ലേഖനം: ആത്മീയ യുദ്ധം-ഹന്നയുടെ ജീവിതത്തിലൂടെ-പ്രാർത്ഥനയുടെ ശക്തി | ജിജോ തോമസ്‌

1 ശമുവേൽ 1 :18 (അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല).

പതിവുപോലെ എല്കാനാ ഹന്നെയോട് : എന്തിനാ നീ കരയുന്നേ? കരച്ചിലും പട്ടിണിയും ആയിട്ട് എത്ര നാൾ ആയി. എഴുനേൽക്കൂ, ഞാൻ നിനക്ക് പത്തു പുത്രന്മാരേക്കാൾ ശ്രേഷ്ടനല്ലേ ?. ഏഴുനേൽക്കു. കേട്ട നേരം വിങ്ങി വിങ്ങി ഇരുന്ന ആ ഹൃദയം പൊട്ടി കരഞ്ഞു. ഏങ്ങലടിച്ചു കൊണ്ട് എന്താ യജമാനനേ ! ഞാൻ എന്താ ചെയ്കാ, കേട്ട് കേട്ട് മടുത്തു, ദിനംപ്രതി അവൾ എന്നോട് ഒരു പ്രതിയോഗിയെ പോലെ പെരുമാറുന്നു. ഞാൻ എന്നും പതിവുപോലെ അവളുടെ മുൻപിൽ നിന്ദിത അത്രേ !. ഹന്നാ നീ എന്തിനാ പുലമ്പുന്നത്, നോക്കൂ, ഞാൻ അവർക്കു കൊടുക്കുന്നതിനേക്കാൾ നിനക്കു ഇരട്ടി ഓഹരി ഞാൻ തരുന്നില്ലയോ, ഇതിൽ നിന്നും നിനക്ക് മനസ്സിലാക്കാമല്ലോ ഞാൻ അവരെക്കാൾ ഇരട്ടി അധികമായി സ്നേഹിക്കുന്നു എന്നത്. വരൂ നമ്മുക്കു കഴിക്കാം, നാളെ നമുക്കു പതിവുപോലെ ശീലോവിൽ യഹോവയ്‌ക്കു യാഗം കഴിക്കേണ്ട ദിവസം ആണ്. [ഇതു എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകനായ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു പുരുഷന്റെ വീട്ടിൽ നടക്കുന്ന സംഭവം ആണ്. വ്യസനകാരണമായതു പറഞ്ഞു വേദനിപ്പിക്കുന്ന പെനിന്നാ, കൂടെ രണ്ടു പുത്രന്മാരായി ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു. പിതാവ് പുരോഹിതൻ ആയതിനാൽ യഹോവെക്കു പുരോഹിതന്മാരായിരുന്നു].

മുകളിൽ വായിച്ചതു പതിവുപോലെ ആലയത്തിൽ എന്നു പോകുന്നോ അന്നൊക്കെ പതിവുപോലെ നടക്കുന്ന രംഗം അത്രേ. ഏൽക്കാനാ അങ്ങനെ ശീലോവിലേക്കു പോയി കൂടെ ഹന്നാ ഉണ്ട്. ഒരുമിച്ചു കഴിച്ചു, ശേഷം ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു. ശുശ്രൂഷകൾ ചെയ്‍വാൻ കണ്ടു പഠിച്ചു ഇപ്പോൾ ക്രമപ്രകാരം പെനിനയുടെ മക്കൾ ചെയ്യുന്ന സന്ദർഭം.
അൽപ നേരം കഴിഞ്ഞപ്പോൾ ഇതുവരെയും കേൾക്കാത്ത രീതിയിൽ ഒരു കരച്ചിൽ… പതിവുപോലെ പെനിന്നയുടെ വാക്കുകൾ ഹൃദയത്തിൽ അലയടിച്ച് കുത്തി തുളച്ചു കൊണ്ടിരുന്നപ്പോൾ, അന്ന് വരെ പട്ടിണി കിടക്കുക എന്ന നിലയിൽ ചിന്ത പോയിരുന്നു. പ്രതിയോഗിയുടെ വാക്കുകളെ മനസ്സിൽ വെച്ച് എന്നും ചെയ്യുന്ന രീതിയ്ക്കും വ്യത്യസ്തത വന്നേ മതിയാകു. അതായിരുന്നു അന്നത്തെ ദിവസം ഹന്നയിൽ കണ്ട പ്രേത്യേകത. ഇപ്പോൾ ഹൃദയത്തോട് മാത്രം പറഞ്ഞിട്ടു കാര്യമില്ല എന്നു ചിന്തിച്ചു കാണും, അതുകൊണ്ട് അതിനും അപ്പുറത്തു പ്രാർത്ഥന ഉണ്ട് എന്നാൽ ആ പ്രാർത്ഥനയുടെ തലം അല്പം ഉയർന്ന നിലയിൽ ആക്കി മാറ്റി. പ്രാർത്ഥന മനോവ്യസനത്തോടും വളരെ കരഞ്ഞും കൊണ്ടത്രേ. ഇനി ഇങ്ങനെ കരഞ്ഞു ജീവിക്കാനല്ല എന്ന ചിന്ത തോന്നി “പതിവ് തെറ്റിയ പ്രാർത്ഥന” വെളിപ്പെട്ടു. അന്നത്തെ പ്രാർത്ഥനയിൽ ഒരു നേര്ച്ച ആയിരുന്നു. [ശമൂവേൽ-1 : 11 സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു].

പതിവ് തെറ്റിയ പ്രാർത്ഥനയിൽ നിന്നും നമുക്കു താഴെ പറയുന്നത് മനസിലാക്കാം :-

1) ഇപ്പോളത്തെ പ്രാർത്ഥന ഒരു നേര്ച്ച ആയിരുന്നു. (സാധാരണ പ്രാർത്ഥന ശൈലിയിൽ നിന്നും വ്യെത്യസ്‌തം)
2) മൂന്നു ആവശ്യങ്ങൾ :- സങ്കടം നോക്കണം / ഓർക്കണം / മറക്കരുത് (ദൈവത്തിന്റെ സ്വഭാവ ഗുണങ്ങളെ മനസിലാക്കി)
3) എന്ത് വേണം എന്ന് ആവശ്യപ്പെട്ടു. (കേൾക്കാൻ ദൈവം ബാധ്യസ്ഥൻ ആണെന്ന് അറിഞ്ഞു)
4) യഹോവയ്‌ക്കു നിവേദിതൻ ആയിരിക്കും. (എല്ലാം ദൈവ നാമ മഹത്വത്തിന് തന്നെ)
5) എപ്രകാരം വളർത്തണോ അപ്രകാരം തന്നെ. (ദൈവത്തിന്റെ കല്പന അനുസരിക്കുവാൻ പഠിപ്പിക്കും).

അന്നത്തെ പതിവുതെറ്റിയ പ്രാർത്ഥന കേട്ട ഏലി അവളുടെ വായിൽ വളരെ സൂക്ഷ്മതയോടെ നോക്കി. പന്തികേട് പോലെ ഏലിക്കു തോന്നിയത് കൊണ്ട് ചോദിച്ചു എന്തിനു ലഹരി പിടിച്ചതുപോലെയുള്ള പ്രാർത്ഥന പോലെ. എലിയുടെ ചോദ്യങ്ങൾക്കു ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു എന്ന് മറുപടി. അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു എന്നു പറയുന്നത് നാം ഒന്ന് ശ്രെദ്ധിക്കണം. തിരുവചനത്തിൽ പറയുന്നു മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസിടിയുന്നു (സദൃ 25;12). മനോവ്യസനം ഉള്ളവർക്ക് ആവശ്യം ഒരു നല്ല വാക് അത്രേ ആവശ്യം. ഇവിടെ ആശ്വാസ വാക്ക് ഏലി പറഞ്ഞു എങ്കിലും അത് ആശ്വാസം നല്കുന്നതല്ലായിരുന്നു. ആശ്വാസം ലഭിക്കുവോളം അവൾ പട്ടിണി കിടന്നും കരഞ്ഞും നാളുകൾ നീക്കി. ഹന്നാ മനോവ്യസനത്തിനു അടിമ ആയി എന്നു പറയാൻ കഴിയും. പരിഹാസ രൂപേണ കേൾക്കുന്ന പെനിനയുടെ വാക്കുകൾ മനോവ്യസനം വരുത്തി. എന്നാൽ ദിവസം കഴിയും തോറും പെനിനയുടെ രീതി അല്പം കൂടി കഠിനപ്പെട്ടു എന്നു കരുതാം. കൂടാതെ ആ രണ്ടു ആണ്മക്കളുടെയും ആലയത്തിൽ കാട്ടുന്ന പ്രവർത്തികളും കൂടി കണ്ടപ്പോൾ എന്ത് വേണം എങ്ങനെ ഉള്ള കുഞ്ഞു വേണം എന്ന ആവശ്യം ഉടലെടുത്തു. അതുകൊണ്ട് ഹന്നയുടെ പ്രാർത്ഥനയിൽ ഒരു പുരുഷപ്രജ തന്നെ വേണമെന്നും,അങ്ങനെ സംഭവിച്ചാൽ അവനെ ജീവപര്യന്തം യഹോവയ്‌ക്കു ശുശ്രൂഷ ചെയ്‍വാൻ നിവേദിച്ചു.
അന്നത്തെ യഹോവയുടെ ആലയത്തിലെ നടപ്പും ക്രമവും കണ്ടപ്പോൾ ചോദിച്ചു വാങ്ങുക എന്ന നിലയിലേക്ക് പ്രാർത്ഥന മാറി. അതുകൊണ്ടാണ് ഹന്നാ നേർച്ച നേർന്നത്. ആ നേർച്ചയിൽ നോക്കിയാൽ അവിടെ കാണാൻ കഴിയുന്ന കാര്യം:- എനിക്ക് ഒരു പുരുഷ പ്രജയെ തന്നെ വേണമെന്ന് ആവശ്യപെടുന്നു. സാഹചര്യങ്ങളും സമ്മർദ്ദങ്ങളും പ്രാർത്ഥിക്കാൻ നിരബന്ധിക്കുന്നതെങ്കിൽ, ഒട്ടും മടിക്കാതെ പ്രാർത്ഥിക്കാനും ദൈവത്തിനു ഇഷ്ടമുള്ളത് ചോദിച്ചു വാങ്ങാനും കഴിയും എന്നു നാം മനസിലാക്കുക. ദൈവം പ്രാർത്ഥന കേൾക്കുന്ന ദൈവം അത്രേ.
പ്രാർത്ഥന എന്നത് ചെറിയ കാര്യമല്ല എന്നു നാം മനസിലാക്കേണ്ടതുണ്ട്. കാരണം സാധാരണ പ്രാർത്ഥന നിലയിൽ നിന്നും പ്രാർത്ഥന രീതികൾക്ക് മാറ്റം വരുവാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ എന്നു നാം ദിനം തോറും ചിന്തിക്കേണ്ടതുണ്ട്. ഇതു ഒരു ആസ്വദിച്ചറിയേണ്ട അനുഭവം ആണ്. അനുഭവിച്ചറിഞ്ഞവരുടെ സാക്ഷ്യങ്ങൾ കേൾക്കാൻ പറ്റുകയാണെങ്കിൽ അത് ഏറ്റവും നല്ലതു ആയിരിക്കും.

പതിവ് തെറ്റിയ പ്രാർത്ഥനയ്ക്ക് ശേഷം മാറ്റങ്ങൾ ഒന്ന് നോക്കാം.
17 അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
1. ഏലി സമാധാനം നേരുന്നു
2. ഒരു മധ്യസ്ഥൻ എന്ന നിലയിൽ ഒരു ഉറപ്പു കൊടുക്കുന്നു. ഇപ്പോൾ ഏലി സാക്ഷാൽ ഒരു പുരോഹിതന്റെ നിലയിൽ ആശീർവദിക്കുന്നു.
ഇവിടെ ഏലിയുടെ വാക്കുകളിൽ ധ്വനിച്ച ശബ്ദം ശ്രദ്ധിച്ചാൽ ഇനി എല്ലാം ദൈവമായ യഹോവയുടെ പക്കൽ അത്രേ.

*ഇവിടെ ഹന്നയുടെ ഹന്നയുടെ പ്രാർത്ഥന എപ്രകാരം ഉള്ളതായിരുന്നു എന്നു നോക്കണം.*
1 . ആധിക്യം ഉള്ള പ്രാർത്ഥന ആയിരുന്നു. – സങ്കടത്തിന്റെ വ്യസനത്തിന്റെ
2 . മനോവ്യസനം ഉള്ള ഹൃദയം പകർന്നു കൊണ്ട് സംസാരിക്കുന്ന പ്രാർത്ഥന
3 . ദൈവം പ്രതിഫലം നൽകും എന്ന വിശ്വാസം സ്വന്തം ചിന്തകളേക്കാൾ വലുത് പ്രാർത്ഥന എന്നത് കാണിച്ചു തന്നു.

*ബൈബിൾ പറയുന്നു ചിരിക്കുമ്പോൾ തന്നെയും ഹൃദയം ദുഖിച്ചിരിക്കാം സദൃശ്യവാക്യങ്ങൾ 14 13.* അനേക ദിവസങ്ങൾ ചിരിച്ചു. ദുഃഖം അകത്തുണ്ടായിരിക്കെ ഓരോ ദിവസവും കഴിയുംതോറും അത് കുറഞ്ഞിട്ടില്ല, ഓരോ മുഖങ്ങളും കാണുംതോറും മനസ്സിന്റെ വേദന കുറഞ്ഞിട്ടില്ല. അവസാനം പ്രാർത്ഥനയിൽ മാറ്റം വരുത്തി, പ്രാർത്ഥനയുടെ ഉള്ളടക്കം മാറ്റി.

പ്രാർത്ഥനയിൽ നിന്നു എന്ത് ലഭിച്ചു.
 പ്രാർത്ഥനയുടെ മാറ്റം.
 കൃപ ലഭിച്ചു.
 യഹോവ അവളെ ഓർത്തു.
 ഒരു ബാലനെ ചോദിച്ചു അത് ലഭിച്ചു.
 നടക്കില്ലെന്നു ചിന്തിച്ചത് അത് ദൈവം ചെയ്തു.
 പട്ടിണി കിടക്കുക എന്നത് ഒരു പരിഹാരമല്ല.

പ്രിയരേ ജീവിതത്തിൽ പ്രാർത്ഥന ഏറ്റവും അഭിഭാജ്യഘടകം തന്നെയെന്നു നമുക്കു പറയാൻ കഴിയണം. ഭാരം പ്രയാസം എന്നിങ്ങനെയുള്ളതു നമ്മെ എത്ര മാത്രം തളർത്തിയാലും അതിനെ ഒക്കെ മറികടക്കാൻ പ്രാർത്ഥന കൊണ്ട് കഴിയണം. നമ്മുടെ വിഷമങ്ങൾ ഒരിക്കലും നമ്മുടെ മനസിനെ ബാധിക്കാതെ, പിന്നീട് അത് ഒരിക്കൽ മനോവ്യസനം ആയി മാറാതെ, സാഹചര്യ സമ്മർദ്ദങ്ങളെ മറികടക്കാൻ പ്രാർത്ഥന ഏറ്റവും നല്ല ആയുധമാക്കി മാറ്റാം.

ഏലി ഒരു പുരോഹിതൻ ആയതിനാൽ മക്കളും പുരോഹിതർ ആയി. പലയിടങ്ങളിലും ഒറ്റപ്പെട്ട സംഭവം പോലെ നമുക്കു ചുറ്റും കാണാം പിതാവ് സഭ നടത്തുന്നു, സ്വന്തം മക്കളെ അവിടെ തന്നെ പരിശീലനം നൽകി സഭയുടെ ഇടയ ശുശ്രൂഷ പഠിപ്പിക്കുന്നു. ഇത് പരസ്യ വിമർശനം അല്ല, മറിച്ചു ഒട്ടും യോഗ്യത ഇല്ലാത്തതും, ദൈവ വിളി ഇല്ലാത്തതും ആയവർ “ദൈവ സഭയെ” കച്ചവടമാക്കി കണ്ടിരിക്കുന്നു(വിളിയും തിരഞ്ഞെടുപ്പും ഉള്ളവർ ഇന്നും ഉണ്ട് എന്നത് യാഥാർഥ്യം ആണ്). ദൈവമക്കൾ പ്രാർത്ഥനയിൽ നിലനില്കുന്നവർ ആകണം. മറിച്ചു ഏലിയുടെ വാക്കുകൾ പോലെയുള്ള “സ്വാന്ത്വന വാക്കുകളെ ആശ്രയിക്കുന്നുവെങ്കിൽ ഒരിക്കലും വാഗ്‌ദത്തം പ്രാപിക്കുവാൻ കഴിയുകയില്ല. നമ്മുടെ ജീവിതത്തിന്റെ അവസ്ഥകളെ കണ്ടാൽ ഒരുപക്ഷേ പുരോഹിതന് തിരിച്ചറിയില്ല, എന്നാൽ തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഹൃദയത്തെ ദൈവം നിരസിക്കയില്ല എന്നു ഉറച്ചു വിശ്വസിക്കണം. മനുഷ്യന്റെ വാക്കുകളിലെ മധുരം അൽപ നേരം കാണും. എന്നാൽ പ്രതികൂലം വരുമ്പോൾ പിന്നെയും മനോവ്യസനം വർദ്ധിക്കും. ഇതു വായിക്കുന്ന ആരെങ്കിലും ഹന്നയെപ്പോലെ മനസ്സിൽ ഭാരപ്പെട്ടും ആകുലപ്പെട്ടും ഇരിക്കുന്നുണ്ടെങ്കിൽ, ആശ്രയം യിസ്രായേലിന്റെ ദൈവത്തിൽ ആകട്ടെ, അവിടെ നിന്ന് കൃപ തോന്നി പ്രാർത്ഥനയ്ക്ക് മറുപടി നൽകട്ടെ.

ജിജോ തോമസ്‌

-Advertisement-

You might also like
Comments
Loading...