ഭാവന: പാസ്റ്ററേ, തങ്കച്ചായൻ ഞെട്ടി! | അക്സ റ്റി സാം

2020 ജൂൺ മാസത്തിലെ ഒരു ഞായറാഴ്ച പത്ത് മണിക്ക് തുടങ്ങുന്ന ആരാധനക്ക് ഒമ്പതരക്ക്‌ തന്നെ എല്ലാവരും എത്തിയിരിക്കുന്നു. ആരും പരസ്പരം സംസാരിച്ച് സമയം കളയുന്നില്ല. ചിലർ സ്തോത്രം ചെയ്യുന്നു, മറ്റു ചിലർ അന്യഭാഷ പറയുന്നു, ഇനിയും ചിലർ കരയുന്നു, കുഞ്ഞുങ്ങൾ ഒക്കെ മുട്ടിന്മേൽ ഇരുന്ന് ജാഗരിക്കുന്നു. കൃത്യം പത്തിന് തന്നെ പാസ്റ്റർ പ്രാർത്ഥിച്ച് ആരാധന ആരംഭിച്ചു. കുഞ്ഞുങ്ങളും മുതിർന്നവരും ഒക്കെ ആത്മാർത്ഥായി ആരാധിക്കുന്നു. ‘കൈയ്യടിക്ക്, ചേർന്ന് പാട്’, എന്നൊന്നും ആരും പറയുന്നില്ല. പരിസരം മറന്ന് ജന ദൈവത്തെ ആരാധിക്കുന്നു. ചിലർ പ്രവചിക്കുകയും അന്യഭാഷ വിവേചിക്കുകയും ഒക്കെ ചെയ്യുന്നു. ആദ്യകാലത്തേതു പോലെ മണിക്കൂറുകൾ നീണ്ട നിലക്കാത്ത ദൈവ സാന്നിധ്യം. ആരാധനക്കപ്പുറം ദൈവവചനം പറയാൻ പാസ്റ്റർ എഴുന്നേറ്റു. സങ്കീർത്തനം 23 വായിച്ചു. ഓരോ വാക്ക് പറയുമ്പോഴും ജനത്തിന്റെ ഇടയിൽ നിന്ന് സ്തുതി സ്തോത്രങ്ങൾ ഉയർന്ന് കൊണ്ടേയിരുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നതും കരച്ചിലും ഒക്കെ കേൾക്കാം. പ്രബോധനത്തിന് ശേഷം സാക്ഷ്യത്തിനുള്ള സമയമായി. സാക്ഷ്യം പറയാനായി ഓരോരുത്തരും എഴുന്നേറ്റു.
ദൈവം നടത്തിയ വഴികളെ കുറിച്ച് പറയാൻ എല്ലാവർക്കും നൂറു നാവ്. കഴിഞ്ഞ ഒരാഴ്ച തങ്ങൾ സുവിശേഷം പറഞ്ഞവരേക്കുറിച്ചും ഭവന സന്ദർശനം ചെയ്തതിനെ കുറിച്ചും ഒക്കെ ഓരോരുത്തരും വിവരിക്കുന്നു. തങ്ങൾ പുതിയതായി സഭയിലേക്ക് കൊണ്ടുവന്നവരെ പരിചയപ്പെടുത്തുന്നു.

കഴിഞ്ഞ ആഴ്ച കണ്ട ദർശനങ്ങളെ കുറിച്ചും രോഗികൾ സൌഖ്യമായതിനെ കുറിച്ചും ഒക്കെയുള്ള സാക്ഷ്യങ്ങൾ… അതിനു ശേഷം പാസ്റ്റർ വീണ്ടും എഴുന്നേറ്റ് ശക്തിയായി “ഹല്ലേലൂയ്യാ………..”! എന്ന് പറഞ്ഞു. ഇത് കേട്ട് തങ്കച്ചായനും ഉറക്കെ “ഹല്ലേലൂയ്യാ………..”! എന്ന് പറയുകയും ഞെട്ടി എഴുന്നേൽക്കുകയും ഒരുമിച്ചായിരുന്നു.
തങ്കച്ചായൻ കണ്ണുതുറന്നു ചുറ്റും നോക്കി; അതേ, പാസ്റ്റർ സ്റ്റേജിൽ തന്നെയുണ്ട്. കയ്യിൽ ഗ്ലൗസും മുഖത്ത് മാസ്കും ഒക്കെയുണ്ട്. എങ്ങും തൊടാതെ നിന്ന് പ്രസംഗിക്കുന്നു. കീബോർഡും ഗിറ്റാറും ഡ്രംസും ഒന്നും തൊടാൻ അനുവാദമില്ലാത്തതുകൊണ്ട് ശാന്തമായി വന്ദനം യേശുപരാ….. പാടി ആരാധന കഴിഞ്ഞു. പ്രബോധനത്തിനു ശേഷം സാക്ഷ്യത്തിനുള്ള സമയമായി. ഓരോ പായയിൽ നിന്നും ഓരോരുത്തർ എഴുന്നേറ്റ് മാസ്ക് വാങ്ങിക്കാൻ പോയതും മുടങ്ങിപ്പോയ അമേരിക്കൻ യാത്രയും കോവിഡ് പിടിക്കുമെന്ന് സ്വപ്നം കണ്ടതും മകന്റെ കല്യാണത്തിന് ബുക്ക് ചെയ്ത ആഡിറ്റോറിയം മാറ്റിയതും വീട് വിസിറ്റിങ്ങിന് പാസ്റ്റർ വരാത്തതിന്റെ പരാതിയും ഒക്കെ പറയുന്നു. സാക്ഷ്യം കഴിഞ്ഞ് പാസ്റ്റർ എഴുന്നേറ്റു. ഇനി പ്രസംഗിക്കുന്നില്ല; അര മണിക്കൂർ കമ്മിറ്റിയാണെന്ന് പറഞ്ഞു. സ്തോത്ര കാഴ്ച ഈ സമയത്തു തന്നെ എല്ലാവർക്കും Google pay യോ PayTM ഓ വഴി അയക്കാമെന്ന് പറയാനും മറന്നില്ല. കമ്മിറ്റി തുടങ്ങി. ചർച്ചിലേക്ക് ഇൻഫ്രാറെഡ് തെർമോമീറ്ററും സാനിറ്റൈസറും ഹാൻഡ് വാഷും മാസ്കും ഒക്കെ വാങ്ങിച്ചതിന്റെ കണക്കു വായിക്കുന്നു. അതിൽ തുടങ്ങി കശപിശ. കോവിഡായതു കൊണ്ട് കയ്യാങ്കളി ആയില്ല എന്ന് മാത്രം.! ഓരോരുത്തരായി അവരവർ കൊണ്ടുവന്ന പായയും തലയിണയും ഒക്കെ എടുത്ത് പോകാൻ തുടങ്ങുന്നതിന് ഇടയിൽ തങ്കച്ചായൻ ഇങ്ങനെ പറഞ്ഞു: “ മക്കളേ, എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ, ഏതായാലും വേദപുസ്തകത്തിൽ പറയുന്നതൊന്നും നിങ്ങൾ ഓർത്തിരിക്കില്ല. മനോരമയിൽ ഞാൻ ഒരു വാർത്ത കണ്ടിരുന്നു, കോവിഡിനേക്കാൾ വലിയ മഹാമാരി വരും; മനുഷ്യരാശിയുടെ പകുതിയോളം ഇല്ലതാകും “! ഇത് പറഞ്ഞ് കഴിഞ്ഞ് തങ്കച്ചായനും തന്റെ പായയുമെടുത്ത് ആർക്കും കൈ കൊടുക്കാൻ നിക്കാതെ ചർച്ചിൽ നിന്നും ഇറങ്ങി മാസ്ക് ഒന്നുകൂടെ ശരിയായി ഇട്ട് വീട്ടിലേക്ക് നടന്നു!

അക്സ റ്റി സാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.