ലേഖനം: കാലാവസ്ഥാ വ്യതിയാനവും വെട്ടുകിളിയും | പാ. സണ്ണി പി. സാമുവൽ

“ചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽ നിന്നും കേട്ടിരിക്കുന്നു” (സങ്കീ: 31:13), എന്നു ദാവീദ് പറഞ്ഞതുപോലെയാണ് വെട്ടുകിളികളെക്കുറിച്ചുള്ള പ്രതിദിന ന്യൂസ് അപ്ഡേറ്റുകൾ. അപശ്രുതിക്കു പകരം ശരിയായ ശ്രുതി ആണെന്ന വ്യത്യാസം മാത്രം. “ഇന്ത്യ കഴിഞ്ഞ 26 വർഷത്തെ ഏറ്റവും രൂക്ഷമായ ആക്രമണത്തിന്റെ പിടിയിൽ. കഴിഞ്ഞ വർഷവും ആക്രമണം ഉണ്ടായി എന്നാൽ അത് ഇത്രത്തോളം തീവ്രം അല്ലായിരുന്നു. ഇപ്രാവശ്യം നഗരങ്ങളെയും കീഴടക്കുന്നു എന്ന പ്രത്യേകതയുണ്ട്. ജൂലായ് – ഒൿടോബർ മാസങ്ങളിലുണ്ടാകേണ്ടിയിരുന്ന ആക്രമണം ഈ വർഷം നേരത്തേ ആയി. വടക്കേ ഇന്ത്യയിൽ ഇത് വിളവെടുപ്പിന്റെ സമയമാണ്. കൊറോണയുടെ പിന്നാലെ പോയതിനാലും കാലം തെറ്റിയ കാലത്ത് വെട്ടുകിളി വന്നതിനാലും സംസ്ഥാന സർക്കാരുകൾക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കുവാനും അവയെ നേരിടുവാനും കഴിഞ്ഞില്ല,” എന്നിങ്ങനെ പോകുന്നു വാർത്തകൾ.

ഊട്ടിയിലും വയനാട്ടിലും spotted coffee locust എന്ന ഒരിനം ആക്രമണം തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ടയിലെ കോന്നിയിലും പ്രാന്തപ്രദേശങ്ങളിലും വെട്ടുകിളി പറ്റത്തെ കണ്ടത്തിക്കഴിഞ്ഞു. ഇവ മരുവെട്ടുകിളി അല്ല വിട്ടിൽ പറ്റങ്ങളാണെന്നാണ് അഭിമതം. ഡെക്കാൻ പീഠഭൂമി കടന്ന് മരുവെട്ടുകിളി തെക്കോട്ടു വരിക ദുഷ്കരമെന്ന് ചിലർ ആശ്വസിക്കുന്നു.

മരുവെട്ടുകിളിയുടെ പ്രജനന മേഖലയിൽ ഒന്നായ പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞ മുപ്പതു വർഷത്തെ ചരിത്രത്തിനിടയിൽ അവിടെയുണ്ടായ ഏറ്റവും കടുത്ത ശല്യമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
ആഫ്രിക്കാ ഭൂഖണ്ഡം, അറേബ്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെയും സ്ഥിതി ഗുരുതരമാണ്. ബൈബിൾ കാലം മുതൽ മരുവെട്ടുകിളികളുടെ ആക്രമണവും കടന്നു കയറ്റവും ഉണ്ടായിട്ടുണ്ടങ്കിലും 2019-2020 ലെ ആക്രമണം ചരിത്ര സംഭവമായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയുടെ കൊമ്പ് (Horn of Africa) എന്നു വിളിക്കപ്പെടുന്ന എറിത്രിയ, ജിബൂട്ടി, എത്യോപ്യ, സോമാലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട മേഖലയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. എത്യോപ്യയിലും, സോമാലിയായിലും 25 വർഷം മുമ്പാണ് സമാനമായ ഒരു ബാധ ഉണ്ടായത്. കെനിയായുടെ 75 വർഷത്തെ ചരിത്രത്തിൽ ഇങ്ങനെ ഒന്നു കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിലാണ് അവിടെ പറ്റം പറന്നിറങ്ങിയിരിക്കുന്നത്.
ആഫ്രിക്കയിൽ പ്രജനനം നടന്ന് ചെങ്കടൽ കടന്ന് അറേബ്യ വഴി ഏഷ്യയിലേക്കു പരക്കുന്ന സാധാരണ പതിവിനു വിപരീതമായി ഈ പ്രാവശ്യം യെമൻ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ പൊതുവായ അതിർത്തി മേഖലയിൽ പ്രജനനം നടന്ന് പടിഞ്ഞാറ് ആഫ്രിക്കയിലേക്കും; കിഴക്ക് ഏഷ്യയിൽ ഇറാൻ, ബഹ്റെയ്ൻ, കുവൈറ്റ്, യു.ഏ. ഈ., പാകിസ്ഥാൻ, ഇന്ത്യ; വടക്ക് റഷ്യ എന്നിവിടങ്ങളിലേക്കും പറ്റം പരന്നു.

ഹോൺ ഓഫ് ആഫ്രിക്കയിൽ ആദ്യപറ്റം എത്തിയത് 2019 വേനലിന്റെ അവസാനമായിരുന്നു. അവ ചെങ്കടലിന്റെ ഇരുകരകളിലുമുള്ള ‘ഹോട് സ്പോട്ടിൽ’ മുട്ടയിട്ടു പെരുകി. 20 ന്റെ പെരുക്കമായിരുന്നു ഇപ്രാവശ്യത്തെ പ്രജനനം. ഇപ്പോൾ 8000 ഇരട്ടി പെരുക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം മൂന്നോ നാലോ തലമുറകൾ മാറിമറിഞ്ഞിരിക്കാം. 2020 ആയപ്പോഴേക്കും എറിത്രിയ, സുഡാൻ, കോംഗോ, താൻസാനിയ എന്നീ രാജ്യങ്ങളിലേക്കും മഹാമാരിയായി വെട്ടുകിളി പടർന്നു കയറി. ചരുക്കത്തിൽ ആഫ്രിക്കൻ റിഫ്റ്റ് വാലി മുഴുവൻ വെട്ടുകിളി കീഴടക്കി. പറന്നു കൊണ്ടിരുന്ന ഒരു എത്യോപ്യൻ വിമാനത്തിൽ ഒരു പറ്റം വന്നിടിച്ച് എൻജിനിൽ പ്രവേശിച്ച് പറക്കൽ തകരാറിലായതിനാൽ വഴിതിരിച്ചു വിട്ട് അടിയന്തരമായി നിലത്തിറങ്ങേണ്ടി വന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിനു കാരണങ്ങൾ നിരത്താൻ നിരവധിയുണ്ടെങ്കിലും അവയെ രണ്ടായി തരംതിരിക്കാം. വെട്ടുകിളിയുടെ ജീവിതം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണവ.

_1) വെട്ടുകിളിയുടെ_ _ജീവിതം_

ഇതിൽ ഒന്നാമത്തേത് അവയുടെ ഭക്ഷ്യക്രമമാണ്. അവ polyphagous feeders ആണ്. അതായത് വ്യത്യസ്തങ്ങളായ, കിട്ടുന്നത് എന്തും തിന്നുവാൻ ത്രാണിയുള്ള ജിവികളാണവ. ഒരു പ്രത്യേകയിനം സസ്യത്തെയോ, വൃക്ഷത്തെയോ തെരഞ്ഞു പിടിച്ചു ആഹാരം കണ്ടെത്തുന്ന ഭക്ഷണശീലം ഉള്ള ജീവികൾ അല്ല അവ. അങ്ങനെയായിരുന്നുവെങ്കിൽ വർദ്ധനവിന്റെ നിരക്കു കുറയുമായിരുന്നു.

പരിസ്ഥിതിയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് അനുസരിച്ച് വെട്ടുകിളികൾക്ക് അവയുടെ DNA മാറ്റുവാൻ കഴിയുന്നു എന്നത് അവയ്ക്ക് ഏറ്റവും അനുകൂല ഘടകമാണ്. അനുകൂല കാലാവസ്ഥയിൽ പ്രജനന തോത് വർദ്ധിപ്പിക്കാനും സമയദൈർഘ്യം കുറയ്ക്കാനും കഴിയുന്നു എന്നത് ഇവയെ നശിപ്പിക്കുക ദുഷ്കരമാക്കുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം.

അടുത്തതായി, ഇണ ചേരൽ നടന്നാൽ പുംബീജകോശങ്ങളെ ഉദരത്തിലെ ഒരു പ്രത്യേക അറയിൽ സംഭരിച്ചു സൂക്ഷിച്ചു വയ്ക്കുവാനുള്ള കഴിവ് പെൺജീവികൾക്ക് ഉണ്ട്. ആൺജീവി നശിച്ചു പോയാലും അടുത്ത തലമുറ ഉണ്ടാകുന്നതിന് വിഘ്നം വരുന്നില്ല. ഓരോ മുട്ടയും ബീജസങ്കലനം നടന്നു മാത്രമേ പുറത്തു വരുന്നുള്ളൂ. വരണ്ടതോ അർദ്ധവരണ്ടതോ ആയ കാലാവസ്ഥയിലാണ് വെട്ടുകിളി ജീവിക്കുന്നതെങ്കിലും ഈർപ്പമുള്ള, ഇളക്കമുള്ള മണലിലാണ് അവ മുട്ടയിടുന്നത്. 30 – 100 വരെ മുട്ടകൾ ഒരു പ്രാവശ്യം ഇടുന്നു. മണലിൽ 15 സെന്റീ മീറ്റർ ആഴമുള്ള ചെറിയ പോതുണ്ടാക്കി മുട്ടകൾ നിക്ഷേപിക്കുന്നു. തുടർന്ന് ഒരുതരം പത കൊണ്ട് മുട്ട പൊതിയപ്പെടുന്നു. ഈ പത മുട്ടകളെ ഒറ്റ കുലയായോ വിത്തറയായോ ഒക്കെ നിലനിറുത്തുന്നു. ഒപ്പം മണലിലെ ഈർപ്പം വലിച്ചെടുത്ത് വികസിക്കുകയും ചെയ്യുന്നു. 6 – 11 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അടുത്ത മുട്ടയിടൽ. ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് 1000 മുട്ട അറകൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഒരു അറയിൽ ശരാശരി 30 മുട്ടകൾ എന്നു കണക്കാക്കിയാൽ പോലും 30,000 മുട്ടകൾ. ഒരു വർഷത്തിൽ രണ്ടു സീസണിലാണ് മുട്ടയിടൽ. വേനല്ക്കാലത്തെ മുട്ടയിടൽ തോത് വളരെ കൂടുതൽ ആയിരിക്കും. അതിനാൽ മരുഭൂമിയിൽ വേനൽമഴ സുലഭമാകുമ്പോഴാണ് വെട്ടുകിളി പെരുകുന്നത്. തണുപ്പ്/വസന്ത കാലത്തെ മുട്ടകൾ എണ്ണത്തിൽ കുറവായിരിക്കും.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും വെട്ടുകിളി ശുദ്ധിയുള്ള ജീവി ആണെന്നാണ് ശാസ്ത്രമതം. അവ യാതൊരു മാലിന്യവും തിന്നുന്നില്ല. അതിലും ഏറ്റവും പ്രധാമായത്, അവ രോഗവാഹകരോ ബാക്ടീരിയ, വൈറസ് എന്നിവയെ പരത്തുന്നവയോ അല്ല എന്നതാണ്. അത് എത്ര ആശ്വാസം. ബൈബിളും വെട്ടുകിളിയെ ശുദ്ധിയുള്ള, ഭക്ഷിക്കാവുന്ന ജീവികളുടെ പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. “ഇവയിൽ അതതുവിധം വെട്ടുകിളി — നിങ്ങൾക്കു തിന്നാം” (ലേവ്യ:11:22). അറബ് ലോകത്തും ആഫ്രിക്കയിലും ഇവയെ പച്ചയ്ക്കും വറുത്തും തിന്നുന്നുണ്ട്. 5,10,20 കിലോ വീതമുള്ള ബാഗുകളായി വില്ക്കുന്നുണ്ട്. പട്ടിണി മേഖലയായ ആഫ്രിക്കയിൽ ഇവ ആശ്വാസമാണ്.

_2) കാലാവസ്ഥാ വ്യതിയാനം_

ആഗോളതലത്തിൽ കാലാവസ്ഥയിലുണ്ടായ വൻ വ്യത്യാസങ്ങളാണ് വെട്ടുകിളി വർദ്ധനവിനും ദേശാന്തര ഗമനത്തിനും കാരണമായി UN ന്റെ ഭാഗമായ FAO ചൂണ്ടിക്കാണിക്കുന്നത്. ആഗോള താപനം, (Global warming) ഉഷ്ണതരംഗം, (Heat wave) കാട്ടുതീ, ചുഴലിക്കൊടുങ്കാറ്റ്, ഇൻഡ്യൻ ഓഷൻ ഡയ്പോൾ, (Indian Ocean Dipole) എന്നിങ്ങനെ വിവിധ ഘടകങ്ങൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം വെട്ടുകിളിക്ക് അനുകൂല ഘടകങ്ങൾ ആണ് എന്ന് ശാസ്ത്രലോകം പറയുന്നു.

ആഗോള താപനത്തിന് കാരണമാകുന്നത് പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും ഉപഭോഗവും കാരണമാണ്. തന്മൂലം അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവു വർദ്ധിക്കുകയും ഹരിത കൂടാര പ്രഭാവം (Green house effect) എന്ന പ്രതിഭാസം സംജാതമാകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ മാലിന്യം കാരണം പലതരം വാതകങ്ങൾ ഒരു പുതപ്പു പോലെ ഭൗമാന്തരീക്ഷത്തിൽ രൂപപ്പെട്ട്, ഭൂമിയിൽ നിന്നും ബഹിരാകാശത്തിലേക്ക് ഉൽസർജിക്കപ്പെടേണ്ട താപത്തെ തടഞ്ഞു നിറുത്തുക മാത്രമല്ല, ഭൂമിയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ഫലമോ താപമാനം ഉയരുന്നു. വരണ്ട, ഊഷര കാലാവസ്ഥയിൽ ജിവിക്കുന്ന വെട്ടുകിളികൾക്ക് ഇത് ഏറെ സഹായകമാണ്. പതിവിനു വിപരീതമായി; ഡൽഹി, യു.പി., റഷ്യ എന്നിവിടങ്ങളിലേക്കുള്ള വെട്ടുകിളി പ്രയാണം ഇന്ത്യയിൽ താപമാനം കൂടി എന്നതിന്റെ തെളിവാണ്.

സമുദ്ര സാമീപ്യ മേഖലയിൽ (Ocean climate countries) ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് താപതരംഗം അഥവാ ഉഷ്ണതരംഗം (Heat wave). ഉന്നത അന്തരീക്ഷമർദ്ദം ഒരു മേഖലയിൽ കേന്ദ്രീകരിക്കപ്പെടുകയും അത് രണ്ടു മൂന്നു ദിവസ്സം നിലനില്കുകയും ഒപ്പം മുകളിൽ നിന്നും അന്തരീക്ഷ വായു തറ നിരപ്പിലേക്ക് സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. തൽഫലമായി അന്തരീക്ഷോഷ്മാവ് അനിയന്ത്രിതമായി വർദ്ധിക്കുന്നു. ഇതു മൂലം ചിലർ പെട്ടെന്നു കോപിഷ്ടരാകുന്നു, ചിലർ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച് പെട്ടെന്നു മരണത്തിനിരയാകുന്നു. എന്നിരുന്നാലും വെട്ടുകിളിക്ക് ഇത് അനുകൂല സാഹചര്യമാണ്.

അടുത്ത കാലത്തായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ തുടർമാനമായി അനിയന്ത്രിത കാട്ടുതീ പടർന്നു പിടിക്കുകയുണ്ടായി. ഇതുമൂലം വനവിഭവങ്ങളെയും അന്യം നിന്നു പോകാറായ – സംരക്ഷിത ജീവിവർഗ്ഗങ്ങളെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, അന്തരീക്ഷത്തിൽ CO2, പുകപ്പൊടി (soot) എന്നിവ അമിതമായി പുറന്തള്ളുകയും ഉണ്ടായി. പഞ്ചാബ്, ഹരിയാന കൃഷിഭൂമിയിൽ വിളവെടുപ്പു കഴിഞ്ഞ് നിലം ഒരുക്കുവാനായി തീയിടുന്നത് ഡൽഹിയെ ശ്വാസം മുട്ടിക്കുകയാണല്ലോ. എന്നിരുന്നാലും ഇത് വനവൽക്കരണത്തെ ഏറെ സഹായിക്കുന്നു. വനവൽക്കരണം നടക്കുന്നത് വെട്ടുകിളിയുടെ ഭക്ഷ്യശ്രോതസിനെ വർദ്ധിപ്പിക്കുകയാണല്ലോ.

അറേബ്യൻ ഉപഭൂഖണ്ഡം, ആഫ്രിക്കയുടെ കിഴക്കൻ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഇൻഡ്യൻ മഹാസമുദ്രത്തിൽ ധാരാളം ചുഴലിക്കൊടുങ്കാറ്റ് ഉണ്ടായതും വെട്ടുകിളികളുടെ വർദ്ധനവിനു കാരണമായി.

കൂടാതെ, ഇൻഡ്യൻ ഓഷൻ ഡയ്പോൾ (IOD) എന്ന “നിനോ” വെട്ടുകിളി വർദ്ധനവിനു കാരണമായ പ്രതിഭാസമാണ്. കടല്പരപ്പിന്റെ ഊഷ്മാവിൽ ക്രമരഹിതമായ ആന്ദോളനം (Ocilliation) ഉണ്ടായി ഇൻഡ്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇടവിട്ടിടവിട്ട് ചുട് (warm), സാധാരണം (normal), തണുപ്പ്(cold), എന്നിങ്ങനെ കിഴക്കൻ ഭാഗത്തിന്റെതിനു വിരുദ്ധമായി താപമാറ്റം സംജാതമാകുന്നു. ഇതിനെ നിനോ എന്നു പറയുന്നു. കിഴക്കൻ ഭാഗത്തെ എൽ – നിനോയുടെ വിരുദ്ധ പ്രതിഭാസമാണിത്. ആഗോള കാലാവസ്ഥാ പരിവൃത്തിക്ക് (Cycle) ഈ പ്രഭാവം കാരണമാകുന്നു. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ കാലവർഷത്തെ (Monsoon)നിയന്ത്രിക്കുന്നത് നിനോയാണ്.

അനിയന്ത്രിതമായ ചൂടും തൽഫലമായുണ്ടാകുന്ന വരണ്ട കാലാവസ്ഥയും, ചുഴലി കൊടുങ്കാറ്റും, അതിശക്തമായ വൻമഴയും സമ്മേളിക്കുമ്പോൾ വെട്ടുകിളി പെരുകുന്നു. ഇത് ലോകത്ത് ആകെമാനമായി ഉണ്ടാകുന്ന ക്ഷാമത്തിനു കാരണമാകുന്നു. കാലം മുന്നോട്ടു ചെല്ലുന്തോറും ഇത് വർദ്ധിക്കുകയേ ഉള്ളൂ, കുറയില്ല. കാരണം അത് ബൈബിൾ പ്രവചന നിവൃത്തിയാണ്. “ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും; ഇത് ഈറ്റുനോവിന്റെ ആരംഭമത്രേ” (മത്ത: 24:7; മർക്കൊ: 13:8; ലൂക്കോ: 21:11), എന്നു പറഞ്ഞത് നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവു തന്നെയാണല്ലൊ. ഈറ്റുനോവ് എന്നത് സഭയുടെ ഉൽപ്രാപണവും ക്രിസ്തുവിന്റെ മേഘപ്രത്യക്ഷതയുമാണ്. ഈ അടയാളം സഭയ്ക്കുള്ള സൂചനയും മുന്നറിയിപ്പും ആണ്. ഇതാ അവൻ വാതുക്കൽ. അർദ്ധരാത്രിയിലെ ആർപ്പുവിളികൾ നാം കേൾക്കുന്നു. ഉണരാം ദീപം തെളിയിക്കാം. അവനെ എതിരേല്പാൻ ഒരുങ്ങാം.

പാ. സണ്ണി പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.