ലേഖനം: പ്രതിസന്ധികളുടെ മദ്ധ്യേ ആരാധനയെക്കുറിച്ചുള്ള ദൈവഹിതം | Courtesy: Br. Stanley John | Translation: Sam Thomas

ഭൂമിയിലെ സർവ്വ മനുഷ്യരെയും ഒരുപോലെ ബാധിച്ച ഒരു ബാധ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് നോഹയുടെ കാലത്തു സംഭവിച്ച പ്രളയമാണ്. ദൈവം ആ പ്രളയം അനുവദിച്ചതിനു കാരണമായി ബൈബിൾ ഇപ്രകാരം പറയുന്നു;

“ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതത്രെ എന്നും യഹോവ കണ്ടു.”

എന്നിട്ട് മനുഷ്യസങ്കൽപ്പത്തിനപ്പുറം കടന്നു ബൈബിളിൽ ഇങ്ങനെ കാണുന്നു;

“താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അത് അവന്‍റെ ഹൃദയത്തിനു ദുഃഖമായി:” (ഉൽപ്പത്തി 6:5-6)

ഇക്കാരണത്താൽ പ്രാചീന ഭൂമിയിൽ സംഭവിച്ച ആ പ്രളയദുരന്തത്തിൽ നിന്ന് നോഹയും അവന്‍റെ കുടുംബവും മാത്രമേ രക്ഷ നേടിയുള്ളൂ.

ഇന്ന് നാം അഭിമുഖീകരിക്കുന്ന കോവിഡ് 19 എന്ന വ്യാധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ, ഇത് ദൈവം അനുവദിച്ചത് നമ്മുടെ ഈ തലമുറയിലും മനുഷ്യന്റെ ദുഷ്ടത വലിയതെന്നും, ഹൃദയനിരൂപണങ്ങൾ എല്ലായ്പ്പോഴും ദോഷമുള്ളതായി കണ്ടതിനാലും, തന്മൂലം ദൈവഹൃദയം നാം നിമിത്തം ദുഃഖിക്കുകയും, അനുതപിക്കുകയും ചെയ്തതിനാലാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്നാൽ, കോവിഡ് 19 സൃഷ്ടിച്ച ഇപ്പോഴത്തെ പുതിയ ജീവിത സാഹചര്യത്തിൽ കൂടുതൽ പ്രചാരത്തിലായ ഓൺലൈൻ സഭാ ആരാധനകൾ നിരീക്ഷിക്കുമ്പോൾ കാലഘട്ടത്തിന്റെ ആവശ്യമായ യഥാർത്ഥ മാനസ്സാന്തരത്തിനും അനുതാപത്തിനും സമർപ്പണത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങൾ വളരെ വിരളമാണെന്നു കാണുവാൻ സാധിക്കും. ഇക്കാലത്തും പല ഓൺലൈൻ സഭാരാധനാ കൂട്ടായ്മകളും കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേവലം ലൈക്കുകളും, കമന്റുകളും,സബ്‌സ്‌ക്രിപ്‌ഷനുകളും നേടി അവരുടെ ഓൺലൈൻ സാമ്രാജ്യത്തിന്റെ അതിർവരമ്പുകൾ വിസ്താരമാക്കുന്നതിനും, പല വിശ്വാസികളും ആരാധനയെ കാണുന്നത് തങ്ങളുടെ വ്യക്തിപരമായ സ്വാർത്ഥ താൽപ്പര്യങ്ങൾ നേടിയെടുക്കുവാനുള്ള ടാലന്റ് ഷോ നടത്താനുള്ള വേദികളായുമാണോ എന്ന് സംശയം തോന്നുന്നു.

എന്നാൽ, ദൈവകല്പനക്കനുസൃതമായി നോഹ പെട്ടകം പണിയുമ്പോൾ ആ ആശയത്തോടും അവന്‍റെ പ്രയത്നത്തോടും ‘ലൈക്’ ചെയ്യാനും, ‘സബ്സ്ക്രൈബ്’ ചെയ്യാനും ഒരാളുപോലും ഉണ്ടായിരുന്നില്ല. അവിടെ അവൻ ഏകനായിരുന്നു. (ഒരുപക്ഷേ, തന്റെ കുടുംബം മാത്രം സഹായിച്ചിരിക്കാം). അതുപോലെതന്നെ, നെഹെമ്യാവ്‌ ഒരു കഠിനമായ ദൗത്യവുമായി പുറപ്പെട്ടതും വളരെ പ്രതിസന്ധികൾക്കു നടുവിലായിരുന്നു. ഇന്നും ദൈവം ഈ തലമുറയിൽ നിന്നുമുള്ള നോഹമാർക്കായും, നെഹമ്യാവുമാർക്കായും, ഏലീയാവുമാർക്കായും കാത്തു നിൽക്കുന്നു; തലമുറകളെ നേടുവാൻ… ഇടിവുകളിൽനിന്നു മാധ്യസ്ഥം തേടുവാൻ… മനുഷ്യവർഗ്ഗത്തെപ്രതി ദൈവത്തിനുവേണ്ടി നിലകൊള്ളുവാൻ….അങ്ങനെ ദൈവഹിതം ഈ ഭൂമിയിലും സമ്പൂർണ്ണമാകുവാൻ….!

സഭ ഇന്ന് കടന്നുപോകുന്ന ഈ പ്രതികൂല പരിതഃസ്ഥിതികളിലും ആത്മാർത്ഥമായി ദൈവവേല ചെയ്യുന്നവർക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം, എന്‍റെ എല്ലാ സുഹൃത്തുക്കളെയും നമ്മുടെ പ്രവർത്തനങ്ങൾ ദൈവഹൃദയത്തിനു സന്തോഷകരമായിത്തീരും വിധത്തിലും, ലൈക്കുകളുടെയോ, ഷെയറുകളുടെയോ എണ്ണം നോക്കാതെ, സഭയെ അനുതാപത്തിലേക്കും, മനസ്സാന്തരത്തിലേക്കും, പുനഃസ്ഥാപനത്തിലേക്കും നയിക്കുവാൻ ഉതകുന്ന വിധത്തിലും ഓൺലൈൻ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുവാൻ ഒരു എളിയ കൂട്ടുസഹോദരൻ എന്ന നിലയിൽ ഉത്സാഹിപ്പിക്കുവാനും ആഗ്രഹിക്കുന്നു.

നമുക്ക് സത്യം പ്രസംഗിക്കാം… സത്യം ആലപിക്കാം… കാരണം, യേശു പറയുന്നു,

“എന്‍റെ വചനത്തിൽ നിങ്ങൾ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും”.

അതെ, ഇത് ജനത്തെ യേശുക്രിസ്തു എന്ന സത്യത്തിന്റെ ശക്തിയാൽ സ്വതന്ത്രരാക്കേണ്ട സമയമാണ്…. ആമേൻ…!

Courtesy: Br. Stanley John
Translation: Sam Thomas

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.