ സമ്മതിക്കില്ല.

ഹും ..വീണ്ടും ചിരി മുഴങ്ങി.

പ്രിയക്കാണെങ്കിൽ ദേഷ്യവും…. അവൾ പറഞ്ഞു “അതെ… നിനക്ക് വീട്ടിൽ ആരും സ്നേഹം ഉള്ളവർ ഇല്ലെന്നു വെച്ച് .

ന്റെ ഇച്ചായന് എന്നെ ജീവനാ..നോക്കിക്കോ.

ഇപ്പോൾ കണ്ടോ.കൂട്ടുകാരി ആത്മാവ് ചിരി കടിച്ചമർത്തി പ്രിയയെയും താഴെ അവളുടെ ഇച്ചായനെയും നോക്കി.

കയ്യിൽ എന്തോ അമ്മ ഒഴിച്ച് കൊടുത്തു.(ഹും പ്രണയം മൂത്ത് ദാണ്ടെ പുള്ളി സാനി ട്ടൈസർ ഉപയോഗിക്കുകയാണ്. …. വീണ്ടും കൂട്ട് ആത്മാവിന്റെ കളിയാക്കൽ )

ഇരു കൈകളും കൊണ്ട് നന്നായി അമർത്തി തിരുമ്മി കയ്യിൽ ഉണ്ടായിരുന്ന ഒരു തുണി മുഖത്തേക്ക് ഇട്ട് മുഖം മുട്ടി മുട്ടിയില്ല എന്ന രീതിയിൽ ഒരു ചുംബനം നൽകുന്നത് കണ്ടിട്ട് പ്രിയ സങ്കടപ്പെട്ടു കൂട്ടുകാരിയെ നോക്കി.

സാരല്ല്യ…. അവൾ കണ്ണടച്ച് കാട്ടി.

പ്രിയ…ഇനി നമുക്ക് ഇവിടെ നിൽക്കണ്ട…വരൂ പോകാം… നമ്മൾ അവർക്കൊക്കെ എപ്പോഴേ ശവങ്ങൾ ആയി.

ജീവനില്ലാത്തവർ…. ദുർഗന്ധം വമിക്കുന്നവരായി.
പക്ഷെ നോക്കിക്കേ അങ്ങകലെ ആ നീലാകാശത്തിനും അപ്പുറം എന്തോ ഉണ്ടന്നല്ലേ കുഞ്ഞുന്നാൾ മുതലേ പഠിച്ചത്.. വാ…. ഓടി വാ എതിരേൽക്കാൻ മാലാഖവൃന്ദങ്ങളും പൂക്കളും സ്വർണ തെരു
വീഥി യും…. പിന്നെ ദൈവവും…. അല്ലെ… അങ്ങനെ അല്ലെ നമ്മൾ പഠിച്ചത്…. വിശ്വസിച്ചത്…. വാ… പോകാം.

മുകളിലേക്കു ചെല്ലും തോറും അവിടെ ആരോ ഉള്ളത് പോലെ രണ്ടാൾക്കും തോന്നി…. തുറന്നിട്ട കവാടത്തിന് അടുത്ത് പുഞ്ചിരി തൂകുന്ന ആ തേജസ്സി ന്റെ അടുത്ത് എത്തിയപ്പോൾ ആണ് അവർ അറിഞ്ഞത് തങ്ങളുടെ യാത്ര അവസാനിച്ചു എന്ന്…അപ്പോഴേക്കും .. രണ്ടു പേരും ശാശ്വത നഗര കവാടത്തിൽ പ്രവേശിച്ചിരുന്നു…. അവരുടെ മുഖം അതി തേജസോടെയും മിന്നി !!!!!

അലീന ലിജോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.