ശുഭദിന സന്ദേശം : വയലൻസ് സയലൻസ് | ഡോ.സാബു പോൾ

”അന്യഥാ ഉപദേശിക്കരുതെന്നും…ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു നീ എഫെസൊസിൽ താമസിക്കേണം..”(1 തിമൊ.1:3,4).

“It is not the violence of the bad people but the silence of the good people that ruins the world” (ദുഷ്ടൻമാരുടെ അക്രമമല്ല, നല്ലവരുടെ നിശ്ശബ്ദതയാണ് ലോകത്തെ നശിപ്പിക്കുന്നത്).

ആത്മീയ, ഭൗതീക മണ്ഡലങ്ങളിലേക്ക് നോക്കിയാൽ നെപ്പോളിയൻ്റെ മേൽപ്പറഞ്ഞ വാക്കുകൾ അർത്ഥപൂർണ്ണമല്ലേ..?

വിദേശീയൻ്റെ ചവിട്ടടിയിൽ നിന്നും ഭാരതത്തിന് വിമോചനത്തിൻ്റെ ശുദ്ധവായു പകർന്നത് സഹന സമരത്തിൻ്റെ തുടർ പരമ്പരകളല്ലേ…?
മനുഷ്യനെ മൃഗസമാനമായി കണ്ടിരുന്ന അടിമവ്യാപാരത്തിന് അന്ത്യം കുറിച്ചത് അതിനെതിരെ അണപൊട്ടിയൊഴുകിയ സമര പ്രവാഹങ്ങളായിരുന്നില്ലേ…?

അന്യദൈവാരാധനയ്ക്കും അധാർമ്മികതയ്ക്കുമെതിരെ ഉയർന്നുപൊങ്ങിയ പ്രവാചക ശബ്ദങ്ങളല്ലേ യിസ്രായേലിനെ ആത്മീയ അപചയത്തിൽ നിന്നും കര കയറ്റിയത്….?
ദുരുപദേഷ്ടാക്കന്മാർക്കെതിരെ പൗലോസിൻ്റെ തൂലിക പടവാളായതുകൊണ്ടല്ലേ വിരുദ്ധോപദേശങ്ങൾ പടിക്കു പുറത്ത് നിർത്താനായത്….?

”ഈ സമയത്ത് നീ മിണ്ടാതിരുന്നാൽ…” എന്ന മോർദ്ദെഖായിയുടെ വാക്ക് എത്രയോ പ്രസംഗങ്ങളിൽ ആവർത്തിച്ചു നമ്മൾ കേട്ടിരിക്കുന്നു.

എന്നിട്ടും…

വചന വിരുദ്ധമായ ആലോചനകളും ആചാരങ്ങളും കാണുമ്പോഴും മൗനം ഭജിക്കുന്നത് ലജ്ജാകരമാണ്. പരിണിതപ്രജ്ഞരായവർ പോലും പലതും പുലമ്പുന്നു. പിന്നെ, പലരുടെയും ഉപദേശം കൊണ്ടാകാം പറഞ്ഞത് വിഴുങ്ങുന്നു….

അത്യന്തം ആദരവോടെ അനുഷ്ഠിക്കേണ്ട കർത്തൃ മേശയെ സാധാരണ ഭക്ഷണത്തിന് തുല്യമാക്കുന്നു….
വലതു കൈയിൽ ശ്വാനനും ഇടതു കൈയിൽ അപ്പ വീഞ്ഞുകളും….
എന്നിട്ടത് ലജ്ജയില്ലാതെ ലൈവായി കാണിച്ച് സായൂജ്യമടയുന്നു….

പൊതു സമൂഹത്തിൻ്റെ മുമ്പിൽ ഇത്തരക്കാരും പെന്തെക്കോസ്ത് എന്ന ലേബലിലാണ് അറിയപ്പെടുന്നത്. ഇങ്ങനെയുള്ള കോമാളികൾ പലരും പിന്നീട് സമുദായത്തൊഴുത്തുകളിലെ നുകങ്ങൾക്കു കീഴിൽ സ്വയം അടിമകളായെന്നത് വിസ്മരിക്കാതിരിക്കുക…

‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ലക്ഷ്യമാണ് പരമപ്രധാനം എന്നത് അക്കൗണ്ടിലേക്ക് പണമയക്കാൻ ആവർത്തിച്ചുള്ള അവരുടെ ആഹ്വാനങ്ങൾ വെളിപ്പെടുത്തുന്നു.

ഇതിൻ്റെയെല്ലാം മുമ്പിൽ
ആത്മീയ നേതൃത്യം അനങ്ങാപ്പാറ നയം അനുവർത്തിക്കുകയാണോ…?
അക്കാഡമീഷ്യൻമാർ പുസ്തകത്തിനകത്ത് മുഖം പൂഴ്ത്തിയിരിക്കുകയാണോ….?
സെറാമ്പൂർ ഡോക്ടറേറ്റുകാരും എം.ടിച്ച് കാരും ധാരാളം പെന്തെക്കൊസ്ത് സമൂഹത്തിലുണ്ടെന്നുള്ളത് നമുക്ക് അഭിമാനമാണ്. പക്ഷേ, വിവാദ വിഷയങ്ങളിൽ ഒരു പണ്ഡിതന്റെയും തൂലിക ചലിച്ചു കണ്ടില്ല…..

ന്യായവാദശാസ്ത്രം(Apologetics) ഞാൻ പഠിപ്പിച്ചത് ATA അക്രഡിറ്റഡ് കോളേജിലാണ്. സെറാമ്പൂർ സിലബസിൽ അതൊന്നും ഉൾപ്പെടുത്തിയിട്ടു പോലുമില്ല. ലിബറൽ, ലിബറേഷൻ തിയോളജികൾക്കിടയിൽ കിടന്ന് വിശ്വാസം വിമ്മിഷ്ടപ്പെടുകയാണ്.

സോറി….
ഇന്നത്തെ ചിന്ത സാധാരണക്കാരായ ദൈവമക്കൾക്ക് എത്രത്തോളം മനസ്സിലാകുമെന്നറിയില്ല. പക്ഷേ, പലതും കാണുമ്പോൾ പറയാതിരിക്കാനാവില്ല…

ഒന്നു മാത്രം പറഞ്ഞവസാനിപ്പിക്കാം. സംസാരിക്കേണ്ട സമയത്ത് മിണ്ടാതിരുന്നാൽ…
പ്രാർത്ഥിക്കേണ്ട സമയത്ത് മൗനമായിരുന്നാൽ…
അതു പരാജയത്തിൽ കലാശിക്കുമെന്ന് മറക്കാതിരിക്കുക….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply