ലേഖനം: “അന്യരുടെ പാപങ്ങളിൽ ഓഹരിക്കാരാകരുത്” | പ്രിൻസ് എൻ തോമസ്, നിലമ്പൂർ

ജീവിതത്തിൽ ഒരിക്കലും അന്യരുടെ പാപങ്ങളിൽ ഓഹരിക്കാരാകരുത്. ഒരിക്കലും കാര്യമില്ലാത്ത കാര്യത്തിന് മറ്റുള്ളവർക്ക് കൂട്ട് നിൽക്കരുത്. അത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ, പണത്തിനുവേണ്ടിയോ, സൗഹൃദങ്ങൾക്കുവേണ്ടിയോ, ജീവിതത്തിൽ നേരില്ലാത്ത ഒന്നിനും വേണ്ടിയോ ആകരുത്. അതെപ്പറ്റി സംസാരിക്കുകയോ, ഇടപെടുകയോ, ബന്ധം ഉണ്ടാക്കുകയോ അരുത്.
വിശുദ്ധ വേദപുസ്തകം നൽകുന്ന വ്യാഖ്യാനം :-
• ശുശ്രുഷയോട് അനുബന്ധിച്ച്.
“യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക”(1 തിമൊഥെയൊസ് 5:22).
ഇവിടെ അപ്പോസ്തോലൻ പറയുന്നത്, കൈവെപ്പ് ശുശ്രുഷയെ സംബന്ധിച്ചകാര്യങ്ങൾ ആണ്. സഭയുടെ ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തേക്ക് വേഗത്തിൽ അഥവാ തിടുക്കത്തിൽ, അതായത് 1 തിമോ 3:17, 4:12, തിത്തോ 1: 5 -9 എന്നീ ദൈവവചനത്തിന്റെ മാർഗ്ഗ ദർശകതത്വങ്ങളോട് പരിഗണനയില്ലാതെ നിയോഗിക്കുകയോ നിയമിക്കുകയോ ചെയ്യുന്നത് ഒരു വ്യക്തിയുടെ പാപങ്ങൾക്ക് “ഓഹരിക്കാരൻ” ആകുന്ന പ്രവൃത്തിയാണ്. അങ്ങനെ സൂഷ്മ പരിശോധന കൂടാതെ അവന്റെമേൽ കൈവെച്ച് അവനെ ശുശ്രുഷക്ക് നിയമിച്ചാൽ അവൻ പിൽക്കാലത്ത് ചെയ്യാവുന്ന തെറ്റുകൾക്ക് തിമോത്തിയോസും കൂടെ ഉത്തരവാദിയായേക്കാം, എന്നാണ് അപ്പോസ്തോലൻ പറയുന്നത്.

• സാധാരണ ജീവിതം
“സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെമേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു” (ലേവ്യപുസ്തകം 19:17)
ഒരു വ്യക്തി പകയും, പിണക്കവും, മുൻവൈരാഗ്യം കൊണ്ടോ പലപ്പോഴും പ്രതികാരം ചെയ്യാൻ മുതിരുമ്പോൾ സൗഹൃദയത്തിന്റെ പേരിൽ അതിന് കൂട്ട് നിൽക്കേണ്ടിവരുമ്പോൾ, അല്ലെങ്കിൽ ജീവിതസുഖങ്ങൾക്ക് വേണ്ടിയും മറ്റ് താല്പര്യങ്ങൾക്ക് വേണ്ടിയും തമ്മിലുള്ള ബന്ധം മുറിയാതെയിരിക്കാൻ നാം പലതിനും കണ്ണടക്കുന്നു, പലതിനും കൈയ്യടിക്കുന്നു, പലതിനുവേണ്ടിയും സംസാരിക്കുന്നു. പ്രിയരേ, നാം കൂട്ടുകാരന്റെ പാപത്തിന് ഓഹരിക്കാരാക്കരുത്.
അപ്പോൾ ഉയരുന്ന ചോദ്യം.
ആരാണ് കൂട്ടുക്കാരൻ?
ലൂക്കോസ് 10: 25- 37 വായിക്കുമ്പോൾ
അവിടെ നമുക്ക് നല്ല കൂട്ടുകാരനായ ശമര്യക്കാരനെ കുറിച്ച് കർത്താവ് പറയുന്നത് കാണാം.
നാം ബൈബിൾ പഠിച്ചാൽ കൂട്ടുകാരന് അയൽവാസി എന്നും അർത്ഥം ഉണ്ട്‌. ഇവിടെ നല്ല ശമര്യക്കാരൻ ഈ വഴിയിൽ കിടക്കുന്ന വ്യക്തിയുടെ ആരുമല്ലായിരുന്നു. പ്രിയരേ, നമ്മൾ കടന്നുപോകുന്ന സഭയിൽ, നമ്മുടെ കുടുംബത്തിൽ, ജോലിചെയ്യുന്ന സ്ഥലത്ത് മറ്റ് സുഹൃത്തുക്കൾ എല്ലാവരും നമ്മുടെ കൂട്ടുക്കാർ ആണ്. യേശു പറയുന്നു നിത്യജീവൻ പ്രാപിക്കാൻ ന്യായപ്രമാണം അനുസരിക്കണം കൂട്ടുക്കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കണം. നിന്റെ കൂട്ടുക്കാരന് നിത്യജീവൻ നഷ്ടപ്പെടാൻ ഒരു കാരണം നിന്റെ ശ്രദ്ധയിൽ പെട്ടാൽ ആ വ്യക്തിയെ മടക്കികൊണ്ടുവരുവാൻ ഉള്ള ഒരു ഉത്തരവാദിത്തം നമ്മിൽ ഉണ്ട്‌.

പ്രിയരേ, നാം മറ്റുള്ളവരുടെ പാപത്തിനു ഓഹരിക്കാരൻ ആകാതിരിക്കാൻ നമുക്ക് സൂക്ഷിക്കാം, ഒന്നാമതായി ഒരുവൻ ദൈവവചനത്തിന് വിരുദ്ധമായി എന്തെങ്കിലും ജീവിതത്തിൽ ഉണ്ടെങ്കിൽ ബുദ്ധിഉപദേശിക്കുക, ശാസിക്കുക, കാരണം നമ്മിൽ അർപ്പിതമായിരിക്കുന്ന ഉത്തരവാദിത്തം ആണത്. നമ്മുടെ ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി നശിച്ചു പോകുമ്പോൾ നേർവഴി കാണിച്ചു കൊടുക്കാം.
രണ്ടാമതായി, ആവശ്യമില്ലാത്ത ഒന്നിലും കയറി ഇടപെടാതെ, പ്രവൃത്തിക്കാതെ ശരിയായ കാര്യങ്ങളോട്, നീതിക്കും, സത്യത്തിനും വേണ്ടി പോരാടാം. ഇന്ന് നമുക്ക് ഒരു മാറ്റത്തിന് ശ്രമിക്കാം.
ജീവിതം ഒന്നേ ഉള്ളു, അത് പരിപാലിച്ചും, സൂക്ഷിച്ചും, ദൈവകൃപയിൽ നയിക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

പ്രിൻസ് എൻ തോമസ്,
നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.